Monday, January 14, 2013

ജീവിത പ്രഹേളികയില്‍ റ്റോമും ജെറിയും


റ്റോം ആന്‍ഡ് ജെറിയെ കണ്ടതും സാബു റ്റീവിയുടെ ചാനല്‍ മാറ്റി കൊണ്ടിരുന്നത് നിര്‍ത്തി. എടാ അനിലെ റ്റോം ആന്‍ഡ് ജെറി, വാടാ കാണാം, അവന്‍ അനിലിനെയും വിളിച്ചു. പ്രായം ഇത്രയായെങ്കിലും ഇപ്പോഴും അവര്‍ക്ക് ഈ കാര്‍ട്ടൂണ്‍ പ്രീയപ്പെട്ടതാണ്.


എടാ അനിലെ നമ്മുടെ സതീഷിന്റെ തലച്ചോറിലും ടോക്സോപ്ലസ്മാ കൊണ്ടിയോയെ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ടോക്സോപ്ലസ്മാ കൊണ്ടിയോയെ സതീഷിന്റെ തലച്ചോറില്‍ കയറി അവനെ നീയന്ത്രിച്ചതാണ്, അല്ലാതെ നീ വിചാരിക്കുന്നത് പോലെ മരണത്തെ ഭയമില്ലാത്ത അവന്റെ ഉന്നതിയിലെത്തിയ ഫിലോസഫിയും യുക്തിയും നിറഞ്ഞ തലച്ചോറിന്റെ അവസ്ഥയല്ല.

അനില്‍ ഒന്നും തന്നെ പറയാതെ റ്റീവിയില്‍ നോക്കിയിരുന്നു.

എടാ നിനക്കറിയാമോ, ഈ ടോക്സോപ്ലസ്മാ കൊണ്ടിയോയെ എന്നതിന്റെ പുനരുല്പാദനം നടക്കുന്നത് പൂച്ചയുടെ വയറ്റിലാണ്. അത് അങ്ങനെ വീണ്ടും പൂച്ച കാഷ്ഠത്തിലൂടെ പുറത്ത് വരുന്നു. അതിന്റെ അവശിഷ്ടങ്ങളാല്‍ മലിനപ്പെട്ട വെള്ളമോ ഭക്ഷണമോ എലി കഴിക്കുമ്പോള്‍ എലിയില്‍ അവന്‍ കടക്കുന്നു. എലിയില്‍ കടക്കുന്ന ഈ പാരാസൈറ്റ് പിന്നീട് വസിക്കുന്നത് എലിയുടെ അമിഗഡലാ എന്ന ഭാഗത്താണ്. ആ ഭാഗത്താണ് പേടിയുടെയും മറ്റു വികാരങ്ങളടെയും പ്രക്രീയകള്‍ നടക്കുന്നത്. എന്നാല്‍ എലിയുടെ തലച്ചോറില്‍ അത് കയറിയാല്‍ പൂച്ചയെ പേടിക്കുകയില്ലത്രേ. എലിയെ തിന്നുന്ന, ശത്രുവായ പൂച്ചയെ പേടിക്കാതെ അത് അങ്ങനെ നടക്കും.

എന്നാല്‍ ഈ പാരാസൈറ്റ് ഒരുവനില്‍ കയറുകയാണെങ്കില്‍ അവന് പേടിയില്ലാത്ത, അപകടം മുമ്പില്‍ കണ്ടാല്‍ പോലും പെട്ടെന്ന് പ്രതികരിക്കാത്ത അവസ്ഥയുണ്ടാകുമത്രേ.

ബാംഗ്ലൂരിലെ എണ്‍പതുകളുടെ അവസാന കാലം, ചുവന്ന യമഹാ ബൈക്കുകള്‍ക്ക് മാത്രം അവിടെ അക്സിഡന്റുകള്‍ നടക്കുന്നുവോ എന്ന സംശയം യുവാക്കള്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ച സമയം. സതീഷിന് പക്ഷെ അന്ന് ചുവന്ന ബൈക്ക് തന്നെ വേണമായിരുന്നു. അവന്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ അങ്ങനെയുള്ള ബൈക്ക് തന്നെ തിരഞ്ഞെടുത്തു.

നീ ഓര്‍ക്കുന്നുണ്ടോ അന്ന് നമ്മള്‍ എം ജി റോഡില്‍ സിനിമാ കാണുവാന്‍ പോയത്. അന്ന് നീ അവിടെ വരുകയായിരുന്നു. ദി അണ്‍ടച്ചബള്‍സ് ആയിരുന്നു അന്ന് കണ്ട സിനിമ.

ഞാനും സതീഷും ഒരുമിച്ചാണ് അവിടെ വന്നത്. സതീഷ് ബൈക്ക് ഓടിക്കുകയാണ് പുറകില്‍ ഞാനും, സതീഷെ വേഗം കുറക്കണമേ. അവന്‍ വേഗം കുറക്കുക മാത്രമല്ല. അപകടത്തെക്കുറിച്ച് ഒരു പേടിയും ഇല്ലാത്തതു പോലെയായിരുന്നു അവന്റെ യാത്ര. അന്നും, പിന്നീട് പലപ്പോഴും ഞാന്‍ തീരുമാനിച്ചതാണ് ഇവന്റെ കൂടെ ഞാന്‍ ഒരിക്കലും ബൈക്കില്‍ പോകുകയില്ല എന്ന്. പിന്നെ മിക്കപ്പോഴും അങ്ങനെയല്ലേ, എല്ലാവരും കൂടിയിരിക്കുമ്പോള്‍ പെട്ടെന്നല്ലെ തീരുമാനങ്ങള്‍ എടുക്കുന്നത്. ഒന്നുകില്‍ സിനിമാ, പിന്നെ ബൈക്കില്‍ കറങ്ങല്‍, ലിഫ്റ്റ് ചോദിക്കുന്ന പെണ്‍കുട്ടികള്‍, പിന്നെ ചിലര്‍ക്ക് ചീട്ട് കളി.

എണ്‍പതുകളുടെ അവസാനം ഗാമാ ഡിസൈന്‍സ് എന്ന കമ്പ്യൂട്ടര്‍ ഡിസൈന്‍ സ്ഥാപനം നടത്തി കൊണ്ടിരുന്ന ഏറ്റവും ആദരണീയനായ, ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ കംപ്യൂട്ടര്‍ വിദദ്ധനായ സതീഷിനെക്കുറിച്ചാണ് സാബു പറഞ്ഞത്.

നീ എന്തു കൊണ്ടാണ് ഇങ്ങനെയൊക്കെ ഒരു പാരാസൈറ്റിന് എടുത്ത് അവനെ അപമാനിക്കുന്നത്. അത് എലിയുടെ തലച്ചോറിനെ നീയന്ത്രിച്ചാല്‍ മതി. അവനെ പോലെയുള്ള ഒരു ജീനിയസ്സിനെ നീയന്ത്രിക്കേണ്ട കാര്യമില്ല. അനില്‍ അവനോട് എതിര്‍ത്ത് പറഞ്ഞു.

അവനെ നീയന്ത്രിക്കെണ്ടാന്നോ, എല്ലാ മനുഷ്യരെയും ആരെങ്കിലും, എന്തെങ്കിലും ഒക്കെ നീയന്ത്രിച്ച് കൊണ്ടെയിരിക്കും, പ്രത്യേകിച്ച് നിന്നെ പോലെ മിക്ക സമയവും പുസ്തകങ്ങളില്‍ തല മുഴുകിയിരിക്കുന്നവരെ.

എടാ ഒരു പക്ഷെ ഈ ടോക്സോപ്ലസ്മാ കൊണ്ടിയോയെ ബാധിച്ചത് അന്നേകം മലയാളികളെയായിരിക്കണം.

ഓ. വി. വിജയന്റെ അരികില്‍ ഇരിക്കുന്ന പൂച്ചയെ ഓര്‍ക്കുന്നുണ്ടോ?. വിജയനും പൂച്ചയും. പണ്ട് പാരീസിലും ലണ്ടനിലും കവികളും ഇടത്തു പക്ഷ എഴുത്തുകാരും ഒക്കെ പൂച്ചകളെ സ്നേഹിക്കുവാന്‍ തുടങ്ങിയതിന്റെ പരിണിത ഫലം, സ്കിറ്റ്സോഫ്രോന്യ പടര്‍ന്നു തുടങ്ങിയ കാലം.

നീ പോടാ, അതിനു മുമ്പു തന്നെ നാട്ടില്‍ പൂച്ചകളെ വളര്‍ത്തുവാന്‍ തുടങ്ങിയിരുന്നു. പിന്നെ പൂച്ച രോമം ഉള്ളില്‍ പോയാല്‍ ഭ്രാന്ത് പിടിക്കുമെന്ന് പണ്ടുള്ളവര്‍ പറഞ്ഞത് വെറുതെയായിരുന്നോ?.

ഒരു പക്ഷെ,  അതിനും മുമ്പ് ഒരാള്‍ ഉണ്ടായിരുന്നു ലൂയിസ് വെയിന്‍. അയാളുടെയും പടം വരക്കുന്ന മേശയുടെ അരികിലിരിക്കുന്ന പൂച്ചയുടെയും ചിത്രം കണ്ടിട്ടുണ്ടോ?. ധാരാളം പൂച്ചകളുടെ പടം അയാള്‍ വരച്ച് കൂട്ടി. അന്ത്യ കാലഘട്ടങ്ങളില്‍ അദ്ദേഹത്തെ സ്കിറ്റ്സോഫ്രോന്യ അലട്ടിയിരുന്നു.

അപ്പോഴാണ് ഒരു ഫോണ്‍ വന്നത്.

സംയുക്തയാണ് വിളിക്കുന്നത്. അവളെ ചെറുപ്പം മുതലെ സാബുവിന് അറിയാം സ്കൂളില്‍ പോകുമ്പോള്‍ അന്ന് പ്രൈവറ്റ് ബസ്സില്‍ പൊകുവാന്‍ ഇരുപത് പൈസാ മതി, നാല്‍പത് പൈസാ ഒരു ദിവസം വേണം, അതില്‍ കൂടുതല്‍ അവള്‍ ഒരു പൈസാ ചിലവാക്കുകയില്ല. ഒരു മിഠായി പോലും വാങ്ങിക്കുകയില്ല. ഇതു പോലെ വെറും പാവമായ ഒരു കൊച്ചിനെ ഞാന്‍ കണ്ടിട്ടില്ല.

സാബു, അയാള്‍ എനിക്കൊരു ഐ ഫോണ്‍ വാങ്ങി തന്നിരുന്നു, നിനക്ക് ഇഷ്ടപ്പെട്ടാ ഫോണല്ലെ എന്നൊക്കെ പറഞ്ഞ്. ഇപ്പോള്‍ അത് എടുത്ത് അലമാരയില്‍ പൂട്ടി വെച്ചിരിക്കുകയാണ്. നിനക്കിതിന്റെ ആവശ്യമില്ല എന്നാണ് പറയുന്നത്. പിന്നെന്തിനാണ് അയാള്‍ അത് വാങ്ങി തന്നത്. വീട്ടിലെ ഫോണില്‍ നിന്നും ഞാന്‍ മിക്കപ്പോഴും ഒരു കൂട്ടുകാരിയെ വിളിക്കും, ഇപ്പോള്‍ അതും കട്ട് ചെയ്യുമെന്നാണ് പറയുന്നത്. എന്തു കൊണ്ടാണ് അയാള്‍ ഇങ്ങനെ പെരുമാറുന്നത്. വീട്ടില്‍ ഇതു വരെ സഹായത്തിന് ആരും ഇല്ലായിരുന്നു. ആരും വേണ്ടാ എന്നാണ് അയാള്‍ പറയുന്നത്. ഈയിടെയാണ് ഒരു സ്ത്രീയെ കിട്ടിയത്. എത്ര നാള്‍ അയാളുടെ കാലു പിടിച്ചിട്ടാണ് അതു സമ്മതിച്ചത്. അത് ഇപ്പോള്‍ എനിക്ക് വളരെ ആശ്വാസമാണ്. ജോലി കഴിഞ്ഞ് വന്നിട്ട് അടുക്കളയിലെയും മറ്റു ജോലികളും എല്ലാം കൂടി നടക്കില്ല. എപ്പോഴും ശകാരം, എന്തിനും അയാള്‍ ഒരു കുറ്റം കണ്ടു പിടിക്കും, ഒന്നും തിരിച്ച് പറയുവാന്‍ സമ്മതിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ തല്ലും. അയാളുടെ മുമ്പില്‍ വച്ച് ഒരു അക്ഷരം ഞാന്‍ പറയുകയില്ല. ദുഷ്ടനാണ് അയാള്‍. ഒരു ഭീകരന്‍.

സംയു, എനിക്കറിയാം, പക്ഷെ,

എടാ, ഒരു മിനിറ്റ്.

പിന്നീട് സംസാരിച്ചപ്പോള്‍ അവളുടെ ശബ്ദം കണ്ണീരില്‍ കുതിര്‍ന്നാണ് പുറത്ത് വന്നത്. ഞാന്‍ എന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ. അല്ലായിരുന്നെങ്കില്‍, ഞാന്‍...

അവള്‍ ആ ഒരു മിനിറ്റ് എന്ന് പറഞ്ഞ് തേങ്ങുകയായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്.

എടീ, ഞാന്‍ നിന്നെ പിന്നീട് വിളിക്കാം. കുറച്ച് കൂടി അവളുടെ സങ്കടം കേട്ടാല്‍ അവന്‍ കരയുമെന്ന് തോന്നിയതിനാല്‍ അങ്ങനെ പറഞ്ഞു നിര്‍ത്തി. എത്രയോ തവണ ഇങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍ അവള്‍ പറഞ്ഞിരിക്കുന്നു.

അനിലെ ഞാന്‍ കിടക്കുവാന്‍ പോകുകയാണ്, എന്തോ ഒരു മൂഡ് ഓഫ്.

സാബു കട്ടിലില്‍ കിടന്ന് ഗുലാം അലിയുടെ ഗസ്സല്‍ ശ്രദ്ധിച്ചു.

ചുപ്കെ ചുപ്കെ രാത്ത് ദിന്‍ എന്ന് ഗുലാം അലിയുടെ ഗസ്സല്‍ മുഴങ്ങുന്നുണ്ടായിരുന്നു, കൂടെ അവാര്‍ഗിയിലെ മറ്റു പല പാട്ടുകളും അന്ന് ആ മുറിയില്‍ സ്വപ്നം നിറച്ചു കൊണ്ടിരുന്നു.

അവന്‍ ഫോണ്‍ എടുത്ത് സംയുക്തയെ വിളിച്ചു. എടീ നിനക്ക് ടോക്സോപ്ലസ്മാ കൊണ്ടിയോയെ അറിയാമോ, അത് മനസ്സിനെ സ്വാധീനിക്കുന്ന ഒരു പാരാസൈറ്റ് ആണ്. അതു പോലൊരു സാധനം നിന്റെ ഭര്‍ത്താവിന്റെ തലയിലും കയറും, അതോടു കൂടി നീ പറയുന്നത് അയാള്‍ ശ്രദ്ധിക്കും, ചെയ്യും. അയാളുടെ തലച്ചോറില്‍ കയറുന്ന ആ പാരാസൈറ്റിന് നീയൊരു പേരിട്ടോ. അയാള്‍ എലിയും നീ പൂച്ചയും ആണ്.

എപ്പോഴോ, സാബു ഉറക്കത്തിലേക്ക് വഴുതി വീണു. സതീഷ് അതാ അവന്റെ വെള്ള ബോര്‍ഡിന് മുമ്പില്‍ നില്‍ക്കുന്നു. എടാ പെട്ടാ അവളുടെ പ്രശ്നങ്ങള്‍ ഇതെല്ലാം അല്ലെ.

അതെ,

ആ പ്രശ്നങ്ങളെ വീണ്ടും അവന്‍ പല ഭാഗങ്ങളായി വിഭജിച്ചു. അത് വീണ്ടും. അവന്‍ അവന്റെ പ്രഭാഷണം തുടങ്ങി, ബോര്‍ഡില്‍ പലതും എഴുതാന്‍ തുടങ്ങി. ഒരു കംപ്യൂട്ടറിന്റെ പ്രോഗ്രം എഴുതുന്നതു പോലെ, അവന്‍ ജീവിതത്തിന്റെ പ്രശ്നങ്ങള്‍ എഴുതുവാന്‍ തുടങ്ങി. അതിന്റെ പോം വഴികളും.  ഇവന്‍ എന്താ വേറൊരു ഗെയിം തീയറി ഉണ്ടാക്കുകയാണോ? അതാ അവിടെ റ്റോമും ജെറിയും. അവര്‍ ഓടി നടക്കുന്നു.

അനില്‍ അപ്പോഴും ഉറക്കം വരാതെയിരിക്കുകയായിരുന്നു. അവന്‍ ചിന്തിക്കുക്കയായിരുന്നു, എത്ര വലിയ മിടുക്കനാണെങ്കിലും ഈ ജീവിതത്തിന്റെ പ്രഹേളിക മനസ്സിലാക്കുവാന്‍ സാധിക്കുകയില്ലല്ലോ.

റ്റീവിയില്‍ റ്റോമും ജെറിയും അപ്പോഴും ഓടി നടക്കുന്നുണ്ടായിരുന്നു.

15 comments:

ajith said...

വായിച്ച് വായിച്ച് എനിയ്ക്ക് ടോക്സോപ്ലസ്മാ കൊണ്ടിയോയെ പിടിച്ചൂന്ന് തോന്നുന്നു. ഒരു പാരാസെറ്റമോള്‍ കഴിയ്ക്കട്ടെ

ഷിബു ഫിലിപ്പ് said...

വായിക്കുന്നവര്‍ ജാഗ്രതൈ, പാരാസൈറ്റിനെ പ്രതിരോധിക്കുവാന്‍ ഒരു ഗുളികയെങ്കിലും കരുതുക.

നന്ദി, അജിത്, വീണ്ടും വരിക

സുനില്‍ കെ. ചെറിയാന്‍ said...

മേതില്‍, റ്റി ഡി രാമകൃഷ്‌ണന്‍, കരുണാകരന്‍ സമ്മേളിച്ചെന്ന് തോന്നിച്ചെങ്കിലും നെയ്തെടുത്തു എന്ന് വെളിപ്പെടുത്തുന്ന ക്രാഫ്‌റ്റ്. ആ പരസൈറ്റിന്, ഒരു മലയാളം പേരിടുകയും പ്രഹേളിക പോലുള്ള വാക്കുകള്‍ വിസര്‍ജ്ജിക്കുകയും ചെയ്തിരുന്നെങ്കില്‍ അജിത്തിന്‍റെ കമന്‍റ്, അങ്ങനെയാവുമായിരുന്നില്ലെന്ന് തോന്നുന്നു.
ആ സാബു ഒരു കോഴിയല്ലല്ലോ, അല്ലേ!

ഷിബു ഫിലിപ്പ് said...

നന്ദി സുനില്‍, വീണ്ടും വരിക.

ഷിബു ഫിലിപ്പ് said...

Toxoplasma gondii എന്ന ഒരു പാരാസൈറ്റ് ഉണ്ട്.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നമ്മുടെ നാട്ടിലെ ചില ഭർത്താക്കന്മാരുടെ തലയിൽ ഈ റ്റോക്സൊ പ്ലാസ്മ ഗോണ്ടി കൂടുതലാണെന്ന് തോന്നിപ്പൊകും ഭാര്യമാരോടുള്ള വിധേയത്വം കണ്ടാൽ..

Reshmy Krishnakumar said...

എത്ര വലിയ മിടുക്കനാണെങ്കിലും ഈ ജീവിതത്തിന്റെ പ്രഹേളിക മനസ്സിലാക്കുവാന്‍ സാധിക്കുകയില്ലല്ലോ.

Reshmy Menon said...
This comment has been removed by the author.
Reshmy Menon said...
This comment has been removed by the author.
Reshmy Menon said...

എത്ര വലിയ മിടുക്കനാണെങ്കിലും ഈ ജീവിതത്തിന്റെ പ്രഹേളിക മനസ്സിലാക്കുവാന്‍ സാധിക്കുകയില്ലല്ലോ.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ആ കുണ്ടാമണ്ടി പരസൈറ്റ് എന്നെ പിടിക്കാന്‍ വരുന്നൂ ....

പ്രവാസം..ഷാജി രഘുവരന്‍ said...

അവിടെ റ്റോമും ജെറിയും. അവര്‍ ഓടി നടക്കുന്നു.

ഷിബു ഫിലിപ്പ് said...

പതിമൂന്നാമത്തെ കുറിപ്പ് എന്റേത്.

നന്ദി, ആയിരങ്ങളില്‍ ഒരുവന്‍

ഒരു വ്യക്തിയെന്ന നിലയില്‍ ഭാര്യമാരെയും കാണുക, അടിമയെന്ന നിലയിലല്ലാതെ. അഭിപ്രായമാണ്, കഥക്കുള്ള വ്യാഖ്യാനമായിട്ടല്ല.

നന്ദി, Reshmy Krishnakumar

അതെ, എത്ര വലിയ മിടുക്കനാണെങ്കിലും ജീവിതത്തിന്റെ പ്രഹേളിക മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല.

നന്ദി, അമൃതംഗമയ,

സൂക്ഷിക്കണെ, മനസ്സിനെ നീയന്ത്രിക്കുന്നതാണ്. പക്ഷെ, Toxoplasmosis അങ്ങനെ നമ്മളെയൊന്നും പിടിക്കുകയില്ല.

നന്ദി, പ്രവാസം ഷാജി രഘുവരന്‍

റ്റോമും ജെറിയും ഓടി നടക്കുന്നു. പക്ഷെ ഒരു Evolutionary biologist, parasitology പഠിക്കുന്നവര്‍ വീണ്ടും അവരുടെ കണ്ടെത്തലുകള്‍ ലോകത്തെ അറിയിക്കട്ട്. കഥകള്‍ പറഞ്ഞിരിക്കുവാനും ചിലര്‍.

Rayyan said...

ഷിബു, നല്ല വായന. വായിച്ചപ്പോള്‍ അപ്പന്റെ സാഹിത്യവും രോഗവും എന്ന ഗ്രന്ഥം ഓര്‍മ്മ വന്നു. കമന്റുകള്‍ വായിച്ചപ്പോള്‍, ഈ ഒരു ഭാഗം കുറിക്കാമെന്ന്, അതും അപ്പന്‍ സാറിന്റെ തന്നെ.
ഒരു കലാസൃഷ്ടി നമ്മുടെ അനുഭൂതികളെ സമ്പന്നമാക്കുകയും സൗന്ദര്യബോധത്തെ വികസിപ്പിക്കുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് അതൊരിക്കലും ജീവിതത്തെ നേരിട്ടു സ്വാധീനിക്കാറില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കാവ്യം ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോള്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍മിച്ച് തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹൃദയത്തെ ആഴത്തില്‍ അസ്വസ്ഥമാക്കുകയുണ്ടായല്ലോ. എന്നാല്‍ ആ കാവ്യം വായിച്ച് അസ്വസ്ഥരായവര്‍ പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല. പൂങ്കുല നുള്ളിയ കുട്ടികള്‍ പിന്നീടും തല്ലു വാങ്ങിയിട്ടുണ്ടെന്നുള്ളതാണു നേര്...
തിരസ്‌കാരം (കെ.പി. അപ്പന്‍)

ഷിബു ഫിലിപ്പ് said...

നന്ദി, VellooraaN,

കെ. പി. അപ്പനെ ഓര്‍മ്മിച്ചതിനും, ഈ ഭാഗം എടുത്ത് എഴുതി കുറച്ച് വെളിച്ചം പകര്‍ന്നതിനും.
വീണ്ടും വരിക.