Friday, May 18, 2012

ഭാവനയുടെ രാഷ്ട്രീയം

ഏതോ പക്ഷി ചിറകടി ശബ്ദമുണ്ടാക്കി വട്ടം ചുറ്റി പറന്നകന്നു. സന്ധ്യയായിരിക്കുന്നു, "മരിച്ചവരെക്കുറിച്ച് ഇനിയും സംസാരിക്കേണ്ട" അമ്മയ്ക്ക് പേടിയുള്ളതായി തോന്നി. കോഴിക്കൂട് ഇനിയും അടച്ചിട്ടില്ല. കോഴികള്‍ കൂട്ടിനുള്ളില്‍ കയറി കാണണം. കോഴിക്കൂട് വീടിന്റെ പുറകില്‍ ഒരെണം തെക്കു ഭാഗത്തും ഒരെണം ഏകദേശം വടക്കു ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. കൂട് കുറച്ച് ഉയരത്തിലാണ്, കോഴികള്‍ക്ക് കയറുവാന്‍ തക്കവണം ഒരു ചരിഞ്ഞ ഗോവണിയുമുണ്ട്.


"തോമസ്സേട്ടേന്‍ അതിനു ശേഷം ഒരിക്കലും വന്നിട്ടില്ലേ" എനിക്ക് വീണ്ടും സംശയം.

"ഇല്ല. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതിനു ശേഷം അങ്ങേര് ഒരിക്കലും വന്നിട്ടില്ല." കുഞ്ഞാമചേടത്തി ദുഃഖം കലര്‍ന്ന ശബ്ദത്തില്‍ പ്രതിവചിച്ചു.

"ഇപ്പോഴും പശുക്കള്‍ അങ്ങനെ സന്ധ്യാസമയത്ത് ശബ്ദമുണ്ടാക്കുമോ?"

"ഇല്ല."

തോമസ്സേട്ടന്‍ എല്ലാ ദിവസവും പശുക്കള്‍ക്ക് കച്ചി ഇട്ടു കൊടുക്കുന്ന, ഏകദേശം സന്ധ്യയാകുന്ന സമയം. അന്നേരം എല്ലാ പശുക്കളും സന്തോഷപ്രകടനം കാണിക്കുന്ന ശബ്ദം ഉണ്ടാക്കും. അത് കുഞ്ഞാമ ചേടത്തിക്ക് നല്ല വണ്ണം അറിയാം. പശുക്കള്‍ ആ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കുന്ന സമയം തീര്‍ച്ചയായും തോമസ്സേട്ടേന്‍ അവിടെ കാണുമെന്ന്. അത് എത്രയോ തവണ കണ്ടിരിക്കുന്നു.

തോമസ്സേട്ടേന്‍ പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി മരിച്ചതിനു ശേഷവും, കച്ചി കിട്ടാത്ത പശുക്കള്‍ വൈകിട്ട്, പകലും രാത്രിയും ബന്ധനത്തിലായിരിക്കുന്ന, വെളിച്ചവും ഇരുളും കൂടി കലര്‍ന്നു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്തു കൊണ്ടാണ്.

കുഞ്ഞാമചേടത്തി ഒരു ദിവസം ഭയപരവശയായി വിളിച്ച് പറഞ്ഞു. ഇനിയും ഈ സമയത്ത് നിങ്ങള്‍ ഇങ്ങനെ വരരുത്. നിങ്ങള്‍ എന്റെ ഭര്‍ത്താവാണെങ്കിലും മരിച്ചു കഴിഞ്ഞുള്ള ഈ വരവ് എനിക്ക് പേടി തന്നെയാണ്.

അന്ന് ചേടത്തി പറഞ്ഞതിന് ശേഷം പശുക്കള്‍ ആ സമയത്ത് അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല.
അല്ലെങ്കിലും നമ്മള്‍ക്കറിയാം പശുക്കള്‍ വലിയ ബുദ്ധി ജീവികളാണെന്ന്. അത് കുഞ്ഞാമ ചേടത്തി പറഞ്ഞത് അനുസരിച്ചു. അന്ന് മുതല്‍ അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല, അല്ലാതെ മരിച്ചു കഴിഞ്ഞുള്ള ചേട്ടന്‍ പതിവ് വരവ് നിര്‍ത്തിയതല്ല.


കുഞ്ഞാമ ചേട്ടത്തിക്ക് അത്ര ബുദ്ധിയില്ലാതിരുന്നതിനാല്‍, "അങ്ങേര് എന്നാലും പിന്നെ വന്നില്ലല്ലോ" എന്ന് പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി വളരെ നാളുകള്‍ക്ക് ശേഷം മരണമടഞ്ഞു. മനുഷ്യര്‍ ഇങ്ങനെ ദുഃഖിച്ച് മരിക്കുന്നത് ബുദ്ധി കുറവായതിനാലാണ് എന്ന് എനിക്ക് തോന്നി.


അന്ന് രാത്രി ഏകദേശം രണ്ട് മണിയായി കാണണം മുറ്റത്ത് എന്തോ ശബ്ദം കേട്ടിട്ട് മുറിയില്‍ നിന്ന് മുമ്പിലുള്ള ഹാളിലേക്ക് ഇറങ്ങി വന്നു. ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീടിന്റെ മുറ്റത്ത്, ആകാശത്തേക്ക് നോക്കി തോമസ്സേട്ടന്‍ നില്‍ക്കുന്നു. ദുഃഖം കൂടി മരിച്ചയാളായിരുന്നിട്ടും മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വലിയ വിഷാദം നിറഞ്ഞിരുന്നു. രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പിടിച്ചിരുന്നു. ആ രണ്ടു കൈകളിലേക്കും കോഴിക്കൂട്ടില്‍ കോഴി കയറുവാന്‍ വച്ചിരിക്കുന്ന ഗോവണികള്‍ വന്നു നില്‍ക്കുന്നു. തോമസ്സേട്ടന്റെ ഉയര്‍ത്തി പിടിച്ചിരിക്കുന്ന കൈകളിലേക്ക് വീടിന്റെ പുറകില്‍ നിന്ന് ഗോവണികള്‍, നിലത്തു നിന്നും ഉയര്‍ന്ന് നീണ്ട് വളഞ്ഞ് വളര്‍ന്ന് വന്ന് നില്‍ക്കുന്നു. ആ ഗോവണി വഴി കോഴികള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. വെളിച്ചവും ഇരുളും വിതറി നില്‍ക്കുന്ന നിലാവ്.


ആ വേളയില്‍, തോമസ്സേട്ടന്റെ ദുഃഖഭരിതമായ മുഖത്ത് നോക്കി ഞാന്‍ ചിന്തിച്ചു. വലിയ ഭാവനയുള്ളവര്‍ മാത്രം രക്ഷപ്പെടുന്നു. കാരണം കാളിദാസന്‍ പുഷപാഞ്ജലി ചെയ്തു സ്തനശങ്കരനെ വന്ദിച്ചതിനു ശേഷം രാജാവിനോടൊപ്പം ക്ഷേത്രത്തില്‍ പോയി നട തുറന്ന് കാണിച്ചിട്ട് എന്റെ മുറിയില്‍ കുറച്ച് മുമ്പ് വന്നിരുന്നു. അറിയാമോ? വെറ്റിലഞെട്ടെല്ലാം അവിടെ ശിവലിംഗത്തില്‍ ഉണ്ടായിരുന്നു.