Wednesday, November 30, 2011

പശുക്കള്‍ എങ്ങനെ ചിന്തിക്കുന്നു.


During thirty years of work on livestock handling and the design of restraining devices for animals, I have seen that many people try to restrain animals using force instead of behavioral principles.

Animals make us human
Temple Grandin & Catherine Jonson


പശുത്തൊഴുത്ത് എവിടെ പണിയണം. അത് ഏതു രീതിയിലായിരിക്കണം?അതിനടുത്ത് തന്നെ ഒരു വൈക്കോല്‍ തുറു വേണം. പശുക്കളെ വളര്‍ത്തുന്നത് വളരെ ഭാഗ്യവും, പശുക്കളെക്കുറിച്ച് പഠിക്കുന്നത് മഹാഭാഗ്യവുമല്ലേ. ഒരു ക്ഷീരകര്‍ഷകനായിരിക്കുക എന്നത് നല്ലതല്ലേ? ഇന്നത്തെക്കാലത്തും ചിലര്‍ ഇങ്ങനെയെല്ലാം ചിന്തിക്കുന്നു. ഭാരതീയ വാസ്തുശാസ്ത്രം വീടിനൊപ്പം തന്നെ വളരെ പ്രാധാന്യം തൊഴുത്തിനും കൊടുത്തിരുന്നു.  പശുവിന്റെ അകിടില്‍ സൂര്യപ്രകാശം കിട്ടുന്ന ഒരു സ്ഥലമായിരിക്കണം. വീട്ടില്‍ വിളക്ക് തെളിയിച്ചാല്‍ പശുക്കള്‍ക്ക് കാണത്തക്കമായിക്കണം, എന്നൊക്കെ പറയുന്നു. കാമധേനു എന്ന വിശുദ്ധ പശുവിന്റെ നാട്. പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കാമധേനുവിനെ. ഇന്ന് ലോകത്ത് കാണുന്ന കന്നുകാലികളെല്ലാം കാമധേനുവില്‍ നിന്നാണ് ജനിച്ചതെന്നു പറയപ്പെടുന്നു. ചില നാളുകളില്‍ ജനിച്ച കുട്ടികളുടെ ശാപം തീര്‍ക്കുവാന്‍ പശുക്കളുടെ അടിയിലൂടെ കൊണ്ടു പോയി  ശാപവിമുക്തമാക്കണമെന്നു പറയുന്ന നാട്. ചാണക വെള്ളം കൊണ്ട് ശുദ്ധി വരുമെന്ന് വിശ്വസിക്കുന്ന നാട്. പണ്ട് സിമന്റൊന്നും ഇല്ലാതിരുന്ന സമയത്ത് തറ ചാണകം കൊണ്ട് മെഴുകി ഉപയോഗിച്ചിരുന്നു. പക്ഷെ നമ്മള്‍ക്ക് പശുക്കളെക്കുറിച്ച് എന്തറിയാം?. ഏത് ഗുരുവാണ് പശുക്കളെക്കുറിച്ചുള്ള അറിവ് പറഞ്ഞു തരുന്നത്?. കൊച്ചു കുട്ടികള്‍ക്കാണെങ്കില്‍ അമ്മ കഴിഞ്ഞാല്‍ പാലു തരുന്നത് പശുവാണ്.  ഗോജാതിയിലുള്ള ഈ പെണ്ണിനെ, പയ്യ്, പൈ എന്നും നമ്മള്‍ വിളിക്കുന്നു. പശുപതി ശിവനാണ്, ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്നും രക്ഷിക്കുന്നവന്‍. ഇതെല്ലാം പശുവിനോടു ബന്ധപ്പെട്ട് നമ്മള്‍ കേട്ടിട്ടുള്ള കാര്യങ്ങളാണ്. പശുപാലകന്‍ അല്ലെങ്കില്‍ ഇടയനും സംസാരബന്ധത്തില്‍പ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നു. ലോകവിഷയങ്ങളില്‍ ഭ്രമിച്ച് ജനനമരണങ്ങള്‍ക്കിടയില്‍പ്പെട്ട് ഉഴലുന്നവരെ മോചിപ്പിക്കുക എന്നാണോ?. പശുക്കളെക്കുറിച്ചുള്ള അറിയാവുന്ന വാചകങ്ങള്‍ കുറിച്ചിടുന്നു, വല്ലപ്പോഴും മടങ്ങി വരുമ്പോള്‍ ചില വാക്കുകളില്‍ നിന്നും പാരച്യൂട്ട് വഴി അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍.  നമ്മള്‍ പശുക്കളെയും മറ്റു വളര്‍ത്തു മ്യഗങ്ങളെയും എത്രമാത്രം മനസിലാക്കിയിട്ടുണ്ട്, പഠിച്ചിട്ടുണ്ട്.

ഞാന്‍ നല്ല ഇടയന്‍ എന്ന് പറഞ്ഞത് ആരാണ്. കുറഞ്ഞ പക്ഷം, ഒരു ചെറിയ ഇടയനെങ്കിലും ആയിരിക്കുക നല്ലതല്ലേ. ഇവിടെ പശുവിനെ മേയ്ക്കുന്ന ഇടയന്‍ ആണ് വിഷയത്തില്‍. അല്ലെങ്കില്‍ ഒരു പശുവളര്‍ത്തല്‍ഫാമിന്റെ ഉടമസ്ഥനാകാം. പശുക്കളെക്കുറിച്ച് അറിയുവാന്‍, പഠിക്കുവാന്‍.


പശുത്തൊഴുത്ത് വീടിന്റെ മുമ്പില്‍ വശത്തായി പണിയുന്നത് അത്ര ശരിയാണോ?. എന്തുകൊണ്ട് കിഴക്കോട്ട് ദര്‍ശനമുള്ള വീടിന്റെ വലത്തു വശത്ത്, തെക്കെ വശത്ത് തൊഴുത്ത് വയ്ക്കണം? ആരെങ്കിലും പെട്ടെന്ന് വരുന്നത് അസഹ്യമായി അനുഭവിക്കുന്ന പശുവിന് പെട്ടെന്ന് വരുന്ന വാഹനങ്ങള്‍ ഭയം ഉളവാക്കുന്നു. പെട്ടെന്നുള്ള ചലനങ്ങള്‍ വെറുക്കുന്നു. നേരെ ആരെങ്കിലും ശകാരിക്കുന്നത്. പെട്ടെന്നുള്ള വലിയ വെളിച്ചം, അതു പോലെ കൂരാകൂരിരുട്ട് എന്നിവയെല്ലാം പശുക്കളില്‍ ഭയം നിറയ്ക്കുന്നു.
ഒരു വീടിന്റെ മുമ്പിലുള്ള തൊഴുത്താണെങ്കില്‍ ഇതില്‍ ചിലതെല്ലാം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. അത് പശുക്കളില്‍ ഭയവും മറ്റു സമ്മര്‍ദ്ദവും നിറച്ച് രോഗമോ അല്ലെങ്കില്‍ മരണമോ സംഭവിക്കുവാന്‍ ഇടയാക്കുന്നു. നമ്മുടെ വീടുകളില്‍ പെട്ടെന്ന് ചത്തു പോയ പശുക്കളും, രോഗ ബാധിതമായ പശുക്കളും ഉണ്ടാകാന്‍ കാരണമിതൊക്കെയാണോ?


എന്തായാലും പശുവിന്റെ കൂടെ എത്ര വര്‍ഷം കഴിഞ്ഞാലും, പശുവളര്‍ത്തല്‍ഫാമിന്റെ ഉടമസ്ഥനായാലും വെറുമൊരു ഇടയനായാലും "പശുവിനെ പോലെ ചിന്തിക്കുന്നു" എന്ന് അവരിലാരെങ്കിലും പറയുമോ.


അങ്ങനെ ഒരു സ്ത്രീ പറഞ്ഞു. ഓറ്റിസം ഉള്ള ടെംപിള്‍ ഗ്രാന്‍ഡിന്‍(Temple Grandin). മ്യഗങ്ങളെ മനസ്സിലാക്കുവാന്‍ അസാധാരണ കഴിവുകളുള്ള, ലോകം അഗീകരിച്ച പ്രശസ്ത.

അവര്‍ പറയുന്നത് ജന്തുക്കള്‍ ചിന്തിക്കുന്നത് ഓറ്റിസം ബാധിച്ച മനുഷ്യരെ പോലെയാണെന്നാണ്. ജന്തുക്കള്‍ എന്ത് കാണുന്നുവെന്നും മനുഷ്യര്‍ എന്തു കാണുന്നില്ലാ എന്നും അവര്‍ക്കറിയാം. ഓറ്റിസം ബാധിച്ചവര്‍ സാധാരണ മനുഷ്യരെക്കാള്‍ കൂടുതലായി ചില ചിന്താരീതികളില്‍ ജന്തുക്കളോടാണ് അടുപ്പം. പശുക്കള്‍ വിശദാംശത്തോടുക്കൂടി കാണുന്നു, ആ വിശദാംശത്തോട് അതു പ്രതികരിക്കുന്നു. വളരെ നല്ല വ്യത്തിയുള്ള ഒരു സ്ഥലത്തുകൂടി നടന്നു പോകുന്ന പശു അവിടെ ഒരു ഇലയോ, കുപ്പിയോ മറ്റോ കണ്ടാല്‍ അവിടെ നില്‍ക്കും. അതിന് കാരണം നമ്മള്‍ ഒരു പക്ഷെ ശ്രദ്ധിക്കാതെ പോകുന്ന വളരെ ചെറിയ കാര്യങ്ങള്‍ പോലും പശു ശ്രദ്ധിക്കുന്നതു കൊണ്ടാണ്.

കാണുന്നത് ചിത്രങ്ങളായി മനസ്സില്‍ കിടക്കുകയും അങ്ങനെയുള്ള ചിത്രങ്ങളിലൂടെ ചിന്തിക്കയും (Thinking in pictures) ആണ് ടെംപിള്‍ ഗ്രാന്‍ഡിന്റെ രീതി. പശുക്കളും അങ്ങനെ തന്നെയാവും ചിന്തിക്കുക.
ഓറ്റിസം തലച്ചോറിന്റെ നെറ്റ് വര്‍ക്കിനെ വേറേ ഏതൊക്കെയോ രീതിയില്‍ ആക്കി തീര്‍ക്കുന്നു. ഓറ്റിസം ഉള്ള ഒരു കുട്ടി അസ്വസ്ഥനാകുന്നത് ക്ലസ്സില്‍ ഫാന്‍ ഇടുമ്പോഴാണ്. കാരണം പേപ്പറുകള്‍ അനങ്ങുന്നു. പേപ്പറുകള്‍ അനങ്ങാതെ ഇരിക്കുന്ന, വളരെ പരിപൂര്‍ണ്ണത നിറഞ്ഞതാണ് അവന്റെ ലോകം. എന്തായിരിക്കും അവന്റെ കണ്ണുകളിലൂടെ അവന്‍ മനസ്സിലാക്കുന്നത്. ഒരു കുട്ടിക്ക് അവന്റെ കാലിലെ സോക്സ് ഒട്ടും തന്നെ താഴേക്ക് പോകുവാന്‍ പാടില്ല. അത് അവനില്‍ അസ്വസ്തത ഉണ്ടാക്കുന്നു. ചില ഓറ്റിസ്റ്റിക് സാവെയ്ന്റുകള്‍ പീയാനോ ഇഷ്ടപ്പെടുന്നു. കാരണം ലോകത്തിലെ ശബ്ദങ്ങളെ അത് വളരെ ക്യത്യമായി 88 കീകളില്‍ വളരെ ക്യത്യമായി അടുക്കി വെച്ചിരിക്കുന്നതു കൊണ്ടാകാം. പൂര്‍ണത ഇല്ലാതെ ചിതറിക്കിടക്കുന്ന ശബ്ദങ്ങളെ പരിപൂര്‍ണ്ണതയില്‍ ഒരുക്കി വെക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടാവും. വളരെ വളരെ ക്യത്യതയാണ് ചിലരുടെ പ്രത്യേകത. Hyper-systemizing ഓറ്റിസം ബാധിച്ചവരുടെ പ്രത്യേകതയാണ്. അതു പോലെ തന്നെ excellent attention to detail- ഉം. High-functioning ഓറ്റിസം ഉള്ളവരിലാണ് ഇങ്ങനെയുള്ള പ്രത്യേകതകള്‍ കാണുന്നത്.

ചിലര്‍ക്ക് കഴുകന്‍ കണ്ണു കൊണ്ട് കാണുവാന്‍ സാധിക്കുന്നു. അവരുടെ മനസ്സില്‍ അവര്‍ കാണുന്നത് ഒപ്പിയെടുക്കുമായിരിക്കും എല്ലാ വിശദാംശങ്ങളുമായി, എല്ലാ ചെറിയ കാര്യങ്ങള്‍ വരെ വളരെ ക്യത്യമായി. "ജോണ്‍ എബ്രഹാമും എ. അയ്യപ്പനും നഗരത്തിലുണ്ട്. ആരും ഏതു സമയത്തും ഇങ്ങോട്ടു കയറി വരാം." (ചുള്ളിക്കാടിന്റെ ചിദംബര സ്മരണയില്‍ നിന്ന്) ഏതോ പ്രതീകങ്ങളെന്ന പോലെ, നിറങ്ങള്‍ നിറഞ്ഞ കാറ്റ് പോലെ, വാവല്‍ ചിറക് വിടര്‍ത്തുന്നതു പോലെ ഓറ്റിസം ഉള്ളവര്‍ പ്രത്യക്ഷപ്പെടുകയില്ലായിരിക്കും. ദിവസവും ഒരേ വഴിയില്‍ നടക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരേ സമയത്ത്  കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഒരേ കാര്യങ്ങള്‍ തന്നെ എപ്പോഴും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.

ഇന്ന് നമ്മളില്‍ പലരും പ്രക്യതിയില്‍ നിന്ന് അകന്ന് ഓഫീസിന്റെ ഉള്ളിലും, കംപ്യൂട്ടറിന്റെ മുമ്പിലും ടെലിവിഷന്റെ മുമ്പിലും ജീവിതം കഴിക്കുന്നു. മനുഷ്യന്റെ ബുദ്ധിയുടെ ഏതോ ഭാഗത്ത് ജന്തുക്കളുടെ കാഴ്ചകളും, സ്വഭാവങ്ങളും മനസ്സിലാക്കുവാന്‍ തക്ക പ്രാപ്തി കിടക്കുന്നു. അത് ഓറ്റിസ്സം ബാധിച്ച ചിലര്‍ക്ക് പെട്ടെന്ന് പ്രാപ്യമാകുന്നു. അതല്ലെ ടെംപിള്‍ ഗ്രാന്‍ഡിന്റെ ജീവിതത്തില്‍ നിന്നും മനസ്സിലാക്കേണ്ടിയത്.

വളരെ നൂറ്റാണ്ടുകള്‍ ഈ രീതിയില്‍ കഴിഞ്ഞു പോകുമ്പോള്‍ മനുഷ്യരുടെ ബുദ്ധിയുടെ ഏതെല്ലാം ഭാഗങ്ങള്‍ അപ്രാപ്യമാക തക്ക രീതിയില്‍ അടയപ്പെടാം?. അവിടെയും ടെംപിള്‍ ഗ്രാന്‍ഡിനെ പോലെ ആരെങ്കിലും ഉണ്ടാകുമായിരിക്കും മനസ്സിലാക്കി തരുവാന്‍.

തിരികെ വരാം വല്ലപ്പോഴുമെങ്കിലും പ്രക്യതിയിലേക്ക്, ജന്തു(Animal) നിരീക്ഷണത്തിലേക്ക്, അങ്ങനെ പശുക്കളെയും മറ്റും എങ്ങനെ നല്ലവണ്ണം വളര്‍ത്താമെന്നും അവയോട് എങ്ങനെ ഔചിത്യപൂര്‍വ്വം പെരുമാറാമെന്നും പഠിക്കാം അങ്ങനെയെങ്കിലും നമ്മുക്ക് നല്ല മനുഷ്യരാകാം.





മ്യഗസ്നേഹികള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ഒരു പുസ്തകമാണ് ടെംപിള്‍ ഗ്രാന്‍ഡിനും കാതറിന്‍ ജോണ്‍സണും കൂടിയെഴുതിയ Animals make us human എന്ന പുസ്തകം

ടെംപിള്‍ ഗ്രാന്‍ഡിന്റെ  വളരെ പ്രശ്തമായ മറ്റു ക്യതികളാണ്.


Animals in Translation : Using the Mysteries of Autism to Decode Animal Behavior (with Catherine Johnson) - ഉം

Thinking in pictures : and Other Reports from My Life with Autism - എന്നുള്ള പുസ്തകവും