Thursday, November 22, 2012

ഒറ്റയാന്‍ മരിച്ചിട്ടില്ല.

ഞാന്‍ എന്റെ താമസസ്ഥലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എത്തിക്കുന്ന ആളിനെ ഏറ്റവും കൂടുതല്‍ വിളിച്ചത് കഴിഞ്ഞ ആഴ്ചയാണ്. എന്തുകൊണ്ട് മേതില്‍ പ്രത്യേക പതിപ്പ് ഇവിടെ കൊണ്ടു വന്നില്ല എന്നതായിരുന്നു എന്റെ ചോദ്യം. കഴിഞ്ഞ തിങ്കളാഴ്ചയാണെന്ന് തോന്നുന്നു ഈ മാസിക തിരക്കി ഞാന്‍ ഫഹാഹീലില്‍ (ഭാഹേല്‍) പോയി. മാസിക വരുന്ന മിക്ക കടകളിലും കയറി അന്വേഷിച്ചു. ഒരു കടയില്‍ ഉണ്ണി ആറിന്റെ കഥയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് രണ്ടെണ്ണം ഇരിക്കുന്നു.  ഇതു കഴിഞ്ഞുള്ള ആഴ്ചപ്പതിപ്പ് വന്നിട്ടുണ്ടോ? എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്.പനി പിടിച്ച് ഇരുന്ന ഞാന്‍ രാത്രി ഒമ്പതു മണിയായപ്പോള്‍ കാറുമെടുത്ത് ഒരു ആഴ്ചപ്പതിപ്പിനു വേണ്ടി പോകുന്നത് കണ്ടപ്പോള്‍ ഭാര്യയ്ക്കും മകനും അത്ര അദ്ഭുതമെന്നും തോന്നിയില്ല. കാരണം ഇഷ്ടപ്പെട്ട ഒരു പുസ്തകമോ, ആഴ്ചപ്പതിപ്പോ ലഭിക്കുവാനായി എത്ര പനിയാണെങ്കിലും ഏതു പാതിരാത്രിയിലും പോകും എന്ന് അവര്‍ക്ക് അറിയാം.


ഞാന്‍ കടയില്‍ നിന്നും കരുണാകരനെ വിളിച്ച് ഈ പ്രത്യേക പതിപ്പ് അവിടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഞാന്‍ വീണ്ടും എനിക്ക് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കൊണ്ടു വരുന്ന ആളിനെ വിളിച്ചു, വീട്ടില്‍ ഈ പതിപ്പ് കൊണ്ടു വരുമ്പോള്‍ എന്നെ വിളിക്കണമെന്നും പറഞ്ഞു.

ഇന്നലെ രാത്രിയില്‍ അയാള്‍ വിളിച്ചു.  അങ്ങനെ ആ പ്രത്യേക പതിപ്പും ലഭിച്ചു.

മേതിലുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം എടുത്തെഴുതുവാന്‍ ആഗ്രഹിക്കുന്നു.

"എനിക്ക് ശനിയെക്കുറിച്ചോ ചൊവ്വായെക്കുറിച്ചോ ഏതു ലോകത്തെക്കുറിച്ചും എഴുതാം. നിങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍ നിങ്ങളുടെ വായനയുടെ അല്ലെങ്കില്‍ അറിവിന്റെ പരിമിതി അത്രയേയുള്ളു."

എഴുത്തിലൂടെ, ഭാഷയിലുടെയുള്ള അസാമാന്യ യാത്രകളിലൂടെ, എന്തെങ്കിലുമെക്കെ കണ്ടെത്തുന്ന, കണ്ടുപിടിക്കുന്ന മലയാളത്തിലെ ഏക എഴുത്തുകാരനായ ശാസ്ത്രഞന്‍. ധീരനാണ് അദ്ദേഹം. ആ ഒറ്റയാന്‍ മരിച്ചിട്ടില്ല. വനയാത്രകളില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വീണ്ടും നമ്മുക്ക് കണ്ടെത്താം പുതിയ വനഭൂമികള്‍, ഒപ്പം നഗരത്തിന്റെ ആനന്ദവും.

വീണ്ടും എന്നാണ് ഞാന്‍ ആഴ്ച്ചപ്പതിപ്പ് വന്നോ എന്ന് വിളിച്ച് ചോദിക്കേണ്ടിയത്.....

4 comments:

P V Ariel said...

എന്തെല്ലാമോ ചില സമാനതകള്‍ ഇവിടെ കാണുവാന്‍ കഴിഞ്ഞു
സുഹൃത്തിന്റെ ലേഖനം മാതൃഭൂമിയില്‍ വന്നു എന്നാ വിവരം കിട്ടി
അതിനായി ഹൈദ്രബാദ മൊത്തം കറങ്ങിയ കഥ സ്മരണയില്‍
ഓടിയെത്തി, പക്ഷെ ഈ പതിപ്പ് എനിക്കു സമയത്ത് തന്നെ കിട്ടി :-)
ആശംസകള്‍

ajith said...

മേതില്‍ ശരിക്കും ഒരു ഒറ്റയാന്‍ തന്നെ
പലര്‍ക്കും മനസ്സിലാവാത്ത ഒരു ഒറ്റയാന്‍

ലാസർ said...

താങ്കളുടെ പുസ്തകം തേടിയുള്ള പനിയാത്രകളെ എനിക്കറിയായ്കയല്ല - 'നാച്ചുറല്‍ ഹിസ്റ്ററി ഓഫ് സെല്‍ബോണി'ന്റെ വിചിത്രലോകത്താണ് ഞാന്‍ ഇപ്പോള്‍ .

കുറച്ചു കാത്തിരുന്നിട്ടാണ് മേതില്‍ പതിപ്പ് ഇവിടെയും വന്നത്. വായിച്ചപ്പോള്‍ നിരാശയൊന്നും തോന്നിയില്ല. നമ്മുടെ വ്യവസ്ഥാപിത സാഹിത്യ/ധൈഷണിക ലോകത്തിന്റെ അനിതസാധാരണത്വങ്ങള്‍ മേതില്‍ പൊളിച്ചടുക്കും എന്ന് കരുതാന്‍ മാത്രം മലയാളത്തിലെ സമകാല ചലനങ്ങള്‍ ഒരു തെളിവും തന്നിരുന്നില്ല. പ്രതീക്ഷിച്ചതുപോലെ "രക്തംകൊണ്ടല്ല മഷികൊണ്ടാണ് ഞാന്‍ എഴുതുന്നത്" എന്ന നനഞ്ഞ ഗിമ്മിക്കുകളുമായി അതങ്ങിനെ പോയി. ഷിബു എടുത്തെഴുതിയ ചൊവ്വായെ സങ്കല്‍പ്പിക്കുന്ന ഭാവനയുടെ വൈചിത്ര്യങ്ങളില്‍ നമ്മള്‍ തന്നെ കുറെയേറെ മദ്യഗ്ലാസുകള്‍ ഒഴിച്ചിട്ടില്ലേ ചങ്ങാതി. മേതില്‍ പറഞ്ഞതുകൊണ്ട് അതിനു പ്രത്യേകിച്ചൊരു പ്രഭാവലയമൊന്നും സംജാതമാകേണ്ടതില്ല.

ചോദ്യകാരന്റെ ഒരു ചോദ്യത്തെ പോലും പരിഭ്രമിപ്പിച്ച് , സബ്ജക്ടീവാവാതെ തന്ന്റെ ബൌദ്ധികലോകത്തിന്റെ (?) അപതിത പ്രപഞ്ചത്തിലേക്ക് ഉയര്‍ത്താന്‍ മേതിലിന് ആയിട്ടില്ല. മടുത്തു എന്ന് പറയാതെ വയ്യ - കമല്‍റാമിന്റെ കച്ചവടത്തിന് മറ്റൊരു ഇരയെകൂടി കണ്ട്...

ഷിബു ഫിലിപ്പ് said...

P V Ariel, നന്ദി, ഓര്‍മ്മ പങ്കു വെച്ചതിന്.

ajith, അതെ അദ്ദേഹം ഒരു ഒറ്റയാന്‍ തന്നെ. നന്ദി.

ലാസർ, ശരിയാണ് ലാസര്‍, ഒരു മേതില്‍ നിലവാരത്തിലെത്താത്ത വെറുമൊരു ദീര്‍ഘ സംഭാഷണം മാത്രമായി അവസാനിച്ചതില്‍ എന്തോ ഒരു സന്തോഷമില്ലായ്മ എല്ലാവര്‍ക്കുമുണ്ട്. എങ്കിലും ഇനിയും ഒരു മികച്ച ക്യതി അദ്ദേഹത്തില്‍ നിന്നും നമ്മുക്ക് ലഭിക്കും എന്ന് ഞാന്‍ കരുതുന്നു. ഇനിയും മരിച്ചിട്ടില്ല എന്ന ഒരു ഉറപ്പുമായി. അദ്ദേഹത്തിന്റെ നല്ല കഥയുമായി ഇറങ്ങുന്ന ആഴ്ചപ്പതിപ്പിനായുള്ള കാത്തിരിപ്പ് ആരെങ്കിലുമെക്കെ തുടരും. മടുപ്പിന് വിരാമം കുറിക്കുന്ന ഒരു അട്ടിമറി എവിടെ നിന്നെങ്കിലും മലയാള സാഹിത്യത്തില്‍ ഉണ്ടാകണം. കാലം കനിവ് കാണിക്കട്ട്. നമ്മുക്ക് വീണ്ടും പുസ്തകങ്ങളുടെ വിചിത്ര ലോകത്ത് ജീവിക്കാം. നന്ദി ലാസര്‍.