Monday, December 13, 2010

പദം വെട്ടിയുമെഴുതിയുമുള്ള ജീവിതം

അടുത്ത കാലം വളരെയധികം കേട്ടതും എന്തോ ദുഖവും സന്തോഷവും ഒരുമിച്ച് വിടര്‍ന്ന് പൊങ്ങുന്നതുമായ ആ പാട്ടും, ഏറ്റവും ആകര്‍ഷണിയവുമായ ആ കോറസും അയാള്‍ കേട്ടിരുന്നു. Jeremih- യും 50 Cent - ഉം കൂടി പാടിയ Down On Me എന്ന പാട്ട്.  "I love the way you grind with that booty on me" എന്ന കോറസ്സ് എത്ര സമയം കേട്ടാലും മതിയാകുന്നില്ല. ഇന്ന് ആ പാട്ട് ആരോരുമില്ലാത്ത ആ വീട്ടില്‍ തിരമാലയായി ഉയര്‍ന്നു പൊങ്ങി കൊണ്ടിരുന്നു. booty എന്നതിനു പകരം അയാള്‍ Bootee അല്ലെങ്കില്‍ bootie എന്ന പദം അവിടെ മാറ്റി ഉപയോഗിച്ചിട്ട്, ഓ, നല്ലവളായ അവളുടെ ചെറിയ ബൂട്ടു കൊണ്ട് ചവുട്ടി തിരിക്കുന്നതായി സങ്കല്‍പ്പിച്ചു. അവള്‍ ഇട്ടിരിക്കുന്ന ബൂട്ടിനുമുണ്ട് അതിന്റേതായ ഒരു താളമെന്ന് അയാള്‍ക്ക് തോന്നി. ഒരു കൊച്ചുകുട്ടിയുടെ വികൃതികള്‍!. അതുകൊണ്ട് ആ Booty ഇപ്പോള്‍ വേണ്ട പകരം Bootee അല്ലെങ്കില്‍ bootie. ഇങ്ങനെ പദങ്ങള്‍ മാറ്റിയിടുന്നതാണ് ജീവിതം എന്നയാള്‍ക്ക് തോന്നി. ഇങ്ങനെയുള്ള ക്രമപ്പെടുത്തലുകളിലൂടെ ജീവിതം മുമ്പോട്ട് പോകുന്നു. യഥാര്‍ത്ഥമായതിനെ സ്വന്ത ഇഷ്ടത്തിനായി മെരുപ്പെടുത്തുന്ന രീതി. അയാള്‍ അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് ലഹരി നിറഞ്ഞ മനസ്സുമായി ഒരു ചുഴിയില്‍ വട്ടം കറങ്ങി താഴ്ന്നു പോകുകയായിരുന്നു.

ആ പാട്ടു നിര്‍ത്തുമ്പോള്‍ അയാള്‍ കൊച്ചനിയന്‍ പറഞ്ഞത് ഓര്‍ത്തു. കൊച്ചനിയന്‍ ഇവിടുത്തെ ഒരു സാമുഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ഞാന്‍ കുട്ടികളുടെ മുമ്പില്‍ ഓ. വി. വിജയന്‍ വലിയ സാഹിത്യകാരനാണെന്ന് പറയില്ല. അതെന്താണ് കാരണം അയാള്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ കുട്ടികള്‍ ഇപ്പോഴേ വായിച്ചെങ്കിലോ? അല്ലെങ്കിലും ഇപ്പോഴുള്ള സാഹിത്യം എങ്ങനെ വായിക്കുവാനാണ്. Roberto Bolano - യുടെ The Savage Detectives ഏറ്റവും അഴുക്ക് പുസ്തകമാണ് എന്ന് അയാള്‍ വായിച്ചെങ്കില്‍ പറഞ്ഞേനേ. ആ പുസ്തകത്തിന്റെ പുറത്ത് വളരെയധികം അഴുക്ക് പിടിച്ചിരിക്കുന്നതായി തോന്നും അങ്ങനെ അയാളുടെ ശബ്ദത്തില്‍ അവതരിപ്പിച്ചാല്‍. Mario Vargas Llosa - യൂടെ The Feast of the Goat - വേണ്ട.  Michel Houellebecq - ന്റെ Atomised അയാള്‍ കാണുക പോലും ചെയ്യരുത്. ഈ വര്‍ഷത്തെ ഫ്രാന്‍സിലെ ഏറ്റവും വലിയ സമ്മാനമായ Goncourt Prize,   Michel Houellebecq - ന്റെ The Map and the Territory എന്ന പുസ്തകത്തിനാണ് കിട്ടിയത്.  എന്തു ചെയ്യുവാന്‍ മലയാളത്തില്‍ ഇപ്പോള്‍ ബോലാനോയുടെ പ്രേതം അലഞ്ഞു തിരിയുകയാണ്. തീര്‍ച്ചായും അയാളുടെ പ്രേതം അല്ല അയാളുടെ പ്രേതമാണെന്ന് പറഞ്ഞു നടക്കുന്ന ചില പിശാചുക്കള്‍. സാഹിത്യം അന്ധകാരത്തിലേക്ക് പോകുകയാണ്. അയാള്‍ തല കുലുക്കി, കൈ കൊണ്ട് അകലേക്ക് എന്ന് ആഗ്യം കാണിച്ചു.  കൊച്ചനിയന്റെ ചിന്തകള്‍ പോയി തുലയട്ട്.  ഇന്ന് സംഗീതം മാത്രം കേള്‍ക്കുവാനുള്ള ദിവസമാണ്.

Fergie എന്ന പാട്ടുകാരിയുടെ London Bridge, Nelly Furtado - യുടെ Maneater, Justin Timberlake - ന്റെ My Love എന്നിങ്ങനെ എവിടെയോ കേട്ടതും കഴിഞ്ഞ കാലങ്ങളില്‍ വീണ്ടും കേട്ടതുമായ പാട്ടുകള്‍ അയാള്‍ ഇന്നത്തെ ദിവസം പല തവണ കേട്ടു.  Timbaland- ഉം, Nelly Furtado -യും Justin Timberlake - ഉം കൂടി അവതരിപ്പിച്ച Give it to me - എന്ന പാട്ടും അയാള്‍ ശ്രദ്ധിച്ചു.  ഭൂത കാലത്തെ അയാള്‍ പാട്ടുകളിലൂടെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. Give it to me യുടെ പാട്ട് തുടങ്ങുമ്പോള്‍ മുതല്‍ കേട്ട ആ ഡ്രമ്മിന്റെ താളം അയാള്‍ അയാളുടെ എഴുത്തില്‍ കൊണ്ടു വരണമെന്ന് ആഗ്രഹിച്ചു. ഒരു കഥയുടെ തുടക്കം മുതല്‍ തുടരുന്ന ആ ഡ്രം ബീറ്റ്. എന്നാല്‍ Sade - ന്റെ Soldier of Love എന്ന പാട്ട് ഇപ്പോള്‍ കേട്ടപ്പോള്‍ ഏതോ ആദി താളത്തിന്റെ മുഴക്കമായി തോന്നി.

Give it to me എന്ന പാട്ടിന്റെ ഡ്രംബീറ്റ് കേട്ടിട്ട് അത് ബ്രസീലുകാര്‍ പണ്ടു പന്തു കളിച്ചിരുന്ന താളത്തോട് സാമ്യമുണ്ടെന്ന് ചിന്തിച്ചു. ഇയാള്‍ക്ക് പന്തു കളിയും വലിയ ഹരമാണ്. ഇന്നവരുടെ താളം എന്താണ്. ബ്രസീലുകാരുടെ പന്തു കളിയുടെ താളം പോയതു മുതല്‍ ഏതൊക്കെയോ താളങ്ങള്‍ നഷ്ടപ്പെട്ടു. എഴുത്തുകാര്‍ കണ്ടു മുട്ടിയതു ചിന്തിക്കുമ്പോള്‍ അവിടെ അപ്പോള്‍ ഉയര്‍ന്ന സംഗീതം അയാളുടെ ഹൃദയത്തില്‍ വ്യാപരിക്കുവാന്‍ തുടങ്ങി. പാശ്ചാത്യ, പൗരസ്ത്യ താളങ്ങള്‍.

അന്നത്തെ ദിവസം വളരെ മനോഹരമായിരുന്നിരിക്കണം, Gabriel Garcia Marquez - എന്ന വലിയ എഴുത്തുകാരന്‍ പാരീസില്‍ 1957- ല്‍ Ernest Hemingway - എന്ന വലിയ എഴുത്തുകാരനെ തെരുവിന്റെ മറു വശത്തായി കണ്ട ദിവസം. Tarzan വനത്തില്‍ വെച്ച് അലറുന്നതു പോലെ മാര്‍കേസ് ഉറക്കെ വിളിച്ചു. ''Maaaeeestro!'' ആ വിളിയുടെ അര്‍ത്ഥം മനസ്സിലാക്കി, തിരിഞ്ഞ് Marquez - നെ നോക്കി കൈ വീശി ഏണെസ്റ്റ് ഹെമിംങ് വേ ഇപ്രകാരം പറഞ്ഞു. ''Adiooos, amigo!''. അങ്ങനെ Goodbye my friend എന്നു പറഞ്ഞ് Hemingway എവിടേയ്ക്കോ പോയി. എന്നാല്‍ Marquez - ഉം Mario Vargas Llosa - യും ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ Llosa - യുടെ ഇടി കൊണ്ട് Marquez - ന്റെ മുഖം വിങ്ങി. കവയത്രി സുഗതകുമാരി മഹാകവി പി. കുഞ്ഞിരാമന്‍ നായരെ കണ്ട് കൈ കൂപ്പി നില്‍ക്കുമായിരുന്നു പോലും. അത് നേരിട്ട് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ വലിയ ഭാഗ്യം ചെയ്തവരാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയത് വായിച്ചിരുന്നുവോ? "മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. വാക്കുകളുടെ മഹാബലി. ദൈവം മലയാളത്തിലെ ഒരു കവിയുടെ മനസ്സിലും ഇത്രയധികം വാക്കുകള്‍ നിക്ഷേപിച്ചിട്ടുണ്ടാവില്ല. വാക്കുകളുടെ ഒരു റിസര്‍വ് ബാങ്കുണ്ടാക്കി ദൈവം പി. കുഞ്ഞിരാമന്‍ നായരെ അതിന്റെ ഗവര്‍ണറാക്കി". കടല്‍ തീരത്തിരിക്കുന്ന പി. യുടെ പടമുള്ള "കവിയുടെ കാല്പാടുകള്‍" മേശപ്പുറത്തു നിന്നും അയാളുടെ മനസ്സിലൂടെ നടക്കുവാന്‍ വെമ്പുന്നു.

ഇന്നത്തെ പെണ്‍കുട്ടികളും ഇങ്ങനെ മഹാകലാകാരന്‍മാരെ കാണുമ്പോള്‍ കൈ കൂപ്പി നില്‍ക്കുമോ. അതോ ചില രാക്ഷ്ട്രീയക്കാര്‍ കൈ കൂപ്പുന്നത് കണ്ട് കള്ളന്മാര്‍ മാത്രമേ കൈ കൂപ്പുകയുള്ളു എന്നവര്‍ വിചാരിച്ചു കാണുമോ?. എങ്കിലവര്‍ നല്ലവരായ രാക്ഷ്ട്രീയക്കാരും കൈകൂപ്പും എന്നു ചിന്തിക്കുകയും സുഗതകുമാരി ടീച്ചറുടെ പാത പിന്തുടരുകയും ചെയ്യുമായിരിക്കും.

അയാള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. ഈ ചിന്തകളെല്ലാം എഴുതി വെയ്ക്കുവാന്‍
അയാള്‍ തയ്യാറെടുത്തു.  ഇന്നത്തെ ദിവസം സംഗീതത്തിന്റെ ദിനം മാത്രമല്ല എഴുത്തിന്റെയും ദിവസമാണ്. അയാള്‍ സംഗീതം വെട്ടി എഴുത്ത് എന്ന് എഴുതി.

അയാള്‍ പെട്ടെന്ന് പേടിച്ചു. വാതില്‍ക്കല്‍ നിന്ന് ആരോ ബെല്ലടിച്ചതാണ്. കോളിംഗ് ബെല്‍ ഏകനായിരിക്കുന്ന ഒരാളെ ഇങ്ങനെയും പേടിപ്പിക്കുമോ? കതകു തുറന്നപ്പോള്‍ കൂട്ടുകാരന്‍ മനുവാണ്. എന്താണ് ഇങ്ങനെ എഴുത്തും വായനയും മാത്രം മതിയോ? നമ്മുക്ക് പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ പോയാലോ?.

അതെ മനു ജീവിതം ക്രമപ്പെടുത്തലുകളുടേതാണ്, അല്ലെങ്കില്‍ അഡ്ജസ്റ്റ്മെന്‍ന്റിന്റേതാണ്. ഇപ്പോള്‍ ഞാന്‍ ഒരു പദം വെട്ടി വേറൊരു പദം എഴുതട്ട്.

ഏതു പദമാണ് വെട്ടിയത്? ഏതു പദമാണ് എഴുതിയത്.

വെട്ടിയത് എഴുത്ത്, ഇപ്പോള്‍ എഴുതിയത് യാത്ര.

കുറച്ചു മണിക്കുറുകള്‍ എഴുത്ത് മാറ്റി വെച്ച് യാത്ര. വീണ്ടും എഴുത്ത്, വായന, സംഗീതം......

പക്ഷെ, തിരിച്ച് വരുമ്പോള്‍ Hariprasad Chaurasia - യായുടെ സംഗീതം കേള്‍ക്കണം.

അങ്ങനെ, പദം വെട്ടി, പദം ചേര്‍ത്ത്, പദം പാടി, പദം പദമായുള്ള അയാളുടെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.

രാത്രിയില്‍ അയാള്‍ വീട്ടില്‍ കോളിംഗ് ബെല്ലടിക്കുന്നത് കേട്ട് ഉണര്‍ന്നു. രാത്രിയില്‍ യാത്ര കഴിഞ്ഞ് പത്തുമണിക്ക് കിടന്നുറങ്ങിയതാണ്. അയാള്‍ മൊബൈല്‍ എടുത്ത് സമയം നോക്കി. കൃത്യസമയം, രാവിലെ മൂന്നു മണി. ഓ, ഇപ്പോള്‍ അവള്‍ വിമാനത്തിലായിരിക്കും, മെസ്സേജ് ഒന്നും തന്നെ കണ്ടില്ലല്ലോ?. വിമാനം ചിലപ്പോള്‍ വൈകുന്നതായിരിക്കാം. നാട്ടില്‍ തിരുവനന്തപൂരത്ത് ഇപ്പോള്‍ സമയം അഞ്ചരയായിട്ടുണ്ട്.  നാട്ടില്‍ നിന്നും ഹൃദയത്തിനോട് അടുത്തു നില്‍ക്കുന്നവര്‍‍ രാത്രിയില്‍ യാത്ര തിരിക്കുമ്പോള്‍, മെസ്സേജ് വരും എന്നു പറയുന്ന സമയങ്ങളില്‍, അയാള്‍ തനിയെ ഉണരുക പതിവാണ്.   ആരാണ് വരുന്നത്?. ആ കൊച്ചു പെണ്‍കുട്ടി മൃദുലമായ ബൂട്ടുമിട്ട്... അതോ?

പെട്ടെന്ന് അയാളുടെ തലയ്ക്ക് വിങ്ങലനുഭവപ്പെട്ടു. അയാള്‍ പറഞ്ഞു, ദൈവമേ എന്റെ ജീവിതത്തിനോട് അടുത്ത് നില്‍ക്കുന്നവരെ നീ വെട്ടി കളയരുതേ.  അയാള്‍ ആഴ്ന്നു പോകുന്ന സ്വപ്നചുഴിയില്‍ നിന്നും മുഖം പുറത്തേക്ക് ഉയര്‍ത്തി ശ്വാസമെടുത്തു. എന്നിട്ട്, ദൈവം പ്രാര്‍ത്ഥന കേള്‍ക്കും എന്ന വിശ്വാത്തില്‍ വീണ്ടും സ്വസ്ഥമായി കിടന്നുറങ്ങി.