Sunday, January 24, 2010

അക്കര യാത്ര

വീടിനു പുറകില്‍ വലിയ ഒരു വെട്ടു കുഴിയുണ്ടായിരുന്നു.

മഴ പെയ്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കെട്ടി നില്‍ക്കുന്ന ദിവസങ്ങള്‍. വീടിനു മുകളില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ദിനങ്ങള്‍. മണ്ണു കലര്‍ന്ന ചുമന്ന വെള്ളം വേഗത്തില്‍ ഒഴുകുന്നു. മരങ്ങളും ചെടികളും സന്തോഷത്താല്‍ പച്ചിപ്പ് എല്ലായിടത്തും പടര്‍ത്തുന്നു. ഞാന്‍ വളരെ ചെറു പ്രായത്തില്‍ ചിന്തിച്ചത് ആ വെട്ടു കുഴികളില്‍ ഡൈനോസറസിന്റെ ചെറു പതിപ്പു ജീവികള്‍ ജീവിച്ചിരുന്നു എന്നാണ്. ഡൈനോസറസിന്റെ പടം കണ്ടാലും കണ്ടിലെങ്കിലും എനിക്ക് ആ ഘോര ജീവികളെ അന്ന് അറിയാമായിരുന്നു. അതു എപ്പോഴെങ്കിലും പുറകില്‍ നിന്നും അടുക്കളയുടെ വശത്തേക്കു വരുമെന്നു വിചാരിച്ചിരുന്നു. മഴ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കണ്ടങ്ങളില്‍ ചെറു വള്ളങ്ങള്‍ ഇറക്കുന്നത്. ഒന്നു രണ്ടു പ്രവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ആ മഴ കുറഞ്ഞ ദിനങ്ങളിലെന്നിലാണ് ഒരാളെ വള്ളത്തില്‍ എല്ലാവരും കൂടി എടുത്ത് കൊണ്ടു പോകുന്നത് കണ്ടത്. വളരെ അധികം  ആള്‍ക്കാര്‍ ആ വള്ളം പൊക്കി കൊണ്ടു പോകുന്നവരുടെ കൂടെ ഉണ്ടായിരുന്നു.
"ഏവിടേക്കാണ് അമ്മേ ആള്‍ക്കാര്‍ വള്ളം ചുമന്നു കൊണ്ടു പോകുന്നത്".

"അതു വള്ളമല്ല മോനെ, അതു ശവപ്പെട്ടിയാണ്. ആ ശവപ്പെട്ടിയില്‍ ശവമാണ്. മരിച്ച ആള്‍".

മനുഷ്യര്‍ നടക്കുന്നു, ഓടുന്നു, അവസാനം ഒരു വള്ളത്തില്‍ കയറി അക്കര ദേശത്തേക്ക് ഒരു യാത്ര. ഒരു പക്ഷെ ഈ അവസാന യാത്ര കാണുവാന്‍ വല്ല വിചിത്ര ജീവികളും വീടിന്റെ  പുറകില്‍ നിന്നും വന്നു നോക്കിയിരുന്നോ?.

Friday, January 1, 2010

ഭൂലോക മലയാള പവിത്ര സംഘം

ഒരു ഡിസംബര്‍ കൂടി കഴിഞ്ഞു പോകുന്നു. 2008 ഡിസംബര്‍ 15-നാണ് കെ പി അപ്പന്‍ എന്നന്നേക്കുമായി നമ്മോടു വിട പറഞ്ഞത്. വാക്കുകള്‍ കൊണ്ട് സാഹിത്യ വിചാര ലോകത്തിന്റെ ആഴങ്ങള്‍ കാട്ടി തന്ന ഗദ്യത്തിന്റെ മഹാപുരോഹിതന്‍.  ഗോവിന്ദന്റെ  പവിത്രസംഘം എന്ന ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള പവിത്ര സംഘങ്ങള്‍ മലയാളികള്‍ താമസിക്കുന്ന എല്ല പ്രവാസ ലോകത്തും കാണുമായിരിക്കും. ഒരു പക്ഷെ നമ്മുടെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും അന്യോന്യം മമത പുലര്‍ത്തുന്ന കവികള്‍, നിരൂപകര്‍, നോവലിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, നല്ല വായനക്കാര്‍ തുടങ്ങിയവരുടെ കൂട്ടയ്മ കാണണം. അവര്‍ ഒരു സംഘടനയല്ലാതെ നിലനില്‍ക്കുന്നു.  എല്ലാ സംഘടനകളുടെയും ചട്ടകൂടുകള്‍ക്കപ്പുറമായിരിക്കാം  അവരുടെ ചിന്തകള്‍.  ഒരു പാര്‍ട്ടിയുടെയും ലേബലില്‍ അവര്‍ കാണുകയില്ലായിരിക്കാം.  ചിന്തകളുടെ കൊടുമുടികളില്‍ വിഹരിക്കുന്ന ഒറ്റയാന്‍മരായിരിക്കാം ചിലര്‍.  ഒരു പക്ഷെ കാലം അവരുടെ കൈയെപ്പു വാങ്ങി വയ്ക്കുമായിരിക്കാം, ഭാവി തലമുറയ്ക്കു വേണ്ടി.  നല്ലെരു നാളയെ സ്വപ്നം കണ്ടുണരാന്‍ കഴിയുന്നവരാണിവര്‍.

ഒരു ഭൂലോക മലയാള പവിത്ര സംഘമുണ്ടാക്കാം, പക്ഷെ, ഗോവിന്ദന്റെ വഴികളും വേറിട്ട ചിന്താ ശക്തിയുള്ളവരും വളരെ ചുരുക്കം.

സമഹൃദയരായ ബ്ലോഗ് എഴുതുന്നവര്‍ക്കും, എല്ലാ നല്ല വായനക്കര്‍ക്കും, എഴുത്തുകാര്‍ക്കും, കലയെ സ്നേഹിക്കുന്നവര്‍ക്കും ഒരു ഭൂലോക മലയാള പവിത്ര സംഘത്തിലേക്ക് സ്വാഗതം. ഓരോ നഗരങ്ങളിലും നില നില്‍ക്കുന്ന ഒരു ഗോവിന്ദശക്തിയുടെ അഭാവം തന്നെ അതിന്റെ കേന്ദ്രബിന്ദു. ഇവിടെ ഞങ്ങള്‍ക്ക് അതിന്റെ അവശ്യമില്ല. അവിടവിടെ, ഞങ്ങള്‍ക്ക് ഒരു പവിത്രസംഘം ഉണ്ട് എന്നു പറയുന്നവരും ധാരാളം.

എന്നാല്‍, ഒരു നല്ല പൂവു കാണുവാനോ, ആകാശത്തിന്റെ സൗന്ദര്യം കാണുവാനോ, നല്ലൊരു പുസ്തകം വായിക്കുവാനോ, കുട്ടികളുടെ ചിരിയും കളിയും കാണുവാനോ, നല്ലൊരു സംഗീതം ആസ്വദിക്കുവാനേ കഴിയാതെ നാശത്തിന്റെ  ദുര്‍ഗന്ധം ആസ്വദിക്കുന്നവര്‍ ധാരാളം.  നല്ലൊരു നാളയെ സ്വപ്നം കണ്ടുണരാന്‍ കഴിയാത്തവരാണവര്‍.  അവനിട്ടൊരു പണി കൊടുക്കണം എന്നു ചിന്തിക്കുന്നവരില്‍ വ്യാപരിക്കുന്ന ആതമാവിന്റെ വല്യതമ്പുരാനാണ് ലോകത്തിനൊരു പണി കൊടുക്കണം എന്നു ചിന്തിക്കുന്നത്.  ലോകം തന്നെയില്ലതെയാക്കുവാന്‍ ശ്രമിക്കുന്നവരുടെ സംഘങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ശ്രമിക്കുന്ന നല്ല സംഘങ്ങളായി തീരുമായിരിക്കും. അവനിട്ടൊരു പണി കൊടുക്കാതെ, ലോകത്തിനൊരു പണി കൊടുക്കാതെ, അവനെ സഹായിക്കുവാന്‍, ലോകത്തെ സഹായിക്കുവാന്‍, അയല്‍ക്കാരെ സഹായിക്കുവാന്‍ അവര്‍ രൂപാന്തരപ്പെടുമായിരിക്കാം.  അവര്‍ ഏതെങ്കിലും വിശ്വപ്രസിദ്ധമായ ഒരു പുസ്തകം വായിച്ചാല്‍ മാത്രം മതിയാകും അവരുടെ മനംമാറ്റത്തിന്.

സാഹിത്യചിന്തയില്‍ ഭാഷ കൊണ്ടു വര്‍ണ്ണ ചിത്രങ്ങള്‍ വരച്ച കെ. പി. അപ്പനെ മലയാളം എപ്പോഴും ഓര്‍ക്കും, തമസ്കരണത്തിന്റെ  ദുഷ്ടാത്മസേനകള്‍ വിചാരിച്ചാലും മലയാളം ഇങ്ങനെയുള്ളവരെ മറക്കുകയില്ല.

പുതുവര്‍ഷം കടന്നു വന്നിരിക്കുന്നു.

എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍.