Friday, May 14, 2010

മൂവര്‍

അവന്‍ ഇരിമ്പിനു മേല്‍ കൊട്ടി, മണപ്പിച്ചു.
ഏതു ലോഹത്തേയും സ്നേഹിച്ചു.
തുണി സഞ്ചിയിലോ പുറത്തോ അവനു കൂട്ടായി ലോകക്കാര്‍ ഇല്ലായിരുന്നു.
അവന്‍ ഏകനായിരുന്നു.
ലോഹം ദേവന്മാരുടെ ശരീരമാണെന്ന് അവന്‍ കരുതി.
പത്ര കടലാസ്സുകള്‍ കൂട്ടായിട്ടുള്ള വേറൊരുവന്‍ ഉണ്ട്.
അക്ഷരങ്ങള്‍ക്ക് ദിവ്യശക്തിയുണ്ടെന്ന് അവന്‍ കരുതി.
അക്ഷരം നിറഞ്ഞ പേപ്പറുകള്‍ കണ്ടാല്‍ അവന്‍ കൂട്ടിനു കൂട്ടും.
വാക്കുകള്‍ മന്ത്രങ്ങളായി അവന്റെ കാതില്‍ മുഴങ്ങി.
ഇവരുടെ വീട്ടില്‍ ഈ ശേഖരങ്ങളില്‍ ചിലത് അപ്രത്യക്ഷമായി.
ഇവര്‍ ഉറങ്ങാതെ മാറിയിരിക്കുമ്പോള്‍
കൊണ്ടു വന്ന ലോഹങ്ങളെയും, കടലാസ്സുകളെയും വീട്ടുകാര്‍
അവരില്‍ നിന്നും വേര്‍പ്പെടുത്തി.
ആരും കാണാത്തവിധം മറവു ചെയ്തു.
മൂന്നാമന്‍ സംസാരിക്കുകയില്ല.
അവന്‍ ആരോടെങ്കിലും സംസാരിക്കുന്നതായി ചിന്തിക്കും
പറഞ്ഞില്ലേ എന്നു ഭാവിച്ചു നടക്കും
എപ്പോഴും സംസാരിച്ചു നടക്കുകയാണെന്ന് അവന്‍ കരുതി.
ഇവര്‍ മൂവരും ഇപ്പോള്‍ ഇല്ലെങ്കിലും
ആ ഗ്രാമത്തില്‍
ചിന്തകള്‍ കാതുകള്‍ അന്വേഷിച്ചു നടന്നു
ലോഹങ്ങളും, കടലാസും ആര്‍ക്കും വേണ്ടാത്തവരായും.

Shibu Philip

Sunday, May 9, 2010

വേരിനെ കൂടുതല്‍ ഇഷ്ടപ്പെട്ട വൃക്ഷസ്നേഹി.

ഉയരത്തില്‍ കൂടി പറക്കണമെന്ന ആഗ്രഹം തോന്നിയത് മരങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ്. അവ എന്തെല്ലാം ചിഹ്നങ്ങളാണ് ഈ ഉലകത്തില്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഉയരത്തില്‍ നിന്നും താഴേക്ക് മരത്തിന്റെ ഉച്ചിയിലേക്ക് നോക്കുമ്പോള്‍ അവ ചിരിക്കുകയാണോ? കരയുകയാണോ എന്ന് അറിയുവാന്‍ സാധിക്കുമായിരിക്കുമെന്ന് തോന്നിപ്പിച്ചത് ഏതു മരത്തിന്റെ ഓര്‍മ്മയാണ്?. വീട്ടിലുള്ള ഓരോ മരത്തോടും അവധിക്ക് ചെല്ലുമ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.  ചില മരങ്ങളെ കണ്ടിട്ടില്ലേ അവ ധ്യാനത്തിന്റെ പരകോടിയിലിരിക്കുകയാണെന്ന് തോന്നും. ചിലര്‍ കാറ്റു വരുമ്പോള്‍ തലയാട്ടി ചിരിക്കും. ചിലത് കണ്ണു മിഴിച്ച് നോക്കും. കൊടിയ കാറ്റും മഴയും വരുമ്പോള്‍ "ഞങ്ങളേ ഇങ്ങനെ വട്ടം കറക്കല്ലേ ഇനിയും ഞങ്ങള്‍ക്ക് ജീവിക്കണമെന്ന്" ചിരിച്ചു കൊണ്ടല്ലേ കാറ്റിനോടു പറയുന്നത്. ഓരോ മരങ്ങളും പല കഥകള്‍ സംഭരിച്ചു വെച്ചിരിക്കുന്നു. അങ്ങനെയൊരിക്കല്‍ ഒരു മരം വര്‍ഷങ്ങളുടെ കഥ പറയാമെന്ന് എന്നോട് പറഞ്ഞു.


മരം വെട്ടുമ്പോള്‍ അവ സംസാരിക്കുന്നത് കേട്ടിട്ടില്ലേ? അവ കേള്‍ക്കാന്‍ കാതുകള്‍ തുറന്നാല്‍ മരങ്ങളെ സ്നേഹിക്കും, അവയെ വെട്ടി മാറ്റുവാന്‍ സമ്മതിക്കുകയില്ല.

അല്ല, പുതിയ തുടിപ്പ് കാണുവാന്‍ വെട്ടി മാറ്റണം, അവയുടെ വേരുകള്‍ ആഴത്തിലേക്ക് കടന്ന് എങ്ങനെ ആഹാരം സംഭരിച്ചുവെന്ന് ഭൂമിയ്ക്കും പറയാനില്ലേ ധാരാളം കഥകള്‍.  ഭൂമി വേരുകളിലൂടെ സംസാരിക്കുന്നു.

അതു കൊണ്ടാണോ ചെറു കുട്ടികള്‍ കുഴിച്ചിട്ട ചെടി കുറച്ചു ദിവസം കഴിഞ്ഞ് പറിച്ചു നോക്കുന്നത്. എന്തിനാണ് അവര്‍ അങ്ങനെ നോക്കുന്നത്? വേരുകള്‍ വളര്‍ന്നിട്ടുണ്ടോ എന്ന അറിവിനോടുള്ള ആഗ്രഹം?. വളരുന്നുണ്ടോ എന്നറിവാന്‍?

വേരുകള്‍ ഭൂമിയുമായി കലഹിച്ച്, സ്നേഹിച്ച്, വെള്ളവും ആഹാരവും കിട്ടാത്തതില്‍ പരിഭവിച്ച് എങ്ങനെയൊക്കെ ആയി തീര്‍ന്നിരിക്കാം. ഭൂമി മരങ്ങളുമായി നടത്തിയ സംവാദം ചിഹ്നങ്ങളായി പരിണമിക്കുന്നതാണ് വേരുകള്‍.

അങ്ങനെ ആ ചിഹ്നങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട്, കണ്ട് ഞാന്‍ ഒരു വലിയ ഡ്രിഫ്റ്റ് വുഡ് ശില്‍പ്പിയും അതിന്റെ വ്യവസായിയും ആയി തീര്‍ന്നു.

മരിച്ച മരങ്ങളെ ഞാന്‍ താഴെ നിന്ന് കാണുവാനും കുഴിച്ചെടുക്കുവാനും തുടങ്ങി.  അങ്ങനെ ഉയരത്തില്‍ നിന്നും ജീവനുള്ള മരങ്ങളെ കാണണമെന്ന ആഗ്രഹം ശമിച്ചു.


Shibu Philip