Friday, May 18, 2012

ഭാവനയുടെ രാഷ്ട്രീയം

ഏതോ പക്ഷി ചിറകടി ശബ്ദമുണ്ടാക്കി വട്ടം ചുറ്റി പറന്നകന്നു. സന്ധ്യയായിരിക്കുന്നു, "മരിച്ചവരെക്കുറിച്ച് ഇനിയും സംസാരിക്കേണ്ട" അമ്മയ്ക്ക് പേടിയുള്ളതായി തോന്നി. കോഴിക്കൂട് ഇനിയും അടച്ചിട്ടില്ല. കോഴികള്‍ കൂട്ടിനുള്ളില്‍ കയറി കാണണം. കോഴിക്കൂട് വീടിന്റെ പുറകില്‍ ഒരെണം തെക്കു ഭാഗത്തും ഒരെണം ഏകദേശം വടക്കു ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. കൂട് കുറച്ച് ഉയരത്തിലാണ്, കോഴികള്‍ക്ക് കയറുവാന്‍ തക്കവണം ഒരു ചരിഞ്ഞ ഗോവണിയുമുണ്ട്.


"തോമസ്സേട്ടേന്‍ അതിനു ശേഷം ഒരിക്കലും വന്നിട്ടില്ലേ" എനിക്ക് വീണ്ടും സംശയം.

"ഇല്ല. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതിനു ശേഷം അങ്ങേര് ഒരിക്കലും വന്നിട്ടില്ല." കുഞ്ഞാമചേടത്തി ദുഃഖം കലര്‍ന്ന ശബ്ദത്തില്‍ പ്രതിവചിച്ചു.

"ഇപ്പോഴും പശുക്കള്‍ അങ്ങനെ സന്ധ്യാസമയത്ത് ശബ്ദമുണ്ടാക്കുമോ?"

"ഇല്ല."

തോമസ്സേട്ടന്‍ എല്ലാ ദിവസവും പശുക്കള്‍ക്ക് കച്ചി ഇട്ടു കൊടുക്കുന്ന, ഏകദേശം സന്ധ്യയാകുന്ന സമയം. അന്നേരം എല്ലാ പശുക്കളും സന്തോഷപ്രകടനം കാണിക്കുന്ന ശബ്ദം ഉണ്ടാക്കും. അത് കുഞ്ഞാമ ചേടത്തിക്ക് നല്ല വണ്ണം അറിയാം. പശുക്കള്‍ ആ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കുന്ന സമയം തീര്‍ച്ചയായും തോമസ്സേട്ടേന്‍ അവിടെ കാണുമെന്ന്. അത് എത്രയോ തവണ കണ്ടിരിക്കുന്നു.

തോമസ്സേട്ടേന്‍ പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി മരിച്ചതിനു ശേഷവും, കച്ചി കിട്ടാത്ത പശുക്കള്‍ വൈകിട്ട്, പകലും രാത്രിയും ബന്ധനത്തിലായിരിക്കുന്ന, വെളിച്ചവും ഇരുളും കൂടി കലര്‍ന്നു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്തു കൊണ്ടാണ്.

കുഞ്ഞാമചേടത്തി ഒരു ദിവസം ഭയപരവശയായി വിളിച്ച് പറഞ്ഞു. ഇനിയും ഈ സമയത്ത് നിങ്ങള്‍ ഇങ്ങനെ വരരുത്. നിങ്ങള്‍ എന്റെ ഭര്‍ത്താവാണെങ്കിലും മരിച്ചു കഴിഞ്ഞുള്ള ഈ വരവ് എനിക്ക് പേടി തന്നെയാണ്.

അന്ന് ചേടത്തി പറഞ്ഞതിന് ശേഷം പശുക്കള്‍ ആ സമയത്ത് അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല.
അല്ലെങ്കിലും നമ്മള്‍ക്കറിയാം പശുക്കള്‍ വലിയ ബുദ്ധി ജീവികളാണെന്ന്. അത് കുഞ്ഞാമ ചേടത്തി പറഞ്ഞത് അനുസരിച്ചു. അന്ന് മുതല്‍ അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല, അല്ലാതെ മരിച്ചു കഴിഞ്ഞുള്ള ചേട്ടന്‍ പതിവ് വരവ് നിര്‍ത്തിയതല്ല.


കുഞ്ഞാമ ചേട്ടത്തിക്ക് അത്ര ബുദ്ധിയില്ലാതിരുന്നതിനാല്‍, "അങ്ങേര് എന്നാലും പിന്നെ വന്നില്ലല്ലോ" എന്ന് പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി വളരെ നാളുകള്‍ക്ക് ശേഷം മരണമടഞ്ഞു. മനുഷ്യര്‍ ഇങ്ങനെ ദുഃഖിച്ച് മരിക്കുന്നത് ബുദ്ധി കുറവായതിനാലാണ് എന്ന് എനിക്ക് തോന്നി.


അന്ന് രാത്രി ഏകദേശം രണ്ട് മണിയായി കാണണം മുറ്റത്ത് എന്തോ ശബ്ദം കേട്ടിട്ട് മുറിയില്‍ നിന്ന് മുമ്പിലുള്ള ഹാളിലേക്ക് ഇറങ്ങി വന്നു. ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീടിന്റെ മുറ്റത്ത്, ആകാശത്തേക്ക് നോക്കി തോമസ്സേട്ടന്‍ നില്‍ക്കുന്നു. ദുഃഖം കൂടി മരിച്ചയാളായിരുന്നിട്ടും മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വലിയ വിഷാദം നിറഞ്ഞിരുന്നു. രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പിടിച്ചിരുന്നു. ആ രണ്ടു കൈകളിലേക്കും കോഴിക്കൂട്ടില്‍ കോഴി കയറുവാന്‍ വച്ചിരിക്കുന്ന ഗോവണികള്‍ വന്നു നില്‍ക്കുന്നു. തോമസ്സേട്ടന്റെ ഉയര്‍ത്തി പിടിച്ചിരിക്കുന്ന കൈകളിലേക്ക് വീടിന്റെ പുറകില്‍ നിന്ന് ഗോവണികള്‍, നിലത്തു നിന്നും ഉയര്‍ന്ന് നീണ്ട് വളഞ്ഞ് വളര്‍ന്ന് വന്ന് നില്‍ക്കുന്നു. ആ ഗോവണി വഴി കോഴികള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. വെളിച്ചവും ഇരുളും വിതറി നില്‍ക്കുന്ന നിലാവ്.


ആ വേളയില്‍, തോമസ്സേട്ടന്റെ ദുഃഖഭരിതമായ മുഖത്ത് നോക്കി ഞാന്‍ ചിന്തിച്ചു. വലിയ ഭാവനയുള്ളവര്‍ മാത്രം രക്ഷപ്പെടുന്നു. കാരണം കാളിദാസന്‍ പുഷപാഞ്ജലി ചെയ്തു സ്തനശങ്കരനെ വന്ദിച്ചതിനു ശേഷം രാജാവിനോടൊപ്പം ക്ഷേത്രത്തില്‍ പോയി നട തുറന്ന് കാണിച്ചിട്ട് എന്റെ മുറിയില്‍ കുറച്ച് മുമ്പ് വന്നിരുന്നു. അറിയാമോ? വെറ്റിലഞെട്ടെല്ലാം അവിടെ ശിവലിംഗത്തില്‍ ഉണ്ടായിരുന്നു.

20 comments:

സുനില്‍ കെ. ചെറിയാന്‍ said...

ഷിബു, ഇഷ്‌ടമായി. ഇഷ്‌ടമുണ്ടാക്കുന്ന ഇമോട്ടീവ് ഘടകം നിങ്ങള്‍ കഥയില്‍ കൊരുത്തു വച്ചിരിക്കുന്നു. ആ വൈകാരിക ഘടകം എടുത്തു മാറ്റിയാല്‍ കഥ പ്രശ്‌നമാണ്. അമ്മയെന്ന് ആദ്യഭാഗത്ത് പറഞ്ഞിട്ട് കുഞ്ഞാമച്ചേടത്തിയായും മറ്റും വരുന്ന മറിമായം ഒടുവില്‍ കാളിദാസന്‍റെ അവതാരത്തോടെ രൂക്ഷമായി. പിന്നെ നിങ്ങള്‍ക്ക് പറയാം ഒരുപാട് കാര്യങ്ങള്‍ ഇതില്‍ പറയാതെ പറഞ്ഞിട്ടുണ്ടെന്ന് - തോമസ്ചേട്ടന്‍ ഒരു 'കോഴി'യാണെന്ന സന്ദേഹമടക്കം -. ഫിക്‌ഷന്‍കാരുടെ ബലമതാണല്ലോ.

ഒ.കെ. സുദേഷ് said...

ഗുഡ്. വളരെ നിയന്ത്രിതമായി എഴുതിയിരിയ്ക്കുന്നു. വായനക്കാര്‍ക്ക് ഇഷ്ടം പോലെ വിട്ടു കൊടുത്തുകൊണ്ട്. ഷിബു ഇങ്ങിനെ എഴുതണമെന്ന് ആഗ്രഹിയ്ക്കും.

ലാസര്‍ said...

നന്നായി എഴുതി - ഭാവന കൊണ്ട് ഭാവനയെ തൊടുന്ന വിധം. അതീതങ്ങളേ കലയിൽ സത്യത്തെ ആഴത്തിൽ തേടു എന്നുതന്നെ തോന്നിക്കും ഈ എഴുത്ത്.

എന്നാൽ ശീർഷകം സുഖിച്ചില്ല. കഥയുടെ അല്ല, കഥയെഴുത്തിന്റെ അന്ത:സത്തയെ പ്രകാശിപ്പിക്കാൻ തത്രപ്പെടുന്നതുപോലെ...

ജീ . ആര്‍ . കവിയൂര്‍ said...

ഒരു നടന്‍ കഥ വീടിനെ ചുറ്റി പറ്റിയുള്ള എഴുത്ത് കൊള്ളാം

‍ആയിരങ്ങളില്‍ ഒരുവന്‍ said...

മരിച്ച് കഴിഞ്ഞാൽ ഭർത്താവാണെങ്കിലും ഭാര്യമാർ വരെ പേടിക്കുന്നു..അവതരണത്തിലെ വ്യത്യസ്തത മനോഹരമായി..ആശംസകൾ..!!

ajith said...

കഥ വിചിത്രമായിരിക്കുന്നു.

ഷിബു ഫിലിപ്പ് said...

സുനില്‍ കെ. ചെറിയാന്‍, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.
ഒ.കെ. സുദേഷ്ജി, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.
ലാസര്‍, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക. ശീർഷകത്തെക്കുറിച്ച് പ്രകടിപ്പിച്ച സന്ദേഹം എനിക്കും.
ജീ . ആര്‍ . കവിയൂര്‍, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.
ആയിരങ്ങളില്‍ ഒരുവന്‍ , വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.
ajith, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

ente lokam said...

അവതരണ രീതി ഇഷ്ടപ്പെട്ടു...
എങ്കിലും കഥാ പാത്രങ്ങളുടെ
ലിങ്ക് എവിടെയോ നഷ്ടപ്പെട്ടു എന്ന് തോന്നി..
ഭാവന രാഷ്ട്രീയം എന്ന തലക്കെട്ടും...വാലറ്റവും
കൂട്ടി വായിച്ചാല്‍ വെറും ഭാവന എന്ന് വായനക്കാരെ
തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ശ്രമം പോലെ തോന്നി...
അങ്ങനെ അല്ലല്ലോ..വായന തെറ്റി എങ്കില്‍
കഥാകാരന് വിശദീകരിക്കുകയും ആവാം..
വായന പോര എങ്കില്‍ വിവരക്കേടിനെ വെറുതെ
വിടുകയും ആവാം..ആശംസകള്‍...

Anandavalli Chandran said...

Ishtamaayi. aashamsakal.

ടി. കെ. ഉണ്ണി said...

കഥ നന്നായിട്ടുണ്ട്.
ആശംസകൾ

ശ്രേയ said...

ശരിക്കും ഇഷ്ടായി ഈ കഥ . വിചിത്രമായ ഇത്തരം ഗോവനികളില്‍ കൂടി കയറി ഞാനും ആകാശത്തിനപ്പുറം ഇരിക്കുന്ന പലതും ഒളിച്ചു നോക്കാറുണ്ട് . ഇത് വായിച്ചപ്പോള്‍ അത്തരം ഒരു കാഴ്ച എന്നെ വിളിച്ചു കാണിച്ചുത്തന്ന പ്രതീതി .
മുന്നോട്ടു ആശംസകളോടെ .

Jacob said...

Jacob: Shibu... ur writing style is different.. this story contains "mystery" at some areas! The usage of "ladder" is nice! The story title could be a much more meaningful related to the content; also the ending of the story!

കുസുമം ആര്‍ പുന്നപ്ര said...

kollam

സാക്ഷ said...

പ്രിയ ഷിബു,
ഭാവനയുടെ രാഷ്ട്രീയം വൈകിയാണ് വായിച്ചത്. ഞാന്‍ എന്റെ അവധിക്കാലത്തിലായിരുന്നു. ധീരനായ കമ്മ്യൂണിസ്റ്റിന്റെ ചോര ഏറ്റു വാങ്ങിയ ഒഞ്ചിയത്ത്‌. മലയാളിയുടെ മകള്‍, രമ കരയുന്ന കിടക്കയില്‍ ഞാന്‍ പോയി ഇരുന്നു. എല്ലാ പ്രഭാതങ്ങളും ജപ്തി ചെയ്യപെട്ട പവിത്രന്‍ തീക്കുനിയുടെ വീട്ടില്‍ പോയി കപ്പയും മീങ്കറിയും കള്ളും കഴിച്ചു....
ഇനി കഥയിലേക്ക്...
"ഭാവനയുടെ രാഷ്ട്രീയം" ഇതൊരു കഥയ്ക്ക ഉതകുന്ന പേരല്ല എന്ന് തോന്നുന്നു. എന്നത്തെയും പോലെ ശീര്‍ഷകത്തില്‍ താങ്കള്‍ മൂക്ക് കുത്തി വീണു. താങ്കളുടെ കഥ ഒരു വിത്താണ്. വായനകാരന് ഒരു മരമല്ലേ വേണ്ടത് എന്ന് എനിക്ക് സന്ദേഹം. എന്തിനാണ് എഴുതാന്‍ തിടുക്കം കാട്ടിയത് എന്ന് എന്റെ അത്ഭുതം. എങ്കിലും ഞാന്‍ ആഹ്ലാദിച്ചു. ഒരു കുറസോവ ചിത്രത്തിന്റെ ദൃശ്യ ലാവണ്യം തന്നതിന്. ഷിബു ഒരു കുറുക്കനാണ്. കുറസോവയുടെ 'ഡ്രീം' എന്ന ചലച്ചിത്രത്തിലെ കുറുക്കന്‍. നീല ചായത്തില്‍ വീഴുന്ന ഒരു നാള്‍ നീ രാജാവാകുക തന്നെ ചെയ്യും. കയ്യടക്കയുള്ള എഴുത്ത്. എന്നാല്‍ എഴുതാന്‍ ധൃതി കാട്ടിയോ എന്ന സംശയം ബാക്കി. കൂടുതല്‍ ഇഷ്ടമുള്ളവരെയൊക്കെ സംശയത്തോടെ നോക്കാന്‍ ഞാന്‍ ശീലിച്ചുവോ ?
ഇരട്ട ചങ്കുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തല ച്ചോറുപൊട്ടി ചിതറി തെറിച്ച നാട്ടുകാരന് സന്ദേഹങ്ങളാണ് എല്ലാം, കാലവും കല്‍പ്പനയും. ഞാന്‍ എന്റെ സന്ദേഹങ്ങളെ ഒളിച്ചു വെക്കാന്‍ ബാധ്യസ്തനല്ല. അതാണ് എന്റെ ഭാവനയുടെ രാഷ്ട്രീയം.
എഴുതി വിശ്ലേഷിച്ചു കളഞ്ഞു സുഖമായി ഉറങ്ങാമെന്നു കരുതണ്ട, ഇനിയാണ് കുഞ്ഞാമച്ചേടത്തിയുടെയും, തോമസ് ചേട്ടന്റെയും സമരമുഖം താങ്കള്‍ക്ക് നേരെ തിരിയുക.. ഉറക്കം കിട്ടാതെ ഒരു പാതിരയില്‍ താങ്കള്‍ ഈ കഥ പൊളിച്ചെഴുതും എന്ന് ഞാന്‍ വ്യാമോഹിക്കുന്നു.....

georgi said...

ഒരു കഥയുടെ ചുരുക്ക്ഴുതു എന്ന് തോന്നി പരിഭവിച്ചു മരിച്ചു അതില്‍ ഇനിയും ഭാക്കിയുണ്ട് എങ്കിലും കുറവിനെ കുറിച്ച് കുറെക്കാലം നിരീക്ഷണം നടത്തം നമുക്ക് ഇതിന്റെ ഭാക്കിയും പ്രതീക്ഷയുണ്ട് എഴുതും എന്ന്

ഷിബു ഫിലിപ്പ് said...

ente lokam, ടി. കെ. ഉണ്ണി, Jacob , കുസുമം ആര്‍ പുന്നപ്ര, സാക്ഷ, എല്ലാവര്‍ക്കും നന്ദി, സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും. എല്ലാം മറന്ന് കുറച്ചു നാള്‍ അവധിയിലായിരുന്നു. ഇപ്പോള്‍ ഈ പഴയ പോസ്റ്റ് നോക്കിയപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ഒളിവിലായിരുന്നതിന് ക്ഷമയെന്ന വാക്കും നിങ്ങളുടെ അടുക്കലേക്ക്, വീണ്ടും ഒരുമിച്ച് കൂടുവാന്‍.

കഥപ്പച്ച said...
This comment has been removed by the author.
കഥപ്പച്ച said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

ഷിബു ഫിലിപ്പ് said...

georgi, നന്ദി സന്ദര്‍ശനത്തിനും, comment - നും. comment സ്പാമില്‍ കയറിയിരിക്കുകയായിരുന്നു. ഇപ്പോഴാണ് എടുത്ത് പുറത്തിട്ടത്.

ഷിബു ഫിലിപ്പ് said...

നന്ദി കഥപ്പച്ച, വീണ്ടും വരിക. തീര്‍ച്ചയായും ഞാന്‍ ആ ബ്ലോഗ് സന്ദര്‍ശിക്കും.