Saturday, March 26, 2011

ആകാശം മറച്ച് നിറഞ്ഞ ഭീകരപൊടിക്കാറ്റ് ( 25-March-2011 ).

പല സ്ഥലങ്ങളിലുള്ള കാലാവസ്ഥയും അതിനോടനുബന്ധിച്ചുള്ള ജനങ്ങളുടെ സംസാരവും, അവിടെയുള്ള ജനജീവിതവും എനിക്ക് പ്രിയപ്പെട്ടതാണ്.  ഈ അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് സോഫിയാ എന്ന ബള്‍ഗേറിയായിലുള്ള സ്ഥലത്ത് പോയപ്പോഴും ഞാന്‍ അവനോട് പറഞ്ഞത് കഴിവതും ജനജീവിതം നിരീക്ഷിക്കുവാനാണ്. അവിടെ ജിപ്സി വര്‍ഗ്ഗക്കാരെക്കുറിച്ച് വല്ല വിവരവും കിട്ടുകയാണെങ്കില്‍ ശേഖരിക്കുക എന്നും പറഞ്ഞു, എന്റെ കൈയില്‍ വായിച്ച് തീര്‍ക്കാത്ത Bury me standing - The Gypsies and Their Journey എന്ന Isabel Fonseca എഴുതിയ പുസ്തകവും. അവിടെ (ലോകത്തെവിടെയും) കാലാവസ്ഥ എങ്ങിനെ എന്നു അറിയുവാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട് എന്ന് ഞാനും ചിന്തിക്കുന്നു.

ഇവിടെ ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷവും ജനലുകള്‍ ചെറുതായി തുറന്നിട്ട് കിടന്നുറങ്ങി എഴുന്നേറ്റവര്‍ മുറിയില്‍ നിറഞ്ഞിരിക്കുന്ന പൊടി കണ്ട് അമ്പരന്നു. ബീച്ചില്‍ കുളിക്കുവാന്‍ പോയ ഒരു ഈജിപ്ഷ്യന്‍ സുഹൃത്ത് "വരുന്നേ ഓടിക്കോ" എന്ന് ആരോ അറബിയില്‍ വിളിച്ച് പറയുന്നത് കേട്ട് നോക്കിയപ്പോള്‍ പര്‍വ്വതം ഉരുണ്ടു വരുന്നതു പോലെ പൊടി കാറ്റ്. ഫഹാഹീലില്‍ നിന്നിരുന്ന ഒരു സുഹൃത്തിന് അബ്ബാസിയായില്‍ നി്ന്നുള്ള സുഹൃത്തിന്റെ ഫോണ്‍ വന്നു "എവിടെയാണ്, അവിടെ പൊടി കാറ്റുണ്ടോ?". "ഇല്ലല്ലോ" എന്നു പറഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ ശക്തമായ പൊടിക്കാറ്റ് കണ്ട് ഓടി വണ്ടിയില്‍ കയറി. ഫാഹഹീലില്‍ മരുന്ന് കടയില്‍ നിന്ന് മരുന്നു വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് വളരെയധികം ഇരുട്ടും,
പൊടിക്കാറ്റും. തിരികെ കടയില്‍ വീണ്ടും കയറി നിന്നു. അന്നേകം ആളുകള്‍ പുറത്ത് നിന്നും കടയിലേക്ക് കയറി. കടയിലും പൊടി നിറഞ്ഞ് കയറിയപ്പോള്‍ കടയുടെ ഉടമസ്ഥന്‍ ആളുകളെ പുറത്തിറക്കി ഷട്ടര്‍ ഇട്ടു. ആളുകള്‍ ഒന്നും കാണുവാനാകാതെ പുറത്തും. വൈകിട്ട് കളിക്കുവാന്‍ പോയ കുട്ടികള്‍ അവരവരുടെ വീട്ടില്‍  തിരികെ കയറി പുറത്തേക്ക് നോക്കു എന്നു പറഞ്ഞ് ആവേശവും പരിഭ്രമവും കാണിച്ചു. അപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് സംസാരിക്കുവാന്‍ സാധിച്ചില്ല. ഒരു സുഹൃത്ത് സ്നേഹം നിറഞ്ഞ ഭാര്യ  കടയില്‍ നിന്നും എന്തോ വാങ്ങിക്കണമെന്ന് പറഞ്ഞപ്പോള്‍, ഈ പൊടിക്കാറ്റിലും പുറത്തിറങ്ങി കെട്ടിടത്തിന് എതിര്‍ വശത്തുള്ള കടയില്‍ പോയി സാധനം വാങ്ങി തിരികെ വന്നു. കട കൊട്ടി തുറന്നാണ് അവശ്യ സാധനം വാങ്ങിയത്.

കഴിഞ്ഞ വര്‍ഷം (17 April 2010) ആദ്യമായി  ഇവിടെ  ഇങ്ങനെ ഒരു പ്രതിഭാസം കണ്ട അന്നേകം ആളുകള്‍ ലോകാവസാനത്തോടു ബന്ധപ്പെടുത്തി എന്നോട് സംസാരിച്ചിരുന്നു. ഈ വര്‍ഷം അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല. സുനാമി എന്ന പദം ചിലപ്പോഴെങ്കിലും ഇതിനോട് ബന്ധപ്പെടുത്തി ഇന്ന് കേട്ടിരുന്നു.  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍( 2010 ഏപ്രില്‍ 25) ആനന്ദ് 1930- കളില്‍ അമേരിക്കയിലുണ്ടായ പൊടിക്കാറ്റുകളുടെ പരമ്പരയെപ്പറ്റി എഴുതിയിരുന്നു. എഴുത്തുകാരന്‍ ചിലപ്പോള്‍ ചിലത് മുന്‍കൂട്ടി കാണുന്നു, ലേഖനം എഴുതിയത് 17 April 2010 മുമ്പായിരിക്കും. ശ്രീ. ആനന്ദ്, ഈ വര്‍ഷവും ഇവിടെ വീണ്ടും ഒരു പൊടിക്കാറ്റ്.  മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തുന്ന ചിലരെങ്കിലും പഴയ ആ പതിപ്പ് എടുത്ത് വായിക്കാതിരിക്കില്ല. കഴിഞ്ഞ വര്‍ഷം നടമാടിയ ഭീകരപൊടിക്കാറ്റിനെ പിന്‍തുടര്‍ന്ന് മഴയുമുണ്ടായിരുന്നു. ഈ വര്‍ഷം അത് കണ്ടില്ല.

"മുമ്പില്‍ നിന്നു നോക്കിയാല്‍ വെള്ള പൊടിയാണ് എന്നാല്‍ ആ വെളുത്ത പൊടിപടലത്തിനു പുറകില്‍ മുഴുവന്‍ കറുത്ത പൊടിയാണ്"  നേരിട്ട് ഫാഹഹീലില്‍ നിന്നും ഇത്  കണ്ട ഒരാള്‍ എന്നോട്  നിഗൂഡത നിറഞ്ഞ് പ്രസ്ഥാവിച്ചു.


ഇനി ചില ചിത്രങ്ങള്‍.

പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച. ആകാശം മറച്ച് നീങ്ങുന്ന കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റ് ആകാശതെളിമയെ വിഴുങ്ങി നീങ്ങുന്നു.









കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അകലെയുള്ള തെരുവ് വിളക്കുകളോ കടകളിലെ വെളിച്ചമോ കാണുവാനില്ല. മുമ്പിലുള്ള കെട്ടിടത്തിന്റെ അതിര്‍ ഭിത്തിയുടെ മുകളിലുള്ള വെളിച്ചം മാത്രം തീരെ ചെറുതായി.


ഇന്ന് രാത്രിയില്‍ പുറത്തേക്ക് നോക്കിയെടുത്ത ചിത്രം. മുകളിലത്തെ ഇന്നലെ എടുത്ത ചിത്രവും കാണുക




എന്റെ മകന്‍ റോണ്‍ കെട്ടിടത്തിന്റെ താഴെ പോയി മൊബൈലില്‍ എടുത്ത ചിത്രം, മൊത്തം ഇരുട്ട് വ്യാപരിക്കുന്നതിന്  മുമ്പ്





ഫഹാഹീലില്‍ നിന്നും എടുത്ത  രണ്ടു   ചിത്രങ്ങള്‍ (അയച്ചു തന്ന സതീഷീനും ചിത്രങ്ങള്‍ എടുത്ത
സുഹൃത്തിനും നന്ദി).



സുലൈബിയ ക്യാമ്പില്‍ നിന്നും എടുത്ത ചിത്രം, ചിത്രം തന്നതിന് നന്ദി.



പൊടിക്കാറ്റ്, കുവൈറ്റ്.

15 comments:

ente lokam said...

പൊടിക്കാറ്റും ഒരു
അദ്ഭുതം തന്നെ...

മാണിക്യം said...

മരുഭൂമിയിലെ പൊടിക്കാറ്റ് വരുന്നത് കണ്ടാല്‍ ശരിക്കും ഒന്ന് പകച്ചു പോകും ചിത്രങ്ങളും വിവരണവും നന്നായി.
ഇവിടെ ഹാമില്‍ട്ടണ്‍ അതേ സമയം ഇതേ പോലെ അടിച്ചുയര്‍ന്നത് സ്നോ സ്റ്റോം ആയിരുന്നു. വെളുത്ത കാറ്റ് പക്ഷെ തണുത്തുറഞ്ഞ കാറ്റ് റോഡ് കാണാന്‍ വയ്യാതെ അനേകം റോഡപകടങ്ങളും ഇന്ന്ലെയുണ്ടായി നിര്‍ത്താതെ ഒരു രാത്രിയും പകലും സ്നോ അടിച്ചുകൊണ്ടിരുന്നു തണുപ്പ് മൈനസ് 17 വരെ ആയി....
അതെ "കാലവസ്ഥ എങ്ങിനെ എന്നു അറിയുവാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട് എന്ന് ഞാനും ചിന്തിക്കുന്നു."

ബിന്ദു കെ പി said...

ഇന്നലെ ഇവിടെയും (അബുദാബി) ഉച്ചതിരിഞ്ഞ് സാമാന്യം നല്ല പൊടിക്കാറ്റുണ്ടായിരുന്നു. ഇത്രത്തോളം ശക്തമല്ലായിരുന്നു.

ഐക്കരപ്പടിയന്‍ said...

നാട്ടില്‍ കാണാത്ത രണ്ടു കാര്യങ്ങള്‍ - ഒട്ടകവും പൊടിക്കാറ്റും- മരുഭൂമിയുടെ പ്രത്യേകത തന്നെ. അതിന്റെ തീഷ്ണത അനുഭവിച്ചവര്‍ക്കറിയാം. വാഹനങ്ങള്‍ക്ക് ഒരു മീറ്ററിലധികം കാഴ്ച നല്‍കാത്ത കൂരാകൂരിരുട്ടില്‍ ഒരിക്കല്‍ മദീന-ജിദ്ദ റൂട്ടില്‍ പെട്ടിട്ടുണ്ട്.

TPShukooR said...

ഇടക്കിടെ ഇവിടെ അബുദാബിയില്‍ ഉണ്ടാകാറുണ്ട്

Naushu said...

ചിത്രങ്ങള്‍ പങ്കുവെച്ചതിനു നന്ദി ...

Sameer Thikkodi said...

പുറത്തിറങ്ങാതെ റൂമിൽ തന്നെയായിരുന്നു വെള്ളിയാഴ്ച ... തികച്ചും ഒരു ഭീകര രൂപം തന്നെയായിരുന്നു ...

കുവൈത്തിലെ പത്തു വർഷത്തെ എന്റെ ആദ്യ അനുഭവം

maneesh said...

"പ്രകൃതിയുടെ വികൃതികള്‍,.... വിനകള്‍ ഒന്നും വരുത്തിവെക്കാതെ കണ്ന്മ്റഞ്ഞു പോകുന്നു .......ദൈവത്തിനു ഒരിക്കല്‍ കൂടി നന്ദി"..ഞൊടിയിടയില്‍ സംഭവിക്കുന്ന ഈ കലാവസ്ഥ വ്യതിയനമല്ലേ മറ്റിടങ്ങളില്‍ ഒരിക്കലും മായ്ക്കാന്‍ പറ്റാത്ത മുറിപാടുകള്‍ ആയി മാറുന്നത് ?

വിവരണംനന്നായിട്ടുണ്ട്...

Unknown said...

പൊടിയെല്ലാം കണ്ടപ്പോൾ ഖിന്നത: അത്യാവശ്യം ഇഡ്ഡലിയും വെളിച്ചണ്ണയും കരുതിയില്ലല്ലോ ....

രമേശ്‌ അരൂര്‍ said...

ഒരു കാലാവസ്ഥയില്‍ നിന്ന് മറ്റൊരു കാലാവസ്ഥയിലെക്കുള്ള ചേഞ്ച്‌ ഓവര്‍ ആണ് പൊടി കാറ്റുകള്‍ ..ഇവയെ പ്രതിരോധിക്കാനുള്ള കവചം എന്ന നിലയിലാണ് അറബികള്‍ ശരീരം ഒന്നാകെ മൂടുന്ന നീണ്ട പര്‍ദയും (ആണും പെണ്ണും )ശിരോ വസ്ത്രവും ധരിക്കുന്നത് ..ഇരുന്നു മൂത്രവിസര്‍ജനം അറബികള്‍ ശീലമാക്കിയത്തിനു പിന്നിലും അനവസരത്തിലെ ഈ കാറ്റ് ആവാം എന്നാണു എന്റെ നിരീക്ഷണം ...

സുദൂര്‍ വളവന്നൂര്‍ said...

truly shoked, thanks

Typist | എഴുത്തുകാരി said...

പ്രകൃതിയുടെ വികൃതികൾ.

സാക്ഷ said...

പൊടിക്കാറ്റിന്റെ ആ ദിവസം ഞാന്‍ അബ്ദാലിയിലെ മരുഭൂമിയിലായിരുന്നു.മൊബൈല്‍ ടവറുകളേക്കാള്‍ ഉയരത്തില്‍ നാട്ടിയ,കുവൈത്തിന്റെ കൊടിമരത്തെ പൊടിവിഴുങ്ങുന്നത് പേടിയോടെ ഞാന്‍ നോക്കിനിന്നു.പിന്നെ പ്രാര്‍ത്ഥനയുടെ സമയമായിരുന്നു.പരമകാരുണികനായ ദൈവമേ കാറ്റിന് ശേഷവും ഞാന്‍ ഉണ്ടാവണേ... എന്റെ ഓഫീസിന്റെ ഇറ യിറമ്പില്‍ ഞാന്‍ കൂടുവെച്ചുകൊടുത്ത കുരുവിക്കൂട്ടങ്ങളെ അങ്ങിനെ തന്നെനിലനിര്‍ത്തണേ.മണിക്കൂറുകള്‍ക്കു മുന്‍പേ അവ കാറ്റിനെ തിരിച്ചറിഞ്ഞു സുരക്ഷിതതാവളങ്ങളിലേക്ക് മാറിയിരിക്കുന്നു.ഈ മരുഭൂമിയില്‍ എവിടെയാണ് ആ താവളം! എന്ത്കൊണ്ടാണ് അവ അവിടെത്തന്നെ സ്ഥിരമായി താമസിക്കാത്തത്.കാറ്റിന്റെ സമയത്ത് നമ്മളെപ്പോലെ അവയും പ്രാര്തിച്ചിട്ടുണ്ടാവുമോ എങ്കില്‍ എന്താവും പക്ഷികളുടെ ദൈവരൂപങ്ങള്‍?ആ സമയത്ത് ഞാന്‍ അവയെ ഓര്‍ത്തതുപോലെ അവ അന്നെക്കുറിച്ചും ഓര്‍ത്തിട്ടുണ്ടാവുമോ?
പിന്നെ പൊടിപിടിച്ചുകിടന്നു നാല് മണിക്കൂറുകളോളം.ശ്വാസകോശങ്ങളില്‍ ആസ്ത്മയുടെ പ്രാവുകള്‍ കുറുകി. ഭയം എന്നെ മകളെക്കുറിചോര്‍മ്മിപ്പിച്ചു.മണ്‍കണികകളായി അരൂപികള്‍ ചുറ്റും നൃത്തം വെച്ചു. ഞാന്‍ കാതോര്‍ത്തു. ഏയ് പോരുന്നോ എന്നവ ചോദിക്കുന്നുണ്ടോ? ഉണ്ടല്ലോ, ഒരു നിയമവും വേണ്ടാത്ത ഞങ്ങളുടെ ലോകത്തേക്ക് നീയും പോരുന്നോ എന്നവ ചോദിക്കുന്നുണ്ടല്ലോ! ദൈവമേ ഇത്തവണത്തേക്ക് കൂടി നീയെന്നെ ഏറ്റെടുക്കണേ.....എന്റെ മകള്‍, അമ്മ, ഭാര്യ, വീട്... പൊടിക്കകത്ത് എനിക്കിപ്പോള്‍ എന്നെ മാത്രമേ കാണാനാവുന്നുള്ളൂ. കുറച്ചു കഴിഞ്ഞാല്‍ എനിക്ക് എന്നേയും നഷ്ടമാവുവോ?
ഇല്ല, പൊടി ഒതുങ്ങി. ഞാനൊന്നും അറിഞ്ഞില്ലല്ലോ എന്ന ഭാവത്തില്‍ പ്രകൃതി. ഒന്ന്, രണ്ട്‌, മൂന്ന്‌, എന്റെ കുരുവികള്‍ ഒക്കെയും കൂടുകളില്‍ തിരിച്ചെത്തിയിരിക്കുന്നു!അവ ഞാനും ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കുന്നതായി തോന്നി.
പൊടിക്കാറ്റു കൊണ്ടുപോയ അജ്ഞാതരായ എന്റെ സഹയാത്രികരെ,നിങ്ങളെക്കുരിച്ചോര്‍ത്തു ഞാന്‍ വേദനിക്കുന്നു. ഈ വരികള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കുറിക്കുന്നത്.നിങ്ങളുടെ കുടുംബങ്ങളുടെ കണ്ണുനീരില്‍ എന്റെയും രണ്ടിറ്റു കണ്ണീര്‍ ചേര്‍ത്ത് വെക്കുക.
പ്രിയ ഷിബു...
പൊടിപിടിച്ച ഈ കുറിപ്പിന് നന്ദി.കാറ്റ് പിടിക്കാത്ത താങ്കളുടെ മനസ്സിനും ....

Muralee Mukundan , ബിലാത്തിപട്ടണം said...

പൊടിക്കാറ്റിന്റെ ഭീകരത സ്പഷ്ട്ടമാക്കിതരുന്ന വിവരണങ്ങൾ...!

ഷിബു ഫിലിപ്പ് said...

എല്ലാവര്‍ക്കും നന്ദി, വീണ്ടും വരിക.
ഇപ്പോള്‍ പുറത്ത് നല്ല പൊടിക്കാറ്റ്. വളരെ ചൂടും ആയിട്ടില്ല.