Monday, January 31, 2011

കണ്ണീര്‍ മറയ്ക്കുന്ന മഴ

"I always like walking in the rain, so no one can see me crying."
 Charlie Chaplin

ചാര്‍ലി ചാപ്ലിന്റെ പ്രശസ്തമായ ഈ ഉദ്ധരണി ഓര്‍മ്മയിലെത്തിച്ചത് ഇന്നലെ ഇവിടെ പെയ്ത മഴയാണ്.  ഇന്നലെ മഴ പെയ്ത് കൊണ്ടിരിക്കുന്നത് കേള്‍ക്കുവാന്‍ നല്ല സുഖമുണ്ടായിരുന്നു. ആകെ ക്ഷീണം നിറഞ്ഞ പകലില്‍ കരയുന്നവരുടെ കണ്ണീര് കാണാതെ മറച്ച മഴയെ എങ്ങനെ മറക്കുവാന്‍.


ഈ വര്‍ഷം ജനവരി 15 ന് (15 January 2011) പകല്‍ സമയം കുവൈറ്റില്‍ മഴ പെയ്തു.  ഇതിലെന്ത് പ്രത്യേകത, ഒരു മഴ പെയ്തു അത്ര മാത്രം. പക്ഷെ കേരളത്തില്‍ നിന്നും വിദേശത്ത് വന്ന, മഴയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരു നല്ല മഴ കാണുവന്‍ ആഗ്രഹിക്കും. 2009 നവംബര്‍ മാസത്തിലാണ് തണുപ്പ് വരുന്നതിനോടു കൂടി ഇവിടെ മഴ പെയ്തത്. കഴിഞ്ഞ വര്‍ഷം 2010 നവംബറില്‍ മഴ കാത്തിരുന്നു, എന്നാല്‍ ആ മാസം പകല്‍ കാലം മഴയൊന്നും കണ്ടില്ല. എന്നാല്‍ ഡിസംബറിലായിരിക്കണം, ചില രാത്രികളില്‍ മഴ പെയ്തു. അങ്ങനെ രാത്രിയില്‍ പെയ്തിറങ്ങിയ മഴയുടെ കൂടെയാണ് ഈ വര്‍ഷം തണുപ്പ് വന്നത്.  പകല്‍ സമയം ഒരു മഴ കാണുവാന്‍  ജനവരി    വരെ കാത്തിരിക്കേണ്ടി വന്നു. കാര്‍മേഘം രാവിലെ ആകാശം മൂടിയെന്ന് കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കും. ഇന്നു മഴ വരും തീര്‍ച്ചയായും  എന്ന പ്രതീക്ഷയുമായി ജോലിക്ക് പോകും. പക്ഷെ മഴ മാത്രം വന്നില്ല. ഒരു പക്ഷെ തണുപ്പു കഴിയുന്നതോടു കൂടി ഇവിടെ നല്ലെരു മഴ കാണുമായിരിക്കും. അല്ലെങ്കില്‍ ഇന്നലെ പെയ്ത മഴ തണുപ്പ് കുറയുവാനാണോ, അതോ കൂടുവാനോ, ഇന്ന് തണുപ്പ് കുറവായിരുന്നു. ചൂട് തുടങ്ങുവാനുള്ള സമയം ആയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ വളരെ ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയും പകുതിക്ക് ശേഷം നല്ല തണുപ്പുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥയെല്ലാം മാറിയിരിക്കുന്നു. മലയാളം വായിക്കുന്നവരും, ലോകത്തിന്റെ പല ഭാഗത്ത് വര്‍ഷങ്ങളായി താമസ്സിക്കുന്ന മലയാളികളും ആ ദേശത്ത് പെയ്യുന്ന മഴ എങ്ങനെയാണ് അനുഭവിക്കുന്നത്. കേരളത്തില്‍ തന്നെ രണ്ടാം നിലയുടെ ബാല്‍ക്കണിയിലിരുന്ന് ആടിയുലയുന്ന മരങ്ങളും അവയിലൂടെ പെയ്ത് ഇറങ്ങുന്ന മഴ കാണുന്നവര്‍. കടയുടെ തിണ്ണയില്‍ ഓടി കയറി പുറത്തേക്ക് നോക്കി മഴ കാണുന്നവര്‍. വീടിന്റെ ജനാലയിലൂടെ മഴ കാണുന്നവര്‍. കിടക്കയില്‍ കിടന്ന് മഴയുടെ താളം ആസ്വദിക്കുന്നവര്‍. അങ്ങനെ എത്രയോ കാഴ്ചകള്‍, അനുഭവങ്ങള്‍.

ഓര്‍മ്മയ്ക്കായി രാവിലെ എടുത്ത ചില ചിത്രങ്ങളും.









22 comments:

രമേശ്‌ അരൂര്‍ said...

നല്ലൊരു മഴ വരും ...നമ്മുടെ കണ്ണീര്‍ ആ മഴ മായ്ച്ചു കളയും

അനീസ said...

കേട്ടിരുന്നു ഗള്‍ഫില്‍ കഴിഞ്ഞ മാസം നല്ല മഴ ഉണ്ടായിരുന്നു എന്ന് , സന്തോഷം

ന്യൂ കേരള കാവടിസമാജം said...

ആശംസകള്‍

ഷിബു ഫിലിപ്പ് said...
This comment has been removed by the author.
ഷിബു ഫിലിപ്പ് said...

നന്ദി, രമേശ്‌ അരൂര്‍, നല്ല മഴകള്‍ ചിലരുടെ കണ്ണീരിനെ എപ്പോഴും കഴുകി കളയുന്നു.

നന്ദി അനീസ, ഈ ഭാഗത്ത് അത്രയധികം മഴയില്ലായിരുന്നു. എന്നാല്‍ അടുത്തുള്ള ചില രാജ്യങ്ങളില്‍ നല്ല മഴയായിരുന്നു.

നന്ദി, ന്യൂ കേരള കാവടിസമാജം

എല്ലാവര്‍ക്കും സന്ദര്‍ശനത്തിനും എഴുതിയ അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരിക

ഇന്നലെ നല്ല തണുപ്പായിരുന്നു. മിനിഞ്ഞാന്ന് വീണ്ടും ചെറിയ മഴ പെയ്തിരുന്നു. ഇന്നും നല്ല തണുപ്പായിരിക്കണം. തണുപ്പ് കൂടുവനുള്ള മഴകള്‍.

സാക്ഷ said...

തണുപ്പിനെ ഉപരോധിക്കാന്‍ അയാള്‍ അണിഞ്ഞ ആറാം കുപ്പായത്തില്‍ നിറയെ മഴത്തുളികളായിരുന്നു. ചെന്നിയിലും,മുടിയിഴകളിലും മഴ കുരുങ്ങിക്കിടന്നു! അയാള്‍ വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നു.
എന്നിട്ടും ഈജിപ്തിന്റെ പൊള്ളലുകളില്‍ അയാള്‍ വല്ലാതെ വീണുരുകിപ്പഴുത്തു കിടന്നു.മൂന്ന് ദിവസത്തെ കുരുങ്ങിക്കിടപ്പിനുശേഷം ഇറാഖില്‍നിന്നും കുവൈത്തിലേക്ക് ട്രെയിലര്‍ ഓടിച്ചു വരികയായിരുന്നു അയാള്‍. തീര്‍ച്ചയായും അയാളുടെ കണ്ണിലും മഴത്തുള്ളികള്‍ വീണിട്ടുണ്ടാവണം.ഞാന്‍ അതിനെ കരച്ചിലെന്നു വിളികട്ടെ.
ഇന്നലെ അബ്ദാലിയില്‍ നല്ല മഴയായിരുന്നു. മരുഭൂയിയുടെ ദാഹത്തില്‍ അശ്ലീലം പോലെ മഴവെള്ളം തളം കെട്ടി കിടന്നു.ഓര്‍മ്മകളുടെ ആഗ്നേയഗ്രന്ഥികളില്‍ ഒരു മഴച്ചില്ല് വന്നുവീണു! കൂട്ടുകാരാ നിന്റെ മഴയെഴുത്ത് എന്നെ നഷ്ടങ്ങളെക്കുറിച്ചോര്‍ത്തു വല്ലാതെ പൊള്ളിക്കാന്‍ വിത്ത്‌ വിതച്ചു...
എഴുത്ത് അങ്ങിനെയാണല്ലോ ചിലപ്പോള്‍ നനക്കാനും,പൊള്ളിക്കാനും......

പ്രയാണ്‍ said...

ഇനിയൊരുമഴവരും വേനലും കൊണ്ട്.........ആശംസകള്‍

ഷിബു ഫിലിപ്പ് said...

തെരുവ് വൃത്തിയാക്കുന്നവന്‍, മഴയത്ത് നിന്ന് ഓടി പോകാതെ നിലവിളിച്ച് ആരും കാണരുതെ എന്ന് പൊട്ടി കരയുന്നത് കേട്ടായിരിക്കണം ചെറിയ മഴ നല്ല മഴയാകുന്നത്. ഇങ്ങനെ കുറച്ചധികം പലവിധ ആളുകള്‍ ദുഖം കൊണ്ട് നിലവിളിച്ചാല്‍ അവിടെ മഴവെള്ളം പൊങ്ങിയൊഴുകി നാശ നഷ്ടമുണ്ടാകുമായിരിക്കും.

സാക്ഷ, ആറാം കുപ്പായക്കാരനെ കണ്ട കഥാകാര, മരുഭൂമിയുടെ ദാഹത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന കഥകള്‍ പിടിച്ചെടുത്ത് ഞങ്ങളോടും പറയണമേ. നന്ദി. വീണ്ടും വരിക.

പ്രയാണ്‍ , അതെ ഇനിയും മഴ പെയ്യട്ട്, നന്ദി, വീണ്ടും വരിക.

ente lokam said...

നിനച്ചിരിക്കാത്ത മഴ നനച്ച സ്വപ്‌നങ്ങള്‍..
നിനച്ചിരിക്കാത്ത മഴ കിനിയിച്ച സ്വപനങ്ങള്‍.
മഴ എന്നും ഒരു സ്വപ്നം തന്നെ...ആശംസകള്‍.

Anonymous said...

ഗള്‍ഫില്‍ " മഴ " നൊസ്റ്റാള്‍ജിയ ആണല്ലേ..?

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു ഉദ്ധരണിയോടുകൂടി പ്രവാസികൾക്ക് വിരളമായ മഴയെ അടയാളപ്പേടുത്തിയത് നന്നായി കേട്ടൊ ഷിബു

mini//മിനി said...

ഇനിയും മഴ പെയ്യട്ടെ,

drkaladharantp said...

കേരളത്തിലെ മഴ പല ഭാവങ്ങളില്‍ .ഞാന്‍ കടല്പ്പുരത്ത് കാറ്റ് കോരി എറിഞ്ഞ മഴയില്‍ നൊന്തു സുഘിച്ചിട്ടുണ്ട്.ഇടുക്കിയിലെ തേയില തോട്ടങ്ങളില്‍ ഓടിയെത്തിയ മഴ.എന്റെ നാട്ടില്‍ കുഞ്ഞു നാളില്‍ അക്കരെ മല പുകഞ്ഞു റബര്‍ ചില്ലകള വീശി പെയ്ത മഴകള്‍.ചെമ്പിലയും നെല്പാടവും മഴയെ സ്വീകരിക്കുന്നതും പുഴ മഴയില്‍ രോമാഞ്ചം അണിയുന്നതും ഒക്കെ മലയാളിയുടെ സ്വന്തം അനുഭവം.സ്കൂള്‍ വിട്ടു വരുന്ന നാലുമണി മഴയും കപ്പ ഉണക്കാനിടുമ്പോള്‍ പെയ്യുന്ന ശല്യക്കാരി മഴയും കോളേജില്‍ കുടയില്ലാത്തവരെ മരത്ത്തനലില്‍ അടുപ്പിക്കും അനുരാഗമഴയും നഗരത്തില്‍ ബസ്‌ കാത്തി നില്‍ക്കുമ്പോള്‍ ടിക്കറ്റെടുക്കാതെ വരുന്ന മഴയും..അങ്ങനെ മഴയുടെ മഴകള്‍ എത്രയുണ്ട്.അപ്പോള്‍ മാനം മഴ ചുമന്നു പെയ്യാതെ മടങ്ങുന്ന ദിണ്ടം വല്ലാത്ത മുള്ളുകള്‍ നീട്ടാതിര്‍പ്പതെങ്ങനെ..
മഴയെ ഓര്‍മിപ്പിച്ചപ്പോള്‍ ഞാന്‍ കേരളത്തില്‍ കൊണ്ട,ഏറ്റുവാങ്ങിയ മഴകള്‍ എല്ലാം വന്നു മനസ്സില്‍ പെയ്യുന്നു

മേഘമല്‍ഹാര്‍(സുധീര്‍) said...

മഴയുടെ പെരുമഴക്കാലം കാണാന്‍ കേരളത്തിലേക്ക് പോര്.

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

ഇവിടെ ഇപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുന്നു.
(നാളെ മഴയുടെ ബാക്കി മഞ്ഞു പെയ്ത്തായിരിക്കും)
എത്ര തണുപ്പാണെങ്കിലും എനിക്ക് മഴ ഭയങ്കര ഇഷ്ടമാണ്.
മഴ എഴുത്തുകളും

എന്‍.പി മുനീര്‍ said...

മഴ ചെറുതായി പെയ്താല്‍ മതി... കൂ‍ടുതല്‍ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകുമേ..
ഇതു നാടല്ല..കുവൈറ്റല്ലേ..ജിദ്ധയില്‍ പെയ്ത മഴയുണ്ടാക്കിയ നഷ്ടങ്ങള്‍
അടുത്തു കണ്ടതല്ലേ.

yousufpa said...

സമ്മിശ്ര ഭാവങ്ങളുറ്റെ മഴ വല്ലാത്തൊരനുഭവമാണ്‌.മഴ എന്റെ ഒരു ദൗർബല്യമാണ്‌.

TPShukooR said...

മഴ ഒരു അനുഗ്രഹമാണ് എന്നറിയണമെങ്കില്‍ ഗള്‍ഫില്‍ വരണം.

ഷിബു ഫിലിപ്പ് said...

എല്ലാവര്‍ക്കും മഴയെ ഓര്‍ത്തതിനും എഴുതിയതിനും വളരെ നന്ദി. വീണ്ടും വരിക.
ente lokam : പറഞ്ഞതു ശരിയാണ്, മഴ എന്നും ഒരു സ്വപ്നം തന്നെ.
മഞ്ഞുതുള്ളി (priyadharsini) : നൊസ്റ്റാള്‍ജിയ തന്നെ
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM : ബിലാത്തിയില്‍ മഴ എങ്ങനെ?
mini//മിനി : ടീച്ചര്‍, അതെ ഇനിയും മഴ പെയ്യട്ടെ,
കലാധരന്‍.ടി.പി. : മഴയുടെ വിഭിന്ന ഭാവങ്ങള്‍ പകര്‍ത്തിയതിന് നന്ദി.
മേഘമല്‍ഹാര്‍(സുധീര്‍) : നാട്ടിലാണ് മഴ ശരിക്കും അനുഭവിക്കാനാകുന്നത്.
റോസാപ്പൂക്കള്‍: മഴയും ചിലപ്പോള്‍ മഞ്ഞും പെയ്യുന്ന ജമ്മു-കാശ്മീര്‍. അവിടെ ഇപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുന്നു എന്നെഴുതിയതിന് നന്ദി.
Muneer N.P : ചെറുതായെങ്കിലും മഴ പെയ്യണം
യൂസുഫ്പ: ശരിയാണ്, മിക്കവര്‍ക്കും, മഴ ഒരു ദൗര്‍ബല്യമാണ്‌.
Shukoor : മഴ ഒരു അനുഗ്രഹമാണ് എന്നറിയുന്നവര്‍ ഇവിടെ ധാരാളം.

എല്ലാവര്‍ക്കും മഴയെ ഓര്‍ത്തതിനും എഴുതിയതിനും വളരെ നന്ദി. വീണ്ടും വരിക.
Chasing the Monsoon എന്ന പുസ്തകം Alexander Frater എഴുതിയിട്ടുണ്ട്. പണ്ട് National Geographic മാഗസിനില്‍ Steve Mccurry എടുത്ത ഫോട്ടോകളും ഓര്‍മ്മയില്‍. 1980 - കളിലെ National Geographic മാസികകള്‍ ആരുടെ കൈവശമെങ്കിലും ഉണ്ടെങ്കില്‍ മറിച്ച് നോക്കുക.

SUJITH KAYYUR said...

mazha...mazha...vakkilum nokkilum nombaram

ഷിബു ഫിലിപ്പ് said...

സുജിത് കയ്യൂര്‍, നന്ദി സന്ദര്‍ശനത്തിനും comment -നും.

ഓര്‍മ്മയ്ക്കായി ചിലത് വീണ്ടും കുറിക്കുന്നു.

17-02-2011 തുടങ്ങിയ ചെറിയ ചൂട് 24-02-2011 വരെ നീണ്ടു. 25-02-2011 ചെറിയ മഴയുണ്ടായിരുന്ന ദിവസം,
ഇന്ന് 26-02-2011 - വീണ്ടും തണുപ്പുണ്ടായിരുന്ന ദിവസം. ലോകത്തില്‍ എല്ലായിടത്തും കാലാവസ്ഥ മാറി വരുന്നു. എന്ന് മഴ വരും എന്ന് വരെ തണുപ്പ് നീണ്ടു നില്‍ക്കും എന്നൊന്നും പറയുവാന്‍ സാധിക്കാത്ത ദിനങ്ങള്‍. ഏതു മഴയോടു കൂടിയാണ് വേനല്‍ കടന്ന് വരിക.