Thursday, February 25, 2010

ജീവിതത്തിലെ അഞ്ചര യാത്രകള്‍

സമയം വൈകിട്ട് അഞ്ചരയായി. ആകാശത്തിന്റെ അതിരുകളില്‍ പല നിറങ്ങള്‍ പടര്‍ന്നു തുടങ്ങി. അയാള്‍ എത്തി കഴിഞ്ഞിരിക്കുന്നു. ആരോടും സംസാരിക്കത്തവന്‍. അയാള്‍ കാത്തിരിക്കുകയാണ്, കുറെ സമയം നിന്ന ശേഷം അയാള്‍ തിരികെ യാത്രയായി, ഭവനത്തിലേക്ക്. ദേശത്തിലെ ഏറ്റവും ബുദ്ധിപരത പഠനത്തിലും കലയിലും മറ്റും കാണിച്ച ബന്ധുക്കള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കുവാന്‍ സാധിക്കുന്നില്ല. എന്തും ബുദ്ധി കൊണ്ട് പരിഹരിക്കാമെന്ന് വിശ്വസിച്ച അവരുടെ മൗനം ഇപ്പേള്‍ അദ്ദേഹത്തിന്, ദുഖത്തിന്റെ ആഴകടലില്‍ ഒരു പക്ഷെ സന്തോഷത്തിന്റെ തെളിച്ചം പകരുന്നുണ്ടായിരിക്കാം. ബുദ്ധി കൊണ്ട് എല്ലാം പരിഹരിക്കുവാന്‍ സാധിക്കുകയില്ല എന്നൊരു സന്തോഷം. അയാളുടെ മനസ്സില്‍ ഇങ്ങനെ സന്തോഷവും സങ്കടവും ഉണ്ടോ?.

ഓരോ അഞ്ചര യാത്രയും പ്രണയത്തിന്റെ സന്തോഷം അയാളില്‍ നിറച്ചിരുന്നു.

പകര്‍ന്നത് ഒരു സമയത്ത് അവളുടെ ശരീരത്തിന്റെ മണമായിരുന്നു, അത് നല്ലൊരു പുഷ്പത്തിന്റേതായിരുന്നു. അത്ര മാത്രം അവളുടെ അടുത്ത് നിന്നിട്ടില്ലായിരുന്നെങ്കിലും ആ മണം പരിചിതമായിരുന്നു. അയാളുടെ സങ്കല്പങ്ങളില്‍ അങ്ങനെയായിരുന്നു.  യുവത്വത്തിന്റെ രസതന്ത്രത്തില്‍ എല്ലാം ഏതോ സ്വപ്നത്തിന്റെ, പുഷ്പത്തിന്റെ അതിതീവ്രവമായ മണമായിരുന്നു. മത്തു പിടിച്ച സ്വപ്നത്തിന്റെ വിശാല ലോകത്ത് അയാള്‍  പറന്നു നടന്നു. എല്ലാം സ്വപ്നമായിരുന്നു. അയാളുടെ കണക്കിന്റെ മിടുക്കിനും സ്വപ്നത്തിന്റെ ഛായയിരുന്നു. ജോണ്‍ വോണ്‍ ന്യൂമാനെപ്പറ്റിയും, റീമാന്‍ പരികല്പനയെയും പറ്റി അയാള്‍ പറഞ്ഞു. എന്താണ് ഈ പരികല്പന എന്ന് ചോദിച്ചതിന് അയാള്‍ ഇംഗ്ലീഷില്‍ ഇങ്ങനെ എഴുതി കൊടുത്തു. Riemann hypothesis അത്രമാത്രം. അങ്ങനെയെന്തെല്ലാം പരികല്പനകള്‍...

ദിവസവും ബസ്സ് സ്റ്റോപ്പില്‍ നിന്നും അവളെ കൂട്ടി കൊണ്ട് വരുന്നത് അയാളായിരുന്നു. അവള്‍ വരുന്നത് വൈകുന്നേരം അഞ്ചരയ്ക്ക്. അയാള്‍ നേരത്തേ അവിടെ വന്നു നില്ക്കും. പഠനവും ചിന്തയും കഴിഞ്ഞ് തളര്‍ന്ന് ക്ഷീണിച്ച മനസ്സിന് ഒരു ആശ്വാസമായാണ് അയാള്‍ ആ സാന്ധ്യായാത്രകളെ കണ്ടത്. ക്ഷീണിച്ച മനസ്സിനു വേണ്ടിയ കുളിര്‍മ തേടിയുള്ള ഒരു അഞ്ചര യാത്ര.

അന്ന്, അയാള്‍ അവിടെ കൃത്യസമയത്ത് വന്നിരുന്നെങ്കിലും അവള്‍ വന്നില്ല.

അവള്‍ ഒരിക്കലും വന്നില്ല. ആശുപത്രിയുടെ മരവിച്ച മുറിക്കുള്ളില്‍ ഏതോ ഒരു പെട്ടിക്കുള്ളില്‍ അവള്‍ കിടന്നപ്പോള്‍ അയാളുടെ മനസ്സും ഒരു മരവിപ്പ് അനുഭവിക്കുകയായിരുന്നു. അയാള്‍ വിചാരിച്ചു കാണും ആശ്വസമാണല്ലേ ഇത്. അതെ, ആശ്വാസമായിരുന്നു അയാള്‍ക്ക്, അയാളുടെ മനസ്സ് ത്രീവ ദുഖം താങ്ങുവാനാകാതെ ആശ്വസത്തിന്റെ, കൊടും മൗനം നിറഞ്ഞ ഇരുട്ടില്‍ അഭയം തേടി. പക്ഷെ കൂട്ടുകാര്‍ക്ക് അത് ദുഖമായി.

"മോനേ, വല്ലപ്പോഴും ദൈവത്തെ വിളിക്കണെ, നിനക്കുള്ളത് തകരുമ്പോള്‍ നിന്റെ മനസ്സിന് പിടിക്കുവാനുള്ള ചരടാകും ചിലപ്പോള്‍ അത്. കാണാത്ത ദൈവത്തെ, വിളിച്ച്, വിളിച്ച് ഒരു ദൈവ സാന്നിദ്ധ്യം നിന്റെ കൂടെയുണ്ടെങ്കില്‍ നിന്റെ മനസ്സ് ഒരിക്കലും കൊടും മൗനം നിറഞ്ഞ ഇരുട്ടില്‍ അഭയം പ്രാപിക്കില്ല. പ്രപഞ്ചത്തെ പറ്റി അറിയാവുന്ന നിനക്ക് പ്രപഞ്ച സ്രഷ്ടാവിനെ സങ്കല്‍പ്പിക്കുവാന്‍ എളുപ്പമായിരിക്കും".  മുത്തശ്ശി ഇങ്ങനെ പറഞ്ഞപ്പോള്‍ മനസ്സിന്റെ ശേഷി കുറഞ്ഞതാണ് ഇങ്ങനെ പറയാന്‍ മുത്തശ്ശിയെ പ്രേരിപ്പിച്ചത് എന്ന്  മനസ്സിന് ആരോഗ്യം ഉള്ളപ്പോള്‍ അയാളുടെ മറുമൊഴി.

ഇന്നയാളുടെ മനസ്സ് കേഴുകയാണോ, പ്രകാശത്തിന്റെ ഒരു കണികക്കായ്....

ഓ, എന്റെ മനസ്സേ..., എന്റെ ഭ്രാന്തിന്റെ തിര തള്ളലില്‍ നിന്നും കണിശമായ, ചിട്ടായായുള്ള കപ്പല്‍ ഉണ്ടാക്കുന്നതു പോലുള്ള എന്നാല്‍ അത്ഭുതമായ പരിണാമങ്ങള്‍ ഉണ്ടാകുന്ന ഒരു നോവല്‍ ഏഴുത്തിലേക്കോ, അല്ലെങ്കില്‍ കണക്കിന്റെ മാന്ത്രിക തലത്തിലേക്കുള്ള ഒരു കേള്‍വിയിലേക്കോ എനിക്ക് ഉയരുവാന്‍ സാധിക്കുന്നില്ലല്ലോ.  അയാളുടെ മനസ്സിന്റെ അന്തര്‍ഭാഗത്തേ കരച്ചില്‍ ഇങ്ങനെയായിരിക്കുമോ....... ഭാരതീയനായ എസ്. രാമനുജന്‍ കേട്ട കണക്കിന്റെ രഹസ്യങ്ങളും, ജോണ്‍ ഫോര്‍ബസ് നാഷ് അദൃശ്യമായ ശബ്ദം കേട്ട് വളര്‍ന്ന്, ഒരിക്കല്‍ മനസ്സിന്റെ വഴിതെറ്റി പ്രിന്‍സ്റ്റണ്‍ യുണിവേഴ്സിറ്റിയുടെ അതി ബൃഹത്തായ ആശ്വാസത്തില്‍ ആശ്രയം പ്രാപിക്കുകയും പിന്നിട് മനസ്സ് നേര്‍ വഴിക്കാകുകയും ചെയ്തതുപോലെ അയാള്‍ എന്നെങ്കിലും തിരിച്ചു വരും എന്ന് ഞങ്ങള്‍ വിശ്വസിച്ചു.

ഓരോ പ്രണയത്തിന്റെ സങ്കല്പത്തിനും, ആകാശത്തിന്റെ അതിരുകളില്‍ നിറം പടര്‍ത്തുന്ന ഓരോ കാറ്റിനും ഇയാളുടെ സങ്കടം അറിയാം, പ്രണയം ഒഴിച്ചിട്ട അയാളുടെ മനസ്സില്‍ ദുഃഖത്തിന്റെ കൊടും കയ്പ്പുചാര്‍ നീക്കം ചെയ്യുവാന്‍ അയാളുടെ ഹൃദയം ഇഷ്ടപ്പെടുന്ന ഒരു മണവുമായി ഒരു സുന്ദരിയാണോ, അതോ ഒരുപക്ഷെ കണക്കിന്റെയോ, കലയുടെയോ ഒരു മാലാഖയാണോ അയാളുടെ കൂടെ അഞ്ചര യാത്രയില്‍ തിരികെ ഒരിക്കലെങ്കിലും വരുന്നത്. അങ്ങനെ അയാളുടെ മനസ്സിന്റെ ഒരു വീണ്ടെടുപ്പ്...

ആരെങ്കിലും തീര്‍ച്ചയായും വരുമായിരിക്കില്ലേ.......


Shibu Philip

3 comments:

ജീ . ആര്‍ . കവിയൂര്‍ said...

നല്ല ഗുണപാഠവും ,എഴുത്തിന്‍റെ ശൈലി എന്നെ ആകര്‍ഷിച്ചു
എഴുത്ത് തുടരുക ആശംസകള്‍

V.S Jyothikumar said...

1."അതെ, ആശ്വാസമായിരുന്നു അയാള്‍ക്ക്, അയാളുടെ മനസ്സ് ത്രീവ ദുഖം താങ്ങുവാനാകാതെ ആശ്വസത്തിന്റെ, കൊടും മൗനം നിറഞ്ഞ ഇരുട്ടില്‍ അഭയം തേടി. " ദുഃഖത്തില്‍ നിന്നുള്ള മോചനത്തിനല്ലേ ഷിബൂ നമ്മള്‍ ആശ്വാസം എന്ന് പറയുന്നത്..? "അയാളുടെ മനസ്സ് ത്രീവ്ര ദുഖം താങ്ങുവാനാകാതെ , കൊടും മൗനം നിറഞ്ഞ ഇരുട്ടില്‍ ആശ്വാസം കണ്ടെത്തി " എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ..
2. ആകാശത്തിന്‍റെ അതിരുകള്‍ = തെറ്റായ പ്രയോഗം. ചക്രവാളം എന്നാണോ ഉദ്ദേശിച്ചത്..?സാങ്കല്‍പ്പികമായ അതിരാണ് ചക്രവാളം.
3."അവള്‍ ഒരിക്കലും വന്നില്ല. ആശുപത്രിയുടെ മരവിച്ച മുറിക്കുള്ളില്‍ ഏതോ ഒരു.."ഇവിടെ ഒരു പൊരുത്തക്കേടുണ്ട്...അവള്‍ പിന്നീട് ഒരിയ്ക്കലും വന്നില്ല എന്ന് തിരുത്തിയാല്‍ നന്നായിരിയ്ക്കും.

പൊതുവേ നന്നായിട്ടുണ്ട്..എങ്കിലും ഒരു ഇംഗ്ലീഷ്‌ തര്‍ജമയുടെ രൂപം കടന്നുകൂടിയിരിയ്ക്കുന്നു..പതുക്കെ ശരിയായി വരും..വീണ്ടും എഴുതണം...ആശംസകള്‍..

ഷിബു ഫിലിപ്പ് said...

നന്ദി ജീ .ആര്‍ .കവിയൂര്‍, സന്ദര്‍ശനത്തിനും comment എഴുതിയതിനും
V.S Jyothikumar, ശ്രദ്ധാപൂര്‍വ്വം വായിച്ചതിനു നന്ദി. ഇനിയുമുള്ള post - കളും വായിക്കുക, അഭിപ്രായം എഴുതുക.

ആശ്വാസം ദുഃഖത്തില്‍ നിന്നുള്ള മോചനമാണ്. ഏതു ദുഃഖത്തില്‍ നിന്നുള്ള മോചനമെന്നത് ഒരു ചോദ്യമായി ഉയരുന്നു. ഭാഷയുടെ പ്രയോഗത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ എപ്പോഴും അവരവരുടെ നിലവാരത്തെ വെളിപ്പെടുത്തുകയും നിലവാരത്തിന്റെ കര്‍ക്കശത ആഗ്രഹിക്കുന്നവരോട് വീണ്ടും പുരോഗമനം ആവശ്യപ്പെടുകയും ചെയ്യുന്നു. തെറ്റു ശരികള്‍, തീരുമാനങ്ങള്‍, തിരുത്തലുകള്‍. എഴുത്തുകാര്‍, വായനക്കാര്‍ എല്ലാം വലിയ ചര്‍ച്ച ആവശ്യപ്പെടുന്നതും.
വീണ്ടും വരിക.
Shibu Philip