Friday, February 12, 2010

നാലാമിടം - ചില അക്കചിന്തകള്‍

അയാള്‍ എന്റെ കൊല്ലിയില്‍ പിടിച്ചു.

നിലമ്പുര്‍ സ്ഥലത്ത് കുടുംബ വീടുള്ളതും, ഇപ്പോള്‍ കുവൈറ്റില്‍ താമസ്സിക്കുന്നതുമായ നാലാമന്‍ ഇങ്ങനെ പറഞ്ഞു. ഓഫീസില്‍ ഞാനിരിക്കുന്ന സ്ഥലത്ത് ഇദ്ദേഹവും, പിന്നെ മറ്റു രണ്ടു പേരും കൂടി വന്നിരുന്നു. ഒരാള്‍ തിരുവനന്തപൂരത്തുകാരന്‍, മറ്റെയാള്‍ കോഴിക്കോട്ടുകാരനും, പിന്നെ ഞാനും. മൊത്തം നാലു പേര്‍.

അവന്‍ പറഞ്ഞ കൊല്ലി എന്ന വാക്കിന് കൊങ്ങാ അല്ലെങ്കില്‍ കഴുത്ത് എന്നര്‍ത്ഥം. മുള്ളന്‍കൊല്ലി,കൂമന്‍ കൊല്ലി, സമയം കൊല്ലി, എന്നൊക്കെ കേട്ടിട്ടുണ്ട്. കൊല്ലി എന്ന വാക്ക് ഇങ്ങനെയും പ്രയോഗിക്കാമെന്ന്, അല്ലെങ്കില്‍ ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.

നാടിന്റെ നാലു ഭാഗത്തു നിന്നും വന്നവര്‍, നാലു വീക്ഷണമുള്ളവര്‍. സംസാരിക്കുവാന്‍ ചിലപ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ വരുമെങ്കിലും, മിക്കപ്പോഴും നാലാള്‍ മാത്രം.

നാലാള്‍ കൂടുന്നത് ഒരു നാലാമിടമാണോ?. ഓഫീസിന് പുറത്തുള്ള സമയത്ത്.

നാലാമിടം എന്ന വാക്കിന് ഭവനം എന്ന ഒരു അര്‍ത്ഥമുണ്ട്. എന്തു ഭവനം ആയിരിക്കണമെന്ന് അവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. (എന്റെ സുഹ്രുത്തുകള്‍ എഴുതുന്ന മൂന്നാമിടം എന്ന  ഇ-ആഴ്ചപ്പതിപ്പിനെ മറക്കുന്നില്ല.) പല വീടുകളില്‍ നിന്നും വന്ന കലാകാരന്‍മാര്‍ ഒത്തുകൂടുന്ന ഒരു ഭവനമായിരിക്കട്ട് എന്ന് കലാപ്രവര്‍ത്തകര്‍ ആഗ്രഹിക്കും. ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് ആയിരിക്കുന്നു എന്നാല്‍ ഇവിടെ ഒരു ആര്‍ട്ടിസ്റ്റ് ഭവനം, ഒരു ക്ലബ്, അല്ലെങ്കില്‍ ഒരു കോഫി ഹൗസ്.  ഇങ്ങനെയെക്കെ ചിന്തിക്കാം, എന്നാല്‍ Les Deux Magots എന്ന ലോക പ്രശസ്തമായ ഒരു കോഫി ഹൗസ് ഉണ്ട്. Jean-Paul Sartre - ഉം Hemingway യും, Simone de Beauvoir-ഉം, Albert Camus-ഉംPablo Picasso- യും ഒക്കെ വന്നിരുന്ന ഒരു സ്ഥലം. Jean-Paul Sartre മണിക്കൂറുകള്‍ അവിടെയിരുന്ന് എഴുതുമായുരുന്നു.

ഭവനവും കോഫി ഹൗസും അവിടെ നില്‍ക്കട്ട്, നാലു പേര്‍ സംസാരിച്ചാല്‍ നാലു തലങ്ങള്‍ ഉണ്ടാകുമോ?. ഒറ്റയെരാള്‍ സംസാരിച്ചാല്‍ മതിയാകും എന്നും നമ്മള്‍ക്കറിയാം എങ്കിലും....

ഡാന്റെ പറഞ്ഞ അര്‍ത്ഥത്തിന്റെ നാലു തലങ്ങള്‍(The literal meaning, the moral meaning, the allegorical meaning, and the anagogical meaning) ഐ. എ. റിച്ചാര്‍ഡ് പറഞ്ഞ കവിതയുടെ നാല് അര്‍ത്ഥ തലങ്ങള്‍ (The sense, the feeling, the tone, and the intention.) അല്ലെങ്കില്‍ ഒരു കാര്യത്തെ നാലു പേര്‍ എങ്ങനെ കാണുന്നു എന്ന രീതിയില്‍ എഴുതിയ എഴുത്തുകള്‍. നാലു എഴുത്തുകാര്‍ സുവിശേഷം എഴുതിയത് ഓര്‍ക്കുക. മത്തായി, മര്‍ക്കോസ്, ലൂക്കൊസ്, യേഹന്നാന്‍. നാലു പേര്‍ മാത്രം എഴുതി, യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരും ഒരുമിച്ച് എന്തുകൊണ്ട് സുവിശേഷം എഴുതിയില്ല.

നാലാള്‍ പറഞ്ഞാല്‍ നാടും വഴങ്ങണം എന്ന് ഒരു പഴമൊഴി കൂട്ടിനിരിക്കട്ട്.

മൂന്നു പേര്‍ കൂടുന്ന സംഘത്തിനെ ഒരു പക്ഷെ ത്രിമൂര്‍ത്തികള്‍ എന്നു വിളിക്കാം. അഞ്ചും, മൂന്നും, രണ്ടും എന്നുള്ള അക്കങ്ങള്‍ സാഹിത്യത്തില്‍ ഇപ്പേള്‍ ശ്രദ്ധ പിടിച്ചെടുക്കുന്നു. ഫെഡെറികോ ഫെല്ലിനിയുടെ ഒരു സിനിമയുണ്ട് പേര് എട്ടര, ഇപ്പോള്‍ ബോളിവുഡില്‍ നിന്നും ഒരു സിനിമ Three idiots.  ഐ.ഐ.ടിയില്‍നിന്ന് ബി.ടെക്കും ഐ.ഐ.എമ്മില്‍ നിന്ന് എംബിഎയും നേടിയ, എഴുത്തിനു വേണ്ടി ജോലി രാജി വച്ച, പ്രസിദ്ധീകരിച്ചതെല്ലാം ബെസ്റ്റ് സെല്ലറായ ചേതന്‍ ഭഗത്ത് എന്ന എഴുത്തുകാരന്റെ പുസ്തകങ്ങള്‍ നോക്കു, Five Point Someone - What not to do at IIT, 3 Mistakes of my Life, 2 States, ഈ പറഞ്ഞ പുസ്തകങ്ങളിലെല്ലാം ഏതെങ്കിലും ഒരു അക്കമുണ്ട്. കരുണാകരന്റെ കഥകളില്‍ മിക്കതും രണ്ടു കാണും. രണ്ടു ആട്ടിടയന്മാര്‍, രണ്ട് കാമുകന്മാര്‍, രണ്ടു മിത്രങ്ങള്‍, പഴയ ഒരു ലേഖനവും രണ്ടു കൂട്ടിയുള്ളത്. "രവിയും ഉണ്ണിയും ആധുനികതയുടെ രണ്ടു നായകന്മാരെപ്പറ്റി". എല്ലാം രണ്ടു തന്നെ. രണ്ടു ലോകങ്ങളുടെ കൂട്ടിന്റെ, വൈക്ഷമ്യങ്ങളുടെ, സന്തോഷത്തിന്റെ ആധിക്യം- നാടിന്റെ ഓര്‍മ്മകളും മറുനാടന്‍ ജീവിതവും എഴുത്തുകാരില്‍ എന്ത് അവശേഷിപ്പിക്കുന്നു. അത് ഏത് നാല് അര്‍ത്ഥ തലത്തില്‍ കാണണം അല്ലെങ്കില്‍ കാണേണ്ട. അത് നാലു പേര്‍ എങ്ങനെ കാണും.

ഈ അടുത്ത കാലത്ത് കരുണാകരന്‍ ഒരു കവിത എഴുതി. http://www.moonnamidam.com/KarunakaranK56.htm? "വെള്ളിയാഴ്ച, ദൈവമില്ലാത്ത ഉച്ച". നാടിന്റെ വലിയ ഭൂപ്രകൃതി ആ കവിതയില്‍ പല നിറം ചാര്‍ത്തി നില്‍ക്കുന്നു. കരുണാകരന്റെ കൈയില്‍ പല നിറം നിറഞ്ഞ ഒരു കുപ്പിയുണ്ട്. അത് അദ്ദേഹം എടുത്ത് ചിന്തിച്ച്, ധ്യാനിച്ച് വീശി ഒഴിക്കുബോള്‍, ഇതാ പാലയും, യക്ഷിയും, വെളിച്ചപ്പടും, എല്ലാം പ്രത്യക്ഷപ്പെടുന്നു. നാടിന്റെ ഓര്‍മ്മകളുടെ ചരടുകള്‍ എല്ലാം ഭദ്രമായി അദ്ദേഹത്തിന്റെ തോള്‍ സഞ്ചിയില്‍ ഉണ്ട്.

ആഗസ്റ്റില്‍ ഒ. കെ. സുദേഷ് ഒരു ലേഖനം എഴുതി. രണ്ടു എഴുത്തുകാരെയും രണ്ട് കഥാപാത്രങ്ങളെയും, ഒരു പുസ്തകത്തിന്റെ ഒരു കഥയുടെ താളത്തെ കുറിച്ചു തന്നെ. ഒന്നാമത്തെ കഥാപാത്രം ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്‌, രണ്ടാമന്‍ പേരയ്ക്കാപ്പള്ളി കുഞ്ഞന്‍. രണ്ടു പേരെയും വായനക്കാര്‍ക്ക് അറിയാമായിരിക്കും.

ആഗസ്റ്റിലാണ് ഒ കെ സുദേഷ് ഈ ലേഖനം എഴുതുന്നത്. അകിര കുറൊസാവയുടെ റാപ്സഡി ഇന്‍ ആഗസ്റ്റ് ഓര്‍മ്മയില്‍ നിറയുന്ന മാസം. ജെ.ഡി. സാലിഞ്ചര്‍ അന്തരിച്ചത് ജാനുവരി 2010 -ലും. ലേഖനം എഴുതിയതിനു ഏകദേശം ആറു മാസത്തിനു ശേഷം ചില ആളുകള്‍ പായുകയാണ് ഈ ചോദ്യം ചോദിച്ചു കൊണ്ട് - ആരാണ് ഈ സാലിഞ്ചര്‍. സാലിഞ്ചറിന്റെ വളരെ പ്രശസ്തമായ 'ക്യാചര്‍ ഇന്‍ ദ റൈ' എന്ന പുസ്തകത്തെപ്പറ്റിയും,എം.പി. നാരായണപിള്ളയുടെ "ജോര്‍ജ്‌ ആറാമന്റെ കോടതി' യും ആയിരുന്നു സുദേഷിന്റെ വിഷയം. http://www.chintha.com/node/48011. വജ്രം പോലെ ഭാഷയെ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന സുദേഷ്, വിവിധ ചിന്താരീതികളെ പിടിച്ചടക്കിയതില്‍ നിന്നും, ധ്യാനിച്ചതില്‍ നിന്നും വളരെ കുറച്ചു മാത്രമെ എഴുതിയിട്ടുള്ളു. സാഹിത്യതല്‍പ്പരായ ഐ. റ്റി. പ്രഫക്ഷനലുകള്‍ ഈ രചനകള്‍ എങ്ങനെ വായിക്കും എന്ന് ആശ്ചര്യം.  സുദേഷ്, മേതില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ എഴുതുന്നത് അവര്‍ ഇടയ്കിടെ വായിച്ചു കൊണ്ടേയിരിക്കണം.  ഇവര്‍ ഭാഷ കൊണ്ട് ചെറിയ പ്രോഗ്രാം അല്ല ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്, വലിയ കോര്‍പറേറ്റ് ഇ. ആര്‍. പി (Enterprise resource planning system) തന്നെ.   ഭാഷയുടെ സകല സാധ്യതകളും ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന ചുരുക്കം ചില എഴുത്തുകാര്‍.  ഇവര്‍ മൂവരും ഒരു പ്രവാസ ദേശത്തോട് ബന്ധപ്പെട്ടവരാണ്.

സ്വദേശത്തോട് ബന്ധപ്പെട്ട നാലു പേരുമുണ്ട്.

സുദേഷ് കഥയില്‍ താളം ശ്രദ്ധിച്ചു. താളം കണ്ടു പിടിക്കാന്‍ ശ്രമിച്ച നാലു സ്വദേശികളെയും ഞാന്‍ ഓര്‍ക്കുന്നു. ഒരു ഗ്രാമത്തിലെ സാഹിത്യവും കലകളും ഇഷ്ടപ്പെട്ട നാലു പേര്‍ ചേര്‍ന്ന ഒരു കൂട്ടം. അവര്‍ കുറച്ചു കൂടി സാഹസത്തിന് മുതിര്‍ന്നു. ഒരു കൈയെഴുത്തു മാസിക ഇറക്കി - താളം. പണ്ട് വിഡിയേയില്‍ എടുത്ത ചിത്രത്തില്‍ നിന്നും കട്ടു ചെയ്ത നാലു ചിത്രങ്ങള്‍ ഒരു കഥയില്‍ നിന്ന് ഇറങ്ങി താഴെ വന്നിരിക്കുന്നു.

ഇത് ഒരു അക്കക്കെട്ട് അല്ല,  ഒരു ചെറിയ അക്കചിന്ത മാത്രം.

1986 കാലഘട്ടം
Shibu Philip


7 comments:

സുനില്‍ കെ. ചെറിയാന്‍ said...

നാല്‍ക്കവലയില്‍ പോയി നിന്ന ഒരു അനുഭവം. നാലുപാടു നിന്നും നന്നങ്ങാടികള്‍ വന്ന് നാട്ടുവര്‍ത്താനം പറഞ്ഞ വായന.

ഷിബു ഫിലിപ്പ് said...

വളരെ നന്ദി, സുനില്‍ കെ. ചെറിയാന്‍

maneesh said...

അക്കങ്ങളെ മുന്നില്‍ നിര്‍ത്തികൊണ്ട് ചിന്തകളുടെ അഗാധ തലങ്ങളിലേക്ക് ഊളിയിട്ടു പോകുന്ന ഈ പംക്തി ,വായനശാലയില്‍ പോകാതെ തന്നെ ഒത്തിരി പുസ്തകങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ചത് പ്രശംസനീയം ഇനിയും ഇതുപോലുള്ള ചിന്തകള്‍ ആ വിരല്‍തുമ്പില്‍ വിരിയട്ടെ എന്നാശംസിക്കുന്നു ...............

ഷിബു ഫിലിപ്പ് said...

മനീഷ്,സന്ദര്‍ശനത്തിനും,comment എഴുതിയതിനും. വളരെ നന്ദി...
Shibu Philip

leena said...

ഷിബുവിന്റെ ആഴത്തിലുള്ള കാഴ്ചയും പരന്ന വായനയും മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് പ്രശംസ അര്‍ഹിയ്ക്കുന്നു...

ഷിബു ഫിലിപ്പ് said...

Leena, സന്തോഷം, വളരെ നന്ദി, സന്ദര്‍ശനത്തിനും, comment എഴുതിയതിനും.

മാനവധ്വനി said...

നന്നായിരിക്കുന്നു. താങ്കൾക്ക് പരന്ന വായനയും ഓർത്തെടുക്കാനുള്ള കഴിവുണ്ട്. അവ നമ്മൾക്ക് പകർന്നു തരുന്നതിന് നന്ദി. ആശംസകൾ