Friday, February 3, 2017

കലാജീവിതം

La Vie en rose എന്നൊരു സിനിമയുണ്ട്. Édith Piaf എന്ന ഫ്രഞ്ച് ഗായികയുടെ കഥയാണ്. Marion Cotillard എന്ന നടിയാണ് എഡിത്തായിട്ട് അഭിനയിച്ചിരിക്കുന്നത്. ആ നടിയുടെ മുഖവും അഭിനയവും കണ്ടപ്പോള്‍ മുഖപുസ്തകത്തിലെ ഒരു പെണ്‍കുട്ടിയുടെ  മുഖവുമായി സാമ്യം തോന്നി, ഈയിടെ വിദേശിയെ കല്ല്യാണം കഴിച്ച ആ പെണ്‍കുട്ടിയുടെ. മുഖസാമ്യമല്ല പറഞ്ഞ് വരുന്നത്, കലാകാരന്മാരുടെ, കലാകാരികളുടെ ജീവിതമാണ്. ചിലരുടെ ജീവിതങ്ങള്‍ തമ്മില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കണ്ടുമുട്ടുമ്പോള്‍, അവരുടെ ജീവിതത്തിന്റെ ചില കാലയളവില്‍, അവരുടെ തല്പര്യങ്ങള്‍ ഒരേ താളത്തിലായിരിക്കുമ്പോള്‍, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അവരുടെ ഓട്ടം ഒരേ കൗതുകത്തിന്റെ പുറകേയായിരിക്കുമ്പോള്‍ അവരെ തമ്മില്‍ ബന്ധിക്കുന്ന നേര്‍ത്ത ജീവനുള്ള ഒരു ചരടുണ്ട്. അത് കുറച്ച് കാലം നിലനില്‍ക്കും. ചിലപ്പോള്‍ ജീവിതകാലം മുഴുവനും. അതു കൊണ്ടായിരിക്കാം Édith Piaf  മരിച്ചെന്ന് കേട്ടിട്ട് അതിന്റെ ആഘതത്തില്‍ മരിച്ച  മറ്റൊരു കലാകരനെക്കുറിച്ച് നമ്മള്‍ ഓര്‍ത്ത് പോകുന്നത്. അദ്ദേഹത്തിന്റെ പേരാണ് ഴാന്‍ കോക്തു. അദ്ദേഹത്തെക്കുറിച്ച് നമ്മുടെ  ഉണ്ണി ആറും സച്ചു തോമസും കൂടിയെഴുതിയ ട്രിപ്പ് എന്ന പുസ്തകത്തിലെഴുതിയത് ഇപ്രകാരമാണ്.  " ലിയു, അറപ്പുളവാക്കുന്ന ഒരു മുറിയുടെ വാതില്‍ തുറന്നു. അകത്ത് നിന്നും ലഹരിമരുന്നിന്റെ തീക്ഷ്ണഗന്ധം വെളിയിലേക്കൊഴുകി, കഷ്ടം തന്നെ - എന്തൊരു സവിശേഷമായ ആനന്ദമാണ് അതില്‍ നിന്നും ലഭിക്കുന്നത്. അഴുത്തു നാറുന്ന ഒരു കിടയ്ക്കക്ക് പിന്നിലായി, മുഷിഞ്ഞ ഒരു കിടക്കവിരിയും പുതച്ചുകൊണ്ട് തറയില്‍ കിടക്കുകയാണ് ഴാന്‍. അയാളുടെ ശബ്ദം മാരകവും അവ്യക്തവും നിര്‍വ്വികാരവും പരുക്കനുമായിരുന്നു.". 
എഡിത്തായിട്ട് ഈ സിനിമയില്‍ അഭിനയിച്ചതിന് Marion Cotillard ന് ഓസ്കാര്‍ ലഭിച്ചു.  Édith Piaf തന്നെ അഭിനയിക്കുന്നത് പോലെ, അവരുടെ ജീവിതം അവരു തന്നെ അഭിനയിച്ച് കാണിച്ചതായി തോന്നും Marion Cotillard അഭിനയം കണ്ടാല്‍. 

യഥാര്‍ത്ഥ കലാകാരന്മാര്‍ എന്തോ നഷ്ടപ്പെട്ടത് തേടുന്നതു പോലെ തോന്നും. അതിന് ചിലര്‍ കടന്ന് പോകുന്നത്, തീക്ഷണമായ വിഷാദത്തിലൂടെയും ഉന്മാദത്തിലൂടെയും. കൂടുതല്‍ ആഘോഷിക്കപ്പെടുന്നവരുടെ പതിമടങ്ങ് കഴിവുള്ളവര്‍ എഴുതാതിരിക്കുന്നു. ചാനല്‍ ചര്‍ച്ചകളിലോ, മാസികകളില്‍ ലേഖനമെഴുതുന്നവരുടെയോ പതിമടങ്ങ് കഴിവുള്ളവര്‍ നിശബ്ദമായിരിക്കുന്നു. ചില എഴുത്തുകാരെക്കാളും പതിമടങ്ങ് വായിക്കുന്നുണ്ട് ചിലര്‍. അവരുടെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ കഴിവില്ലാത്തവര്‍ ആഘോഷിക്കപ്പെടുകയും ചെയ്യപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വേണ്ടി "യാഗ"മായി തീരുന്നതായിരിക്കാം.

സിനിമയിലെ ഒരു ഭാഗത്ത് അവരോട് ഒരു അഭിമുഖത്തില്‍ ഇങ്ങനെ ചോദിക്കുന്നു.
If you were unable to sing…
അവരുടെ മറുപടി ഇപ്രകാരവും
Then I could no longer live.

എഴുതുന്നവര്‍ എഴുതുക, പാട്ട് പാടുന്നവര്‍ പാടുക, ചിത്രകാരന്മാര്‍ വരക്കുക, കലാകാരന്മാര്‍ അവരുടെതായ ജോലി ചെയ്യുക. ജോലി ചെയ്തു കൊണ്ടേയിരിക്കുക.
നിങ്ങളുടെ തലച്ചോറിലെ ന്യൂറോണില്‍ ഗ്രഹങ്ങ‍ളും നക്ഷത്രങ്ങളും അതിന്റേതായ ക്രമത്തിലാകുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട ജോലി ശരിയായ രീതിയിലാകും, ചിലപ്പോള്‍ നിങ്ങളും ആഘോഷിക്കപ്പെടാം, കാരണം അന്നേകമാളുകള്‍ യാഗമായി തീരുന്നിടത്ത് നിങ്ങള്‍ വിജയിയായേക്കാം. വിജയിയായില്ലെങ്കിലും ജീവിച്ചു എന്നെങ്കിലും ത്യപ്തിപ്പെടാം. La Vie en rose എന്നൊരു സിനിമയുണ്ട്. Édith Piaf എന്ന ഫ്രഞ്ച് ഗായികയുടെ ജീവിതമാണതില്‍. 

No comments: