Monday, October 31, 2011

സുകേഷ് കുട്ടന്റെ സംഗീതവും ചില ചിന്തകളും


Hardy abhorred politics, considered applied mathematics repellent, and saw pure mathematics as an esthetic pursuit best practiced for its own sake, like poetry or music.

A beautiful mind
Sylvia Nasar

Paul Erdos മുകളില്‍ പറഞ്ഞ G. H. Hardy യോടു ചോദിച്ചു ഗണിതശാസ്ത്രത്തിന് താങ്കളുടെ സംഭാവന എന്തായിരുന്നുവെന്ന്, അതിന് ഹാര്‍ഡി മറുപടി പറഞ്ഞത് രാമനുജനെ കണ്ടെത്തിയത് എന്നായിരുന്നു. അതെ ശ്രീനിവാസ രാമാനുജന്‍ തന്നെ. ഇങ്ങനെ ഹാര്‍ഡിയും, രാമാനുജനും, ജോണ്‍ നാഷും മറ്റും വീണ്ടും ചിന്തയില്‍ വന്നു കൊണ്ടിരിന്നപ്പോഴാണ് ഒരു സ്നേഹിതന്‍ വിളിച്ചത്. സുകേഷ് കുട്ടന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ 6-ല്‍ പാടിയ "നീയൊരു പുഴയായി" എന്ന പാട്ട് കേള്‍ക്കുവാന്‍, യൂ റ്റ്യുബില്‍ ഉണ്ടെന്നും അത് കാണണമെന്നും. എന്തൊക്കെയോ ഓര്‍മ്മകളിലേക്ക് ആ ശബ്ദം നയിച്ചു, അറിയപ്പെടാതെ അബോധതലത്തില്‍ കിടന്ന എന്തിനെയോ തട്ടിയുണര്‍ത്തിയതായി തോന്നി.

സംഗീതം അത് ആദ്യമായി കേട്ട സമയത്തുള്ള മാനസികാവസ്ഥയിലേക്ക്, ചില ഓര്‍മ്മകളിലേക്ക് എന്നെ നയിക്കുവാറുണ്ട്. ആദ്യമായി കേള്‍ക്കുന്ന സംഗീതമാണെങ്കില്‍ പോലും ചിലപ്പോള്‍ അറിയാതെ കിടക്കുന്ന ഏതോ ചിന്തകളെ നനച്ച് ഉണര്‍ത്താറുണ്ട്. "നീയൊരു പുഴയായി" എന്ന ഗാനത്തിന്റെ ആലാപനം കെ. ജെ. യേശുദാസ് എന്ന് തെറ്റിയെഴുതിയാണ് ഏഷ്യാനെറ്റില്‍ കാണിച്ചതെങ്കിലും, വലിയ തെറ്റൊന്നും കാണിക്കാതെ, ദൈവം വരദാനമായി കൊടുത്ത നല്ല ശബ്ദത്തില്‍ സുകേഷ് ആ പാട്ട് പാടി. ജയചന്ദ്രന്‍ പാടിയ ആ ഗാനത്തിന് അതോടു കൂടി വീണ്ടും ഒരു ഉണര്‍വ് കിട്ടുകയായിരുന്നു. "നീയൊരു പുഴയായി" എന്ന ഗാനം തിളക്കം എന്ന ജയരാജിന്റെ സിനിമായിലുള്ളതാണ്.

നല്ല ഗാനങ്ങളുമായി മികച്ച പ്രകടനം കാണിക്കുവാന്‍ സുകേഷ് വീണ്ടും, വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം. ഓസ്റ്റിക് സാവെയ്ന്റിന്റെ(Savant)കൂട്ടത്തിലേക്ക് സുകേഷിന്റെ പേരും കടന്നു വരുന്നുണ്ടോ?.

Music is hidden exercise in arithmetic, of a mind unconscious of dealing with numbers എന്ന് Leibniz അല്ലേ പറഞ്ഞിരിക്കുന്നത്. നമ്മള്‍ സാധാരണ കേള്‍ക്കുന്ന സംഗീതം, വീണ്ടും കുറച്ചു കൂടി ആഴത്തിലേക്ക്, രാഗത്തിന്റെയും, താളത്തിന്റെയും തലത്തിലേക്ക് പോകുകയും, അവിടെ നിന്ന് അതിന്റെയെല്ലാം കണക്കുകള്‍ മാത്രം നിലനില്‍ക്കുന്ന തലത്തിലേക്ക്. അതിന്റെ മാത്രാനീയമത്തിന്റെ കണക്കിലുള്ള സൂക്ഷമതയിലേക്ക് ചില പ്രത്യേക വ്യക്തികളുടെ മനസ്സുകള്‍ പോകുന്നു. ആന്ദോളനത്തിന്റെ (Vibration) സമയക്രമം, അല്ലെങ്കില്‍ ക്യത്യമായുള്ള രാഗത്തിന്റെ കണക്കുമായി ഒത്തുചേര്‍ന്നിരിക്കുന്ന ശബ്ദത്തിന്റെയും നിശബ്ദതയുടെയും ഏറ്റവും സൂക്ഷമതയാര്‍ന്ന ക്യത്യത അറിയാവുന്ന ഒരാള്‍ അവന്‍ കണക്കില്‍ അസാധാരണമാം വിധം മികച്ചവനാണെങ്കില്‍, സംഗീതം എങ്ങനെയായിരിക്കും മനസ്സിലാക്കി എടുക്കുന്നത്.

1988 - ല്‍ ഇറങ്ങിയ റെയിന്‍ മാന്‍ എന്ന സിനിമയില്‍ ഓറ്റിസം ബാധിച്ച റെയ്മണ്ട് എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഡസ്റ്റിന്‍ ഹോഫ്മാന് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. കണക്കില്‍ ഏറ്റവും മികച്ച കഴിവുള്ളവനായ റെയ്മണ്ട്. ഈ കഥാപാത്രത്തിന്റെ നിര്‍മ്മിതിയ്ക്ക് കാരണമായ Kim Peek - ന് 12000 പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍മ്മയുണ്ടായിരുന്നുവത്രേ. ഇദ്ദേഹത്തിന് ഓറ്റിസമല്ലായിരുന്നു FG syndrome എന്ന അവസ്ഥയായിരുന്നു. കിം പീയാനോ വായിക്കുവാന്‍ പഠിച്ചപ്പോള്‍ അദ്ദേഹത്തിന് ദശകങ്ങള്‍ക്ക് മുമ്പ് കേട്ട പാട്ടുകള്‍ ഓര്‍മ്മ വരുമായിരുന്നു. കേള്‍ക്കുന്ന പാട്ടും കേട്ടിട്ടുള്ള മറ്റു പാട്ടുകളുമായി താരതമ്യം ചെയ്യുമായിരുന്നു. ഒരുപക്ഷെ, ഇങ്ങനെയുള്ളവര്‍ ഈ കണക്കുകളുടെ ലോകത്തില്‍ മാത്രം നിന്നു കൊണ്ട് നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കാത്ത രീതിയില്‍ സംഗീതത്തെ കാണുന്നുണ്ടോ?. കണക്കും അതിന്റെ കൂടെ സംഗീതവും മാത്രമുള്ള ഒരു ലോകം. ഗണിതശാസ്ത്രത്തിലേ മഹാപ്രതിഭകള്‍ക്ക് സംഗീതം എങ്ങനെയായിരുന്നു. കണക്കിന്റെ ലോകത്തെ സന്യാസി എന്ന് വിശേഷിക്കപ്പെട്ട പോള്‍ എര്‍ദോഷ് (Paul Erdos) സംഗീതത്തെക്കുറിച്ച് ശബ്ദമെന്ന് (Noise) മാത്രമാണ് പറഞ്ഞിരിക്കുന്നത്. അറിയാവുന്ന ഗണിതശാസ്ത്രഞ്ജമാരുടെ വീടുകളില്‍ ചെന്ന് വാതിലില്‍ മുട്ടുകയും തുറക്കുമ്പോള്‍ "My brain is open" എന്ന് പറഞ്ഞ് അവരുടെ അതിഥിയായി കുറച്ചു കാലം കഴിഞ്ഞതിനു ശേഷം അവിടെ നിന്നും അടുത്ത സ്നേഹിതന്റെ വീട്ടിലേക്ക് പോകും, അങ്ങനെയുള്ള യാത്രകള്‍ നടത്തി മാത്രം ജീവിതം കഴിച്ച ലോക പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍, അദ്ദേഹത്തിന് സംഗീതം വെറും ശബ്ദമായിരുന്നുവെങ്കില്‍ ഗ്രിഗറി പേര്‍ഇല്‍മന്‍ ഒരു നല്ല വയലിനിസ്റ്റും കൂടിയാണ്. ഗണിതശാസ്ത്രലോകത്തെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Fields medal നിരാകരിച്ച, മറ്റു ചില പ്രശസ്ത സമ്മാനങ്ങളും നിരാകരിച്ച ഗ്രിഗറി പേര്‍ഇല്‍മാന്‍ (Grigori Perelman), പണത്തിലോ പ്രശസ്തിയിലോ എനിക്കൊട്ടും തല്പര്യമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവും മികച്ചവര്‍ അവര്‍ക്കിഷ്ടപ്പെട്ട ജോലിയിലൂടെ തന്നെ അവര്‍ക്ക് വേണ്ടുന്ന ആനന്ദം കണ്ടെത്തുന്നുണ്ട്. ചില വലിയ ഗണിതശാസ്ത്രജ്ഞന്മാര്‍ക്ക് സംഗീതം ഇഷ്ടമായിരുന്നുവെങ്കില്‍ ചിലര്‍ക്ക് അത്ര ഇഷ്ടമല്ലായിരുന്നു.

റെയിന്‍ മാന്‍ എന്ന സിനിമയില്‍ റെയ്മണ്ട് എന്ന ഓറ്റിസം ബാധിച്ച കഥാപാത്രത്തെ അദ്ദേഹത്തിന്റെ സഹോദരന്‍ ലാസ് വേഗസിലെ പ്രശസ്തമായ ചൂതാട്ടകേന്ദ്രങ്ങളില്‍ കൊണ്ട് പോകുകയും ധാരാളം പണം സമ്പാദിക്കയും ചെയ്യുമ്പോഴും റെയ്മണ്ടിന് ഇതിലെന്നും വലിയ താത്പര്യമില്ലായിരുന്നു.

കണക്കും സംഗീതവും തമ്മില്‍ എന്താണ് ബന്ധം?, സംഗീതസിദ്ധാന്തവാദി ഒരു പക്ഷെ ഗണിതശാസ്ത്രത്തെ സംഗീതം മനസ്സിലാക്കുവാന്‍ ഉപയോഗിക്കുമായിരിക്കും, ഒരു പക്ഷെ ശബ്ദശാസ്ത്രത്തിനായിരിക്കാം (acoustics) കണക്കിന്റെ കൂടുതല്‍ ഉപയോഗം വേണ്ടി വരുന്നത്.

എന്തായാലും, സ്നേഹിത നന്ദി, സുകേഷിന്റെ പാട്ടു കേള്‍ക്കുവാന്‍ വിളിച്ച് പറഞ്ഞതിന്, നന്ദി ഏഷ്യാനെറ്റ് സുകേഷിനെ തിരഞ്ഞെടുത്തതിന്, പരിചയപ്പെടുത്തിയതിന്.

സുകേഷിന്റെ പാട്ടുകള്‍ കേള്‍ക്കുവാനും സൗന്ദര്യബോധം നിറഞ്ഞ ഒരു പിന്തുടരല്‍ നമ്മുക്ക് നടത്താം.

26 comments:

അഭിഷേക് said...

we can support him....

Maneesh said...

സംഗീതത്തെയും കണക്കിനെയും ഇഴ ചേര്‍ത്ത് അവതരിപ്പിച്ചത് നന്നായിട്ടുണ്ട്,...പിന്നെ സുകേഷ് കുട്ടന്റെ റൌണ്ട് വരുമ്പോള്‍ മാത്രമാണ് ഞങ്ങള്‍‍ ഒരു കൂട്ടം സുഹൃത്തുകള്‍ ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാം കാണുന്നത് തന്നെ!

മുക്കുവന്‍ said...

I totally disagree with this article.. he sings moderately well, that doesn;t mean that he is better than the general people. current score shows that he is far better than all of them.. is that correct?

if you make a category for those and perform in there, it would be nice. not in the general category.. I am sure, some kids will be hating this because they are pushed down due to all this drama!

Villagemaan/വില്ലേജ്മാന്‍ said...

സുകേഷ് കുട്ടന്‍ ഒരു ടാലന്റ് തന്നെ..
ഈ വീഡിയോ കൂടി കണ്ടു നോക്കു..വളരെ വിഷമം പിടിച്ച ഒരു പാട്ട് നന്നായി അവതരിപ്പിച്ചിരിക്കുന്നു.

http://www.youtube.com/watch?v=b3DZ5QID0i0&feature=related


@മുക്കുവന്‍..

റിയാലിറ്റി ഷോകളില്‍ കണ്ണീര്‍ കലര്‍ത്തി റേറ്റിംഗ് ഉയര്തുന്നതിനോട് ഞാനും അനുകൂലമല്ല...എന്നിരുന്നാലും, അവര്‍ക്ക് വേണ്ടി തന്നെ പ്രതെയ്കം ഒരു പരിപാടി വെക്കുന്നതിനോടും യോജിപ്പില്ല, കാരണം അത് അവരെ അപമാനിക്കലാവില്ലേ ?

ഇവര്‍ മൂലം നന്നായി പാടുന്നവരുടെ ചാന്‍സ് പോകുന്നു എന്ന് പറയുന്നതില്‍ കാര്യമില്ല. ഇവര്‍ ഇല്ലെങ്കിലും, ഈ പരിപാടിയില്‍ കഴിവുള്ള പലര്‍ക്കും ഇടം കിട്ടില്ല. അല്ലെങ്കില്‍ കഴിവുള്ള പലരും ഒന്നാമന്‍ ആവില്ല. കാരണം ഈ പരിപാടിക്ക് ഒരു ഫോര്‍മാറ്റ്‌ ഉണ്ട്. ചാനലിനു പല അജണ്ടകളും. അതില്‍ നിന്നും അവര്‍ക്ക് മാറാന്‍ ആവില്ല. ഈ പരിപാടിയുടെ ഷൂട്ടിംഗ് കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ട് പറഞ്ഞതാണ്.

സുകേഷ് കുട്ടന്‍ മറ്റുള്ളവരേക്കാള്‍ കേമന്‍ ആണെന്ന് എനിക്കും അഭിപ്രായം ഇല്ല. പക്ഷെ അയാളിലെ കഴിവുകള്‍ നമ്മള്‍ കാണാതിരുന്നുകൂടാ

Unknown said...

(;;;

സാക്ഷ said...

പ്രിയ ഷിബു...
കുറിപ്പ് വായിച്ചു. വാള്‍ത്തല പോലെ സമഗ്രം. മുന്നേ അഭിപ്രായം പറഞ്ഞവര്‍ പങ്കുവെച്ച കാര്യങ്ങളല്ല താങ്കള്‍ പറയാന്‍ ശ്രമിച്ചതെന്ന് എനിക്കുതോന്നുന്നു. അതു എഴുത്ത് മാത്രമല്ല വായനയും സര്‍ഗാത്മകമാക്കേണ്ടുന്നതിന്റെ അത്യാവശ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സുകേഷിന്റെ ആന്തരികജീവിതം നാം കാണുന്നതിലേറെ വിപുലമായിരിക്കണം. അവിടെ ശില്പഭദ്രമായ നിരവധി കണ്ടെത്തലുകള്‍ അവന്‍ നടത്തുന്നുണ്ടാവണം. ഇതൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നതിനാല്‍ അവന്‍ നമ്മോടു മൌനം പുലര്‍ത്തുകയുമാവാം. നാം തന്നെയാണ് ശരി എന്ന ഒരു ജീവിതമാണ് നാം ഏവരും ജീവിച്ചുതീര്‍ക്കുന്നത്. അതിനിടയില്‍ ബാക്കിയെല്ലാവരും തെറ്റുകളാണ്.
ജലത്തിന് നിറമില്ലെന്നു നാം വിശ്വസിക്കുന്നത് നമുക്കത് കാണാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ്. മറ്റു ജീവികള്‍ അതിന്റെ നിറം കാണുന്നുണ്ടെങ്കിലോ ! ആ വിധം നമുക്ക് കാണാനാവാത്ത എത്രയധികം നിറങ്ങള്‍ ഉണ്ടായിരിക്കാം. നാം എങ്ങിനെയാണ് ഏഴ് നിറങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു തീര്‍ക്കുക. ഒരു പക്ഷെ സുകേഷിന്റെ സംഗീതത്തിന്റെ ഏകകം കണക്കാവാം, അവന്റെ ഹൃദയമിടിപ്പ് പോലും ആവാം. അതും ഒരു കണക്ക്‌ തന്നെയാണല്ലോ. നാം ഫോണ്‍ ചെയ്യുമ്പോള്‍ നമ്മുടെ ശബ്ദം ശബ്ദമായല്ല മറുകരയെത്തുന്നത്. തരംഗങ്ങളായും, ആവൃതികാളായും ... ഏതൊക്കെയോ ടെക്നോളജികളിലൂടെ കടന്ന്പോയി അത് പിന്നെയും പുനരുദ്ജീവിച്ചു നാം അതിന്റെ ആഹ്ലാദം അനുഭവിക്കുന്നു. ഒരു പക്ഷെ സുകേഷിലും സംഭവിക്കുന്നത്‌ ഇത് തന്നെയാവണം. സ്വരങ്ങള്‍ അവനു ചിലപ്പോള്‍ എഴായിരിക്കില്ല എഴായിരമായിരിക്കും. അത് കൊണ്ടാണ് വെറും ഏഴ് സ്വരങ്ങള്‍ മാത്രം പിടിയുള്ള ജഡ്ജസ്സിന്റെ വിശകലനങ്ങളില്‍ അവന്‍ മാന്യമായി കലഹിക്കുന്നത്. പക്ഷെ നാം അതിനെ അവന്റെ രോഗത്തിന്റെ ഭാഗമായികണ്ട് ദയയോടെ അവന് വോട്ടു രേഖപ്പെടുത്തുന്നു.
സംഗീതം എന്നത് മനുഷ്യന്റെ മാത്രം നിധിയായാണ് നാം കരുതിപ്പോരുന്നത്. ഏറ്റവും കുറഞ്ഞത്‌ നമുക്ക് പക്ഷികളുടെ പാട്ടുകള്‍മാത്രമാണ് ആസ്വദിക്കാന്‍ കഴിയുന്നത്‌. "രാസാത്തി ഉന്നെ കാണാത്ത നേരം കാറ്റാടിപോലാടുതെ...." എന്ന ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ പാട്ടുകേള്‍ക്കാന്‍ കമ്പം, തേനി, എന്നീ തോട്ടം മേഖലളിലെ തീയറ്ററുകള്‍ക്കരികില്‍ കാട്ടാനകള്‍ വന്നു നില്‍ക്കാറുണ്ടായിരുന്നു എന്ന് ജയചന്ദ്രന്‍ തന്നെ പറയുന്നത് കേട്ടു.
ഉച്ചത്തില്‍ പാടാനുള്ള ഒരു സാധ്യതയുമി ല്ലാത്ത നമ്മുടെയൊക്കെ ജീവിതത്തിലൂടെ എത്രയധികം പാട്ടുകളാണ് കടന്നു പോയിട്ടുള്ളത്....
ശൈശവകാലത്ത് " പാട്ടുപടിയുറക്കാം ഞാന്‍ താമരപ്പൂ...
പ്രണയകാലത്ത് " അല്ലിയാമ്പല്‍ കടവിലന്നു....
മധുവിധു കാലത്ത് " മഞ്ഞണിപ്പൂനിലാവ്...
കഷ്ടകാലത്ത് " സൂര്യകിരീടം വീണുടഞ്ഞു...
ഇന്നും മലയാളിയുടെ ഓണപ്പാട്ട് ബംഗാളിയായ സലില്‍ ചൌധരിയുടെ "പൂവിളി പൂവിളി പൊന്നോണമായി" എന്നത് തന്നെയാണ്. ഇതെങ്ങനെ സംഭവിക്കുന്നു. പ്രിയ ഷിബു, താങ്കള്‍ പറയുന്നത് പോലെ നമ്മുടെ ആഘോഷങ്ങളെ കണക്കിലേക്ക് പരിവര്‍ത്തനപ്പെടുത്തി വീണ്ടും അതിനെ സംഗീതത്തിലേക്ക് കൊണ്ട് വന്നു നിറക്കുകയയിരുന്നോ അദ്ദേഹം! നൌഷാദിന്റെ "മാനസ നിളയില്‍ പൊന്നോളങ്ങള്‍..... കേട്ട് നോക്കൂ..... അതില്‍ നാം അനുഭവിക്കുന്ന നിളയെ നൌഷാദ് എന്ന ഉത്തരേന്ത്യക്കാരന് എങ്ങിനെ അറിയാം.. അപ്പോള്‍ പുഴകളെ കണക്കിലേക്ക് മാറ്റി വരച്ചു അതിനെ വീണ്ടു സംഗീതത്തിലേക്ക് തിരിച്ചു ഒഴുക്കുകയയിരുന്നുവോ അദ്ദേഹം ...
തെരുവില്‍ വയറ്റത്ത് അടിച്ചു പാടുന്ന ഗായകരെ നാം കാണാറുണ്ട്. അവരെന്തു കൊണ്ടാണ് ഈ തൊഴില്‍ തെരഞ്ഞെടുക്കുന്നത്. സുകേഷ് കുട്ടന് നാം പാവം എന്ന് വിചാരിച്ചു അവനു വോട്ടുചെയ്യും പോലെ, ഇവര്‍ക്ക് നാം ചില്ലിക്കാശുകള്‍ എറിഞ്ഞു കൊടുക്കുമ്പോള്‍ ഒന്ന് നാം ഓര്‍ക്കണം ഇവര്‍ നമ്മോട്‌ പാടുകയല്ല.... ചിലകാര്യങ്ങള്‍ പറയുകയാണ്‌ ചെയ്യുന്നതെന്ന്.. അതു കേള്‍ക്കാന്‍ ഒട്ടിസം ബാധിച്ച നമുക്ക് കഴിയാറില്ല... സുകേഷ് കുട്ടനും നമുക്ക് മുന്നില്‍ പാടാനല്ല പറയാനാണ് വന്നു നില്‍ക്കുന്നത്. പിന്നെ മനസ്സുരുകി ഏതൊക്കെയോ വിഭ്രമ പരിസരങ്ങളിലൂടെ അലറി അലഞ്ഞു ഷിബുവിനെപ്പോലുള്ള നല്ല മനുഷ്യരെക്കൊണ്ട് ചില വരികള്‍ എഴുതിക്കാനും....

എന്‍.പി മുനീര്‍ said...

സുകേഷ് കുട്ടന്റെ സംഗീതം കേട്ട് താങ്കളിലുണ്ടായ ചിന്ത വിവരിച്ചത് നന്നായി..കുറേയധികം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.സീരിയസ്സായിട്ടുള്ള ഈ വിവരണം തുടരട്ടെ..എല്ലാ ആശംസകളും.

TPShukooR said...

നല്ല വിവരണം. തുടരുക. ആശംസകള്‍.

Cartoonist said...

'സാക്ഷ' തുറന്നിട്ടപ്പോൾ കണ്ട കാര്യങ്ങൾ രസിച്ചു :)

ഷിബു, അസ്സൽ :)

ente lokam said...

വായിച്ചു ..സംഗീതം മനസ്സിന്റെ ഒരു താളമായി
സുകേഷ് സൂക്ഷിക്കുന്നു..
ദുബായില്‍ ഞങ്ങളുടെ കോളേജ് alumnae
വാര്‍ഷികത്തിന് സുകെഷിന്റെ സംഗീതം അടുത്ത്
അറിഞ്ഞിട്ടുണ്ട്..ഇപ്പോള്‍ ആ വേദിയില്‍ കാണുമ്പോള്‍
സുകെഷിനെപ്പറ്റി അഭിമാനം തോന്നുന്നു...

മാണിക്യം said...

സുകേഷ് കുട്ടന്റെ പാട്ട് യൂട്യൂബില്‍ കൂടി പലവട്ടം ഇതിനോടകം കേട്ടു. മെന്റലി ചലഞ്ച്‌ഡ് ആന്‍ഡ് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആയുള്ള കുട്ടികളെ ട്രേയിന്‍ ചെയ്യുന്ന ജോലി ഞാന്‍ ഒരു ദശകത്തിലധികം കാലം ചെയ്തു. ഈ കാലയളവില്‍ ഓട്ടിസം ഉള്ളവരേയും പരിശീലിപ്പിച്ചു. അതുകൊണ്ട് തന്നെ സുകേഷ് കുട്ടനെ കുറെ ഏറെ ശ്രദ്ധിച്ചു. അതെ ദൈവത്തിന്റെ പ്രത്യേക കൈവയ്പ്പ് കിട്ടിയ കുട്ടി.

"റെയിന്‍ മാന്‍" ഒരിക്കല്‍ കൂടി ഇന്ന് കണ്ടു.:)

yousufpa said...

താങ്കൾ സൂചിപ്പിച്ചതു മുഴുവൻ സത്യം തന്നെ. ആ പാട്ടിന്റെ ആസ്വാദനം സുകേഷ് കുട്ടന്റെ സ്വരത്തിലൂടെ ഒന്നു കൂടി അനുഭവിക്കാൻ കഴിഞ്ഞു.
സന്തോഷം തന്ന ഈ കുറിപ്പിന്‌ നന്ദി.

റോസാപ്പൂക്കള്‍ said...

സ്റ്റാര്‍ സിങ്ങര്‍ കാണാത്തത് കൊണ്ടു സുകെഷിന്റെ പാട്ട് കേട്ടിട്ടില്ല.ഇനി സുകേഷിന്റെ പാട്ട് കേട്ട് നോക്കാം.
സുകേഷിനെ പരിചയപ്പെടുത്തിയതിന് നന്ദി

sulekha said...

aadymayanu ivide.aazhamulla chintakal.orupad puthiya arivukal tannathinum nandhi

Unknown said...

good one

വീ.കെ.ബാല said...

നന്ദി

കുസുമം ആര്‍ പുന്നപ്ര said...

നല്ല വിവരണം.

മുക്കുവന്‍ said...

അവര്‍ക്ക് വേണ്ടി തന്നെ പ്രതെയ്കം ഒരു പരിപാടി വെക്കുന്നതിനോടും യോജിപ്പില്ല, കാരണം അത് അവരെ അപമാനിക്കലാവില്ലേ ?


I can not agree with this too..

why ladies and gents are having different competition?

why there is special olympics?


sukesh is singing ok.. but not above the general category.

last year they brought Mr Babu and because of him, many got sidelined in early stages. this year sukesh/poornachandran & girl without eyes.

some how I can not agree with this format

ഷിബു ഫിലിപ്പ് said...

അഭിഷേക്: അതെ, we can support him.... നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക

Maneesh : അതെ സുകേഷ് കുട്ടന്റെ പാട്ടുകള്‍ കേള്‍ക്കുവാന്‍ കാത്തിരിക്കുന്ന മനീഷ്, നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക.

മുക്കുവന്‍: സുകേഷ് കുട്ടന്‍ ഒരു Autistic savant - ന്റെ തലത്തിലേക്ക് ഉയരുന്നുണ്ടോ, ഏതായാലും ആദ്യത്തെ ഗാനം വളരെ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ആ ഒരു തലം നിലനിര്‍ത്തുവാന്‍ സുകേഷ് കുട്ടന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അവിടെയുള്ള മറ്റു കുട്ടികള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?, അറിയില്ല.
സംഗീതത്തില്‍ മികച്ച പ്രകടനം കാണിക്കുന്ന ഓറ്റിസം ഉള്ള കുട്ടികളുടെ മാത്രമായുള്ള പരിപാടി, അല്ലെങ്കില്‍ ഏതെങ്കിലും രീതിയിലുള്ള വൈഷമ്യം അനുഭവിക്കുന്നവര്‍ക്ക് മാത്രമായുള്ള പരിപാടികള്‍ നടത്തണമോ?. അവര്‍ അവരുടേതായ രീതിയില്‍ തന്നെ ജീവിക്കണം, ഒരു കുറവും ഇല്ലാത്തവരായി, എല്ലാ രീതിയിലും ശാരീരികമായും മാനസീകമായും ഒരു കുഴപ്പവുമില്ല എന്ന രീതിയില്‍ തന്നെ. ഈ ലോകം പൂര്‍ണ്ണത ഉണ്ട് എന്നു കരുതുന്നവരുടെ മാത്രമല്ല, അപൂര്‍ണ്ണതയൂണ്ട് എന്ന് പൂര്‍ണ്ണതയുള്ളവര്‍ കരുതുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാ അപൂര്‍ണ്ണതയിലും പൂര്‍ണ്ണത നിറഞ്ഞു നില്‍ക്കുന്നു എന്ന് കരുതുന്നു. എല്ലാ പൂര്‍ണതയിലും അപൂര്‍ണത ഉണ്ട് എന്നും.

മറ്റു സ്നേഹിതര്‍ക്കുള്ള മറുപടികളുമായി മടങ്ങി വരാം.

മുക്കുവന്‍ ഉന്നയിക്കുന്നത് പോലെ സുകേഷ് കുട്ടനെ പോലുള്ളവര്‍ക്ക് മാത്രമായി പ്രത്യേകം പരിപാടികള്‍ വേണോ?.. അതോ..... ?

ഷിബു ഫിലിപ്പ് said...

Villagemaan/വില്ലേജ്മാന്‍ : "ഇവര്‍ മൂലം നന്നായി പാടുന്നവരുടെ ചാന്‍സ് പോകുന്നു എന്ന് പറയുന്നതില്‍ കാര്യമില്ല. ഇവര്‍ ഇല്ലെങ്കിലും, ഈ പരിപാടിയില്‍ കഴിവുള്ള പലര്‍ക്കും ഇടം കിട്ടില്ല. അല്ലെങ്കില്‍ കഴിവുള്ള പലരും ഒന്നാമന്‍ ആവില്ല." ശരിയാണ്, നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക.

സീഡിയൻ.നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക. സീഡിയന്‍ വാരികയുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ള ബ്ലോഗ്?, എഴുത്തുകാരന്‍? സീഡിയന്‍ വാരിക അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ കാണണമെന്ന് കരുതുന്നു.

സാക്ഷ :നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക. താങ്കളുടെ എഴുത്ത് വീണ്ടും, വീണ്ടും സംസാരിച്ചു കൊണ്ടിരിക്കുന്നു. സുകേഷ് കുട്ടന്‍ എന്തു കൊണ്ട് രണ്ടു ചെവിയും അടച്ച് പിടിച്ച് നടക്കുന്നു. ശബ്ദത്തെ അവന് ഇഷ്ടമല്ലാത്തതുകൊണ്ടാണ്. അവനാണ് ഇത്രയും ശബ്ദത്തിന്റെ നടുവില്‍ നില്‍ക്കുന്നത്, പാടുന്നത്. വളരെ നന്ദി, താങ്കളുടെ സാന്നിധ്യത്തിന്, ചിന്തകള്‍ക്ക്.

Unknown said...

ഷിബു,സംഗീതം ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞിട്ടുള്ള(ഉപകരണങ്ങൾ)എനിക്ക്,ഈ വിഷയത്തിൽ എന്തുപറഞ്ഞാലും സാങ്കേതികമായി പോകും എന്ന പരിമിതിയുണ്ട്.ഇത്രയും യാഥാസ്ഥിതികരായ സംഗീതാസ്വാദകരുള്ള നാട് വേറേയുണ്ടന്നു തോന്നുന്നില്ല.ഇന്നലെ(13-11)കൊല്ലം ഫെസ്റ്റിൽ പാലാ മരിയ സദനം സമിതിയുടെ ഗാനമേള ഉണ്ടായിരുന്നു.മാനസിക രോഗം വന്ന് സുഖപ്പെട്ടവരുടെ പാട്ടുകൾ.വല്ലാത്ത അനുഭവമായിരുന്നു.നമ്മുടെ സഹതാപം അവർക്കാവശ്യമില്ല.അവർ അടയാളപ്പെടുകയായിരുന്നു.

Unknown said...

ഷിബു,സീഡിയൻ വാരികയെ കേട്ടിരിക്കുന്നു എന്ന അറിവ് എന്നെ ഞെട്ടിച്ചു.70-കളിൽ അധസ്ഥിതരായ(ദലിത് എന്നത് 80-കളിൽ മാത്രമാണ് ഉപയോഗിച്ചു തുടങ്ങിയത്)ഒരു കൂട്ടം വിദ്ധ്യാർത്ഥികൾ,സ്വയം അടയാളപ്പെടുത്തി സ്വത്വവൽക്കരിച്ച പ്രസ്ഥാനമാണ് ഏതാനും ലക്കങ്ങൾ വാരിക ഇറങ്ങിയിരുന്നു.അടിയന്തരാവസ്ഥയോടെ അതുനിന്നു.പിന്നീട് 82-ൽ വീണ്ടും തുടങ്ങി.പതിനാലു ലക്കം കഴിഞ്ഞ് അതു നിന്നു.കാരണം,രാഷ്ട്രിയമായ നിലപാടുമാറ്റങ്ങളും,നവീകരണങ്ങളും സംഭവിക്കുന്നുണ്ട്.ഇപ്പോൾ കോട്ടയം കേന്ദ്രമായി ഒരു ചെറിയ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.

ഷിബു ഫിലിപ്പ് said...

മുനീര്‍ തൂതപ്പുഴയോരം; നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക.

Shukoor : നന്ദി സന്ദര്‍ശനത്തിനും comment - നും, വീണ്ടും വരിക.

Cartoonist :'സാക്ഷ' തുറന്നിട്ട കാര്യങ്ങള്‍ കണ്ടതിനും, സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

ente lokam : സുകേഷും ദുബായിലാണല്ലോ, അനുഭവം പങ്കു വെച്ചതിനും സന്ദര്‍ശനത്തിനും comment -നും നന്ദി, വീണ്ടും വരിക.

Unknown said...

കമന്റ് സ്പാമിലുണ്ട്.

ഷിബു ഫിലിപ്പ് said...

സീഡിയൻ: സ്പാമില്‍ നിന്നും കമന്റ് തിരികെ ഇട്ടിട്ടുണ്ട്. വിവരങ്ങള്‍ക്ക് വളരെ നന്ദി.

ഷിബു ഫിലിപ്പ് said...

മാണിക്യം: "മെന്റലി ചലഞ്ച്‌ഡ് ആന്‍ഡ് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആയുള്ള കുട്ടികളെ ട്രേയിന്‍ ചെയ്യുന്ന ജോലി ഞാന്‍ ഒരു ദശകത്തിലധികം കാലം ചെയ്തു. ഈ കാലയളവില്‍ ഓട്ടിസം ഉള്ളവരേയും പരിശീലിപ്പിച്ചു." ഓട്ടിസം ഉള്ളവരെ പരീശീലിപ്പിച്ചതില്‍ നിന്നും വളരെയധികം എഴുതുവാന്‍ കാണുമല്ലോ. എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?.സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

yousufpa : സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

റോസാപൂക്കള്‍: സുകേഷിന്റെ പാട്ടുകള്‍ യൂറ്റ്യൂബില്‍ പരതിയാല്‍ കാണാം.സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

സുലേഖ : സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

mottamanoj: സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക

വീ.കെ.ബാല: സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

കുസുമം ആര്‍ പുന്നപ്ര: സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.

സീഡിയൻ:സന്ദര്‍ശനത്തിനും comment - നും നന്ദി , വീണ്ടും വരിക.