Monday, April 19, 2010

പകല്‍ രാത്രിയാകുന്നത് എങ്ങനെ?

കുവൈറ്റില്‍ രാവിലെ സമയം 7.45 കഴിഞ്ഞു. എന്നാല്‍ ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍ രാത്രി 7.45 പോലെ തോന്നിച്ചു. വഴി വിളക്കുകള്‍ മുതല്‍ എല്ലാ വിളക്കുകളും കത്തി. സജീബ് പറഞ്ഞത് വെള്ളിയാഴ്ചയായിരുന്നുവെങ്കില്‍ ലോകം അവസാനിക്കുകയാണെന്ന് വിചാരിച്ചേന്നേ. കാരണം ദൂരെ രണ്ടു മൂന്ന് കറുത്ത തൂണുകള്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. എല്ലായിടവും ഇരുട്ട് വ്യാപിക്കുന്നു. മുജീബ് സുലൈബയ്ക്കടുത്ത് കടയില്‍ പോയപ്പോള്‍ കറത്തിരുണ്ട് വലിയ പൊടി കാറ്റ് വരുന്നു. അങ്ങനെയെന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല. അവന്‍ വണ്ടിയുടെ അടുത്തേക്ക് ഓടി.  വണ്ടിയുടെ അടുത്തെത്തുന്നതിനു മുമ്പ്‌ എല്ലാം ഇരുണ്ട് കഴിഞ്ഞിരുന്നു. വണ്ടിയില്‍ പോയി ഇടിച്ചു നിന്നു. ദജ്ജാലിന്റെ വരവാണോ?. സിറിയക്കും ഇറാക്കിനുമിടയിലുള്ള "ഖല്ല" യില്‍ നിന്നാണ് അവന്‍ പുറപ്പെടുന്നതെന്നു കേട്ടിട്ടുണ്ട്. അന്തിക്രിസ്തുവിന്റെ വരവാണോ? യേശു ക്രിസ്തുവിന്റെ കാലത്തുള്ള റോമാ സാമ്രാജ്യത്തിനു പകരമായല്ലേ യുറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത്. 2012- ല്‍ കാലം അവസാനിക്കുന്ന മായന്‍ കലണ്ടറും   ഇതെല്ലാം  ജനങ്ങളില്‍ ഉളവാക്കുന്ന ഭീതിയും. നാട്ടിലാണെങ്കില്‍ കൊടിയ ചൂടും.

 
ഇരുട്ടിന്റെ മീതെ ഭയങ്കര മഴ. ഇരുട്ട് അവസാനിച്ചു. വഴക്കുണ്ടാകുന്ന കൊച്ചു കുട്ടികളെ അടിക്കുവാന്‍ വടിയുമായി ഓടി നടക്കുന്ന അമ്മയായി ആ മഴ എത്തിയതു നല്ലതായി. മഴയെ ആരാണ് സ്നേഹിക്കാത്തത്, കണ്ടു നില്‍ക്കുവാന്‍ കൊതിക്കാത്തത്?.

ഇവിടെയിരുന്നാലും മാജിക്കല്‍ റിയലിസം എഴുതാം, ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു. എഴുതിയാല്‍ ഇതു കാണാത്ത, അനുഭവിക്കാത്ത ആര്‍ക്കെങ്കിലും മനസ്സിലാകുമോ?.  ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല.................

YOUTUBE - ല്‍ പോയി Sand Storm Kuwait- 17 April 2010 എന്ന് അന്വേഷിച്ചാല്‍ കുറച്ചു മനസ്സിലാകും. രാവിലത്തെ എട്ടു മണിയെങ്ങനെ രാത്രി എട്ടു മണി പോലെയാകുമെന്ന്.

10 comments:

സുനില്‍ കെ. ചെറിയാന്‍ said...

ആ ശനിയാഴ്ച-മഴ മുഴുവന്‍ ജനാലയ്ക്കല്‍ നിന്ന് കണ്ടു, കുളിര്‍ത്തു. പതിയെ ഫോര്‍ത്ത് റിങ്ങ് തോടായി മാറി. ഹുങ്കോടെ വന്ന ചില വണ്ടികള്‍ അവ തെറിപ്പിച്ചുയര്‍ത്തിയ കുന്നോളം പോന്ന വെള്ളം കണ്ട് വിശ്വസിക്കാനാവാതെ അടങ്ങുന്നതും കാണായി. 'സറായാത്' എന്നറിയപ്പെടുന്ന പ്രവചനാതീതമായ കാറ്റിനെ ലോകാവസാനവുമായി വീശിയടിപ്പിക്കുന്നത് കാറ്റില്‍ പറന്ന ഭാവനയാണ്.

ഷിബു ഫിലിപ്പ് said...

അത് സുനിലിനും, എനിക്കും, അന്ന് സംഭവിച്ചതിനെ കുറിച്ച് എന്നോട് സംസാരിച്ച ചിലര്‍ക്കും അറിയാമായിരിക്കാം. വിശ്വാസത്തിന്റെ / അന്ധവിശ്വാസത്തിന്റെ തരം തിരിവിന്റെ ഉറവിടം മുതല്‍ ഭ്രാന്തമായ ഭാവനയിലേക്ക് വരെ എന്റെ വിഷയങ്ങള്‍ കടന്നു കയറുന്നു. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ലവരില്‍ ഒരാള്‍ എഴുത്തും വായനയും അറിയാത്ത ഒരു ഈജിപ്ഷ്യന്‍ ആയിരുന്നു. നമ്മുക്കു ചുറ്റും എല്ലാവിധ ആള്‍ക്കാരും ഉണ്ട്, അവരെ ആയിരം കണ്ണുകള്‍ കൊണ്ട് ഇനിയും കാണുവാന്‍ സാധിക്കട്ടെ, അവരുടെ സാന്നിധ്യത്തില്‍ നിന്നും അവരുടെ ആയിരം തലമുറ വരെ പുറകിലേക്കു കാണുവാന്‍ അകകണ്ണും എപ്പോഴും ഉണ്ടായിരിക്കട്ടെ.

ഇങ്ങനെയൊന്ന്, പകല്‍ രാത്രിയാകുന്നത് ഇവിടെ ആദ്യമാണെന്ന് എല്ലാവരും പറയുന്നു.

നന്ദി സുനില്‍
Shibu Philip

വീ.കെ.ബാല said...

അതെ പെട്ടന്ന് ഇരുണ്ടുവെളുത്തു, അല്ലെങ്കിൽ മഴ വൃത്തിയാക്കി

വിചാരം said...

അഞ്ചു വര്‍ഷ ഇറാഖ് ജീവിതത്തിനിടയില്‍ ഇതുപോലെ ഒന്ന് രണ്ടു തവണ ഉണ്ടായിട്ടുണ്ട് ...

പ്രവാസി എന്ന പ്രയാസി said...

സെക്കണ്റ്റുകള്ക്ക؎കം മാറും കുവൈത്തിലെ കാലാവസ്ഥ എന്ന്‌ വെറുതെ പറയുന്നല്ല.. അതൊരു തുറന്ന സത്യമാണ്‌.
അന്ന് രാവിലെ ജോലിക്ക്‌ വരുമ്പോള്‍ നല്ല തെളിഞ്ഞ അന്തരീക്ഷം. ഏകദേശം 45 മിനുട്ട്‌ യാത്ര ചെയ്യണം ജോലി സ്ഥലത്തേക്ക്‌. ഫഹാഹീലില്‍ നിന്നും അര്ദിനയയിലേക്ക്‌. 7.30 ന്‌ തന്നെ നല്ല മഴക്കോള്‍ ആകാശത്ത്‌ ദൃശ്യമായിരുന്നു.. 6 റിംഗ്‌ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ദൂരെ മൂടല്‍ കാണാമായിരുന്നു. അത്‌ ക്രമേണ അടുത്തടുത്ത്‌ വന്നു. പിന്നെ ഇളം മഞ്ഞനിറത്തില്‍ ശക്തിയേറിയ പൊടിക്കാറ്റ്‌.. രാത്രി 9 മണിയായ പ്രതീതി.. സ്ട്രീറ്റ്‌ ലാമ്പുകള്‍ കഥയറിയാതെ മിന്നി.. അഞ്ചു മീറ്റര്‍ അകലത്തില്‍ പോലും ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥ .. ഡ്രൈവര്‍ മുന്നില്‍ തൂക്കിയിട്ട കുരിശു മാലയില്‍ പിടിച്ച്‌ ഇങ്ങനെ പറഞ്ഞു . ' കര്ത്താറവെ ഇത്‌ ലോകാവസാനമാണോ.. പിന്നെയിതാ വരുന്നു ശക്തിയേറിയ മഴ..

ഒരു വിധം ഓഫീസിലെത്തിയപ്പോള്‍ പതിവില്‍ നിന്ന്‌ വിപരീതമായി സുഹൃത്ത്‌ പറയുന്നു 'ഗുഡ്നൈറ്റ്‌'

maneesh said...

പ്രകൃതിയുടെ പ്രതിഭാസങ്ങല്‍ നമുക്ക് സുപരിചിതമയത് കുറെ കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്, എന്നും പതിവ് പോലെ ഓഫീസില്‍ എത്തി ഇന്നലെ ബാക്കി വെച്ച ജോലിയില്‍ കണ്നോടിചിരിക്കുമ്പോള്‍ എന്റെ സുഹൃത്ത് ഓടി വന്നു പറഞ്ഞു പുറത്തു സന്ധ്യനെരത്തിന്റെ പ്രതീതി,ഞങ്ങല്‍ രണ്ടു പേരും പുറത്തെ ജനാലയില്‍ വന്ന് ആകാശത്തെ നോക്കിയപ്പോള്‍ രാത്രി എട്ടു മണി ആയപോലെ, പിന്നെ മരുഭൂമിയിലെ കോരിച്ചൊരിയുന്ന മഴയും കണ്ടപ്പോള്‍ മഴയെ മനം നിറഞ്ഞു സ്നേഹിക്കുന്ന എനിക്കുപോലും ഷിബു ചേട്ടന്‍ പറഞ്ഞ ലോകാവസാനം ഒരു മിന്നല്‍ പിണര്‍ പോലെ മനസിലൂടെ കടന്നു പോയിരുന്നു, "പ്രകൃതിയുടെ കളിയാട്ടത്തില്‍ മനുഷ്യനാകുന്ന ഈ ജീവികള്‍ എത്ര നിസാരം," എന്ന് ഷിബു ചേട്ടന്റെ ഈ ലേഖനത്തിലൂടെ വരച്ചു കാണിക്കുന്നു......

കുളക്കടക്കാലം said...

പ്രക്രിതിയുടെ ഈ പ്രതിഭാസങ്ങള്‍ക്കുപിന്നില്‍ ദുരമൂത്ത മനുഷ്യന്റെ നിറഞ്ഞസാന്നിധ്യം കാണാതെ പോകരുത്.പഴയ കുവൈറ്റല്ലല്ലോ ഇന്നത്തെ കുവൈറ്റ്.

ഷിബു ഫിലിപ്പ് said...

എല്ലാവര്‍ക്കും നന്ദി
വീ.കെ.ബാല : അതെ, മഴ ഇരുട്ടിനെ കഴുകി വൃത്തിയാക്കി.
വിചാരം : കുവൈറ്റില്‍ ആദ്യമായാണ്, പകല്‍ ഇതു പോലെ ഇരുളുന്നത്. ഇറാക്കില്‍ പകല്‍ രാത്രി പോലെ ഇരുണ്ടിട്ടുള്ള അനുഭവത്തെപ്പറ്റി എഴുതുക.

പ്രവാസി എന്ന പ്രയാസി : ഭംഗിയായ വിവരണത്തിന് നന്ദി. നമ്മുക്ക് എല്ലാവര്‍ക്കും ആ ശനിയാഴ്ച്ച ഓര്‍ക്കുവാനായിട്ട്.
maneesh : ഇരുട്ട് ആര്‍ദിയ വശത്തു നിന്നും അഹ്മദി വശത്തേക്ക് വരുകയായിരുന്നു. അവിടെ ഓഫീസിന്റെ ജനലിലൂടെ പകല്‍ എട്ടു മണിക്ക് രാത്രി കണ്ട അനുഭവം എഴുതിയതിന് നന്ദി.
കുളക്കടക്കാലം: എല്ലായിടത്തും എന്തൊക്കെയോ മാറ്റങ്ങള്‍.
ലോകാവസാനത്തെക്കുറിച്ച് എല്ലാകാലത്തും ആളുകള്‍ പറഞ്ഞിട്ടിണ്ട്, എങ്കിലും ഇന്ന് kuwaittimes - ല്‍ കണ്ടതിന്റെ link
കൊടുക്കുന്നു.
http://www.kuwaittimes.net/read_news.php?newsid=ODYzOTA2MzM1

കഴിഞ്ഞ Sunday - യിലെ news report - ന്റെ link
http://www.kuwaittimes.net/read_news.php?newsid=NzI4MDcxODE5

എല്ലാം വെറുമൊരു ഓര്‍മയ്ക്കു വേണ്ടി മാത്രം.
Shibu Philip

xavier said...

Dear sir,

ur expression of the dark night in the morning is fabulous.

xavier jose
kharafi national.34678

ഷിബു ഫിലിപ്പ് said...

നന്ദി xavier,വീണ്ടും വരിക.
ലോകാവസാനത്തെ ചില അസാധാരണ സംഭവങ്ങളുമായി ആളുകള്‍ എപ്പോഴും ബന്ധിപ്പിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2010 ഏപ്രില്‍ 25) ആനന്ദ് എഴുതിയ ലേഖനം ആരെങ്കിലും വായിച്ചിരുന്നോ? 1930 -കളില്‍ അമേരിക്കയിലുണ്ടായ പൊടിക്കാറ്റുകളുടെ പരമ്പരയെപ്പറ്റി?.