Saturday, December 31, 2011

ടാര്‍സിയറും ടാര്‍സനും.

എല്ലാവര്‍ക്കും നന്മയും, സന്തോഷവും, സമ്യദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍.


ചിലര്‍ പ്രശ്നങ്ങളെ അതിജീവിക്കുന്നു. ചിലര്‍ പ്രശ്നങ്ങളില്‍ മുങ്ങി മരിക്കുന്നു. ആ കൂട്ടത്തില്‍ പെട്ടവരാണ് അതികഠിനമായ ജോലി സമര്‍ദ്ധത്തില്‍ പെട്ട്, കടഭാരത്തില്‍ അല്ലെങ്കില്‍ പലവിധ പ്രശ്നങ്ങളില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നത്.

സയന്‍സില്‍ മനുഷ്യനും കൂടി ഉള്‍പ്പെടുന്ന സസ്തനികള്‍ ഉള്ള ഗ്രൂപ്പിനെ പ്രൈമേറ്റ് എന്നറിയപ്പെടുന്നു. ആ ഗണത്തിലുള്ള ഏറ്റവും ചെറിയ ഒരു കൂട്ടമാണ് ടാര്‍സിയേഴ്സ് എന്നറിയപ്പെടുന്നത്. അതില്‍ ഫിലിപ്പൈന്‍ ടാര്‍സിയര്‍ (Philippine Tarsier) എന്ന ഒരു വിഭാഗമുണ്ട്. വലിയ ഉണ്ട കണ്ണുകളുള്ള 180 degrees തല തിരിക്കുവാന്‍ കഴിവുള്ള വളരെ ചെറിയ ഒരു ജീവി. ഒരു കാമറ ഫ്ലാഷ് മതി ഒരു ടാര്‍സിയറിനെ കൊല്ലുവാന്‍. അതിനെ ഒരു കൂട്ടിലടച്ചാല്‍, ഭിത്തിയിലോ, അഴിയിലോ തലയോട് പിളരുന്നതു വരെ തലയിട്ടടിച്ച് ആത്മഹത്യ ചെയ്യും ഈ ജീവി. എപ്പോഴും ഇതിനെ മനുഷ്യര്‍ കൈയില്‍ എടുക്കുകയാണെങ്കില്‍ അതിന്റെ സമ്മര്‍ദ്ധം കൊണ്ട് മരിച്ച് പോകുവാനും മതി.  സാഹചര്യ സമ്മര്‍ദ്ധം കൊണ്ട് ആത്മഹത്യ ചെയ്യുന്ന ഒരു വിചിത്ര ജീവിയാണ് ടാര്‍സിയര്‍.

Edgar Rice Burroughs - ന്റെ സ്യഷ്ടിയാണ് ടാര്‍സന്‍. ടാര്‍സന്റെ കാര്‍ട്ടൂണ്‍ പണ്ട് പത്രത്തില്‍ എല്ലാ ഞായറാഴ്ചയും വന്നിരുന്നു. ചെറുപ്പത്തില്‍ അത് വായിക്കുവാനായി കാത്തിരിക്കുമായിരുന്നു. പിന്നീട് അത് പുസ്തക രൂപത്തില്‍ മലയാളത്തില്‍ വന്നു. ടാര്‍സന്‍ വനത്തില്‍ വളര്‍ന്നവന്‍ എന്നാല്‍ എല്ലാ വിധ പ്രതിസന്ധിയേയും അതിജീവിക്കുന്നവന്‍. ക്ഷീണമുള്ളവന്റെ പക്ഷത്തു നിന്നു കൊണ്ട് അവനെ അക്രമിക്കുന്ന ബലവാനായിരിക്കുന്നവനെതിരെ പോരാടുന്നവന്‍. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നവന്‍. അവനെയും വളര്‍ത്തി വലുതാക്കിയത് മനുഷ്യര്‍ ഉള്‍പ്പെടുന്ന പ്രൈമേറ്റിലുള്ള ഒരു വിഭാഗവും.

രണ്ടു വഴിയെയുള്ളു നിങ്ങള്‍ക്ക് ഒരു ടാര്‍സനെ പോലെ പ്രതിസന്ധികളെ അതിജീവിച്ച്, പ്രകൃതിലേക്ക തിരികെ വന്ന് ജീവിക്കാം, അല്ലെങ്കില്‍ ഒരു ടാര്‍സിയറിനെ പോലെ മരിക്കാം.
ഏതു വേണം ഈ പുതുവര്‍ഷത്തില്‍, ആത്മഹത്യ ചെയ്യുവാന്‍ പോകുന്നവര്‍ കുറഞ്ഞ പക്ഷം ടാര്‍സനെയെങ്കിലും ഓര്‍ക്കുക, അല്ലെങ്കില്‍ നഗരത്തിലുള്ള ടാര്‍സനെ കണ്ടു പിടിക്കുക, ജീവിതം തുടരുക. നിലനില്‍ക്കുവാന്‍ കഴിവില്ലാതെ അത്മഹത്യ ചെയ്യുന്ന കര്‍ഷകരും, ജോലി സമ്മര്‍ദ്ധം താങ്ങാനാകാതെ അത്മഹത്യ ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജോലിക്കാരും ഇനിയും മലയാളികളില്‍ ഉണ്ടാകരുത്. നിങ്ങള്‍ ടാര്‍സിയേഴ്സിന്റെ പിന്‍ഗാമികള്‍ അല്ല.

ഒരു കഥാകാരന് എന്തായാലും ഇങ്ങനെ പറയാം, ടാര്‍സിയറും ടാര്‍സനും ഒരു നഗരത്തില്‍ എപ്പോഴും കാണും.