Monday, October 31, 2011

സുകേഷ് കുട്ടന്റെ സംഗീതവും ചില ചിന്തകളും


Hardy abhorred politics, considered applied mathematics repellent, and saw pure mathematics as an esthetic pursuit best practiced for its own sake, like poetry or music.

A beautiful mind
Sylvia Nasar

Paul Erdos മുകളില്‍ പറഞ്ഞ G. H. Hardy യോടു ചോദിച്ചു ഗണിതശാസ്ത്രത്തിന് താങ്കളുടെ സംഭാവന എന്തായിരുന്നുവെന്ന്, അതിന് ഹാര്‍ഡി മറുപടി പറഞ്ഞത് രാമനുജനെ കണ്ടെത്തിയത് എന്നായിരുന്നു. അതെ ശ്രീനിവാസ രാമാനുജന്‍ തന്നെ. ഇങ്ങനെ ഹാര്‍ഡിയും, രാമാനുജനും, ജോണ്‍ നാഷും മറ്റും വീണ്ടും ചിന്തയില്‍ വന്നു കൊണ്ടിരിന്നപ്പോഴാണ് ഒരു സ്നേഹിതന്‍ വിളിച്ചത്. സുകേഷ് കുട്ടന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ 6-ല്‍ പാടിയ "നീയൊരു പുഴയായി" എന്ന പാട്ട് കേള്‍ക്കുവാന്‍, യൂ റ്റ്യുബില്‍ ഉണ്ടെന്നും അത് കാണണമെന്നും. എന്തൊക്കെയോ ഓര്‍മ്മകളിലേക്ക് ആ ശബ്ദം നയിച്ചു, അറിയപ്പെടാതെ അബോധതലത്തില്‍ കിടന്ന എന്തിനെയോ തട്ടിയുണര്‍ത്തിയതായി തോന്നി.

സംഗീതം അത് ആദ്യമായി കേട്ട സമയത്തുള്ള മാനസികാവസ്ഥയിലേക്ക്, ചില ഓര്‍മ്മകളിലേക്ക് എന്നെ നയിക്കുവാറുണ്ട്. ആദ്യമായി കേള്‍ക്കുന്ന സംഗീതമാണെങ്കില്‍ പോലും ചിലപ്പോള്‍ അറിയാതെ കിടക്കുന്ന ഏതോ ചിന്തകളെ നനച്ച് ഉണര്‍ത്താറുണ്ട്. "നീയൊരു പുഴയായി" എന്ന ഗാനത്തിന്റെ ആലാപനം കെ. ജെ. യേശുദാസ് എന്ന് തെറ്റിയെഴുതിയാണ് ഏഷ്യാനെറ്റില്‍ കാണിച്ചതെങ്കിലും, വലിയ തെറ്റൊന്നും കാണിക്കാതെ, ദൈവം വരദാനമായി കൊടുത്ത നല്ല ശബ്ദത്തില്‍ സുകേഷ് ആ പാട്ട് പാടി. ജയചന്ദ്രന്‍ പാടിയ ആ ഗാനത്തിന് അതോടു കൂടി വീണ്ടും ഒരു ഉണര്‍വ് കിട്ടുകയായിരുന്നു. "നീയൊരു പുഴയായി" എന്ന ഗാനം തിളക്കം എന്ന ജയരാജിന്റെ സിനിമായിലുള്ളതാണ്.

നല്ല ഗാനങ്ങളുമായി മികച്ച പ്രകടനം കാണിക്കുവാന്‍ സുകേഷ് വീണ്ടും, വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം. ഓസ്റ്റിക് സാവെയ്ന്റിന്റെ(Savant)കൂട്ടത്തിലേക്ക് സുകേഷിന്റെ പേരും കടന്നു വരുന്നുണ്ടോ?.

Music is hidden exercise in arithmetic, of a mind unconscious of dealing with numbers എന്ന് Leibniz അല്ലേ പറഞ്ഞിരിക്കുന്നത്. നമ്മള്‍ സാധാരണ കേള്‍ക്കുന്ന സംഗീതം, വീണ്ടും കുറച്ചു കൂടി ആഴത്തിലേക്ക്, രാഗത്തിന്റെയും, താളത്തിന്റെയും തലത്തിലേക്ക് പോകുകയും, അവിടെ നിന്ന് അതിന്റെയെല്ലാം കണക്കുകള്‍ മാത്രം നിലനില്‍ക്കുന്ന തലത്തിലേക്ക്. അതിന്റെ മാത്രാനീയമത്തിന്റെ കണക്കിലുള്ള സൂക്ഷമതയിലേക്ക് ചില പ്രത്യേക വ്യക്തികളുടെ മനസ്സുകള്‍ പോകുന്നു. ആന്ദോളനത്തിന്റെ (Vibration) സമയക്രമം, അല്ലെങ്കില്‍ ക്യത്യമായുള്ള രാഗത്തിന്റെ കണക്കുമായി ഒത്തുചേര്‍ന്നിരിക്കുന്ന ശബ്ദത്തിന്റെയും നിശബ്ദതയുടെയും ഏറ്റവും സൂക്ഷമതയാര്‍ന്ന ക്യത്യത അറിയാവുന്ന ഒരാള്‍ അവന്‍ കണക്കില്‍ അസാധാരണമാം വിധം മികച്ചവനാണെങ്കില്‍, സംഗീതം എങ്ങനെയായിരിക്കും മനസ്സിലാക്കി എടുക്കുന്നത്.

1988 - ല്‍ ഇറങ്ങിയ റെയിന്‍ മാന്‍ എന്ന സിനിമയില്‍ ഓറ്റിസം ബാധിച്ച റെയ്മണ്ട് എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഡസ്റ്റിന്‍ ഹോഫ്മാന് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. കണക്കില്‍ ഏറ്റവും മികച്ച കഴിവുള്ളവനായ റെയ്മണ്ട്. ഈ കഥാപാത്രത്തിന്റെ നിര്‍മ്മിതിയ്ക്ക് കാരണമായ Kim Peek - ന് 12000 പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍മ്മയുണ്ടായിരുന്നുവത്രേ. ഇദ്ദേഹത്തിന് ഓറ്റിസമല്ലായിരുന്നു FG syndrome എന്ന അവസ്ഥയായിരുന്നു. കിം പീയാനോ വായിക്കുവാന്‍ പഠിച്ചപ്പോള്‍ അദ്ദേഹത്തിന് ദശകങ്ങള്‍ക്ക് മുമ്പ് കേട്ട പാട്ടുകള്‍ ഓര്‍മ്മ വരുമായിരുന്നു. കേള്‍ക്കുന്ന പാട്ടും കേട്ടിട്ടുള്ള മറ്റു പാട്ടുകളുമായി താരതമ്യം ചെയ്യുമായിരുന്നു. ഒരുപക്ഷെ, ഇങ്ങനെയുള്ളവര്‍ ഈ കണക്കുകളുടെ ലോകത്തില്‍ മാത്രം നിന്നു കൊണ്ട് നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കാത്ത രീതിയില്‍ സംഗീതത്തെ കാണുന്നുണ്ടോ?. കണക്കും അതിന്റെ കൂടെ സംഗീതവും മാത്രമുള്ള ഒരു ലോകം. ഗണിതശാസ്ത്രത്തിലേ മഹാപ്രതിഭകള്‍ക്ക് സംഗീതം എങ്ങനെയായിരുന്നു. കണക്കിന്റെ ലോകത്തെ സന്യാസി എന്ന് വിശേഷിക്കപ്പെട്ട പോള്‍ എര്‍ദോഷ് (Paul Erdos) സംഗീതത്തെക്കുറിച്ച് ശബ്ദമെന്ന് (Noise) മാത്രമാണ് പറഞ്ഞിരിക്കുന്നത്. അറിയാവുന്ന ഗണിതശാസ്ത്രഞ്ജമാരുടെ വീടുകളില്‍ ചെന്ന് വാതിലില്‍ മുട്ടുകയും തുറക്കുമ്പോള്‍ "My brain is open" എന്ന് പറഞ്ഞ് അവരുടെ അതിഥിയായി കുറച്ചു കാലം കഴിഞ്ഞതിനു ശേഷം അവിടെ നിന്നും അടുത്ത സ്നേഹിതന്റെ വീട്ടിലേക്ക് പോകും, അങ്ങനെയുള്ള യാത്രകള്‍ നടത്തി മാത്രം ജീവിതം കഴിച്ച ലോക പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍, അദ്ദേഹത്തിന് സംഗീതം വെറും ശബ്ദമായിരുന്നുവെങ്കില്‍ ഗ്രിഗറി പേര്‍ഇല്‍മന്‍ ഒരു നല്ല വയലിനിസ്റ്റും കൂടിയാണ്. ഗണിതശാസ്ത്രലോകത്തെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Fields medal നിരാകരിച്ച, മറ്റു ചില പ്രശസ്ത സമ്മാനങ്ങളും നിരാകരിച്ച ഗ്രിഗറി പേര്‍ഇല്‍മാന്‍ (Grigori Perelman), പണത്തിലോ പ്രശസ്തിയിലോ എനിക്കൊട്ടും തല്പര്യമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവും മികച്ചവര്‍ അവര്‍ക്കിഷ്ടപ്പെട്ട ജോലിയിലൂടെ തന്നെ അവര്‍ക്ക് വേണ്ടുന്ന ആനന്ദം കണ്ടെത്തുന്നുണ്ട്. ചില വലിയ ഗണിതശാസ്ത്രജ്ഞന്മാര്‍ക്ക് സംഗീതം ഇഷ്ടമായിരുന്നുവെങ്കില്‍ ചിലര്‍ക്ക് അത്ര ഇഷ്ടമല്ലായിരുന്നു.

റെയിന്‍ മാന്‍ എന്ന സിനിമയില്‍ റെയ്മണ്ട് എന്ന ഓറ്റിസം ബാധിച്ച കഥാപാത്രത്തെ അദ്ദേഹത്തിന്റെ സഹോദരന്‍ ലാസ് വേഗസിലെ പ്രശസ്തമായ ചൂതാട്ടകേന്ദ്രങ്ങളില്‍ കൊണ്ട് പോകുകയും ധാരാളം പണം സമ്പാദിക്കയും ചെയ്യുമ്പോഴും റെയ്മണ്ടിന് ഇതിലെന്നും വലിയ താത്പര്യമില്ലായിരുന്നു.

കണക്കും സംഗീതവും തമ്മില്‍ എന്താണ് ബന്ധം?, സംഗീതസിദ്ധാന്തവാദി ഒരു പക്ഷെ ഗണിതശാസ്ത്രത്തെ സംഗീതം മനസ്സിലാക്കുവാന്‍ ഉപയോഗിക്കുമായിരിക്കും, ഒരു പക്ഷെ ശബ്ദശാസ്ത്രത്തിനായിരിക്കാം (acoustics) കണക്കിന്റെ കൂടുതല്‍ ഉപയോഗം വേണ്ടി വരുന്നത്.

എന്തായാലും, സ്നേഹിത നന്ദി, സുകേഷിന്റെ പാട്ടു കേള്‍ക്കുവാന്‍ വിളിച്ച് പറഞ്ഞതിന്, നന്ദി ഏഷ്യാനെറ്റ് സുകേഷിനെ തിരഞ്ഞെടുത്തതിന്, പരിചയപ്പെടുത്തിയതിന്.

സുകേഷിന്റെ പാട്ടുകള്‍ കേള്‍ക്കുവാനും സൗന്ദര്യബോധം നിറഞ്ഞ ഒരു പിന്തുടരല്‍ നമ്മുക്ക് നടത്താം.