Haruki Murakami ഓടുമ്പോള്‍ കേള്‍ക്കുന്ന പാട്ടുകളില്‍ Lovin’ spoonful -ലിന്റെ ആല്‍ബത്തില്‍ നിന്നുള്ള പാട്ടുകളും ഉള്‍പ്പെടും. മുറാകാമി എഴുതിയ What I Talk About When I Talk About Runningഎന്ന പുസ്തകത്തിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്.
അവരുടെ ഒരു പ്രശസ്തമായ പാട്ടാണ് Six O' Clock. 1960 - കാലഘട്ടത്തിലുള്ള ഒരു പാട്ട്. ആ പാട്ടിന്റെ ആദ്യ വരികള്‍ ഇപ്രകാരമാണ്.
There's something special 'bout six o'clock
In the morning when it's still too early to knock
ഈ പാട്ടിന്റെ ഈ ആദ്യ വരികള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ വരുന്നതും, വളരെ ദിവസം എന്നെ വിടാതെ പിന്തുടര്ന്നതുമായ ഒരു ചിത്രമുണ്ട്. രാവിലെ ആറു മണിക്ക് സാക്ഷ ഇടാത്ത വാതിലിലൂടെ ഇറങ്ങി പോയി തിരികെ മടങ്ങി വരാത്ത കവി അയ്യപ്പന്റേത്.
അയ്യപ്പന് "രാവിലെ ആറിന് സഹോദരിയുടെ മകന് ജയകുമാറിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് കിടക്കുകയാണ് - ജയന് പറഞ്ഞു. തുറന്ന് കിടന്ന വാതിലിലൂടെ അയ്യപ്പന് ഇറങ്ങിപ്പോയി" എസ്. എന്‍ ജയപ്രകാശ് മാതൃഭൂമി പത്രത്തില്‍ എഴുതിയത്.
രാവിലെ ആറിന് വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെടുക, തുറന്ന് കിടക്കുകയാണെന്ന് കേള്‍ക്കുക. തുറന്ന് കിടക്കുന്ന വാതിലിലൂടെ ഇറങ്ങിപ്പോകുക. പിന്നിട് ആ വാതിലിലൂടെ ഒരിക്കലും തിരികെ ജീവനോടെ നടന്നു വരാതെ മരണത്തിലേക്ക് പോകുക.
വാതിലിന്റെ സാക്ഷ ഞാനിട്ടില്ല.
പക്ഷെ, കാണാം
സാക്ഷിയായ് കത്തുന്നല്ലോ
നിന്റെ പട്ടട ദൂരെ.
(വീടു വേണ്ടാത്ത കുട്ടി - എ. അയ്യപ്പന്)
സാക്ഷയിട്ടിട്ടില്ലാത്ത ആ വാതിലിലൂടെ അന്നു രാവിലെ ആറു മണിക്ക് അയ്യപ്പന് നടന്നിറങ്ങി. നിങ്ങളാരെങ്കിലും അന്നു പകല്‍ അദ്ദേഹത്തോടു സംസാരിച്ചിരുന്നുവോ?
Thursday, November 18, 2010
Subscribe to:
Posts (Atom)