ഉഗെറ്റ്സു(Ugetsu) എന്ന സിനിമ തന്ന കാഴ്ചാനുഭവങ്ങള്‍ എന്നെ ജീവിതത്തെക്കുറിച്ചുള്ള വളരെയധികം ചിന്തകളുടെയും സന്ദേഹങ്ങളുടെയും ലോകത്തെത്തിച്ചു. അതൊടൊപ്പം സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി യാത്ര തിരിച്ച ചില കലാകാരന്മാരും ചിന്തകരും എന്റെ മനസ്സിലൂടെ കടന്നു പോയി.
എന്താണ് ജീവിതം? ഇതു വെറുമെരു സ്വപ്നം മാത്രമായിരിക്കാം. ഇന്നലെ വരെ ഒരു ഓര്‍മ്മ മാത്രം. ചെടി ഭൂമിയില്‍ നിന്നും പിഴുതെടുത്താല്‍ ഉണങ്ങി പോകുന്നു. മത്സ്യത്തെ വെള്ളത്തില്‍ നിന്നും പുറത്തെടുത്താല്‍ ചത്തു പോകുന്നു. അതുപോലെ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഒരുമ്മിച്ച് ജീവശക്തി നഷ്ടപ്പെടാതെ ഇരിക്കുവാനുള്ള ഒരു ഇരിപ്പിടമാണോ കുടുംബം. ഏതൊരു മനുഷ്യജീവിയും കുടുംബ ജീവിതം തുടങ്ങിയാല്‍ അങ്ങനെയായിരിക്കണം. അല്ലെങ്കില്‍ അങ്ങനെയുള്ള ജീവിതം തുടങ്ങാതെയിരിക്കുക, എന്നു വല്ലതുമായിരിക്കുമോ, കുടുംബബന്ധം വിട്ടു പോകുകയും ആകസ്മികമായി പിന്നീട് മടങ്ങിയെത്തുകയും ചെയ്യുന്ന കുടുംബനാഥന്മാരുടെ കഥകളിലൂടെ ഈ ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്. അതല്ല സ്വപ്നം പിന്തുടരുന്നവന്‍ വീടു വിടുക എന്നുമുണ്ടോ?. കുടുംബത്തെ മറന്ന് സ്വന്തം സ്വപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ നടക്കുന്ന എല്ലാ പുരുക്ഷന്‍മരെയും ഓര്‍ക്കുന്ന ഒരു മികച്ച സിനിമയാണിത്, അതെ സമയം, സ്വന്തം ജീവിതത്തെ തകര്‍ക്കുകയും വിചിത്ര സ്വപ്നങ്ങളില്‍ അകപ്പെടുത്തുകയും ചെയ്യുന്ന യക്ഷിമാരില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള സിനിമ. കുടുംബനാഥന്‍മാരായ ആണുങ്ങള്‍ അവരുടെ സ്വപ്ന സാക്ഷാത്കരണത്തിന് എടുക്കുന്ന ചില തീരുമാനങ്ങള്‍ എങ്ങനെ കുടുംബത്തിനെ ബാധിക്കുന്നു എന്നെല്ലാം ഉറക്കെ ചിന്തിക്കുന്ന സിനിമായാണ് കെന്‍ജി മിസോഗുച്ചിയുടെ ഉഗെറ്റ്സു. ജപ്പാനീസ് ഭാഷയിലിറങ്ങിയ ചിത്രത്തിന്റെ മുഴുവന്‍ പേരും ഉഗെറ്റ്സു മൊണൊഗറ്റോറി എന്നാണ്.
ഉഗെറ്റ്സു എന്ന 1953-ലെ സിനിമ കാണുമ്പോള്‍ ഐതിഹ്യമാല വായിച്ചിട്ടുള്ള മലയാളികള്‍ക്ക് കാലടിയിലെ ഭട്ടതിരി എന്ന ഭാഗം ഓര്‍മ വരും. ഐതിഹ്യമാലയിലെ കഥയില്‍ ഭട്ടതിരിയും സ്നേഹിതന്‍ നമ്പൂരിയും രാത്രിയില്‍ തൃശ്ശിവപേരൂര്‍ പൂരം കാണുവാന്‍ യാത്ര തിരിച്ചു. ’യക്ഷിപ്പറമ്പ്’ എന്ന സ്ഥലത്തിന് സമീപമായപ്പോള്‍ സര്‍വാംഗസുന്ദരികളായ രണ്ടു സ്ത്രീകള്‍ വഴിയില്‍ നില്‍ക്കുന്നതു കാണുകയും പിന്നീട് സ്ത്രീകളുടെ കൂടെ അവരുടെ വീട്ടിലേക്ക് രാത്രി കഴിച്ചു കൂട്ടുന്നതിനായി പോകുകയും ചെയ്തു.
"കുറച്ചു ചെന്നപ്പോള്‍ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകള്‍ ബ്രഹ്മണരെ ആ മാളികയില്‍ കൂട്ടി കൊണ്ടു പോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഭട്ടതിരിയെയും ഒന്നില്‍ നമ്പൂരിയെയും കൊണ്ടു ചെന്നു കിടത്തി". ദേവീമാഹാത്മ്യം എന്ന ഗ്രന്ഥമുണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ട നമ്പൂരി നേരം വെളുത്ത് നോക്കിയപ്പോള്‍ "അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളില്‍ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തില്‍ താഴെയിറങ്ങി. അപ്പോള്‍ അതിനടുത്തുള്ള കരിമ്പനയുടെ ചുവട്ടില്‍ ഭട്ടതിരിയുടെ നഖങ്ങളും കുടുമയും മാത്രം കിടക്കുന്നതു കണ്ടു. തലേ ദിവസം കാണപ്പെട്ട സ്ത്രീകള്‍ മനുഷ്യ സ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലം കൊണ്ട് അവരെ മനുഷ്യസ്ത്രീകളാണെന്നും കരിമ്പന മാളീകയാണെന്നും" തോന്നിച്ചതാണ് എന്നും മറ്റും നമ്പൂരിക്കു മനസ്സിലായി.
ഉഗെറ്റ്സു എന്ന സിനിമയില്‍ ഗെന്‍ജൂരോ എന്ന കളിമണ്‍പാത്രനിര്‍മാണകാരന്‍ ലേഡി വകാസയുടെ മാളികയില്‍ താമസ്സിക്കുന്നു. പക്ഷെ പിന്നീട് അയാള്‍ക്ക് മനസ്സിലാകുന്നു അവിടെ അങ്ങനെയൊരു മാളീകയില്ലായിരുന്നുവെന്നും എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നും. യക്ഷികളുടെ കഥ പറയുന്ന മലയാളിയും ഏകദേശം അതേ കഥ ഉയര്‍ന്നു വരുന്ന ഒരു ജാപ്പനീസ് സിനിമയും.
ജപ്പാനീസ് സിനിമയും നമ്മുടെ നാടോടിക്കഥകളും തമ്മില്‍ സാമ്യമുള്ള വേറൊരു പ്രശസ്തമായ സിനിമാ കൂടിയുണ്ട്.
കുറുക്കന്റെ കല്യാണം എപ്പോഴാണ് നടക്കുന്നത് എന്ന് എല്ലാ മലയാളികള്‍ക്കുംഅറിയാമെന്ന് കരുതുന്നു. നല്ല വെയിലുള്ള പകല്‍ക്കാലത്ത് മഴ പെയ്യുകയാണെങ്കില്‍ കുറുക്കന്റെ കല്യാണം നടക്കുന്നു എന്നൊരു പറച്ചിലുണ്ട്. കുറോസോവയുടെ ഡ്രീംസ് എന്ന സിനിമയില്‍ ഇപ്രകാരമുള്ള ഒരു കഥ പറയുന്നുണ്ട്.
പതിനെട്ടാം നൂറ്റണ്ടില്‍ എഴുത്തപ്പെട്ട പ്രേതകഥകളില്‍ നിന്ന് എടുക്കപ്പെട്ട് Kenji Mizoguchi സംവിധാനം ചെയ്ത സിനിമായാണ് ഉഗെറ്റ്സു മൊണൊഗറ്റോറി - Ugetsu monogatori (Tales of the moon and rain). ഉഗെറ്റ്സു എന്ന സിനിമായുടെ കഥ നടക്കുന്നത് പതിനാറം നൂറ്റാണ്ടിലെ ജപ്പാനിലാണ്. പ്രധാന കഥാപാത്രം ഗെന്‍ജൂരോ എന്ന കുശവനും അയാളുടെ ഭാര്യ മിയാഗിയുമാണ്. എവരെ അവതരിപ്പിച്ചിരിക്കുന്നത് യഥാക്രമം മസയുകി മോറിയും കിനുയോ ട്ടനാകയുമാണ്. എങ്ങനെയെങ്കിലും ഒരു സാമുറായി ആകണം എന്ന് ആഗ്രഹിക്കുന്ന റ്റോബി എന്ന കര്‍ഷകനും അയാളുടെ ഭാര്യ ഒഹാമയും. ഗെന്‍ജൂരോയിക്ക് എങ്ങനെയെങ്കിലും ധാരാളം പണം ഉണ്ടാക്കണം എന്ന ആഗ്രഹം, അതെ സമയം റ്റോബിക്ക് എങ്ങനെയെങ്കിലും ഒരു സാമുറായ് ആകണം. പക്ഷെ ആയാളുടെ കൈവശം സാമുറായിയായി തീരുവാന്‍ വേണ്ട കുന്തവും പടച്ചട്ടയും വാങ്ങിക്കുവാന്‍ ഉള്ള പണമില്ല. രണ്ടു പേരും കൂടി കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നു. പട്ടാളം അവരുടെ ഗ്രാമത്തില്‍ വന്ന് എല്ലാം കൊള്ളയടിക്കുന്നു എങ്കിലും ഈ രണ്ടു കുടുംബങ്ങള്‍ അവിടെ നിന്നും ഓടി രക്ഷപെടുന്നു. കളിമണ്‍ പാത്രങ്ങള്‍ വേറൊരു പട്ടണത്തില്‍ കൊണ്ടു പോയി വില്‍ക്കുവാന്‍ രണ്ടു കുടുംബങ്ങളും ഒരു വള്ളത്തില്‍ കയറി യാത്രയാകുവാന്‍ തുടങ്ങുന്നു എങ്കിലും പത്തു ദിവസ്സത്തിനുള്ളില്‍ തിരികെ വരുമെന്ന് പറഞ്ഞ് ഗെന്‍ജൂരോ ഭാര്യയെയും കുഞ്ഞിനെയും നദിയുടെ തീരത്ത് ഇറക്കി വിടുന്നു, മിയാഗിയുടെ പുറകില്‍ ഇരിക്കുന്ന കുഞ്ഞ് അകന്നു പോകുന്ന വള്ളത്തിലിരിക്കുന്ന സ്വന്തം പിതാവിനെ കൈ വീശി കാണിക്കുന്നതും മിയാഗി തടാകത്തിന്റെ തീരത്തു കൂടി ഓടി നടക്കുന്നതും വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയായിരുന്നോ?
വെള്ളത്തില്‍ നിന്നും പുറത്താക്കപ്പെട്ട മീന്‍ പോലെയായ പാവം മിയാഗി. മീന്‍ വെള്ളത്തിലെന്ന പോലെ, മരങ്ങള്‍ ഭൂമിയിലെന്ന പോലെ കുടുംബവും ഒന്നിച്ച് കഴിയുവാനുള്ളതാണെന്ന മനുഷ്യന്റെ ഓര്‍മ്മകള്‍ സ്വര്‍ത്ഥതയക്ക് മുമ്പില്‍ വഴിമാറുന്നു. മൂടല്‍മഞ്ഞ് നിറഞ്ഞ തടാകത്തിലൂടെയുള്ള യാത്ര വേറൊരു ലോകത്തിന്റെ മാസ്മരികത നിറഞ്ഞതാണ്. ഭൂതമാണ് മൂടല്‍മഞ്ഞില്‍ തെളിഞ്ഞു വരുന്ന വള്ളത്തില്‍ എന്നവര്‍ ആശ്ചര്യം കൊള്ളുന്നു. അയാള്‍ ഭൂതമല്ലെന്നും കടല്‍കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട ഒരുവനാണെന്നും അവര്‍ മനസ്സിലാക്കുന്നു. ഗെന്‍ജൂരോയും റ്റോബിയും ഒഹാമയും ധാരാളം പണം ഉണ്ടാക്കുന്നു. റ്റോബി പണം എല്ലാം സാമുറായി ആയി തീരുവാനുള്ള വേഷവിധാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കു വേണ്ടിയും ചിലവഴിച്ചിട്ട് ഒഹാമയെ വിട്ട് പ്രശസ്തിക്കും പണത്തിനും വേണ്ടി ഓടി പോകുന്നു. ലേഡി വകാസയും അവരുടെ സഹായിയും കൂടി
ഗെന്‍ജൂരോയുടെ അടുക്കല്‍ വന്നിട്ട് കളിമണ്‍ പാത്രങ്ങള്‍ അവരുടെ മാളികയില്‍ കൊണ്ടു കൊടുക്കുവാന്‍ പറയുന്നു. അയാള്‍ അവളുടെ മാളികയില്‍ ചെല്ലുന്നു. പക്ഷെ വിധി അവരെയെല്ലാം കാത്തിരുന്നത് വേറെ രീതിയിലാണ്.
റ്റോബി സാമുറയിയായി എതിര്‍ പക്ഷത്തുള്ളതും മരണം സഹായസേനപതിയില്‍ നിന്നും
ചോദിച്ചു വാങ്ങിയതുമായ ഒരു ജനറലിന്റെ തല ആ സഹായസേനപതിയെ കൊന്ന് എടുത്തു കൊണ്ടു വന്ന് സൂത്രത്തില്‍ ഒരു പട്ടാള ജനറലായി തീരുന്നു. പക്ഷെ അയാളുടെ ഭാര്യ ഒഹാമ എത്തിപ്പെട്ടത് ഒരു വേശ്യാലയത്തിലാണെന്ന് അവിടെ എത്തിചേരുന്ന റ്റോബി തിരിച്ചറിയുന്നു. അധികമെന്നും സമ്പാദ്യം ഒന്നും വേണ്ടാ ഭര്‍ത്താവും കുഞ്ഞുമെത്തുള്ള സമാധാനമായുള്ള ജീവിതം ആഗ്രഹിച്ച മിയാഗിയാണ് കുഞ്ഞിനെ പുറകില്‍ കെട്ടി എടുത്തു കൊണ്ടു പോകുമ്പോള്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്നത്.
ലേഡി വകാസയുടെ മായബലം കൊണ്ടോ അയാളുടെ മനോവിഭ്രമം കൊണ്ടോ ഗെന്‍ജൂരോയ്ക്ക് തോന്നുകയാണ് അവിടെ വലിയ മാളികയുണ്ടായിരുന്നുവെന്നും അവിടെ ലേഡി വകാസ ഉണ്ടായിരുന്നുവെന്നും. പക്ഷെ സംസ്കൃത മന്ത്രങ്ങള്‍ ഗെന്‍ജൂരോയുടെ ശരീരത്തില്‍ എഴുതി വെയ്ക്കുവാന്‍ ഒരാള്‍ സഹായിച്ചതു കൊണ്ട് അവിടെ നിന്നു രക്ഷപെടുവാന്‍ അയാള്‍ക്ക് സാധിക്കുന്നു. സ്ത്രീത്വത്തിന്റെ രണ്ടു മുഖങ്ങളാണ് മിയാഗിയും ലേഡി വകാസയും. എപ്പോഴെങ്കിലും തന്റെ മണ്‍പാത്രങ്ങള്‍ക്ക് "മാളികകളില്‍ താമസ്സിക്കുന്ന വലിയ ആളുകള്‍ക്ക്" ആവശ്യമുണ്ടാകണമെന്നും അവരുടെ പ്രശംസ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണോ
ലേഡി വകാസ അയാളുടെ മണ്‍പാത്രങ്ങള്‍ കാണിക്കുമ്പോള്‍, പ്രശംസിച്ച് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്നത്. ചിലര്‍ പുകഴ്ത്തി പറഞ്ഞാല്‍ തന്റെ സൃഷ്ടി മികച്ചതാകുകയുള്ളോ?, ഭാര്യയുടെയും ആയാളുടെയും സംതൃപ്തിയില്‍ നിറഞ്ഞ് കളിമണ്‍പാത്രനിര്‍മ്മാണം തുടര്‍ന്നിരുന്നെങ്കില്‍?
തിരികെ തിരിച്ച് വീട്ടില്‍ വരുന്ന രംഗങ്ങള്‍ ഏറ്റവും ശക്തമാണ്. അയാള്‍ ലേഡി വകാസയുടെ അടുക്കല്‍ നിന്നും വീട്ടില്‍ വന്നിട്ടുള്ള അവസാന രംഗത്ത് അവളുടെ ശവകുടീരത്തിനു മുമ്പില്‍ ഇരുന്ന് അയാള്‍ ചോദിക്കുന്നു എന്തിന് നീ മരിക്കേണ്ടി വന്നു. അപ്പോള്‍ അവള്‍ അശരീരിയായി പ്രതിവചിക്കുന്നു. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ നിന്റെ കൂടെയുണ്ട്. നിന്റെ മതിവിഭൃമം കഴിഞ്ഞിരിക്കുന്നു. നീ നിന്റെ സ്വത്വത്തിലേക്കും നിന്റെ സ്ഥലത്തേക്കും മടങ്ങി വന്നിരിക്കുന്നു. നിന്റെ ജോലി നിന്നെ കാത്തിരിക്കുന്നു എന്നെല്ലാം, അതു കഴിഞ്ഞ് അയാള്‍ തന്റെ ജോലിയില്‍ വളരെ താല്‍പര്യപൂര്‍വം മുഴുകുന്നു. നീ എനിക്കിഷ്ടപ്പെട്ടവനായപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നവരുടേ കൂട്ടത്തില്‍ ഇല്ലല്ലോ എന്നു അയാളോട് അവള്‍ അശരീരിയായി പറയുന്നു. അവസാനം അവരുടെ കുഞ്ഞ് ആഹാരമായിരിക്കണം ശവകുടീരത്തിന്റെ മുമ്പില്‍ വച്ചിട്ട് കൈ കൂപ്പുന്നു. അവിടെ നിന്നു ക്യാമറ പുറകിലേക്ക് പോയി മറയുന്നു.
ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ അവള്‍ ഉള്ളപ്പോള്‍ സമാധാനത്തോട് അവള്‍ക്കിഷ്ടപ്പെട്ടവാനായി ജീവിക്കുവാന്‍ സാധിക്കാത്തവര്‍ക്കുമായിട്ടുള്ള സിനിമ. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ജീവിതം അന്വേഷിക്കുന്ന സിനിമ. 1953- ലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണെങ്കിലും ഈ തലമുറയും തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമ.
ജീവിതത്തെക്കുറിച്ചുള്ള അന്നേകം ഓര്‍മ്മകളുടെ കെട്ടുകള്‍ അഴിച്ചു വിട്ട ഈ സിനിമയില്‍ സ്ത്രീകളോട് ഇത്ര ആദരവ് കാണിച്ചുള്ള സംവിധാനമഹിമ വളരെ പ്രശംസനീയം.