Friday, September 10, 2010

ഒട്ടകത്തിനെ തേടി


'അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠം
നാസാന്തരേ ലോമ തഥാണ്ഡയുഗ്മം
വ്യഥാ സ്യജന്‍ സായണമായണൗ ച
പൂജാം ന ലേഭേ ഭുവി പത്മജന്മാ'

(പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ കഴുത്തും മൂക്കിനകത്തു രോമവും അണ്ഡയുഗ്മവും അപ്രകാരം തന്നെ വെറുതെ സായണമായാണന്മാരെയും സൃഷ്ടിച്ചതു കൊണ്ടാണ് ഭൂമിയില്‍ ബ്രഹ്മാവിനെ ആരും പൂജിക്കാതെ ആയത്)

ഐതിഹ്യമാല
കൊട്ടാരത്തില്‍ ശങ്കുണ്ണി

കാളിദാസന്‍ ഒട്ടകത്തിന്റെ കഴുത്തിനെ കുറിച്ച് പറഞ്ഞത് ഒട്ടകങ്ങളെ തേടിയുള്ള ഒരു യാത്രയ്ക്ക് പ്രേരണയായി.  പക്ഷെ ഒട്ടകത്തിനെ എങ്ങനെ കാണും. Four wheel drive ഉള്ള വണ്ടിയുമായി മരുഭൂമിയില്‍ ഒട്ടകത്തിന്റെ താവളത്തില്‍ പോയി കാണുക എന്ന രീതി ഉപേക്ഷിച്ച്, ഒട്ടകങ്ങള്‍ കാണുവാന്‍ സാധ്യതയുള്ള റോഡില്‍ കൂടി ഒരു നീണ്ട യാത്ര നടത്തുവാന്‍ തീരുമാനിച്ചു.  വഫ്റയെന്ന സ്ഥലത്തേക്ക് ഒരു യാത്ര. യാത്രയില്‍ വഴി വശത്ത് ഒട്ടകങ്ങള്‍ കാണുമായിരിക്കും, ചിലപ്പോള്‍ കാണുകയുമില്ല.  മുമ്പ് നാട്ടില്‍ ചെന്നപ്പോള്‍ എല്ലായിടത്തും ആനയുടെ പടമുള്ള ഒരു വിധം വലിയ പോസ്റ്റര്‍ കണ്ടിരുന്നു. ഇങ്ങനെ ഒട്ടകത്തിനെ ആദരിച്ച് ഇറക്കിയ പോസ്റ്ററുകള്‍ എവിടെയെങ്കിലും കാണുമായിരിക്കും.  തലയെടുപ്പ്, കൊമ്പുകളുടെയും ചെവികളുടെയും വലിപ്പം, മസ്തകത്തിന്റെ വിരിവ്, ദേഹത്തിന്റെ പുഷ്ടി എന്നിങ്ങനെയുള്ള   ഗുണങ്ങള്‍ നോക്കി ആനകളെ വിലയിരുത്താറുണ്ട്. നല്ല തലയെടുപ്പുള്ള സര്‍വ്വലക്ഷണങ്ങളും തികഞ്ഞ  ഗുരുവായൂര്‍ വലിയ കേശവന്‍, തിരുവാമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, കോങ്ങാടു കുട്ടിശ്ശങ്കരന്‍ എന്നിങ്ങനെ എത്രയോ ആനകള്‍. ഏറ്റവും കൂടുതല്‍ ഒട്ടകങ്ങള്‍ ഉള്ള സൊമാലിയയില്‍ എങ്ങനെയാണ്, ഇനിയും ഒരു സൊമാലിയാ സ്നേഹിതനെ കണുമ്പോള്‍ ചോദിക്കണം, കാരണം അവിടെയാണത്രേ ഏറ്റവും കൂടുതല്‍ ഒട്ടകങ്ങള്‍ ഉള്ളത്. പക്ഷെ സര്‍വ ലക്ഷണങ്ങളും തികഞ്ഞ ഒട്ടകത്തിനെ എങ്ങനെ മനസ്സിലാക്കാം.

എന്തായാലും ഞങ്ങള്‍ ഒട്ടകത്തിനെ കാണുവാന്‍ യാത്ര തിരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഏറ്റവും ഏറ്റവും പ്രീയപ്പട്ട സാഹിത്യത്തിലെ ദിവ്യരത്നമായ, ഭാരതീയ ഭാവനയുടെ പരമകാഷ്ഠ കാളിദാസന്‍ ഒട്ടകത്തിന്റെ കഴുത്തിനെ കുറിച്ച് പറഞ്ഞു എന്നല്ലേ ഐതിഹ്യം, അപ്പോള്‍ ഒട്ടകത്തിനെ തീര്‍ച്ചയായും കാണണം. അതും കാളിദാസനോട് സായണമായണന്മാരുടെ ചോദ്യം ഇതായിരുന്നു. സൃഷ്ടി സ്ഥിതി സംഹാരകര്‍ത്താക്കന്മായിരിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ വിഷ്ണുവിനെയും ശിവനെയും എല്ലാവരും പൂജിക്കുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ ഭൂലോകത്തില്‍ ആരും പൂജിക്കാത്തതെന്താണ്? എന്നായിരുന്നു.

കാണുവാന്‍ പോകുന്ന അറേബിയന്‍ ഒട്ടകങ്ങള്‍ക്ക് ഒരു കൂനു മാത്രമേ ഉള്ളു, Camelus dromedarius or dromedary എന്നറിയപ്പെടുന്ന one-hump ഒട്ടകം. നാല്പ്പതു മുതല്‍ അമ്പതു വയസ്സു വരെ ഒട്ടകത്തിന്റെ ജീവിത കാലം. ഒറ്റ അടിക്ക് നൂറ് ലിറ്റര്‍ വെള്ളം വരെ ഒട്ടകം കുടിക്കും എന്നു പറയപ്പെടുന്നു. മരുഭൂമിയില്‍ പണ്ടു കാലങ്ങളില്‍ ഒട്ടകപ്പുറത്ത് കയറിയുള്ള യാത്ര വളരെ പ്രധാനപെട്ടതായിരുന്നു, പഴയ കാലത്ത് മഹാസമ്പന്നന്‍ എന്നു അറിയപ്പെടുന്നതിന് കഴുതകളും, ആടുകളും, ദാസീദാസന്മാരും മാത്രം പോര ഒട്ടകങ്ങളും ധാരാളം ഉണ്ടാകണമായിരുന്നു, അതു പോലെ സമ്മാനമായി ഒട്ടകത്തെയും കൊടുക്കുമായിരുന്നു.
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു എന്ന് പറഞ്ഞതാരാണ്?. Yes. Because as I have repeatedly said, on a camel in the desert you can bring a book not a computer. എന്നു പറഞ്ഞത് umberto Eco അല്ലേ. അതു ഞങ്ങള്‍ പുസ്തകപ്രേമികളെപ്പറ്റി പറഞ്ഞതാണ്. ഞങ്ങള്‍ ഒട്ടകത്തിന്റെ പുറത്താണെങ്കിലും ഹിമാലയത്തിന്റെ നെറുകയിലാണെങ്കിലും പുസ്തകം കരുതും. വേണ്ടി വന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ പുസ്തക കട വാങ്ങി അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി അതിനകത്തു തന്നെ താമസ്സിക്കും.

മൂന്നോ, നാലോ മലയാളികള്‍ വിദേശത്തു വച്ചു കണ്ടു മുട്ടിയാല്‍ അവിടെ ഒരു സംഘടനയുണ്ടാക്കും, പക്ഷെ, എവിടെയും ഒരു "ഒട്ടക സ്നേഹിതരുടെ സംഘടന" എന്നു കേട്ടിട്ടില്ല. മലയാളികള്‍ ഉള്ള വിദേശ രാജ്യങ്ങളില്‍ മിക്ക ദേശക്കാര്‍ക്കും ഒരു സംഘടനയുണ്ട്, അതുപോലെ ഒരോ മതത്തിനും, ഓരോ രാഷ്ടീയ പാര്‍ട്ടിക്കും സംഘടനയുണ്ട്. സംഘടനയ്ക്ക് വിവിധ കമ്മറ്റികളും. ഒട്ടകത്തിനെയും കമ്മറ്റിയെയും ബന്ധിപ്പിച്ച് ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലേ, “A camel is a horse designed by a committee' . വിദേശ സംഘടനകളുടെ എല്ലാ കമ്മറ്റിയഗംങ്ങളും മികച്ചവരാണ്. അങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുകയുള്ളു. പക്ഷെ ഇവിടെയുള്ള മികച്ച എഴുത്തുകാര്‍ ആരും ഒരു സംഘടയിലും അംഗങ്ങളല്ല.

Rudyard Kipling എഴുതിയ ഒരു കഥയുണ്ട്. How the Camel Got His Hump. ലോകം ആരംഭിച്ച സമയം, മനുഷ്യന്റെ അടുക്കല്‍ മൃഗങ്ങള്‍ വന്നു ജോലി ചെയ്യുവാന്‍ തുടങ്ങി. മരുഭൂമിയുടെ നടുവില്‍ ജീവിച്ച ഒട്ടകത്തിന് ജോലി ചെയ്യുവാന്‍ ആഗ്രഹമില്ലായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ humph എന്നു മാത്രം ഒട്ടകം പറഞ്ഞു. കുതിര വന്നു ഒട്ടകത്തിനോടു പറഞ്ഞു ജോലി ചെയ്യുവാന്‍ ഒട്ടകം humph എന്നു മാത്രം പറഞ്ഞു. പട്ടിയും ox -ഉം വന്നു പറഞ്ഞപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. പൊടി മണ്ണിന്റെ മേഘത്തില്‍ ഏറി വന്ന മരുഭൂമികളുടെ  അധിപനോട് ഈ മൃഗങ്ങള്‍ ഒട്ടകത്തിന്റെ മടിയെപ്പറ്റി പറഞ്ഞു. മരുഭൂമികളുടെ  അധിപന് ദേഷ്യം വന്നു. പാവം ഒട്ടകം സ്വന്തം പ്രതിബിംബം വെള്ളത്തില്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മനോഹരമായ നേരേയായിരുന്ന നടുവില്‍ വലിയ കൂന്ന് അവസാനം ഒട്ടകത്തിന് വന്നു വന്നു എന്നാണ് ഓര്‍മയില്‍ വരുന്ന കഥ. ഒട്ടകത്തിനോട് കുതിരയും മറ്റും സംസാരിച്ചു എന്നാണല്ലോ കഥയില്‍. മൃഗങ്ങള്‍ സംസാരിക്കുമോ?  No one writes to the colonel എന്ന Gabriel Garcia Marquez - ന്റെ പുസ്തകത്തിലെ ഒരു ഭാഗം ഓര്‍മ വന്നു.  The rooster produced a guttural noise which sounded in the hall like quiet human conversation. ‘Sometimes I think that animal is going to talk’ the woman said. കഥയെഴുത്തിന്റെ മാന്ത്രികത അറിയാമായിരുന്ന Marquez - നെ എങ്ങനെ ഓര്‍ക്കാതിരിക്കും. എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. എന്തെങ്കിലുമെക്കെ അത്ഭുതങ്ങള്‍ എവിടെയും നടക്കാം.

അത്ഭുതങ്ങള്‍ നടക്കട്ട്, പോകുന്ന റോഡിന്റെ ഏതെങ്കിലും വശത്ത് ഒട്ടകങ്ങള്‍ അങ്ങനെ കാണുമായിരിക്കാം, അല്ലെങ്കില്‍ ഈ യാത്ര ഒട്ടകങ്ങളെ കാണതെയുള്ള യാത്രയാകും.
ഒരു റൗണ്ട് എബൗട്ട് തിരിഞ്ഞ് മുമ്പോട്ടു ചെന്നപ്പോള്‍ Hurrah, jai ho, Camelus dromedarius ഇങ്ങനെയൊന്നും ആരും പറഞ്ഞില്ല. എങ്കിലും അതാ നില്‍ക്കുന്നു കുറച്ച് ഒട്ടകങ്ങള്‍. കാറ് വശത്തേക്ക് മാറ്റി നിര്‍ത്തി. കാറില്‍ നിന്നും ഇറങ്ങി. സിറ്റിയില്‍ നിന്നും കുവൈറ്റിന്റെ അതിര്‍ത്തിയോട് ഏകദ്ദേശം അടുത്തിരിക്കുന്നു. അതു കൊണ്ട് വലിയ ട്രാഫിക്ക് ഇല്ല. റോഡിന്റെ നടുവിലൂടെ ഒട്ടകത്തിന് വന്ന് എതിര്‍ വശത്തേക്ക് നടന്ന് പോകാം. രണ്ട് ഒട്ടകങ്ങള്‍ റോഡ് ക്രോസ് ചെയ്ത് വന്ന് രണ്ട് റോഡിന്റെയും മദ്ധ്യത്തില്‍ വന്നു. കഴുത്ത് തമ്മില്‍ ഉരസ്സി എന്നിട്ട് അതു രണ്ടും കൂടി എന്തോ പറഞ്ഞു ഞങ്ങളെ നോക്കി. എന്തിനാണ് കാളിദാസന്‍ ഇങ്ങനെ പറഞ്ഞതെന്ന് ഒട്ടകങ്ങള്‍ ചോദിക്കുന്നുണ്ടോ? Rudyard Kipling എന്തു കൊണ്ടാണ് ഞങ്ങള്‍ മടിയന്മാരാണെന്ന് എഴുതിയത്. ആരാണ് ഇങ്ങനെ കമ്മറ്റിയുമായി ബന്ധപ്പെടുത്തി ഞങ്ങളെ പഴമൊഴിയില്‍ ചേര്‍ത്തിരിക്കുന്നത്. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ ധാരാളം പേര്‍ ഒട്ടകത്തെ ഇഷ്ടപ്പെടുന്നു. ഈ ശാന്തമായ മൃഗത്തിനായി വേണ്ടി വന്നാല്‍ പലരും സംഘടനയുമുണ്ടാക്കും.
ജയ്, ജയ് Camelus dromedarius

കാറ് വശത്തേക്ക് മാറ്റി നിര്‍ത്തി. കുറച്ച് ഫോട്ടോ എടുത്തു. എന്തു നല്ല മൃഗങ്ങള്‍. ശാന്തസ്വഭാവി.
ഭാരതീയ ഭാവനയുടെ ഏറ്റവും മികച്ച കാളിദാസന്‍ പറഞ്ഞതല്ലേ. ഒട്ടകത്തിന്റെ കഴുത്തിനെപ്പറ്റി. ഒട്ടകത്തിന്റെ കഴുത്ത് കണ്ടോ?. കാണണം. അതു കാണുവാനും കൂടിയാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. കാളിദാസനെ എങ്ങനെ ഓര്‍ക്കാതിരിക്കും. ഒട്ടകത്തിന്റെ കഴുത്ത് കാണുമ്പോഴല്ല, പിന്നെയോ അഭിജ്ഞാനശാകുന്തളം, മാളവികഗ്നിമിത്രം, രഘുവംശം, കുമാരസംഭവം, ഋതുസംഹാരം എന്നി മഹത്തായ കൃതികള്‍ കാണുമ്പോള്‍.

അവിടെ നിന്നും കുറച്ച് ദൂരം കൂടി യാത്ര ചെയ്ത് വഫ്റാ വരെ പോയി. വഫ്റ എന്ന സ്ഥലം കുവൈറ്റിന്റെ സൗദി അറേബിയായോട് ചേര്‍ന്നുള്ള സ്ഥലമാണ്. അവിടെ ധാരാളം കൃഷിയിടങ്ങള്‍ ഉള്ള സ്ഥലമാണ്. ഫാമുകള്‍ ഉള്ളവര്‍ അവധിയുള്ളപ്പോള്‍ അവിടെ വന്നു വിശ്രമിക്കുന്നു. ഇപ്പോള്‍ താമസ്സസ്ഥലത്തു നിന്നും 75 കീലോമീറ്റര്‍ യാത്ര ചെയ്ത് കഴിഞ്ഞിരിക്കുന്നു, ഇനിയും മടക്കയാത്ര. ശാന്തസ്വഭാവികളായ നല്ല മൃഗങ്ങളെ വീണ്ടും ഒരിക്കല്‍ കൂടി കണ്ടു എന്ന സംതൃപ്തിയോടെ. യാത്രയില്‍ കൂടെയുണ്ടായിരുന്ന മനീഷ് എടമുട്ടത്തിനും, ജെറിന്‍ തുമ്പമണിനും, റോണ്‍ മോനും നന്ദി.
തിരികെ അതുവഴി വന്നപ്പോള്‍ അവിടെ ഒട്ടകങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.  ശാന്തത നിറഞ്ഞ നല്ല മൃഗങ്ങള്‍ എവിടേയ്ക്കോ പോയിരിക്കുന്നു.



വഫ്റാ റോഡിന്റെ വശത്തു കണ്ട ഒട്ടകങ്ങള്‍


രണ്ട് ഒട്ടകങ്ങള്‍ അന്യോന്യം തലയുരുമിയതിനു ശേഷം ഫോട്ടോ എടുക്കുന്നത് ശ്രദ്ധിക്കുന്നു.


റോഡ് മുറിച്ച് കടക്കുന്ന ഒട്ടകം.



എന്തോ കടിച്ചെടുന്ന് നടന്നകലുന്ന ഒട്ടകം



ഒട്ടകത്തിന്റെ ഫോട്ടോ എടുക്കുന്ന റോണ്‍



ഒട്ടകം വീണ്ടും എവിടേയ്ക്കോ യാത്രയാകുന്നു.