Umberto Eco
The Name of the Rose
അവധിക്കു പോകുമ്പോള്‍ ഗവിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നില്ല. പലപ്പോഴും അവധിക്കു പോകുമ്പോള്‍ പ്ലാന്‍ ചെയ്ത പോലെ എല്ലാം നടക്കണമെന്നുമില്ല. ഈ അവധി കടന്നു പോയത് പോകേണ്ടിയ പല വീടുകളില്‍ പോകുവാന്‍ സാധിക്കാതെയും കാണേണ്ടിയ പലരെയും കാണാതെയുമാണ്. എങ്കിലും ഒരു നിയോഗമെന്ന പോലെ ഗവി എന്ന യാത്ര പോകുവാന്‍ സാധിച്ചു. വില്‍സണ്‍ രണ്ടു തവണ പോയി കാണുകയും വീണ്ടും പോകണമെന്നു ആഗ്രഹിക്കുകയും ചെയ്ത സ്ഥലമായിരുന്നു ഗവി. ഞാനും ജിബോയിയും കൂടി വന്നപ്പോള്‍ ഒരു യാത്ര ഗവിയിലേക്ക് എന്ന് തീരുമാനിച്ചു. യാത്രയ്ക്ക് മുമ്പ് പത്തനംതിട്ട ജില്ലയില്‍ ഇത്രയും മനോഹരമായ സ്ഥലം ഉണ്ട് എന്ന് അതെ ജില്ലക്കാരനായ എനിക്കും അറിയില്ലായിരുന്നു. അതി രാവിലെ യാത്ര തുടങ്ങി. യാത്രയില്‍ ജോര്‍ജി, കൊച്ചുമോന്‍, മോന്‍സി, സുജിന്‍ എന്നിവരുമുണ്ടായിരുന്നു. റാന്നി, പെരുനാട്, ളാഹ വഴി ആങ്ങമുഴിയെത്തി. അതിനു മുമ്പ് നിലയ്ക്കല്‍ പള്ളിയും സന്ദര്‍ശിച്ചു. നിലയ്ക്കല്‍ പള്ളിയില്‍ മരത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു പള്ളി മണിയുണ്ട്, അതില്‍ ആരും അവിടെ ഇല്ലാതിരിക്കുമ്പോള്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി കിടക്കും എന്ന് കൂടെയുള്ള ഒരാള്‍ പറഞ്ഞു. അവിടെ ആരും ഇല്ലാതിരിക്കുമ്പോള്‍ പാമ്പ് ആ മണിയില്‍ കാണും പിന്നിട് ആരെങ്കിലും എത്തിയാല്‍ അത് ഇറങ്ങി പോകുകയും ചെയ്യും. ആ മണിയൊന്നു കണ്ടേക്കാം. ആ മണിയും നിലക്കല്‍ പള്ളിയിരിക്കുന്ന സ്ഥലവും കണ്ടു. നിലയ്ക്കല്‍ പള്ളി ഇരിക്കുന്നത് ഒരു കുന്നിന്‍റെ പുറത്താണ്. മല കയറി വന്ന് പള്ളിയുടെ പുറത്ത് നിന്നപ്പോള്‍ കാല്‍ പാദങ്ങള്‍ നോക്കി, രക്തം കുടിക്കുന്ന അട്ട വല്ലതും പറ്റി പിടിച്ച് ഇരിക്കുന്നുണ്ടോ?. വന്ന വഴിയില്‍ ഒരു അരുവിക്കു സമീപം വണ്ടി നിര്‍ത്തി ചുറ്റുമുള്ള സ്ഥലങ്ങള്‍ കാണുവാന്‍ റോഡില്‍ കൂടി നടന്നിരുന്നു. വഴിയില്‍ നിന്ന് പലതും വലിഞ്ഞു കയറും വല്ലപ്പോഴും സ്വയം പരിശോധന നല്ലതാണ്. നോക്കിയത് നന്നായി ഒരു അട്ട ആയിരിക്കണം പറ്റി പിടിച്ച് ഇരിക്കുന്നു. രക്തം കുടിച്ച് വലുതായിട്ടില്ല. കൈ വച്ചു തട്ടിയപ്പോള്‍ തെറിച്ച് പോയി. ഉടനെ എല്ലാവരും അവരവരുടെ പാദങ്ങള്‍ പരിശോധിക്കുകയായി. ഒന്നു രണ്ടു പേരുടെ കാലില്‍ അട്ട പറ്റി പിടിച്ച് ഇരിപ്പുണ്ടായിരുന്നു. ഉപ്പ് എടുത്ത് അട്ടയുടെ മേല്‍ ഇട്ടാല്‍ അട്ട പിടി വിടും. ഉപ്പ് അട്ടയുടെ മേല്‍ ഇട്ടു. പതിയെ പിടി വിട്ട് താഴെ വീണു. നാട്ടിലെ മിക്ക വയലുകളിലും ഇപ്പോള്‍ അട്ടയുടെ ശല്യം ഉണ്ട്. പണ്ട് ഇങ്ങനെ ചോര കുടിക്കുന്ന അട്ടകള്‍ നമ്മുടെ വയലുകളില്‍ സ്വൈര്യ വിഹാരം നടത്തുന്നില്ലായിരുന്നു. ഈ കാടുകള്‍ അവരുടെ വാസ സ്ഥലമായതു കൊണ്ട് അതിനുള്ള തയ്യറെടുപ്പുകള്‍ നല്ലതാണ്. ആനകള്‍ പൂഴിമണ്ണ് ശരീരം മെത്തം മൂടി നടക്കുന്നത് അട്ട പിടിമുറുക്കാതിരിക്കുവാനാണ് എന്ന് ആരോ പറഞ്ഞു.
നിലയ്ക്കല്‍ പള്ളിയുടെ കുരിശ്
നിലയ്ക്കല്‍ പള്ളിയിലെ മണി.
ആങ്ങമുഴിയില്‍ നിന്നും വണ്ടിപെരിയാറിനടുത്തുള്ള വള്ളകടവ് എന്ന അവസാന ചെക്ക് പോസ്റ്റ് വരെ ഏകദേശം എഴുപത് കിലോമീറ്ററുണ്ട്. ആങ്ങമുഴിയില്‍ നിന്നും രാവിലത്തെ ആഹാരം കഴിച്ചു. ഏകദേശം നാലു കിലോമീറ്റര്‍ കഴിഞ്ഞാല്‍ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ്. ആങ്ങമുഴിയില്‍ നിന്നും വരുമ്പോള്‍ ഉള്ള ആദ്യത്തെ ചെക്ക് പോസ്റ്റ്. അവിടെ വാഹന പരിശോധനയെല്ലാം കഴിഞ്ഞ ശേഷം യാത്ര തുടര്‍ന്നു. ഇനിയും വനത്തിനുള്ളിലൂടെയാണ് യാത്ര. ചെക്കു പോസ്റ്റ് കഴിഞ്ഞു കുറച്ചു ചെന്നപ്പോള്‍ പഴക്കമില്ലാത്ത ആന പിണ്ടങ്ങള്‍, ആന രാത്രിയില്‍ ഇറങ്ങിയിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍. ഈ യാത്രയില്‍ ഒരു ആനയെയെങ്കിലും കാണണമേ, ചിലര്‍ അവരുടെ ആഗ്രഹം പറഞ്ഞു. ആനയെ കാണതിരിക്കുകയാണ് നല്ലത്. വഴിയില്‍ ആനയാണെങ്കില്‍ ചില സ്ഥലങ്ങളില്‍ വണ്ടി പുറകിലേക്ക് വളരെ ദൂരം എടുത്ത് രക്ഷപെടുവാന്‍ സാധിക്കുകയില്ല. ആന പോയി കഴിഞ്ഞാലേ യാത്ര തുടരുവാന്‍ സാധിക്കുകയുള്ളു. വഴിയില്‍ ചില സ്ഥലങ്ങളില്‍ അതാണ് അവസ്ഥ. സര്‍ക്കാര്‍ ബസ്സ് ഇതു വഴി പോകുന്നുണ്ട്. അവസാന ബസ്സും പോയി കഴിഞ്ഞിട്ടേ ആനകള്‍ വഴിയിലേക്ക് ഇറങ്ങുകയുള്ളു. അതു പോലെ ആദ്യ ബസ്സ് വരുന്നതിന്റെ മുമ്പ് ആനകള്‍ സ്ഥലം കാലിയാക്കിയിരിക്കും. പോകുന്ന വഴിക്ക് അടുത്ത മലകളില്‍ ദേഹം മുഴുവന്‍ പൂഴി മണ്ണു പൊതിഞ്ഞുള്ള ആനകളെ കാണുമായിരിക്കാം.
കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ വനത്തിനുള്ളില്‍ കടന്നാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എഴുതി വെച്ചിരിക്കുന്നു.
ഒരു വളവ് തിരിഞ്ഞതും കുറെ കാട്ടു പന്നികള്‍ കൂട്ടമായി നില്‍ക്കുന്നു. മുന്‍ സീറ്റിലിരുന്ന എന്റെ കൈവശമുള്ള ക്യാമറ റെഡിയാക്കി വന്നപ്പോഴേക്കും എല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. ഒരെണ്ണം അപ്രത്യക്ഷമാകുന്നതിന്റെ മുമ്പ് ക്യാമറയില്‍ പതിഞ്ഞു. ക്യാമറ എപ്പോഴും റെഡിയായിരിക്കണം.
വാഹനത്തില്‍ നിന്നും എടുത്തത്, അവസാന കാട്ടു പന്നിയും രക്ഷപെടുന്നതിന്റെ മുമ്പ്
കെട്ടുകളാക്കി വച്ചിരിക്കുന്ന ഈറ്റ കെട്ടുകള്‍ വഴിയരികില്‍ കണ്ടു. ആദിവാസികള്‍ക്ക് പുറമേ ശ്രീലങ്കന്‍ തമിഴരും വസിക്കുന്ന സ്ഥലങ്ങള്‍ യാത്രയില്‍ കാണാം. പെന്‍സ്റ്റോക്കുകള്‍ എന്നറിയപ്പെടുന്ന വെള്ളം കൊണ്ടു പോകുന്ന വലിയ പൈപ്പുകള്‍ ചിലയിടങ്ങളില്‍. യാത്രയില്‍ മൊബൈല്‍ ഫോണ്‍ റേഞ്ചിനു പുറത്തായിരിക്കും.
കോട മഞ്ഞ് പൊതിഞ്ഞ കാനന ഭംഗി.
പോകുന്ന വഴിയില്‍ മൂഴിയാര്‍, ആനത്തോട്, പമ്പ, കക്കി, ഗവി തുടങ്ങിയ ഡാമുകള്‍, കക്കി ഡാമിന്റെ മുകളില്‍ കൂടി വണ്ടിയില്‍ നിന്ന് ഇറങ്ങി നടന്നാണ് പോയത്. കക്കി ഡാമിന്റെ എതിര്‍ വശത്തേക്ക് നോക്കുമ്പോള്‍ രണ്ടു മലകള്‍ നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യ ലഹരി. സ്വപ്ന തുല്യമായ അവസ്ഥയിലേക്കു നയിക്കുവാന്‍ പര്യാപ്തമായ, സ്വര്‍ഗ്ഗമിറങ്ങി വന്ന് നില്‍ക്കുന്ന മനോഹരമായ ദൃശ്യം. ഡാമിന്റെ മുകളിലായിരുന്നതിനാല്‍ ഫോട്ടോ എടുക്കുവാന്‍ സാധിച്ചില്ല. ഒരു പക്ഷെ അത്രയും മനോഹര ദൃശ്യം പകര്‍ത്തുവാന്‍ എന്റെ കൈവശമുണ്ടായിരുന്ന ക്യാമറ അപര്യപ്തമായിരിക്കാം. ജയിംസ് കാമറോണ്‍ അവതാറില്‍ സൃഷ്ടിച്ച കാനന ഭംഗി ഇവിടെ നേരിട്ട് കാണുന്നു. 360 -യിലെ ഐമാക്സ് തീയറ്റ്റില്‍ ത്രീഡിയില്‍ കണ്ട അവതാറിലെ കാനന ഭംഗി വീണ്ടും ഓര്‍മയില്‍.
ഗവി യാത്രയിലെ ചില ദ്യശ്യങ്ങള്‍
ഉച്ചയ്ക്കത്തെ ഭക്ഷണം നേരത്തെ പറഞ്ഞതിനാല്‍ തയ്യാറായിരുന്നു. അവിടെ നിന്നു നോക്കിയപ്പോള്‍ ചില വീടുകള്‍, അതിരാവിലെ അവിടെ ആന കൂട്ടം ഉണ്ടായിരുന്നു എന്ന് ഭക്ഷണം തയ്യാറാക്കുന്നവര്‍ പറഞ്ഞു. മൂന്നാറില്‍ താമസ്സിക്കുന്ന ഒരാള്‍ പറഞ്ഞത് ഓര്‍മ വരുന്നു. വന്നു കണ്ടിട്ട് പോകുവാന്‍ മാത്രം പറ്റിയ സ്ഥലം, കുറച്ചു കഴിയുമ്പോള്‍ ബോറ് തുടങ്ങും. Andrei Tarkovsky - യുടെ Nostalgia എന്ന സിനിമയില്‍ ഒരു കഥപാത്രം മനോഹരമായ സ്ഥലം കണ്ടു പറഞ്ഞത് It’s a marvelous painting എന്നാണ്. ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്, വളരെ മനോഹരമായ painting ആണ്. ഈ ലോകത്തില്‍ ജനിച്ച ആര്‍ക്കും പെയിന്റ് ചെയ്യുവാന്‍ സാധിക്കുവാനാകാത്ത ചില മനോഹരമായ ദൃശ്യങ്ങള്‍. പഴയ National geographic magazine - ല്‍ വന്ന ഗവിയിലെ അല്ലാത്ത ചില ഫോട്ടോകള്‍ ഓര്‍മയില്‍ തെളിഞ്ഞു.
ഭക്ഷണം കഴിച്ച സ്ഥലത്തു നിന്നും നോക്കുമ്പോള്‍
റോഡില്‍ കൂടി തല ഉയര്‍ത്തി നടന്നു പോകുന്ന മയില്‍
വലിയ മലയണ്ണാന്റെ ഫോട്ടോ എടുക്കുവാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഫോറസ്റ്റുകാരുടെ ജീപ്പ് അതു വഴി വന്നു, അവിടെ വണ്ടി നിര്‍ത്തിയിടുന്നത് നീയമവിരുദ്ധമാണ്. വണ്ടി വീണ്ടും നീങ്ങി, മലയണ്ണന്‍റെ ശരിയായ ഫോട്ടോ കിട്ടാതെ. വിഡിയോ ക്യാമറ സൂം ചെയ്തു വരുമ്പോഴേക്കും മലയണ്ണാന്‍ മരത്തിന്റെ കാണുവാന്‍ സാധിക്കാത്ത ഏതെങ്കിലും ഭാഗത്തേക്ക് മാറിയിരിക്കും.
കുറച്ചു ചെന്നപ്പോള്‍ അകലെയുള്ള മലയില്‍ ഒരു കാട്ടു പോത്ത് മേയുന്ന ദൃശ്യം.
ചായ കുടിക്കുവാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ റോഡിന്റെ എതിര്‍ വശത്ത് ധാരാളം കുരങ്ങുകള്‍.
ഇതു പോലെയുള്ള വന്‍ മലയിടുക്കില്‍ കൂടി ഹെലികോപ്റ്ററില്‍ പറന്നു കാണുവാന്‍ സാധിച്ചിരുന്നുവെങ്കില്‍
പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ചെക്ക് പോസ്റ്റില്‍ വണ്ടി നിര്‍ത്തി. വള്ളകടവ് കടന്ന് വണ്ടിപെരിയാര്‍ വഴി പരുന്തുംപാറയും സന്ദര്‍ശിച്ചു.
പരുന്തുംപാറയില്‍ നിന്നുള്ള ഒരു ദൃശ്യം
I’m tired of seeing these sickeningly beautiful sights. Andrei Tarkovsky - യുടെ Nostalgia എന്ന സിനിമയില്‍ ഒരു കഥാപാത്രം പറയുന്നത് ഇപ്രകാരമാണ്. എത്ര പ്രാവശ്യം ഇവിടെ വന്നാലും ആര്‍ക്കും ഇങ്ങനെ പറയുവാന്‍ സാധിക്കാത്ത സ്ഥലം. പ്രകൃതിയില്‍ അലിഞ്ഞതു പോലെ തനിയെ ഇരിക്കുവാന്‍, പ്രകൃതിയുടെ സംഗീതം കേട്ട് രാപാര്‍ക്കാന്‍ ഇനിയും ഒരു യാത്രയില്‍ സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ ഈ യാത്ര നിര്‍ത്തി, എല്ലാ നല്ല യാത്രയും വീണ്ടും വരുവാന്‍ വിളിക്കുന്ന ഏതെങ്കിലും ശബ്ദം ഓര്‍മയില്‍ കോറി ഇടുന്നുണ്ട്. തീര്‍ച്ചയായും തിരക്കേറിയ നഗര ജീവിത യാത്രയില്‍ പറ്റിപിടിക്കുന്ന ടെന്‍ഷനും മറ്റുമായ അട്ടകളെ തട്ടി കളയുവാന്‍ ഇങ്ങനെയുള്ള യാത്രകള്‍ വളരെ നല്ലതാണ്.
അങ്ങനെ ഉപബോധമനസ്സിലും സ്വപ്നത്തിലും അലിഞ്ഞു ചേര്‍ന്നിരുന്ന ഏതെക്കെയോ Nostalgia-യാകള്‍ തീര്‍ത്തു തന്ന, വളരെ നല്ലെരു യാത്ര കഴിഞ്ഞു എന്ന സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി.
Shibu Philip