Mythical stories are, or seem, arbitrary, meaningless, absurd, yet nevertheless they seem to reappear all over the world.
Myth and Meaning
Claude Levi Strauss
ഐതിഹ്യം
പഞ്ചപാണ്ഡവന്മാര് ഭൂതത്താന്മാരുടെ സഹായത്തോടെയാണ് ഒരു രാത്രി കൊണ്ട് തീര്‍ക്കാമെന്ന രീതിയില്‍ കവിയൂര്‍ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റെ പണി തുടങ്ങിയത്. തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ സംരക്ഷകനായ ഹനുമാന് സ്വാമിക്ക് അടുത്ത് തന്നെ വേറൊരു ക്ഷേത്രം വരുന്നത് ഇഷ്ടപ്പെടാതെ കോഴിയുടെ രൂപം പൂണ്ട് രാവിലെ ആകുന്നതിന് ഒരു യാമം മുമ്പ് കൂവുകയും രാവിലെയായി എന്ന് വിചാരിച്ച് ഭൂതത്താന്മാര് പണി നിര്‍ത്തുകയും ചെയ്തു എന്ന് ഐതീഹ്യം.
ഐതിഹ്യം പഠിപ്പിക്കുന്നത്?
ഒരു കാര്യവും ശരിയായി പൂര്‍ത്തികരിക്കാത്ത ജോലിക്കാരുള്ളവരുടെ നാടാണ് കേരളം എന്നാണോ ഐതിഹ്യത്തിന്റെ വശത്തു നിന്നും ചിന്തിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്?. കേരളത്തിനു പുറത്തു പോയാല്‍ എല്ലാം ശരിയായി ചെയ്യുന്ന ജോലിക്കാരുടെ നാടാണിതെന്നും നമ്മുക്കറിയാം.
കവിയൂരില്‍ എത്തിചേരുവാന്‍
തിരുവല്ലായില്‍ നിന്നും കൂടി വന്നാല്‍ ആറോ ഏഴോ കിലോമീറ്റര്‍ ദൂരമേയുള്ളു തൃക്കക്കുടിപ്പാറ വരെയുള്ള ദൂരം. തിരുവല്ലായില്‍ നിന്നും തോട്ടബ്ഭാഗത്തു വഴി വരുകയാണെങ്കില്‍, ഞാലിക്കണ്ടം വഴി കമ്മാളത്തകിടി വഴി താഴേക്ക് ചെല്ലുമ്പോള്‍ ഇടത്തു ഭാഗത്തായിട്ടാണ് ത്യക്കക്കുടിപ്പാറ സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ വലിയ ബുദ്ധിമുട്ടില്ലാതെ കയറണമെങ്കില്‍ കണിയാംപാറ കവലയില്‍ നിന്നും മുണ്ടിയപ്പള്ളി റോഡു വഴി പോകുമ്പോള്‍ ആദ്യത്തെ വലത്തു വശത്തുള്ള റോഡ് വഴി പോകണം. കൈപ്പളിലെ വീടു കഴിഞ്ഞ് മാവേലിലെ വീടിനു തൊടു മുമ്പുള്ള വലത്തു വശത്തേക്കുള്ള റോഡ്. മൂന്ന് ഏക്കര്‍ 91സെന്റ് വരുന്ന വലിയ പാറകള്‍ നിറഞ്ഞ സ്ഥലം. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം.
കവിയൂരിന് അടുത്തുള്ള നാടുകളിലെ ഐതിഹ്യങ്ങള്‍.
ഐതിഹ്യങ്ങളുടെ നടുവില്‍ ഒരു വലിയ ഐതിഹ്യവുമായി കവിയൂരിലെ ത്യക്കക്കുടി ഗുഹാക്ഷേത്രം തല ഉയര്‍ത്തി നില്ക്കുന്നു. പാണ്ഡവന്മാരുടെ വനവാസകാലത്ത് അവര്‍ നട്ട അഞ്ച് ഇലവുമരങ്ങള്‍ കാരണം കവിയൂരില്‍ നിന്നും അടുത്ത പഞ്ചായത്തിലുള്ള സ്ഥലത്തിന് അഞ്ചിലവ് എന്ന പേരു കിട്ടി. അപ്പോള്‍ ആ നാട്ടുകാരും പാണ്ഡവന്മാര് ഇവിടെയൊക്കെ ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇപ്പോള്‍ ആ സ്ഥലം അറിയപ്പെടുന്നത് പുതുശേരി എന്നാണ്. അല്ലെങ്കില്‍ ഇവിടെ അടുത്തുള്ള "ഉമിക്കുന്ന് മല" ഈ പേരില്‍ അറിയപ്പെടുന്നത് എന്തുകൊണ്ടാണ്?. പാഞ്ജാലി നെല്ലു കുത്തിയതിനു ശേഷം ഉമി കൂട്ടിയിട്ടിട്ടല്ലേ ആ മലയുണ്ടായത്. അവിടുത്തെ മണ്ണ് ഉമി പോലെയിരിക്കുന്നതും അതു കൊണ്ടല്ലേ. തിരുവല്ല അമ്പലത്തിന്റെ വലിയ മതില് ആരാണ് പണിതത്? അതും ഭൂതത്താന്മാരാണ് എന്നാണല്ലോ പറച്ചില്.
ഭൂതത്താന്മാര് ഒറ്റ രാത്രികൊണ്ട് പണി തീര്‍ത്ത മറ്റുള്ള ഐതിഹ്യങ്ങള്‍.
ഭൂതത്താൻ കെട്ടിന്റെ ഐതിഹ്യവും ഇത് തന്നെയാണ്. രാത്രി പണിയും കോഴി കൂവലുമൊക്കെ അതേപോലെ തന്നെ.( പ്രശസ്ത ബ്ലോഗര്‍ നിരക്ഷരൻ കഴിഞ്ഞ പോസ്റ്റിന് കമന്റ് ആയി എഴുതി അറിയിച്ചത്). തിരുനാഥപുരം ക്ഷേത്രവും ഭൂതത്തന്മാര്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. വേറെ കേരളത്തില്‍ ഇനിയും ഇതു പോലെയുള്ള ഐതിഹ്യങ്ങള്‍ ധാരാളം കാണുമായിരിക്കാം ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും അത്തരം അറിവുകളുണ്ടെങ്കില്‍ എഴുതമല്ലോ.
ബഹിര്മുഖം
തൃക്കക്കുടി പാറയുടേ ബഹിര്‍മുഖമാണ് പാറപുറം. ആ പാറ തന്നെ പുറത്തേക്ക് നോക്കി കാണുന്ന സ്ഥലം. പല വഴികളും, ദേശങ്ങളും, നിറഞ്ഞ മനോഹര കാഴ്ചകള്‍.
ഭീമന്റെ കാല്‍പ്പാട് ത്യക്കക്കുടി പാറപുറത്തുണ്ട് എന്ന് കേട്ട് ആവേശം കാണിച്ച് പോകുന്ന കുട്ടികള്‍ ആദ്യം അതു കാണുവാന്‍ പാറ പുറത്ത് കയറും. നിറപ്പാതിരയ്ക്കു ത്യക്കക്കുടി പാറയുടെ മുകളില്‍ കിടന്ന് നക്ഷത്രങ്ങളെ കാണാമല്ലേ എന്ന് ചിന്തിക്കും. ത്രിക്കക്കുടിയിലെ പ്രഭാതം ഈ പാറ മുകളിലിരുന്ന് കാണുവാന്‍ എന്തു രസമായിരിക്കും. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, നടോടിപ്പാട്ടുകള്‍ എല്ലാം നിറഞ്ഞ് നില്ക്കുന്ന, ഐതിഹ്യങ്ങളുടെ നടുവില്‍ ഉയര്‍ന്ന് നില്ക്കുന്ന ആ പാറയുടെ തണുപ്പ്, ചൂട്, നെഞ്ചിടിപ്പ് കേള്‍ക്കുവാന്‍ ചിലരെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. ധ്യാനനിരതനായി ആ മലയുടെ മുകളില്‍ തനിയെ ഇരിക്കുവാന് സാധിക്കുമോ? ആരൊക്കെയോ ഏതൊക്കെയോ സമയത്ത് പാറമേല്‍ കൊത്തിയെടുത്തപ്പോള്‍ അവര്‍ ഏതു ഭാഷയാണ് സംസാരിച്ചിട്ടുണ്ടാവുക. ഇപ്പോഴും ആ പാറമേല്‍ കൊത്തുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ?. അതല്ല രാത്രിയില്‍ തനിയെ പാറമേല്‍ ഇരിക്കുമ്പോള്‍, ഭൂതത്താന്മാര് പഴയ സ്ഥലം സന്ദര്‍ശിക്കുകയാണെങ്കില്‍ പാറമേല്‍ ഇരിക്കുന്ന ഒരാളുടെ ഹ്യദയമിടിപ്പ് അവ കേള്‍ക്കുന്നുണ്ടാകുമോ?. ലോകവും അവിടെ ഇരിക്കുന്നവരും ഒന്നായി തീരുന്ന അനുഭവം. ഏകം, അതാണ് അറിയേണ്ടത്.
അന്തര്മുഖം
ത്യക്കക്കുടി പാറയുടേ അന്തര്‍മുഖമാണ് പലതരം പ്രതിമകള്‍ ഒറ്റ പാറയില്‍ കൊത്തിയെടുത്ത ഗുഹാക്ഷേത്രം, ഓരോ പ്രാവശ്യം ചെല്ലുമ്പോഴും വിവിധ രീതിയില്‍ അതിന്റെ ഭാവം പ്രത്യക്ഷപ്പെടുന്നതായി തോന്നും. ആ പാറ തന്നെ ഉള്ളിലേക്ക് നോക്കുന്ന സ്ഥലം, ആരോടും പറയാതെ ആ പാറയുടെ ആത്മാവില്‍ എന്തൊക്കെയോ സംഗ്രഹിച്ചിരിക്കുന്നു. അന്ന് ഇത് നിര്‍മ്മിച്ചിരുന്നവര്‍ സംസാരിച്ച ഭാഷ അവിടെ ഇപ്പോഴും നില നില്ക്കുന്നുണ്ടാകുമോ?. ഇപ്പോള്‍ ആ ഗ്രാമത്തില്‍ താമസ്സിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഭാഷയാണോ?. രണ്ടു പാറയിലും തട്ടി അത് പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നുണ്ടാകാം.
ഗുഹാക്ഷേത്രം കാണുവാന്‍ പടികള്‍ കയറി വരുമ്പോള്‍ നേരെ കാണുന്നയിടത്ത് തന്നെ ഒരു ചാരു മരം നില്‍പ്പുണ്ട്. അതു കേള്‍ക്കുന്ന ചാരു മരം അറിയാത്തവര്‍ ഒരു ഇലയിലും തൊടുകയില്ല. തൊടരുത് ചൊറിയും എന്ന് കേട്ടതു കൊണ്ട് ആ മരത്തിന്റെ ഇലയെ തൊട്ടില്ല. അങ്ങനെയൊരു പുകള്‍പെറ്റ ഈ ചാര് മരം അവിടെ നില്‍പ്പുണ്ട്. അസുര ശക്തികളെ ആകര്‍ഷിക്കുന്ന ചാര് മരം ആരാണ് അവിടെ നട്ടത്. വീടിനോട് ചേര്‍ന്ന് ഈ മരം നില്‍ക്കരുതെന്ന് പഴമക്കാര്‍ പറയുന്നു. അടുത്ത് വെള്ളം കെട്ടി കിടക്കുന്ന ഒരു കുളം. കാമധേനു ഈ പരിസരത്ത് മേയുന്നുണ്ടോ. അപ്സരസ്സുകള്‍ അവിടെയെവിടെയെങ്കിലും ന്യത്തം വെയ്ക്കുന്നുട്ണാകുമോ?
തൃക്കക്കുടി പാറയുടെ ഒരു ഭാഗം തുറന്നെടുത്ത് പ്രാചിനതയുടെ പരിപാവന സ്ഥലമാക്കി തീര്‍ത്തത് പഞ്ചപാണ്ഡവന്മാര് ഭൂതത്താന്മാരുടെ സഹായത്തോടെയാണെങ്കിലും, പണി തീര്‍ത്തിട്ടില്ല എന്നാണ് കവിയൂരുകാര്‍ കരുതുന്നത്. പറഞ്ഞു വരികയാണെങ്കില്‍ പണി തീര്‍ക്കാത്തവരില്‍ ഡാവിഞ്ജിയും, മൈക്കലാന്‍ജലോയും വരെയുണ്ട്. മോണോലിസാ ശരിയായി പൂര്‍ത്തീകരിച്ച് കൊടുക്കുവാന്‍ സാധിക്കാതെ, അത് അവസാനം ഡാവിഞ്ജി ഫ്രാന്‍സിലേക്ക് കൊണ്ടു പോകുകയായിരുന്നു, ഒരു ജോലിയും ശരിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന് ദുഖിച്ച ഡാവിഞ്ജി ഇങ്ങനെയായിരുന്നെങ്കില്‍ മഹത്തായ ജന്മ പ്രതിഭയുടെ നിറവില്‍ ജീവിതം മുഴുവന്‍ ക്ലേശിച്ച, ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച എഴുത്തുകാരില്‍ പ്രധാനിയായ ഡോസ്റ്റോയേവ്സ്കി പറഞ്ഞതെന്താണ് " ഒരു ക്യതി വേണ്ടത്ര ശ്രദ്ധിച്ചെഴുതാന്‍ അല്ലലില്ലാത്ത ഒരു രണ്ടു കൊല്ലവും, അതു മിനുക്കി പൂര്‍ണ്ണതവരുത്താന്‍ ഏതാനും മാസങ്ങളും ലഭിക്കുകയാണെങ്കില്‍ ഇന്നും ഒരു ശതാബ്ദത്തിനുശേഷവും ആളുകള്‍ക്കു സംസാരവിഷയമാകാവുന്ന ഒരു വിശിഷ്ടക്യതി എനിക്കെഴുതാന്‍ കഴിയും". എഴുത്തില്‍ ശ്രദ്ധചെലുത്തുവാന്‍ സമയവും സാഹചര്യവും വേണം. കവിയൂരിലെ ഗുഹാക്ഷേത്രത്തിന്റെ പണി ഒരു രാത്രി പോലും എടുക്കാതെയാണ് തീര്‍ക്കുവാന്‍ ശ്രമിച്ചത്. അതെ ഇന്ന് കേരളം മുഴുവനും അസാമാന്യ പ്രതിഭകളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഐതിഹ്യത്തിന്റെ വശത്തു നിന്നും ചിന്തിക്കുമ്പോള്‍ ഇങ്ങനെയും തെളിഞ്ഞു വരുമോ?
ഗുഹാക്ഷേത്രത്തിന്റെ ഉള്ളിലേക്ക് നോക്കിയാല്‍ കാണാവുന്നത്.
മുനിയുടെ പ്രതിമ
ഒന്നാമത്തെ ദ്വാരപാലകന്റെ പ്രതിമ
രണ്ടാമത്തെ ദ്വാരപാലകന്റെ പ്രതിമ
ഗണപതിയുടെ പ്രതിമ.
പല്ലവ ശില്പകലയുടെ രീതിയില്‍ ഇവിടെ ഈ കൊത്തു പണികള്‍ ചെയ്തത് ആരാണ്? മുന്നില്‍ നിന്ന് നോക്കിയാല്‍ രണ്ടു തൂണുകളും മൂന്ന് വാതിലുകളും കാണുന്നു.
ശില്പങ്ങള്
ഒരു ദ്വാരപാലകന്, ഒരു കാല് നിലത്ത് ഊന്നി, മറ്റേ കാലിന്റെ മുട്ട് ചെറുതായി മടക്കിയുമാണ് നില്‍ക്കുന്നത്. ( ഭാരതീയ രീതി പ്രകാരം ഏകദേശം ഒരു Tribhanga posture, ആഗംലേയ രീതിയില്‍ ഒരു പക്ഷെ ഒരു Contrapposto രീതി എന്നും പറയാം) ഗദ പോലുള്ള ഉപകരണത്തിന്റെ പിടിയുടെ മുകളില്‍ ഒരു കൈയുടെ കൈപ്പത്തിയുറപ്പിച്ച് ആ ഭാഗം മറുകൈയുടേ കക്ഷത്തിലാക്കി മറു കൈ ഗദയുടെ മുകളിലൂടെ വശത്തേക്കുമാക്കിയാണ് നില്‍ക്കുന്നത്. ഒരു പാമ്പ് ഗദയിലൂടെ ചുറ്റി കിടക്കുന്നു. എന്നാല്‍ അടുത്ത ദ്വരപാലകന്‍ കൈ കെട്ടി നില്ക്കുന്ന രീതിയിലാണ്. മുനി ഒരു കൈ അരയില്‍ ഊന്നി, മറുകൈയില്‍ എന്തോ എടുത്തെന്ന് തോന്നിക്കുന്ന വിധം അരയുടെ ഭാഗത്ത് പിടിച്ചും നില്ക്കുന്നു. പിന്നിടുള്ളത് ഗണപതിയുടെ പ്രതിമയും, ഏറ്റവും ഉള്ളിലായി ശരിയായി ഉറപ്പിച്ചിട്ടില്ല എന്ന് പറയപ്പെടുന്ന ശിവലിംഗ പ്രതിഷ്ഠയും.
കേരളത്തിനു പുറത്തുള്ള സമാന്തര കാഴ്ചകള്‍
ആര്‍ക്കോട്ടില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ പോയാല്‍ Vilappakkam എന്ന സ്ഥലത്ത് പഞ്ജപാണ്ഡവ മല എന്നൊരു സ്ഥലം ഉണ്ട്. അവിടെയും ഏകദേശം ഇതുപോലൊരു ഗുഹയുണ്ട്. ട്രിച്ചിയിലെ പല്ലവ ഗുഹാ ക്ഷേത്രത്തിലെ ദ്വാരപാലകരുടെ രീതിയിലാണ് കവിയൂര്‍ ഗുഹാ ക്ഷേത്രത്തിലെ ദ്വാരപാലകരെയും നിര്‍മ്മിച്ചിരിക്കുന്നത്. ഊന്നി നില്ക്കുന്ന ഉപകരണത്തിന്റെ രൂപത്തിന് വ്യത്യാസമുണ്ടെന്നു മാത്രം. ട്രിച്ചി പല്ലവ ഗുഹാക്ഷേത്രവും കവിയൂര്‍ ഗുഹാക്ഷേത്രത്തിലെ ശില്പങ്ങളുമായി സാദ്യശ്യം എങ്ങനെ വന്നു എന്നത് ചിന്തിക്കേണ്ടതാണ്. പല്ലവ രാജാവ് മഹേന്ദ്രവര്മ്മന് (Mahendravarman I ) തമിഴ്നാട്ടില്‍ നിര്‍മ്മിച്ച ഗുഹാക്ഷേത്രങ്ങളുടെ രീതിയിലാണ് കവിയൂരിലുള്ള ഈ ഗുഹാക്ഷേത്രത്തിന്റെയും നിര്‍മ്മിതി. മഹേന്ദ്രശൈലി എന്നും ഈ രീതിയിലുള്ള നിര്‍മ്മിതിയെ വിളിക്കുന്നു. വിദ്യുശക്തിയും, ഗതാഗത സൗകര്യവും, വാര്‍ത്താവിനിമയ സൗകര്യവും വളരെ കുറവായിരുന്ന ആറാം നൂറ്റണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ആയിരിക്കാം ഇവിടെയും ഈ ഗുഹാക്ഷേത്രവും നിര്‍മ്മിച്ചത്. Mahendravarman I - ന്റെ കാലയളവ് 580 – 629 C.E. ആയിരുന്നു എന്ന് പറയപ്പെടുന്നു. സുഹ്യത്ത് ഷാജി ഈ അടുത്ത കാലത്ത് വീണ്ടും കവിയൂരെ ഗുഹാ ശില്പങ്ങള് കണ്ടപ്പോള്‍ proportions അത്രമാത്രം ശരിയല്ല എന്നു തോന്നിയെന്ന് പറയുകയുണ്ടായി. ശില്പ ശാസ്ത്ര പ്രകാരം ഗുഹാക്ഷേത്രത്തിന്റെ തൂണുകളുടെ ഓരോ ഭാഗത്തിനും വരെ ഓരോ പേരുകള്‍ ഉണ്ട്. ഗോള്‍ഡണ്‍ റേഷ്യോ (Golden ratio) എന്ന് കേട്ടിട്ടുണ്ടായിരിക്കും പഴയകാല കലാകാരന്മാര് ഈ ratio പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. മൈക്കലാന്‍ജലോയും ഡാവിഞ്ജിയും വരെ. ടി. ഡി. രാമക്യഷ്ണന്‍ എഴുതിയ "ഫ്രാന്‍സിസ് ഇട്ടിക്കോര"യില്‍ ഹൈപേഷ്യയെപ്പറ്റി പറയുന്നത് "ദിവ്യാനുപാതത്തില്‍ ക്യത്യമായി സ്യഷ്ടിക്കപ്പെട്ട ശരീരത്തിന്റെ സൗന്ദര്യം" എന്നാണ്. ഇവിടെ ഓരോ പ്രതിമയും നിര്‍മ്മിച്ചത് ഏതേത് അനുപാതങ്ങളീലാണ്, എത്ര വര്‍ഷം പഴക്കം, ഏതു കാലയളവില്‍ നിര്‍മ്മിച്ചത്, എന്നെല്ലാം ആര്‍ക്കും ക്യത്യമായി അറിയില്ല. മൂന്നാലു തലമുറയ്ക്ക് മുമ്പ് വിദ്യുശക്തി ലഭ്യമല്ലായിരുന്നു. സ്ഥലങ്ങള്‍ മിക്കതും കാടുപിടിച്ച് കിടന്നിരുന്നു. ആര്‍ക്കറിയാം നമ്മുടെ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ച്?.
റവന്യൂ, പുരാവസ്തു, ദേവസ്വം വകുപ്പുകളുടെ അധീനതയിലുള്ള തൃക്കക്കുടി ഗുഹാക്ഷേത്രം നല്ല നിലയില്‍ സംരക്ഷിക്കപ്പെടേണ്ടിയതാണ്, കാടുകള്‍ എല്ലാം വെട്ടി തെളിച്ച് നല്ല രീതിയില്‍ സംരക്ഷിക്കപ്പെടേണ്ടിയതിന് ആരാണ് മുന്‍കൈയെടുക്കേണ്ടിയത്?, ഇതു പോലെയുള്ള കേരളത്തിലെ അന്നേകം ചരിത്രസ്മാരകങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കുവാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്ന ബൂലോക സുഹ്രുത്തുകള് എഴുതുമല്ലോ.
ചില ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
തൃക്കക്കുടി ഗുഹാക്ഷേത്രത്തിലേക്കുള്ള പടികള്‍
ഒന്നാമത്തെ ദ്വാരപാലകന്റെ പ്രതിമ
ഒന്നാമത്തെ ദ്വാരപാലകന്റെ പ്രതിമ - വശത്തുനിന്നും
മുനിയുടെ പ്രതിമ
രണ്ടാമത്തെ ദ്വാരപാലകന്റെ പ്രതിമ
ഗണപതിയുടെ പ്രതിമ.
കുളി കഴിഞ്ഞ് സുന്ദരിയായ തൃക്കക്കുടി പാറ
ഓരോ തവണ നോക്കുമ്പോഴും വിവിധ ഭാവങ്ങളുള്ള തൃക്കക്കുടി പാറ - ഇത് ഏതു ഭാവമാണ്
തൃക്കക്കുടി പാറയുടെ മുകളില്‍ നിന്നുള്ള ദ്യശ്യം
തൃക്കക്കുടി പാറയുടെ മുകളില്‍ നിന്നുള്ള വേറൊരു ദ്യശ്യം
പാറയുടെ ഏതു ഭാവമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്
Kaviyoor Rock Cut Cave Temple
Kaviyoor Trikkakkudi Cave Temple
22 comments:
തൃക്കകുടി ഗുഹാ ക്ഷേത്രത്തെ പറ്റികേട്ടറിവേ ഉണ്ടായിരുന്നുള്ളൂ ഇപ്പോള്‍ അത് കണ്ട പ്രതീതി ആയി..... നന്നായിരിക്കുന്നു ഈ യാത്ര വിവരണവും അതിനുള്ളില്‍ നിന്നും ഉരിത്തിരിയുന്ന സത്യങ്ങളും
നമ്മടെ നാടാണു കോയ.ചെറുപ്പകാലത്ത് ധാരാളം കേറിയിട്ടുണ്ട്.
കൊട്ടാരത്തില്‍ ശങ്കുണ്ണി വിശേഷം ഭേഷായി. പെരുമ്പാവൂരിനടുത്ത് ഒറ്റക്കല്ലില്‍ ഒരു ക്ഷേത്രമുണ്ട്. അടുത്ത തവണ ഷിബു അവിടെ പോകുവാന്‍ താല്പര്യം.
നല്ല എഴുത്ത്...ഐതിഹ്യങ്ങളും കേട്ടറിവുകളും മറ്റും തരം തിരിച്ചെഴുതുന്ന ശൈലിയും കൊള്ളാം..
പലവട്ടം ഈവഴി കുന്നന്താനത്തേക്ക് പോയിട്ടുണ്ട്. ഇതുവരെയും ഇവിടെ ഒന്നു കയറാനായിട്ടില്ല.
വിശദമായ ഈ പരിചയപ്പെടുത്തലിനു നന്ദി.
ഓണാശംസകൾ
ആദ്യമായാണ് തൃക്കകുടിയെ കുറിച്ച് കേള്‍ക്കുന്നത്... നല്ല വിവരണം...
Thanks for this informative
post...
ഐതിഹ്യങ്ങളിലും ചരിത്രപ്പഴമകളിലും താല്പര്യമുള്ളവര്ക്ക് അനുഗ്രഹമാണ് ഇത്തരം കുറിപ്പുകളും ഫോട്ടോകളും.... എന്റെ അഭിനന്ദനങ്ങള്‍
സന്ദര്‍ശിച്ച എല്ലാവര്ക്കും, അഭിപ്രായം എഴുതിയവര്‍ക്കും വളരെ നന്ദി.
വീണ്ടും വരിക.
നല്ല വിവരണം..
Monumental... looking back to our ancient cultures. nice.
valare upakara prathamai...
Welcome to my blog
nilaaambari.blogspot.com
if u like it follow and support me
നല്ല സചിത്ര ലേഖനം ഒരുപാടു ഇഷ്ടമായി
സകലവിധ നമ്കളും നേരുന്നു
നല്ല ലേഖനം
മഹാരാഷട്രയിലെ നാസിക്കില്‍ പഞ്ചപാണ്ഡവര്‍ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ഗുഹാ ക്ഷേത്രമോ മറ്റോ ഉണ്ട്. നാസിക്കിലെ ഗ്ലാക്സോ കമ്പനിയിലേക്ക് പോകുമ്പോള്‍ മലഞ്ചെരുവില്‍ ദൂരെനിന്നും ആ പാറ കാണാന്‍ കഴിയും. അക്കാലത്തെ പരിമിതികള്‍ കാരണം വിസ്മയത്തോടെ വളരെ ദൂരെ നിന്നും മാത്രമേ അത് നോക്കിക്കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അത് കാണാന്‍ കഴിഞ്ഞവര്‍ ആരെങ്കിലും ഇവിടെ ഹാജരുണ്ടെങ്കില്‍ വിവരിക്കുമല്ലോ.
പ്രിയ ഷിബു,
ദൂരങ്ങളെ എഴുത്ത് വഴി അരികിലെത്തിച്ചതിനു നന്ദി. കേരളത്തില്‍ ഇപ്പോള്‍ ശവം പൊന്തുന്ന പാറമടകള്‍ മാത്രമേ ഉള്ളൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ഒരു വേള പാറക്കടിയില്‍ ഈ ഒരു ക്ഷേത്രമില്ലായിരുന്നെങ്കില് ആ പാറ, തുണ്ട് തുണ്ടായി ഏതൊക്കെയോ വീടുകള്‍ക്ക് കാവല്‍ നിന്നേനെ.
ചില ഐതീഹ്യങ്ങള്‍ അതെത്ര വിഡ്ഢിത്തമായാലും ഭൂമിയെ അതായിത്തന്നെ നിലനിര്ത്തുന്നുവല്ലോ. അപ്പോള്‍ അത് ഐതീഹ്യങ്ങളല്ല മനുഷ്യന്റെ അതിജീവന കൌശലങ്ങള്‍ എന്ന് നമുക്ക് തിരുത്തി വായിക്കാം.
വിശദമായ ഈ ലേഖനത്തിന് നന്ദി ഷിബൂ. ലേസർ വഴിയാണ് ഇവിടെ എത്തിയത്.
മാണിക്യം, Shukoor, ARUN RIYAS,
ജീ . ആര് . കവിയൂര്‍,mottamanoj, സാക്ഷ, നിരക്ഷരന്
നന്ദി, സന്ദര്‍ശനത്തിനും comment -കള്‍ക്കും, വീണ്ടും വരിക.
സാക്ഷ, വിശദമായ വിവരണത്തിന് നന്ദി. മഹാരാഷട്രയിലെ നാസിക്കില്‍ പഞ്ചപാണ്ഡവര്‍ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ഗുഹാ ക്ഷേത്രമോ മറ്റോ ഉണ്ടെങ്കില്‍ അത് കാണുവാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു, ആ യാത്രയെക്കുറിച്ച് എഴുതുകയും ചെയ്യുക.
നിരക്ഷരന്:താങ്കളുടെ comment ആണ് ഈ പോസ്റ്റിന് പ്രചോദനമായത്. വളരെ നന്ദി. ലാസറും വലിയ സഞ്ചാരപ്രീയനാണ്. ലാസറും അടുത്തയിട ത്രിക്കക്കുടി പാറ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവും യാത്രാനുഭവങ്ങള്‍ എഴുതുന്നത് കാത്തിരിക്കുന്നു. ആശംസകള്‍
valare manoharamayi........ aashamsakal..........
jayarajmurukkumpuzha: വളരെ നന്ദി സന്ദര്‍ശനത്തിനും comment - നും
നല്ല സചിത്ര ലേഖനം
ഇഷ്ടമായി കവിയൂര്‍ക്കാരാ കുട്ടുകാരാ
Hi Bro, nice writeup. Thanks
We will surely visit this place
Post a Comment