Friday, May 18, 2012

ഭാവനയുടെ രാഷ്ട്രീയം

ഏതോ പക്ഷി ചിറകടി ശബ്ദമുണ്ടാക്കി വട്ടം ചുറ്റി പറന്നകന്നു. സന്ധ്യയായിരിക്കുന്നു, "മരിച്ചവരെക്കുറിച്ച് ഇനിയും സംസാരിക്കേണ്ട" അമ്മയ്ക്ക് പേടിയുള്ളതായി തോന്നി. കോഴിക്കൂട് ഇനിയും അടച്ചിട്ടില്ല. കോഴികള്‍ കൂട്ടിനുള്ളില്‍ കയറി കാണണം. കോഴിക്കൂട് വീടിന്റെ പുറകില്‍ ഒരെണം തെക്കു ഭാഗത്തും ഒരെണം ഏകദേശം വടക്കു ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. കൂട് കുറച്ച് ഉയരത്തിലാണ്, കോഴികള്‍ക്ക് കയറുവാന്‍ തക്കവണം ഒരു ചരിഞ്ഞ ഗോവണിയുമുണ്ട്.


"തോമസ്സേട്ടേന്‍ അതിനു ശേഷം ഒരിക്കലും വന്നിട്ടില്ലേ" എനിക്ക് വീണ്ടും സംശയം.

"ഇല്ല. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതിനു ശേഷം അങ്ങേര് ഒരിക്കലും വന്നിട്ടില്ല." കുഞ്ഞാമചേടത്തി ദുഃഖം കലര്‍ന്ന ശബ്ദത്തില്‍ പ്രതിവചിച്ചു.

"ഇപ്പോഴും പശുക്കള്‍ അങ്ങനെ സന്ധ്യാസമയത്ത് ശബ്ദമുണ്ടാക്കുമോ?"

"ഇല്ല."

തോമസ്സേട്ടന്‍ എല്ലാ ദിവസവും പശുക്കള്‍ക്ക് കച്ചി ഇട്ടു കൊടുക്കുന്ന, ഏകദേശം സന്ധ്യയാകുന്ന സമയം. അന്നേരം എല്ലാ പശുക്കളും സന്തോഷപ്രകടനം കാണിക്കുന്ന ശബ്ദം ഉണ്ടാക്കും. അത് കുഞ്ഞാമ ചേടത്തിക്ക് നല്ല വണ്ണം അറിയാം. പശുക്കള്‍ ആ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കുന്ന സമയം തീര്‍ച്ചയായും തോമസ്സേട്ടേന്‍ അവിടെ കാണുമെന്ന്. അത് എത്രയോ തവണ കണ്ടിരിക്കുന്നു.

തോമസ്സേട്ടേന്‍ പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി മരിച്ചതിനു ശേഷവും, കച്ചി കിട്ടാത്ത പശുക്കള്‍ വൈകിട്ട്, പകലും രാത്രിയും ബന്ധനത്തിലായിരിക്കുന്ന, വെളിച്ചവും ഇരുളും കൂടി കലര്‍ന്നു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്തു കൊണ്ടാണ്.

കുഞ്ഞാമചേടത്തി ഒരു ദിവസം ഭയപരവശയായി വിളിച്ച് പറഞ്ഞു. ഇനിയും ഈ സമയത്ത് നിങ്ങള്‍ ഇങ്ങനെ വരരുത്. നിങ്ങള്‍ എന്റെ ഭര്‍ത്താവാണെങ്കിലും മരിച്ചു കഴിഞ്ഞുള്ള ഈ വരവ് എനിക്ക് പേടി തന്നെയാണ്.

അന്ന് ചേടത്തി പറഞ്ഞതിന് ശേഷം പശുക്കള്‍ ആ സമയത്ത് അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല.
അല്ലെങ്കിലും നമ്മള്‍ക്കറിയാം പശുക്കള്‍ വലിയ ബുദ്ധി ജീവികളാണെന്ന്. അത് കുഞ്ഞാമ ചേടത്തി പറഞ്ഞത് അനുസരിച്ചു. അന്ന് മുതല്‍ അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല, അല്ലാതെ മരിച്ചു കഴിഞ്ഞുള്ള ചേട്ടന്‍ പതിവ് വരവ് നിര്‍ത്തിയതല്ല.


കുഞ്ഞാമ ചേട്ടത്തിക്ക് അത്ര ബുദ്ധിയില്ലാതിരുന്നതിനാല്‍, "അങ്ങേര് എന്നാലും പിന്നെ വന്നില്ലല്ലോ" എന്ന് പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി വളരെ നാളുകള്‍ക്ക് ശേഷം മരണമടഞ്ഞു. മനുഷ്യര്‍ ഇങ്ങനെ ദുഃഖിച്ച് മരിക്കുന്നത് ബുദ്ധി കുറവായതിനാലാണ് എന്ന് എനിക്ക് തോന്നി.


അന്ന് രാത്രി ഏകദേശം രണ്ട് മണിയായി കാണണം മുറ്റത്ത് എന്തോ ശബ്ദം കേട്ടിട്ട് മുറിയില്‍ നിന്ന് മുമ്പിലുള്ള ഹാളിലേക്ക് ഇറങ്ങി വന്നു. ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീടിന്റെ മുറ്റത്ത്, ആകാശത്തേക്ക് നോക്കി തോമസ്സേട്ടന്‍ നില്‍ക്കുന്നു. ദുഃഖം കൂടി മരിച്ചയാളായിരുന്നിട്ടും മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വലിയ വിഷാദം നിറഞ്ഞിരുന്നു. രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പിടിച്ചിരുന്നു. ആ രണ്ടു കൈകളിലേക്കും കോഴിക്കൂട്ടില്‍ കോഴി കയറുവാന്‍ വച്ചിരിക്കുന്ന ഗോവണികള്‍ വന്നു നില്‍ക്കുന്നു. തോമസ്സേട്ടന്റെ ഉയര്‍ത്തി പിടിച്ചിരിക്കുന്ന കൈകളിലേക്ക് വീടിന്റെ പുറകില്‍ നിന്ന് ഗോവണികള്‍, നിലത്തു നിന്നും ഉയര്‍ന്ന് നീണ്ട് വളഞ്ഞ് വളര്‍ന്ന് വന്ന് നില്‍ക്കുന്നു. ആ ഗോവണി വഴി കോഴികള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. വെളിച്ചവും ഇരുളും വിതറി നില്‍ക്കുന്ന നിലാവ്.


ആ വേളയില്‍, തോമസ്സേട്ടന്റെ ദുഃഖഭരിതമായ മുഖത്ത് നോക്കി ഞാന്‍ ചിന്തിച്ചു. വലിയ ഭാവനയുള്ളവര്‍ മാത്രം രക്ഷപ്പെടുന്നു. കാരണം കാളിദാസന്‍ പുഷപാഞ്ജലി ചെയ്തു സ്തനശങ്കരനെ വന്ദിച്ചതിനു ശേഷം രാജാവിനോടൊപ്പം ക്ഷേത്രത്തില്‍ പോയി നട തുറന്ന് കാണിച്ചിട്ട് എന്റെ മുറിയില്‍ കുറച്ച് മുമ്പ് വന്നിരുന്നു. അറിയാമോ? വെറ്റിലഞെട്ടെല്ലാം അവിടെ ശിവലിംഗത്തില്‍ ഉണ്ടായിരുന്നു.

Sunday, March 25, 2012

കുവൈത്തിലെ പുതിയ സംഘടനകളും പിന്നെ റേഡിയോ, റേഡിയോ, 98.4 U FM.

അഫൈന ചെടി ചൂടിലും കൊടും ശൈത്യത്തിലും നശിച്ച് പോകാതെ പൂക്കുന്നതും കാത്ത് ചിലര്‍ കാത്തിരുന്നു. ഇതെല്ലാം കേട്ട് ചിലര്‍ ജോലി രാജി വച്ച് കൂടെ കൂടി. അപ്പോള്‍ അഫൈനയുടെ നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോഴാണ് ഒരു ചെടി നട്ടിരിക്കുന്നത്. അത് വളരുന്നതും കാത്ത് വീണ്ടും ചിലര്‍ കാത്തിരിക്കുന്നു. അഫൈന എന്താണ്?


കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മലയാളം റേഡിയോ സംപ്രേഷണമെന്ന സ്വപ്നവുമായി നാലു പേര്‍ ഒരുമിച്ചു. ഇവിടെ യാത്ര ചെയ്തു, സ്വപ്ന സഫലീകരണത്തിനായി പല സ്ഥലങ്ങളില്‍ പോയി, പലരേയും കണ്ടു. മിക്കദിവസവും ജോലി കഴിഞ്ഞെത്തിയിട്ട് പുറത്തേക്ക് പോകുമ്പോഴും ഇതു തന്നെയായിരുന്നു സംസാരം. ചിരിയും ആര്‍പ്പും നിറഞ്ഞിരുന്ന ദിവസങ്ങള്‍. അന്നു ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം Facebook - ല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 15 - ന് Paulo Coelho - യുടെ The Alchemist എന്ന പുസ്തകത്തില്‍ നിന്നും ഞാന്‍ ഇപ്രകാരം കുറിച്ചിട്ടു. "When you want something, all the universe conspires in helping you to achieve it" .

ഒരു പക്ഷെ വിജയമായിരിക്കും, പരാജയമായിരിക്കും എന്തായാലും എങ്ങനെ ഒരു സ്വപ്നം ചൂടു പിടിപ്പിച്ച് കൊണ്ടു നടക്കാമെന്നും, എങ്ങനെയെല്ലാം അതിലേക്ക് എത്താമെന്നും 98.4 FM കേള്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഈ ഒരു സ്വപ്ന സഫലീകരണത്തിനായി അദ്ധ്വാനിച്ച ലോറന്‍സ്, ഫിലിപ്പച്ചായന്‍, മനു എന്നിവരെയും ഞാന്‍ ഓര്‍ക്കുന്നു. ഇതിനെ അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നയിച്ച ബോസ് എന്ന് മനു വിളിക്കുന്ന മോഹന്‍ച്ചായനെയും, ഇപ്പോള്‍ ഈ കമ്പനിയെ നയിക്കുവാന്‍ തയ്യാറെടുത്തിരിക്കുന്ന മനുവിനും അഭിനന്ദനങ്ങള്‍. നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇതിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്ന എല്ലാവര്‍ക്കും സ്വാഗതം.

കമ്പനിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും.

കുവൈത്ത് ടൈംസ് ഇറക്കിയിരുന്ന മലയാളം പത്രം നിര്‍ത്തിയതിന് ശേഷം ഇവിടെയുള്ള എല്ലാ മലയാളികളും ഒരുമിച്ച് ശ്രദ്ധിക്കുവാന്‍ പോകുന്നു ഒരു ഇടമാകുവാന്‍ പോകുകയാണ് 98.4 U FM. സംഘടനകള്‍ വീണ്ടും കൊഴുത്ത് തടിക്കുവാന്‍ തുടങ്ങും.

ഇതൊന്നും അറിയാതെ, ബെര്‍ഗ്മാന്‍ തോമസ് ഓടി നടന്ന് എഴുത്തുകാരുടെ സംഘടന രൂപീകരിച്ചു. അതിന് കൊടുത്ത പേരും മലയാളം കുവൈത്ത് എന്നാണ്, എഴുത്തുകാര്‍ മുന്നറിവുള്ളവരാണ്. മലയാളം പാട്ടുകള്‍ ഇവിടെ കേള്‍ക്കുവാന്‍ തുടങ്ങുന്നതിന് മുമ്പ് ഈ പേര് കണ്ടെത്തിയ മലയാളം കുവൈത്ത് എന്ന എഴുത്തുകാരുടെ സംഘടനയ്ക്ക് അഭിനന്ദനങ്ങള്‍. എഴുത്തുകാര്‍ക്ക് സംഘടന ആവശ്യമില്ലായെന്ന് ചിന്തിക്കുന്ന ഞാനും പോയി ആദ്യത്തെ മീറ്റിംഗിന്. എന്തായാലും ഈ മാസം ഇവിടെ എല്ലാം മലയാളമണമുള്ളത്. പ്രതിഭ എന്ന എഴുത്തുകാരുടെ സംഘടനയും ഉടലെടുത്തിരുന്നു. അവര്‍ ഒരു പുസ്തകവും ഇറക്കി "അഫൈന പൂക്കുന്നു". അവതാരികയില്‍ ഡോ. പ്രദീപ്കുമാര്‍ കറ്റോട് ഇപ്രകാരം എഴുതിയിരിക്കുന്നു. "മരുഭൂമിയിലെ അതിശൈത്യത്തിലും കൊടുംചൂടിലും അതിജീവനത്തിന്റെ സൗന്ദര്യമായി പുഷ്പിക്കുന്ന ഔഷധഗുണമുള്ള ചെടിയാണ് അഫൈന".

നീതിയും ന്യായവും ഉള്ളതെല്ലം വാടാതെ, നശിക്കാതെ നില്‍ക്കുന്നു. എഴുത്തുകാരന്റെ ജീവിതം ഇതെല്ലം കണ്ട്, കേട്ട് എഴുതുവാനും. റേഡിയോജീവിതം എന്ന തലക്കെട്ട് മനസ്സിലും.

എല്ലാ നന്മകളും ഈ മൂന്നു സംരഭങ്ങള്‍ക്കും ആശംസിക്കുന്നു.

മടുത്തു പോകാതെ സ്വപ്നങ്ങള്‍ കാണം, വീണ്ടും സന്തോഷിക്കാം.

ഇപ്പോള്‍ മലയാളം പാട്ടുകള്‍ കേള്‍ക്കുവാന്‍ 98.4 U FM ശ്രദ്ധിക്കാം. പിന്നീട് വാര്‍ത്തകളും പലവിധ പരിപാടികളുമായി വരുന്നു നിങ്ങളുടെ മാത്രം 98.4 U FM.

Friday, March 16, 2012

കടലോരം


"The sun rose thinly from the sea and the old man could see the other boats, low on the water and well in toward the shore, spread out across the current. Then the sun was brighter and the glare came on the water and then, as it rose clear, the flat sea sent it back at his eyes so that it hurt sharply and he rowed without looking into it."

The old man and the sea.

Ernest Hemingway


കടലിനെ കാണുമ്പോള്‍ The old man and the sea എന്ന പുസ്തകം മനസ്സിലേക്ക് ചെറിയ തിരമാല ഉയര്‍ത്തി കടന്നു വരും. വീണ്ടും തിരകളടിച്ച് ഉയരുകയായി.


"വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടല്‍പ്പുറത്തെത്തി; ആദ്യമായി കടല്‍ കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞു കുതിരുന്നു." ........

കടല്‍ത്തീരത്ത്

ഒ. വി. വിജയന്‍



"മെക്സിക്കോയില്‍ ഞാന്‍ കടല്‍ക്കരതോറും അലഞ്ഞു നടന്നു. മിതശീതോഷ്ണമായ വെള്ളത്തിലേക്കു കൂപ്പുകുത്തി. മനോഹരമായ കടല്‍ച്ചിപ്പികള്‍ ശേഖരിച്ചു. പിന്നീട് ക്യൂബയില്‍, അല്ല ചെന്നിടത്തെല്ലാം അപൂര്‍വ്വമായ കടല്‍കക്കകള്‍ തേടിയെടുക്കുകയും വാങ്ങുകയും ചെയ്തു."


ഓര്‍മ്മക്കുറിപ്പുകള്‍

പാബ്ലോ നെരൂദ

(സ്വതന്ത്രപരിഭാഷ - സച്ചിദാനന്ദന്‍ പുഴങ്കര -ഡി സി ബുക്സ്)


എന്റെ സ്നേഹിതന്‍ ബര്‍ഗ്മാന്‍ തോമസ് എഴുതിയ പുറങ്കടല്‍ എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്.


" കടക്കാന്‍ പാടില്ലാത്തതാകുന്നു കടല്‍ എന്നയര്‍ത്ഥം തെറ്റാണ് എന്നു ഞാന്‍ പറയും. എന്താണ് കടല്‍? നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടോ? ഉണ്ട്, കടല്‍ ഒരു പ്രതിഭാസമാണ് എന്നു നിങ്ങള്‍ അര്‍ഥശങ്കയില്ലാതെ പറയും. എന്നാല്‍ ഞാന്‍ പറയും നിങ്ങള്‍ കടല്‍ കണ്ടിട്ടില്ല."



നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടോ?, നിങ്ങള്‍ക്ക് കടല്‍ എങ്ങിനെയാണ്?...



ഏതു കഥയാണ്, ഏതെല്ലാം കഥകളാണ് കടല്‍ നിങ്ങളോട് പറഞ്ഞത്. കടല്‍ത്തീരത്ത് നിങ്ങള്‍ തനിയെ ഇരുന്നപ്പോള്‍, കിടന്നപ്പോള്‍, കടല്‍ എങ്ങിനെയാണ് നിങ്ങളോട് സംസാരിച്ചത്. ഇനിയും നമ്മള്‍ക്ക് കടലിനെക്കുറിച്ച് സംസാരിക്കാം.

"അല്ല, ഭൂമിയോട് സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;

സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും."

ഇയ്യോബ്

ഞാന്‍ പ്രഭാതത്തില്‍ കടല്‍ കാണുവാന്‍പോയപ്പോള്‍ കടലിന്റെ ഭാവം ഫോട്ടോയില്‍ തെളിഞ്ഞത് ഇങ്ങനെയൊക്കെയായിരുന്നു.






Thursday, March 1, 2012

കഴിഞ്ഞ പോസ്റ്റിനു ശേഷം വന്ന ടാര്‍സിയര്‍ വാര്‍ത്തകള്‍



ഞാന്‍ എഴുതിയ ടാര്‍സിയറിനെക്കുറിച്ചുള്ള പോസ്റ്റിനു ശേഷം വന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.


Tiny, Tree-Dwelling Primate Called Tarsier Sends and Receives Ultrasonic Calls

By Ferris Jabr
February 8, 2012

"Astonishingly, the tarsiers were able to hear high-pitched tones that no other primates can hear, as far as we know—sounds with frequencies as high as 91 kilohertz (kHz), which are well out of the audible range for people and all terrestrial mammals except some bats and rats. (We call anything above 20 kHz ultrasound.)"

To read more, please follow the link below.

http://blogs.scientificamerican.com/observations/2012/02/08/tiny-tree-dwelling-primate-called-tarsier-sends-and-receives-ultrasonic-calls/

(Thank you Sudeshji for the link)


Hear the ultrasonic scream of this pint-sized primate!


By Alasdair Wilkins

Feb 8, 2012 5:00 PM

"They were communicating in ultrasound, meaning they used frequencies that are too high for human hearing. While lots of animals from dogs to fish to insects can hear ultrasonic frequencies, it's much more unusual for animals, particularly mammals, to actually communicate at these frequencies."



To read more, please follow the link below.

http://m.io9.com/5882833/hear-the-ultrasonic-scream-of-this-pint+sized-primate



എന്റെ ഫിലിപ്പിനോ സ്നേഹിതരോട് ഞാന്‍ അവര്‍ നേരിട്ട് എടുത്ത ടാര്‍സിയറിന്റെ ഫോട്ടോകള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. കിം എന്ന സ്നേഹിതന്‍ അവന്റെ ഒരു സ്നേഹിതന്‍ ഫിലിപൈന്‍സില്‍ നിന്നും അയച്ചു കൊടുത്ത ടാര്‍സിയറിന്റെ ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു.

Picture below forwarded by my friend Kim M. Bungabong. Thank you Kim.

Saturday, December 31, 2011

ടാര്‍സിയറും ടാര്‍സനും.

എല്ലാവര്‍ക്കും നന്മയും, സന്തോഷവും, സമ്യദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍.


ചിലര്‍ പ്രശ്നങ്ങളെ അതിജീവിക്കുന്നു. ചിലര്‍ പ്രശ്നങ്ങളില്‍ മുങ്ങി മരിക്കുന്നു. ആ കൂട്ടത്തില്‍ പെട്ടവരാണ് അതികഠിനമായ ജോലി സമര്‍ദ്ധത്തില്‍ പെട്ട്, കടഭാരത്തില്‍ അല്ലെങ്കില്‍ പലവിധ പ്രശ്നങ്ങളില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നത്.

സയന്‍സില്‍ മനുഷ്യനും കൂടി ഉള്‍പ്പെടുന്ന സസ്തനികള്‍ ഉള്ള ഗ്രൂപ്പിനെ പ്രൈമേറ്റ് എന്നറിയപ്പെടുന്നു. ആ ഗണത്തിലുള്ള ഏറ്റവും ചെറിയ ഒരു കൂട്ടമാണ് ടാര്‍സിയേഴ്സ് എന്നറിയപ്പെടുന്നത്. അതില്‍ ഫിലിപ്പൈന്‍ ടാര്‍സിയര്‍ (Philippine Tarsier) എന്ന ഒരു വിഭാഗമുണ്ട്. വലിയ ഉണ്ട കണ്ണുകളുള്ള 180 degrees തല തിരിക്കുവാന്‍ കഴിവുള്ള വളരെ ചെറിയ ഒരു ജീവി. ഒരു കാമറ ഫ്ലാഷ് മതി ഒരു ടാര്‍സിയറിനെ കൊല്ലുവാന്‍. അതിനെ ഒരു കൂട്ടിലടച്ചാല്‍, ഭിത്തിയിലോ, അഴിയിലോ തലയോട് പിളരുന്നതു വരെ തലയിട്ടടിച്ച് ആത്മഹത്യ ചെയ്യും ഈ ജീവി. എപ്പോഴും ഇതിനെ മനുഷ്യര്‍ കൈയില്‍ എടുക്കുകയാണെങ്കില്‍ അതിന്റെ സമ്മര്‍ദ്ധം കൊണ്ട് മരിച്ച് പോകുവാനും മതി.  സാഹചര്യ സമ്മര്‍ദ്ധം കൊണ്ട് ആത്മഹത്യ ചെയ്യുന്ന ഒരു വിചിത്ര ജീവിയാണ് ടാര്‍സിയര്‍.

Edgar Rice Burroughs - ന്റെ സ്യഷ്ടിയാണ് ടാര്‍സന്‍. ടാര്‍സന്റെ കാര്‍ട്ടൂണ്‍ പണ്ട് പത്രത്തില്‍ എല്ലാ ഞായറാഴ്ചയും വന്നിരുന്നു. ചെറുപ്പത്തില്‍ അത് വായിക്കുവാനായി കാത്തിരിക്കുമായിരുന്നു. പിന്നീട് അത് പുസ്തക രൂപത്തില്‍ മലയാളത്തില്‍ വന്നു. ടാര്‍സന്‍ വനത്തില്‍ വളര്‍ന്നവന്‍ എന്നാല്‍ എല്ലാ വിധ പ്രതിസന്ധിയേയും അതിജീവിക്കുന്നവന്‍. ക്ഷീണമുള്ളവന്റെ പക്ഷത്തു നിന്നു കൊണ്ട് അവനെ അക്രമിക്കുന്ന ബലവാനായിരിക്കുന്നവനെതിരെ പോരാടുന്നവന്‍. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നവന്‍. അവനെയും വളര്‍ത്തി വലുതാക്കിയത് മനുഷ്യര്‍ ഉള്‍പ്പെടുന്ന പ്രൈമേറ്റിലുള്ള ഒരു വിഭാഗവും.

രണ്ടു വഴിയെയുള്ളു നിങ്ങള്‍ക്ക് ഒരു ടാര്‍സനെ പോലെ പ്രതിസന്ധികളെ അതിജീവിച്ച്, പ്രകൃതിലേക്ക തിരികെ വന്ന് ജീവിക്കാം, അല്ലെങ്കില്‍ ഒരു ടാര്‍സിയറിനെ പോലെ മരിക്കാം.
ഏതു വേണം ഈ പുതുവര്‍ഷത്തില്‍, ആത്മഹത്യ ചെയ്യുവാന്‍ പോകുന്നവര്‍ കുറഞ്ഞ പക്ഷം ടാര്‍സനെയെങ്കിലും ഓര്‍ക്കുക, അല്ലെങ്കില്‍ നഗരത്തിലുള്ള ടാര്‍സനെ കണ്ടു പിടിക്കുക, ജീവിതം തുടരുക. നിലനില്‍ക്കുവാന്‍ കഴിവില്ലാതെ അത്മഹത്യ ചെയ്യുന്ന കര്‍ഷകരും, ജോലി സമ്മര്‍ദ്ധം താങ്ങാനാകാതെ അത്മഹത്യ ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജോലിക്കാരും ഇനിയും മലയാളികളില്‍ ഉണ്ടാകരുത്. നിങ്ങള്‍ ടാര്‍സിയേഴ്സിന്റെ പിന്‍ഗാമികള്‍ അല്ല.

ഒരു കഥാകാരന് എന്തായാലും ഇങ്ങനെ പറയാം, ടാര്‍സിയറും ടാര്‍സനും ഒരു നഗരത്തില്‍ എപ്പോഴും കാണും.

Wednesday, November 30, 2011

പശുക്കള്‍ എങ്ങനെ ചിന്തിക്കുന്നു.


During thirty years of work on livestock handling and the design of restraining devices for animals, I have seen that many people try to restrain animals using force instead of behavioral principles.

Animals make us human
Temple Grandin & Catherine Jonson


പശുത്തൊഴുത്ത് എവിടെ പണിയണം. അത് ഏതു രീതിയിലായിരിക്കണം?അതിനടുത്ത് തന്നെ ഒരു വൈക്കോല്‍ തുറു വേണം. പശുക്കളെ വളര്‍ത്തുന്നത് വളരെ ഭാഗ്യവും, പശുക്കളെക്കുറിച്ച് പഠിക്കുന്നത് മഹാഭാഗ്യവുമല്ലേ. ഒരു ക്ഷീരകര്‍ഷകനായിരിക്കുക എന്നത് നല്ലതല്ലേ? ഇന്നത്തെക്കാലത്തും ചിലര്‍ ഇങ്ങനെയെല്ലാം ചിന്തിക്കുന്നു. ഭാരതീയ വാസ്തുശാസ്ത്രം വീടിനൊപ്പം തന്നെ വളരെ പ്രാധാന്യം തൊഴുത്തിനും കൊടുത്തിരുന്നു.  പശുവിന്റെ അകിടില്‍ സൂര്യപ്രകാശം കിട്ടുന്ന ഒരു സ്ഥലമായിരിക്കണം. വീട്ടില്‍ വിളക്ക് തെളിയിച്ചാല്‍ പശുക്കള്‍ക്ക് കാണത്തക്കമായിക്കണം, എന്നൊക്കെ പറയുന്നു. കാമധേനു എന്ന വിശുദ്ധ പശുവിന്റെ നാട്. പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കാമധേനുവിനെ. ഇന്ന് ലോകത്ത് കാണുന്ന കന്നുകാലികളെല്ലാം കാമധേനുവില്‍ നിന്നാണ് ജനിച്ചതെന്നു പറയപ്പെടുന്നു. ചില നാളുകളില്‍ ജനിച്ച കുട്ടികളുടെ ശാപം തീര്‍ക്കുവാന്‍ പശുക്കളുടെ അടിയിലൂടെ കൊണ്ടു പോയി  ശാപവിമുക്തമാക്കണമെന്നു പറയുന്ന നാട്. ചാണക വെള്ളം കൊണ്ട് ശുദ്ധി വരുമെന്ന് വിശ്വസിക്കുന്ന നാട്. പണ്ട് സിമന്റൊന്നും ഇല്ലാതിരുന്ന സമയത്ത് തറ ചാണകം കൊണ്ട് മെഴുകി ഉപയോഗിച്ചിരുന്നു. പക്ഷെ നമ്മള്‍ക്ക് പശുക്കളെക്കുറിച്ച് എന്തറിയാം?. ഏത് ഗുരുവാണ് പശുക്കളെക്കുറിച്ചുള്ള അറിവ് പറഞ്ഞു തരുന്നത്?. കൊച്ചു കുട്ടികള്‍ക്കാണെങ്കില്‍ അമ്മ കഴിഞ്ഞാല്‍ പാലു തരുന്നത് പശുവാണ്.  ഗോജാതിയിലുള്ള ഈ പെണ്ണിനെ, പയ്യ്, പൈ എന്നും നമ്മള്‍ വിളിക്കുന്നു. പശുപതി ശിവനാണ്, ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്നും രക്ഷിക്കുന്നവന്‍. ഇതെല്ലാം പശുവിനോടു ബന്ധപ്പെട്ട് നമ്മള്‍ കേട്ടിട്ടുള്ള കാര്യങ്ങളാണ്. പശുപാലകന്‍ അല്ലെങ്കില്‍ ഇടയനും സംസാരബന്ധത്തില്‍പ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നു. ലോകവിഷയങ്ങളില്‍ ഭ്രമിച്ച് ജനനമരണങ്ങള്‍ക്കിടയില്‍പ്പെട്ട് ഉഴലുന്നവരെ മോചിപ്പിക്കുക എന്നാണോ?. പശുക്കളെക്കുറിച്ചുള്ള അറിയാവുന്ന വാചകങ്ങള്‍ കുറിച്ചിടുന്നു, വല്ലപ്പോഴും മടങ്ങി വരുമ്പോള്‍ ചില വാക്കുകളില്‍ നിന്നും പാരച്യൂട്ട് വഴി അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍.  നമ്മള്‍ പശുക്കളെയും മറ്റു വളര്‍ത്തു മ്യഗങ്ങളെയും എത്രമാത്രം മനസിലാക്കിയിട്ടുണ്ട്, പഠിച്ചിട്ടുണ്ട്.

ഞാന്‍ നല്ല ഇടയന്‍ എന്ന് പറഞ്ഞത് ആരാണ്. കുറഞ്ഞ പക്ഷം, ഒരു ചെറിയ ഇടയനെങ്കിലും ആയിരിക്കുക നല്ലതല്ലേ. ഇവിടെ പശുവിനെ മേയ്ക്കുന്ന ഇടയന്‍ ആണ് വിഷയത്തില്‍. അല്ലെങ്കില്‍ ഒരു പശുവളര്‍ത്തല്‍ഫാമിന്റെ ഉടമസ്ഥനാകാം. പശുക്കളെക്കുറിച്ച് അറിയുവാന്‍, പഠിക്കുവാന്‍.


പശുത്തൊഴുത്ത് വീടിന്റെ മുമ്പില്‍ വശത്തായി പണിയുന്നത് അത്ര ശരിയാണോ?. എന്തുകൊണ്ട് കിഴക്കോട്ട് ദര്‍ശനമുള്ള വീടിന്റെ വലത്തു വശത്ത്, തെക്കെ വശത്ത് തൊഴുത്ത് വയ്ക്കണം? ആരെങ്കിലും പെട്ടെന്ന് വരുന്നത് അസഹ്യമായി അനുഭവിക്കുന്ന പശുവിന് പെട്ടെന്ന് വരുന്ന വാഹനങ്ങള്‍ ഭയം ഉളവാക്കുന്നു. പെട്ടെന്നുള്ള ചലനങ്ങള്‍ വെറുക്കുന്നു. നേരെ ആരെങ്കിലും ശകാരിക്കുന്നത്. പെട്ടെന്നുള്ള വലിയ വെളിച്ചം, അതു പോലെ കൂരാകൂരിരുട്ട് എന്നിവയെല്ലാം പശുക്കളില്‍ ഭയം നിറയ്ക്കുന്നു.
ഒരു വീടിന്റെ മുമ്പിലുള്ള തൊഴുത്താണെങ്കില്‍ ഇതില്‍ ചിലതെല്ലാം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. അത് പശുക്കളില്‍ ഭയവും മറ്റു സമ്മര്‍ദ്ദവും നിറച്ച് രോഗമോ അല്ലെങ്കില്‍ മരണമോ സംഭവിക്കുവാന്‍ ഇടയാക്കുന്നു. നമ്മുടെ വീടുകളില്‍ പെട്ടെന്ന് ചത്തു പോയ പശുക്കളും, രോഗ ബാധിതമായ പശുക്കളും ഉണ്ടാകാന്‍ കാരണമിതൊക്കെയാണോ?


എന്തായാലും പശുവിന്റെ കൂടെ എത്ര വര്‍ഷം കഴിഞ്ഞാലും, പശുവളര്‍ത്തല്‍ഫാമിന്റെ ഉടമസ്ഥനായാലും വെറുമൊരു ഇടയനായാലും "പശുവിനെ പോലെ ചിന്തിക്കുന്നു" എന്ന് അവരിലാരെങ്കിലും പറയുമോ.


അങ്ങനെ ഒരു സ്ത്രീ പറഞ്ഞു. ഓറ്റിസം ഉള്ള ടെംപിള്‍ ഗ്രാന്‍ഡിന്‍(Temple Grandin). മ്യഗങ്ങളെ മനസ്സിലാക്കുവാന്‍ അസാധാരണ കഴിവുകളുള്ള, ലോകം അഗീകരിച്ച പ്രശസ്ത.

അവര്‍ പറയുന്നത് ജന്തുക്കള്‍ ചിന്തിക്കുന്നത് ഓറ്റിസം ബാധിച്ച മനുഷ്യരെ പോലെയാണെന്നാണ്. ജന്തുക്കള്‍ എന്ത് കാണുന്നുവെന്നും മനുഷ്യര്‍ എന്തു കാണുന്നില്ലാ എന്നും അവര്‍ക്കറിയാം. ഓറ്റിസം ബാധിച്ചവര്‍ സാധാരണ മനുഷ്യരെക്കാള്‍ കൂടുതലായി ചില ചിന്താരീതികളില്‍ ജന്തുക്കളോടാണ് അടുപ്പം. പശുക്കള്‍ വിശദാംശത്തോടുക്കൂടി കാണുന്നു, ആ വിശദാംശത്തോട് അതു പ്രതികരിക്കുന്നു. വളരെ നല്ല വ്യത്തിയുള്ള ഒരു സ്ഥലത്തുകൂടി നടന്നു പോകുന്ന പശു അവിടെ ഒരു ഇലയോ, കുപ്പിയോ മറ്റോ കണ്ടാല്‍ അവിടെ നില്‍ക്കും. അതിന് കാരണം നമ്മള്‍ ഒരു പക്ഷെ ശ്രദ്ധിക്കാതെ പോകുന്ന വളരെ ചെറിയ കാര്യങ്ങള്‍ പോലും പശു ശ്രദ്ധിക്കുന്നതു കൊണ്ടാണ്.

കാണുന്നത് ചിത്രങ്ങളായി മനസ്സില്‍ കിടക്കുകയും അങ്ങനെയുള്ള ചിത്രങ്ങളിലൂടെ ചിന്തിക്കയും (Thinking in pictures) ആണ് ടെംപിള്‍ ഗ്രാന്‍ഡിന്റെ രീതി. പശുക്കളും അങ്ങനെ തന്നെയാവും ചിന്തിക്കുക.
ഓറ്റിസം തലച്ചോറിന്റെ നെറ്റ് വര്‍ക്കിനെ വേറേ ഏതൊക്കെയോ രീതിയില്‍ ആക്കി തീര്‍ക്കുന്നു. ഓറ്റിസം ഉള്ള ഒരു കുട്ടി അസ്വസ്ഥനാകുന്നത് ക്ലസ്സില്‍ ഫാന്‍ ഇടുമ്പോഴാണ്. കാരണം പേപ്പറുകള്‍ അനങ്ങുന്നു. പേപ്പറുകള്‍ അനങ്ങാതെ ഇരിക്കുന്ന, വളരെ പരിപൂര്‍ണ്ണത നിറഞ്ഞതാണ് അവന്റെ ലോകം. എന്തായിരിക്കും അവന്റെ കണ്ണുകളിലൂടെ അവന്‍ മനസ്സിലാക്കുന്നത്. ഒരു കുട്ടിക്ക് അവന്റെ കാലിലെ സോക്സ് ഒട്ടും തന്നെ താഴേക്ക് പോകുവാന്‍ പാടില്ല. അത് അവനില്‍ അസ്വസ്തത ഉണ്ടാക്കുന്നു. ചില ഓറ്റിസ്റ്റിക് സാവെയ്ന്റുകള്‍ പീയാനോ ഇഷ്ടപ്പെടുന്നു. കാരണം ലോകത്തിലെ ശബ്ദങ്ങളെ അത് വളരെ ക്യത്യമായി 88 കീകളില്‍ വളരെ ക്യത്യമായി അടുക്കി വെച്ചിരിക്കുന്നതു കൊണ്ടാകാം. പൂര്‍ണത ഇല്ലാതെ ചിതറിക്കിടക്കുന്ന ശബ്ദങ്ങളെ പരിപൂര്‍ണ്ണതയില്‍ ഒരുക്കി വെക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടാവും. വളരെ വളരെ ക്യത്യതയാണ് ചിലരുടെ പ്രത്യേകത. Hyper-systemizing ഓറ്റിസം ബാധിച്ചവരുടെ പ്രത്യേകതയാണ്. അതു പോലെ തന്നെ excellent attention to detail- ഉം. High-functioning ഓറ്റിസം ഉള്ളവരിലാണ് ഇങ്ങനെയുള്ള പ്രത്യേകതകള്‍ കാണുന്നത്.

ചിലര്‍ക്ക് കഴുകന്‍ കണ്ണു കൊണ്ട് കാണുവാന്‍ സാധിക്കുന്നു. അവരുടെ മനസ്സില്‍ അവര്‍ കാണുന്നത് ഒപ്പിയെടുക്കുമായിരിക്കും എല്ലാ വിശദാംശങ്ങളുമായി, എല്ലാ ചെറിയ കാര്യങ്ങള്‍ വരെ വളരെ ക്യത്യമായി. "ജോണ്‍ എബ്രഹാമും എ. അയ്യപ്പനും നഗരത്തിലുണ്ട്. ആരും ഏതു സമയത്തും ഇങ്ങോട്ടു കയറി വരാം." (ചുള്ളിക്കാടിന്റെ ചിദംബര സ്മരണയില്‍ നിന്ന്) ഏതോ പ്രതീകങ്ങളെന്ന പോലെ, നിറങ്ങള്‍ നിറഞ്ഞ കാറ്റ് പോലെ, വാവല്‍ ചിറക് വിടര്‍ത്തുന്നതു പോലെ ഓറ്റിസം ഉള്ളവര്‍ പ്രത്യക്ഷപ്പെടുകയില്ലായിരിക്കും. ദിവസവും ഒരേ വഴിയില്‍ നടക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരേ സമയത്ത്  കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഒരേ കാര്യങ്ങള്‍ തന്നെ എപ്പോഴും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.

ഇന്ന് നമ്മളില്‍ പലരും പ്രക്യതിയില്‍ നിന്ന് അകന്ന് ഓഫീസിന്റെ ഉള്ളിലും, കംപ്യൂട്ടറിന്റെ മുമ്പിലും ടെലിവിഷന്റെ മുമ്പിലും ജീവിതം കഴിക്കുന്നു. മനുഷ്യന്റെ ബുദ്ധിയുടെ ഏതോ ഭാഗത്ത് ജന്തുക്കളുടെ കാഴ്ചകളും, സ്വഭാവങ്ങളും മനസ്സിലാക്കുവാന്‍ തക്ക പ്രാപ്തി കിടക്കുന്നു. അത് ഓറ്റിസ്സം ബാധിച്ച ചിലര്‍ക്ക് പെട്ടെന്ന് പ്രാപ്യമാകുന്നു. അതല്ലെ ടെംപിള്‍ ഗ്രാന്‍ഡിന്റെ ജീവിതത്തില്‍ നിന്നും മനസ്സിലാക്കേണ്ടിയത്.

വളരെ നൂറ്റാണ്ടുകള്‍ ഈ രീതിയില്‍ കഴിഞ്ഞു പോകുമ്പോള്‍ മനുഷ്യരുടെ ബുദ്ധിയുടെ ഏതെല്ലാം ഭാഗങ്ങള്‍ അപ്രാപ്യമാക തക്ക രീതിയില്‍ അടയപ്പെടാം?. അവിടെയും ടെംപിള്‍ ഗ്രാന്‍ഡിനെ പോലെ ആരെങ്കിലും ഉണ്ടാകുമായിരിക്കും മനസ്സിലാക്കി തരുവാന്‍.

തിരികെ വരാം വല്ലപ്പോഴുമെങ്കിലും പ്രക്യതിയിലേക്ക്, ജന്തു(Animal) നിരീക്ഷണത്തിലേക്ക്, അങ്ങനെ പശുക്കളെയും മറ്റും എങ്ങനെ നല്ലവണ്ണം വളര്‍ത്താമെന്നും അവയോട് എങ്ങനെ ഔചിത്യപൂര്‍വ്വം പെരുമാറാമെന്നും പഠിക്കാം അങ്ങനെയെങ്കിലും നമ്മുക്ക് നല്ല മനുഷ്യരാകാം.





മ്യഗസ്നേഹികള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ഒരു പുസ്തകമാണ് ടെംപിള്‍ ഗ്രാന്‍ഡിനും കാതറിന്‍ ജോണ്‍സണും കൂടിയെഴുതിയ Animals make us human എന്ന പുസ്തകം

ടെംപിള്‍ ഗ്രാന്‍ഡിന്റെ  വളരെ പ്രശ്തമായ മറ്റു ക്യതികളാണ്.


Animals in Translation : Using the Mysteries of Autism to Decode Animal Behavior (with Catherine Johnson) - ഉം

Thinking in pictures : and Other Reports from My Life with Autism - എന്നുള്ള പുസ്തകവും



Monday, October 31, 2011

സുകേഷ് കുട്ടന്റെ സംഗീതവും ചില ചിന്തകളും


Hardy abhorred politics, considered applied mathematics repellent, and saw pure mathematics as an esthetic pursuit best practiced for its own sake, like poetry or music.

A beautiful mind
Sylvia Nasar

Paul Erdos മുകളില്‍ പറഞ്ഞ G. H. Hardy യോടു ചോദിച്ചു ഗണിതശാസ്ത്രത്തിന് താങ്കളുടെ സംഭാവന എന്തായിരുന്നുവെന്ന്, അതിന് ഹാര്‍ഡി മറുപടി പറഞ്ഞത് രാമനുജനെ കണ്ടെത്തിയത് എന്നായിരുന്നു. അതെ ശ്രീനിവാസ രാമാനുജന്‍ തന്നെ. ഇങ്ങനെ ഹാര്‍ഡിയും, രാമാനുജനും, ജോണ്‍ നാഷും മറ്റും വീണ്ടും ചിന്തയില്‍ വന്നു കൊണ്ടിരിന്നപ്പോഴാണ് ഒരു സ്നേഹിതന്‍ വിളിച്ചത്. സുകേഷ് കുട്ടന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ 6-ല്‍ പാടിയ "നീയൊരു പുഴയായി" എന്ന പാട്ട് കേള്‍ക്കുവാന്‍, യൂ റ്റ്യുബില്‍ ഉണ്ടെന്നും അത് കാണണമെന്നും. എന്തൊക്കെയോ ഓര്‍മ്മകളിലേക്ക് ആ ശബ്ദം നയിച്ചു, അറിയപ്പെടാതെ അബോധതലത്തില്‍ കിടന്ന എന്തിനെയോ തട്ടിയുണര്‍ത്തിയതായി തോന്നി.

സംഗീതം അത് ആദ്യമായി കേട്ട സമയത്തുള്ള മാനസികാവസ്ഥയിലേക്ക്, ചില ഓര്‍മ്മകളിലേക്ക് എന്നെ നയിക്കുവാറുണ്ട്. ആദ്യമായി കേള്‍ക്കുന്ന സംഗീതമാണെങ്കില്‍ പോലും ചിലപ്പോള്‍ അറിയാതെ കിടക്കുന്ന ഏതോ ചിന്തകളെ നനച്ച് ഉണര്‍ത്താറുണ്ട്. "നീയൊരു പുഴയായി" എന്ന ഗാനത്തിന്റെ ആലാപനം കെ. ജെ. യേശുദാസ് എന്ന് തെറ്റിയെഴുതിയാണ് ഏഷ്യാനെറ്റില്‍ കാണിച്ചതെങ്കിലും, വലിയ തെറ്റൊന്നും കാണിക്കാതെ, ദൈവം വരദാനമായി കൊടുത്ത നല്ല ശബ്ദത്തില്‍ സുകേഷ് ആ പാട്ട് പാടി. ജയചന്ദ്രന്‍ പാടിയ ആ ഗാനത്തിന് അതോടു കൂടി വീണ്ടും ഒരു ഉണര്‍വ് കിട്ടുകയായിരുന്നു. "നീയൊരു പുഴയായി" എന്ന ഗാനം തിളക്കം എന്ന ജയരാജിന്റെ സിനിമായിലുള്ളതാണ്.

നല്ല ഗാനങ്ങളുമായി മികച്ച പ്രകടനം കാണിക്കുവാന്‍ സുകേഷ് വീണ്ടും, വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം. ഓസ്റ്റിക് സാവെയ്ന്റിന്റെ(Savant)കൂട്ടത്തിലേക്ക് സുകേഷിന്റെ പേരും കടന്നു വരുന്നുണ്ടോ?.

Music is hidden exercise in arithmetic, of a mind unconscious of dealing with numbers എന്ന് Leibniz അല്ലേ പറഞ്ഞിരിക്കുന്നത്. നമ്മള്‍ സാധാരണ കേള്‍ക്കുന്ന സംഗീതം, വീണ്ടും കുറച്ചു കൂടി ആഴത്തിലേക്ക്, രാഗത്തിന്റെയും, താളത്തിന്റെയും തലത്തിലേക്ക് പോകുകയും, അവിടെ നിന്ന് അതിന്റെയെല്ലാം കണക്കുകള്‍ മാത്രം നിലനില്‍ക്കുന്ന തലത്തിലേക്ക്. അതിന്റെ മാത്രാനീയമത്തിന്റെ കണക്കിലുള്ള സൂക്ഷമതയിലേക്ക് ചില പ്രത്യേക വ്യക്തികളുടെ മനസ്സുകള്‍ പോകുന്നു. ആന്ദോളനത്തിന്റെ (Vibration) സമയക്രമം, അല്ലെങ്കില്‍ ക്യത്യമായുള്ള രാഗത്തിന്റെ കണക്കുമായി ഒത്തുചേര്‍ന്നിരിക്കുന്ന ശബ്ദത്തിന്റെയും നിശബ്ദതയുടെയും ഏറ്റവും സൂക്ഷമതയാര്‍ന്ന ക്യത്യത അറിയാവുന്ന ഒരാള്‍ അവന്‍ കണക്കില്‍ അസാധാരണമാം വിധം മികച്ചവനാണെങ്കില്‍, സംഗീതം എങ്ങനെയായിരിക്കും മനസ്സിലാക്കി എടുക്കുന്നത്.

1988 - ല്‍ ഇറങ്ങിയ റെയിന്‍ മാന്‍ എന്ന സിനിമയില്‍ ഓറ്റിസം ബാധിച്ച റെയ്മണ്ട് എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഡസ്റ്റിന്‍ ഹോഫ്മാന് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. കണക്കില്‍ ഏറ്റവും മികച്ച കഴിവുള്ളവനായ റെയ്മണ്ട്. ഈ കഥാപാത്രത്തിന്റെ നിര്‍മ്മിതിയ്ക്ക് കാരണമായ Kim Peek - ന് 12000 പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍മ്മയുണ്ടായിരുന്നുവത്രേ. ഇദ്ദേഹത്തിന് ഓറ്റിസമല്ലായിരുന്നു FG syndrome എന്ന അവസ്ഥയായിരുന്നു. കിം പീയാനോ വായിക്കുവാന്‍ പഠിച്ചപ്പോള്‍ അദ്ദേഹത്തിന് ദശകങ്ങള്‍ക്ക് മുമ്പ് കേട്ട പാട്ടുകള്‍ ഓര്‍മ്മ വരുമായിരുന്നു. കേള്‍ക്കുന്ന പാട്ടും കേട്ടിട്ടുള്ള മറ്റു പാട്ടുകളുമായി താരതമ്യം ചെയ്യുമായിരുന്നു. ഒരുപക്ഷെ, ഇങ്ങനെയുള്ളവര്‍ ഈ കണക്കുകളുടെ ലോകത്തില്‍ മാത്രം നിന്നു കൊണ്ട് നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കാത്ത രീതിയില്‍ സംഗീതത്തെ കാണുന്നുണ്ടോ?. കണക്കും അതിന്റെ കൂടെ സംഗീതവും മാത്രമുള്ള ഒരു ലോകം. ഗണിതശാസ്ത്രത്തിലേ മഹാപ്രതിഭകള്‍ക്ക് സംഗീതം എങ്ങനെയായിരുന്നു. കണക്കിന്റെ ലോകത്തെ സന്യാസി എന്ന് വിശേഷിക്കപ്പെട്ട പോള്‍ എര്‍ദോഷ് (Paul Erdos) സംഗീതത്തെക്കുറിച്ച് ശബ്ദമെന്ന് (Noise) മാത്രമാണ് പറഞ്ഞിരിക്കുന്നത്. അറിയാവുന്ന ഗണിതശാസ്ത്രഞ്ജമാരുടെ വീടുകളില്‍ ചെന്ന് വാതിലില്‍ മുട്ടുകയും തുറക്കുമ്പോള്‍ "My brain is open" എന്ന് പറഞ്ഞ് അവരുടെ അതിഥിയായി കുറച്ചു കാലം കഴിഞ്ഞതിനു ശേഷം അവിടെ നിന്നും അടുത്ത സ്നേഹിതന്റെ വീട്ടിലേക്ക് പോകും, അങ്ങനെയുള്ള യാത്രകള്‍ നടത്തി മാത്രം ജീവിതം കഴിച്ച ലോക പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍, അദ്ദേഹത്തിന് സംഗീതം വെറും ശബ്ദമായിരുന്നുവെങ്കില്‍ ഗ്രിഗറി പേര്‍ഇല്‍മന്‍ ഒരു നല്ല വയലിനിസ്റ്റും കൂടിയാണ്. ഗണിതശാസ്ത്രലോകത്തെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Fields medal നിരാകരിച്ച, മറ്റു ചില പ്രശസ്ത സമ്മാനങ്ങളും നിരാകരിച്ച ഗ്രിഗറി പേര്‍ഇല്‍മാന്‍ (Grigori Perelman), പണത്തിലോ പ്രശസ്തിയിലോ എനിക്കൊട്ടും തല്പര്യമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവും മികച്ചവര്‍ അവര്‍ക്കിഷ്ടപ്പെട്ട ജോലിയിലൂടെ തന്നെ അവര്‍ക്ക് വേണ്ടുന്ന ആനന്ദം കണ്ടെത്തുന്നുണ്ട്. ചില വലിയ ഗണിതശാസ്ത്രജ്ഞന്മാര്‍ക്ക് സംഗീതം ഇഷ്ടമായിരുന്നുവെങ്കില്‍ ചിലര്‍ക്ക് അത്ര ഇഷ്ടമല്ലായിരുന്നു.

റെയിന്‍ മാന്‍ എന്ന സിനിമയില്‍ റെയ്മണ്ട് എന്ന ഓറ്റിസം ബാധിച്ച കഥാപാത്രത്തെ അദ്ദേഹത്തിന്റെ സഹോദരന്‍ ലാസ് വേഗസിലെ പ്രശസ്തമായ ചൂതാട്ടകേന്ദ്രങ്ങളില്‍ കൊണ്ട് പോകുകയും ധാരാളം പണം സമ്പാദിക്കയും ചെയ്യുമ്പോഴും റെയ്മണ്ടിന് ഇതിലെന്നും വലിയ താത്പര്യമില്ലായിരുന്നു.

കണക്കും സംഗീതവും തമ്മില്‍ എന്താണ് ബന്ധം?, സംഗീതസിദ്ധാന്തവാദി ഒരു പക്ഷെ ഗണിതശാസ്ത്രത്തെ സംഗീതം മനസ്സിലാക്കുവാന്‍ ഉപയോഗിക്കുമായിരിക്കും, ഒരു പക്ഷെ ശബ്ദശാസ്ത്രത്തിനായിരിക്കാം (acoustics) കണക്കിന്റെ കൂടുതല്‍ ഉപയോഗം വേണ്ടി വരുന്നത്.

എന്തായാലും, സ്നേഹിത നന്ദി, സുകേഷിന്റെ പാട്ടു കേള്‍ക്കുവാന്‍ വിളിച്ച് പറഞ്ഞതിന്, നന്ദി ഏഷ്യാനെറ്റ് സുകേഷിനെ തിരഞ്ഞെടുത്തതിന്, പരിചയപ്പെടുത്തിയതിന്.

സുകേഷിന്റെ പാട്ടുകള്‍ കേള്‍ക്കുവാനും സൗന്ദര്യബോധം നിറഞ്ഞ ഒരു പിന്തുടരല്‍ നമ്മുക്ക് നടത്താം.