Sunday, October 24, 2010

ഉഗെറ്റ്സു(Ugetsu) എന്ന സിനിമ തന്ന കാഴ്ചാനുഭവങ്ങള്‍


ഉഗെറ്റ്സു(Ugetsu) എന്ന സിനിമ തന്ന കാഴ്ചാനുഭവങ്ങള്‍ എന്നെ ജീവിതത്തെക്കുറിച്ചുള്ള വളരെയധികം ചിന്തകളുടെയും സന്ദേഹങ്ങളുടെയും ലോകത്തെത്തിച്ചു. അതൊടൊപ്പം സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി യാത്ര തിരിച്ച ചില കലാകാരന്മാരും ചിന്തകരും എന്റെ മനസ്സിലൂടെ കടന്നു പോയി.

എന്താണ് ജീവിതം? ഇതു വെറുമെരു സ്വപ്നം മാത്രമായിരിക്കാം. ഇന്നലെ വരെ ഒരു ഓര്‍മ്മ മാത്രം. ചെടി ഭൂമിയില്‍ നിന്നും പിഴുതെടുത്താല്‍ ഉണങ്ങി പോകുന്നു. മത്സ്യത്തെ വെള്ളത്തില്‍ നിന്നും പുറത്തെടുത്താല്‍ ചത്തു പോകുന്നു. അതുപോലെ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഒരുമ്മിച്ച് ജീവശക്തി നഷ്ടപ്പെടാതെ ഇരിക്കുവാനുള്ള ഒരു ഇരിപ്പിടമാണോ കുടുംബം. ഏതൊരു മനുഷ്യജീവിയും കുടുംബ ജീവിതം തുടങ്ങിയാല്‍ അങ്ങനെയായിരിക്കണം. അല്ലെങ്കില്‍ അങ്ങനെയുള്ള ജീവിതം തുടങ്ങാതെയിരിക്കുക, എന്നു വല്ലതുമായിരിക്കുമോ, കുടുംബബന്ധം വിട്ടു പോകുകയും ആകസ്മികമായി പിന്നീട് മടങ്ങിയെത്തുകയും ചെയ്യുന്ന കുടുംബനാഥന്മാരുടെ കഥകളിലൂടെ ഈ ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്.  അതല്ല സ്വപ്നം പിന്തുടരുന്നവന്‍ വീടു വിടുക എന്നുമുണ്ടോ?. കുടുംബത്തെ മറന്ന് സ്വന്തം സ്വപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ നടക്കുന്ന എല്ലാ പുരുക്ഷന്‍മരെയും ഓര്‍ക്കുന്ന ഒരു മികച്ച സിനിമയാണിത്, അതെ സമയം, സ്വന്തം ജീവിതത്തെ തകര്‍ക്കുകയും വിചിത്ര സ്വപ്നങ്ങളില്‍ അകപ്പെടുത്തുകയും ചെയ്യുന്ന യക്ഷിമാരില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള സിനിമ. കുടുംബനാഥന്‍മാരായ ആണുങ്ങള്‍ അവരുടെ സ്വപ്ന സാക്ഷാത്കരണത്തിന് എടുക്കുന്ന ചില തീരുമാനങ്ങള്‍ എങ്ങനെ കുടുംബത്തിനെ ബാധിക്കുന്നു എന്നെല്ലാം ഉറക്കെ ചിന്തിക്കുന്ന സിനിമായാണ് കെന്‍ജി മിസോഗുച്ചിയുടെ ഉഗെറ്റ്സു.  ജപ്പാനീസ് ഭാഷയിലിറങ്ങിയ ചിത്രത്തിന്റെ മുഴുവന്‍ പേരും ഉഗെറ്റ്സു മൊണൊഗറ്റോറി എന്നാണ്.

ഉഗെറ്റ്സു എന്ന 1953-ലെ സിനിമ കാണുമ്പോള്‍ ഐതിഹ്യമാല വായിച്ചിട്ടുള്ള മലയാളികള്‍ക്ക് കാലടിയിലെ ഭട്ടതിരി എന്ന ഭാഗം ഓര്‍മ വരും. ഐതിഹ്യമാലയിലെ കഥയില്‍ ഭട്ടതിരിയും സ്നേഹിതന്‍ നമ്പൂരിയും രാത്രിയില്‍ തൃശ്ശിവപേരൂര്‍ പൂരം കാണുവാന്‍ യാത്ര തിരിച്ചു. ’യക്ഷിപ്പറമ്പ്’ എന്ന സ്ഥലത്തിന് സമീപമായപ്പോള്‍ സര്‍വാംഗസുന്ദരികളായ രണ്ടു സ്ത്രീകള്‍ വഴിയില്‍ നില്‍ക്കുന്നതു കാണുകയും പിന്നീട് സ്ത്രീകളുടെ കൂടെ അവരുടെ വീട്ടിലേക്ക് രാത്രി കഴിച്ചു കൂട്ടുന്നതിനായി പോകുകയും ചെയ്തു.

"കുറച്ചു ചെന്നപ്പോള്‍ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകള്‍ ബ്രഹ്മണരെ ആ മാളികയില്‍ കൂട്ടി കൊണ്ടു പോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഭട്ടതിരിയെയും ഒന്നില്‍ നമ്പൂരിയെയും കൊണ്ടു ചെന്നു കിടത്തി". ദേവീമാഹാത്മ്യം എന്ന ഗ്രന്ഥമുണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ട നമ്പൂരി നേരം വെളുത്ത് നോക്കിയപ്പോള്‍ "അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളില്‍ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തില്‍ താഴെയിറങ്ങി. അപ്പോള്‍ അതിനടുത്തുള്ള കരിമ്പനയുടെ ചുവട്ടില്‍ ഭട്ടതിരിയുടെ നഖങ്ങളും കുടുമയും മാത്രം കിടക്കുന്നതു കണ്ടു. തലേ ദിവസം കാണപ്പെട്ട സ്ത്രീകള്‍ മനുഷ്യ സ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലം കൊണ്ട് അവരെ മനുഷ്യസ്ത്രീകളാണെന്നും കരിമ്പന മാളീകയാണെന്നും" തോന്നിച്ചതാണ് എന്നും മറ്റും നമ്പൂരിക്കു മനസ്സിലായി.

ഉഗെറ്റ്സു  എന്ന സിനിമയില്‍ ഗെന്‍ജൂരോ എന്ന കളിമണ്‍പാത്രനിര്‍മാണകാരന്‍  ലേഡി വകാസയുടെ  മാളികയില്‍ താമസ്സിക്കുന്നു. പക്ഷെ പിന്നീട് അയാള്‍ക്ക് മനസ്സിലാകുന്നു അവിടെ അങ്ങനെയൊരു മാളീകയില്ലായിരുന്നുവെന്നും എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നും. യക്ഷികളുടെ കഥ പറയുന്ന മലയാളിയും ഏകദേശം അതേ കഥ ഉയര്‍ന്നു വരുന്ന ഒരു ജാപ്പനീസ് സിനിമയും.

ജപ്പാനീസ് സിനിമയും നമ്മുടെ നാടോടിക്കഥകളും തമ്മില്‍ സാമ്യമുള്ള വേറൊരു പ്രശസ്തമായ സിനിമാ കൂടിയുണ്ട്.

കുറുക്കന്റെ കല്യാണം എപ്പോഴാണ് നടക്കുന്നത് എന്ന് എല്ലാ മലയാളികള്‍ക്കുംഅറിയാമെന്ന് കരുതുന്നു. നല്ല വെയിലുള്ള പകല്‍ക്കാലത്ത് മഴ പെയ്യുകയാണെങ്കില്‍ കുറുക്കന്റെ കല്യാണം നടക്കുന്നു എന്നൊരു പറച്ചിലുണ്ട്. കുറോസോവയുടെ ഡ്രീംസ് എന്ന സിനിമയില്‍ ഇപ്രകാരമുള്ള ഒരു കഥ പറയുന്നുണ്ട്.

പതിനെട്ടാം നൂറ്റണ്ടില്‍ എഴുത്തപ്പെട്ട പ്രേതകഥകളില്‍ നിന്ന് എടുക്കപ്പെട്ട് Kenji Mizoguchi സംവിധാനം ചെയ്ത സിനിമായാണ് ഉഗെറ്റ്സു മൊണൊഗറ്റോറി - Ugetsu monogatori (Tales of the moon and rain). ഉഗെറ്റ്സു എന്ന സിനിമായുടെ കഥ നടക്കുന്നത് പതിനാറം നൂറ്റാണ്ടിലെ ജപ്പാനിലാണ്. പ്രധാന കഥാപാത്രം ഗെന്‍ജൂരോ എന്ന കുശവനും അയാളുടെ ഭാര്യ മിയാഗിയുമാണ്. എവരെ അവതരിപ്പിച്ചിരിക്കുന്നത് യഥാക്രമം മസയുകി മോറിയും കിനുയോ ട്ടനാകയുമാണ്.  എങ്ങനെയെങ്കിലും ഒരു സാമുറായി ആകണം എന്ന് ആഗ്രഹിക്കുന്ന റ്റോബി എന്ന കര്‍ഷകനും അയാളുടെ ഭാര്യ ഒഹാമയും. ഗെന്‍ജൂരോയിക്ക് എങ്ങനെയെങ്കിലും ധാരാളം പണം ഉണ്ടാക്കണം എന്ന ആഗ്രഹം, അതെ സമയം റ്റോബിക്ക് എങ്ങനെയെങ്കിലും ഒരു സാമുറായ് ആകണം. പക്ഷെ ആയാളുടെ കൈവശം സാമുറായിയായി തീരുവാന്‍ വേണ്ട കുന്തവും പടച്ചട്ടയും വാങ്ങിക്കുവാന്‍ ഉള്ള പണമില്ല. രണ്ടു പേരും കൂടി കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നു. പട്ടാളം അവരുടെ ഗ്രാമത്തില്‍ വന്ന് എല്ലാം കൊള്ളയടിക്കുന്നു എങ്കിലും ഈ രണ്ടു കുടുംബങ്ങള്‍ അവിടെ നിന്നും ഓടി രക്ഷപെടുന്നു. കളിമണ്‍ പാത്രങ്ങള്‍ വേറൊരു പട്ടണത്തില്‍ കൊണ്ടു പോയി വില്‍ക്കുവാന്‍ രണ്ടു കുടുംബങ്ങളും ഒരു വള്ളത്തില്‍ കയറി യാത്രയാകുവാന്‍ തുടങ്ങുന്നു എങ്കിലും പത്തു ദിവസ്സത്തിനുള്ളില്‍ തിരികെ വരുമെന്ന് പറഞ്ഞ്  ഗെന്‍ജൂരോ ഭാര്യയെയും കുഞ്ഞിനെയും നദിയുടെ തീരത്ത് ഇറക്കി വിടുന്നു, മിയാഗിയുടെ പുറകില്‍ ഇരിക്കുന്ന കുഞ്ഞ് അകന്നു പോകുന്ന വള്ളത്തിലിരിക്കുന്ന സ്വന്തം പിതാവിനെ കൈ വീശി കാണിക്കുന്നതും മിയാഗി തടാകത്തിന്റെ തീരത്തു കൂടി ഓടി നടക്കുന്നതും വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയായിരുന്നോ?
വെള്ളത്തില്‍ നിന്നും പുറത്താക്കപ്പെട്ട മീന്‍ പോലെയായ പാവം മിയാഗി. മീന്‍ വെള്ളത്തിലെന്ന പോലെ, മരങ്ങള്‍ ഭൂമിയിലെന്ന പോലെ കുടുംബവും ഒന്നിച്ച് കഴിയുവാനുള്ളതാണെന്ന മനുഷ്യന്റെ ഓര്‍മ്മകള്‍ സ്വര്‍ത്ഥതയക്ക് മുമ്പില്‍ വഴിമാറുന്നു.  മൂടല്‍മഞ്ഞ് നിറഞ്ഞ തടാകത്തിലൂടെയുള്ള യാത്ര വേറൊരു ലോകത്തിന്റെ മാസ്മരികത നിറഞ്ഞതാണ്. ഭൂതമാണ് മൂടല്‍മഞ്ഞില്‍ തെളിഞ്ഞു വരുന്ന വള്ളത്തില്‍ എന്നവര്‍ ആശ്ചര്യം കൊള്ളുന്നു. അയാള്‍ ഭൂതമല്ലെന്നും കടല്‍കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട ഒരുവനാണെന്നും അവര്‍ മനസ്സിലാക്കുന്നു. ഗെന്‍ജൂരോയും റ്റോബിയും ഒഹാമയും ധാരാളം പണം ഉണ്ടാക്കുന്നു. റ്റോബി പണം എല്ലാം സാമുറായി ആയി തീരുവാനുള്ള വേഷവിധാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കു വേണ്ടിയും ചിലവഴിച്ചിട്ട് ഒഹാമയെ വിട്ട് പ്രശസ്തിക്കും പണത്തിനും വേണ്ടി ഓടി പോകുന്നു. ലേഡി വകാസയും അവരുടെ സഹായിയും കൂടി
ഗെന്‍ജൂരോയുടെ അടുക്കല്‍ വന്നിട്ട് കളിമണ്‍ പാത്രങ്ങള്‍ അവരുടെ മാളികയില്‍ കൊണ്ടു കൊടുക്കുവാന്‍ പറയുന്നു. അയാള്‍ അവളുടെ മാളികയില്‍ ചെല്ലുന്നു. പക്ഷെ വിധി അവരെയെല്ലാം കാത്തിരുന്നത് വേറെ രീതിയിലാണ്.

റ്റോബി സാമുറയിയായി എതിര്‍ പക്ഷത്തുള്ളതും മരണം സഹായസേനപതിയില്‍ നിന്നും
ചോദിച്ചു വാങ്ങിയതുമായ ഒരു ജനറലിന്റെ തല ആ സഹായസേനപതിയെ കൊന്ന് എടുത്തു കൊണ്ടു വന്ന് സൂത്രത്തില്‍ ഒരു പട്ടാള ജനറലായി തീരുന്നു. പക്ഷെ അയാളുടെ ഭാര്യ ഒഹാമ എത്തിപ്പെട്ടത് ഒരു വേശ്യാലയത്തിലാണെന്ന് അവിടെ എത്തിചേരുന്ന റ്റോബി തിരിച്ചറിയുന്നു. അധികമെന്നും സമ്പാദ്യം ഒന്നും വേണ്ടാ ഭര്‍ത്താവും കുഞ്ഞുമെത്തുള്ള സമാധാനമായുള്ള ജീവിതം ആഗ്രഹിച്ച മിയാഗിയാണ് കുഞ്ഞിനെ പുറകില്‍ കെട്ടി എടുത്തു കൊണ്ടു പോകുമ്പോള്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്നത്.

ലേഡി വകാസയുടെ മായബലം കൊണ്ടോ അയാളുടെ മനോവിഭ്രമം കൊണ്ടോ ഗെന്‍ജൂരോയ്ക്ക് തോന്നുകയാണ് അവിടെ വലിയ മാളികയുണ്ടായിരുന്നുവെന്നും അവിടെ ലേഡി വകാസ ഉണ്ടായിരുന്നുവെന്നും. പക്ഷെ സംസ്കൃത മന്ത്രങ്ങള്‍ ഗെന്‍ജൂരോയുടെ ശരീരത്തില്‍ എഴുതി വെയ്ക്കുവാന്‍ ഒരാള്‍ സഹായിച്ചതു കൊണ്ട് അവിടെ നിന്നു രക്ഷപെടുവാന്‍ അയാള്‍ക്ക് സാധിക്കുന്നു. സ്ത്രീത്വത്തിന്റെ രണ്ടു മുഖങ്ങളാണ് മിയാഗിയും ലേഡി വകാസയും. എപ്പോഴെങ്കിലും തന്റെ മണ്‍പാത്രങ്ങള്‍ക്ക് "മാളികകളില്‍ താമസ്സിക്കുന്ന വലിയ ആളുകള്‍ക്ക്" ആവശ്യമുണ്ടാകണമെന്നും അവരുടെ പ്രശംസ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണോ
ലേഡി വകാസ അയാളുടെ മണ്‍പാത്രങ്ങള്‍ കാണിക്കുമ്പോള്‍, പ്രശംസിച്ച് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്നത്.  ചിലര്‍ പുകഴ്ത്തി പറഞ്ഞാല്‍ തന്റെ സൃഷ്ടി മികച്ചതാകുകയുള്ളോ?, ഭാര്യയുടെയും ആയാളുടെയും സംതൃപ്തിയില്‍ നിറഞ്ഞ് കളിമണ്‍പാത്രനിര്‍മ്മാണം തുടര്‍ന്നിരുന്നെങ്കില്‍?
തിരികെ തിരിച്ച് വീട്ടില്‍ വരുന്ന രംഗങ്ങള്‍ ഏറ്റവും ശക്തമാണ്. അയാള്‍ ലേഡി വകാസയുടെ അടുക്കല്‍ നിന്നും വീട്ടില്‍ വന്നിട്ടുള്ള അവസാന രംഗത്ത് അവളുടെ ശവകുടീരത്തിനു മുമ്പില്‍ ഇരുന്ന് അയാള്‍ ചോദിക്കുന്നു എന്തിന് നീ മരിക്കേണ്ടി വന്നു. അപ്പോള്‍ അവള്‍ അശരീരിയായി പ്രതിവചിക്കുന്നു. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ നിന്റെ കൂടെയുണ്ട്. നിന്റെ മതിവിഭൃമം കഴിഞ്ഞിരിക്കുന്നു. നീ നിന്റെ സ്വത്വത്തിലേക്കും നിന്റെ സ്ഥലത്തേക്കും മടങ്ങി വന്നിരിക്കുന്നു. നിന്റെ ജോലി നിന്നെ കാത്തിരിക്കുന്നു എന്നെല്ലാം, അതു കഴിഞ്ഞ് അയാള്‍ തന്റെ ജോലിയില്‍ വളരെ താല്‍പര്യപൂര്‍വം മുഴുകുന്നു. നീ എനിക്കിഷ്ടപ്പെട്ടവനായപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നവരുടേ കൂട്ടത്തില്‍ ഇല്ലല്ലോ എന്നു അയാളോട് അവള്‍ അശരീരിയായി പറയുന്നു. അവസാനം അവരുടെ കുഞ്ഞ് ആഹാരമായിരിക്കണം ശവകുടീരത്തിന്റെ മുമ്പില്‍ വച്ചിട്ട് കൈ കൂപ്പുന്നു. അവിടെ നിന്നു ക്യാമറ പുറകിലേക്ക് പോയി മറയുന്നു.

ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ അവള്‍ ഉള്ളപ്പോള്‍ സമാധാനത്തോട് അവള്‍ക്കിഷ്ടപ്പെട്ടവാനായി ജീവിക്കുവാന്‍ സാധിക്കാത്തവര്‍ക്കുമായിട്ടുള്ള സിനിമ. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ജീവിതം അന്വേഷിക്കുന്ന സിനിമ. 1953- ലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണെങ്കിലും ഈ തലമുറയും തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമ.

ജീവിതത്തെക്കുറിച്ചുള്ള അന്നേകം ഓര്‍മ്മകളുടെ കെട്ടുകള്‍ അഴിച്ചു വിട്ട ഈ സിനിമയില്‍ സ്ത്രീകളോട് ഇത്ര ആദരവ് കാണിച്ചുള്ള  സംവിധാനമഹിമ വളരെ പ്രശംസനീയം.




 






Friday, September 10, 2010

ഒട്ടകത്തിനെ തേടി


'അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠം
നാസാന്തരേ ലോമ തഥാണ്ഡയുഗ്മം
വ്യഥാ സ്യജന്‍ സായണമായണൗ ച
പൂജാം ന ലേഭേ ഭുവി പത്മജന്മാ'

(പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ കഴുത്തും മൂക്കിനകത്തു രോമവും അണ്ഡയുഗ്മവും അപ്രകാരം തന്നെ വെറുതെ സായണമായാണന്മാരെയും സൃഷ്ടിച്ചതു കൊണ്ടാണ് ഭൂമിയില്‍ ബ്രഹ്മാവിനെ ആരും പൂജിക്കാതെ ആയത്)

ഐതിഹ്യമാല
കൊട്ടാരത്തില്‍ ശങ്കുണ്ണി

കാളിദാസന്‍ ഒട്ടകത്തിന്റെ കഴുത്തിനെ കുറിച്ച് പറഞ്ഞത് ഒട്ടകങ്ങളെ തേടിയുള്ള ഒരു യാത്രയ്ക്ക് പ്രേരണയായി.  പക്ഷെ ഒട്ടകത്തിനെ എങ്ങനെ കാണും. Four wheel drive ഉള്ള വണ്ടിയുമായി മരുഭൂമിയില്‍ ഒട്ടകത്തിന്റെ താവളത്തില്‍ പോയി കാണുക എന്ന രീതി ഉപേക്ഷിച്ച്, ഒട്ടകങ്ങള്‍ കാണുവാന്‍ സാധ്യതയുള്ള റോഡില്‍ കൂടി ഒരു നീണ്ട യാത്ര നടത്തുവാന്‍ തീരുമാനിച്ചു.  വഫ്റയെന്ന സ്ഥലത്തേക്ക് ഒരു യാത്ര. യാത്രയില്‍ വഴി വശത്ത് ഒട്ടകങ്ങള്‍ കാണുമായിരിക്കും, ചിലപ്പോള്‍ കാണുകയുമില്ല.  മുമ്പ് നാട്ടില്‍ ചെന്നപ്പോള്‍ എല്ലായിടത്തും ആനയുടെ പടമുള്ള ഒരു വിധം വലിയ പോസ്റ്റര്‍ കണ്ടിരുന്നു. ഇങ്ങനെ ഒട്ടകത്തിനെ ആദരിച്ച് ഇറക്കിയ പോസ്റ്ററുകള്‍ എവിടെയെങ്കിലും കാണുമായിരിക്കും.  തലയെടുപ്പ്, കൊമ്പുകളുടെയും ചെവികളുടെയും വലിപ്പം, മസ്തകത്തിന്റെ വിരിവ്, ദേഹത്തിന്റെ പുഷ്ടി എന്നിങ്ങനെയുള്ള   ഗുണങ്ങള്‍ നോക്കി ആനകളെ വിലയിരുത്താറുണ്ട്. നല്ല തലയെടുപ്പുള്ള സര്‍വ്വലക്ഷണങ്ങളും തികഞ്ഞ  ഗുരുവായൂര്‍ വലിയ കേശവന്‍, തിരുവാമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, കോങ്ങാടു കുട്ടിശ്ശങ്കരന്‍ എന്നിങ്ങനെ എത്രയോ ആനകള്‍. ഏറ്റവും കൂടുതല്‍ ഒട്ടകങ്ങള്‍ ഉള്ള സൊമാലിയയില്‍ എങ്ങനെയാണ്, ഇനിയും ഒരു സൊമാലിയാ സ്നേഹിതനെ കണുമ്പോള്‍ ചോദിക്കണം, കാരണം അവിടെയാണത്രേ ഏറ്റവും കൂടുതല്‍ ഒട്ടകങ്ങള്‍ ഉള്ളത്. പക്ഷെ സര്‍വ ലക്ഷണങ്ങളും തികഞ്ഞ ഒട്ടകത്തിനെ എങ്ങനെ മനസ്സിലാക്കാം.

എന്തായാലും ഞങ്ങള്‍ ഒട്ടകത്തിനെ കാണുവാന്‍ യാത്ര തിരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഏറ്റവും ഏറ്റവും പ്രീയപ്പട്ട സാഹിത്യത്തിലെ ദിവ്യരത്നമായ, ഭാരതീയ ഭാവനയുടെ പരമകാഷ്ഠ കാളിദാസന്‍ ഒട്ടകത്തിന്റെ കഴുത്തിനെ കുറിച്ച് പറഞ്ഞു എന്നല്ലേ ഐതിഹ്യം, അപ്പോള്‍ ഒട്ടകത്തിനെ തീര്‍ച്ചയായും കാണണം. അതും കാളിദാസനോട് സായണമായണന്മാരുടെ ചോദ്യം ഇതായിരുന്നു. സൃഷ്ടി സ്ഥിതി സംഹാരകര്‍ത്താക്കന്മായിരിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ വിഷ്ണുവിനെയും ശിവനെയും എല്ലാവരും പൂജിക്കുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ ഭൂലോകത്തില്‍ ആരും പൂജിക്കാത്തതെന്താണ്? എന്നായിരുന്നു.

കാണുവാന്‍ പോകുന്ന അറേബിയന്‍ ഒട്ടകങ്ങള്‍ക്ക് ഒരു കൂനു മാത്രമേ ഉള്ളു, Camelus dromedarius or dromedary എന്നറിയപ്പെടുന്ന one-hump ഒട്ടകം. നാല്പ്പതു മുതല്‍ അമ്പതു വയസ്സു വരെ ഒട്ടകത്തിന്റെ ജീവിത കാലം. ഒറ്റ അടിക്ക് നൂറ് ലിറ്റര്‍ വെള്ളം വരെ ഒട്ടകം കുടിക്കും എന്നു പറയപ്പെടുന്നു. മരുഭൂമിയില്‍ പണ്ടു കാലങ്ങളില്‍ ഒട്ടകപ്പുറത്ത് കയറിയുള്ള യാത്ര വളരെ പ്രധാനപെട്ടതായിരുന്നു, പഴയ കാലത്ത് മഹാസമ്പന്നന്‍ എന്നു അറിയപ്പെടുന്നതിന് കഴുതകളും, ആടുകളും, ദാസീദാസന്മാരും മാത്രം പോര ഒട്ടകങ്ങളും ധാരാളം ഉണ്ടാകണമായിരുന്നു, അതു പോലെ സമ്മാനമായി ഒട്ടകത്തെയും കൊടുക്കുമായിരുന്നു.
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു എന്ന് പറഞ്ഞതാരാണ്?. Yes. Because as I have repeatedly said, on a camel in the desert you can bring a book not a computer. എന്നു പറഞ്ഞത് umberto Eco അല്ലേ. അതു ഞങ്ങള്‍ പുസ്തകപ്രേമികളെപ്പറ്റി പറഞ്ഞതാണ്. ഞങ്ങള്‍ ഒട്ടകത്തിന്റെ പുറത്താണെങ്കിലും ഹിമാലയത്തിന്റെ നെറുകയിലാണെങ്കിലും പുസ്തകം കരുതും. വേണ്ടി വന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ പുസ്തക കട വാങ്ങി അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി അതിനകത്തു തന്നെ താമസ്സിക്കും.

മൂന്നോ, നാലോ മലയാളികള്‍ വിദേശത്തു വച്ചു കണ്ടു മുട്ടിയാല്‍ അവിടെ ഒരു സംഘടനയുണ്ടാക്കും, പക്ഷെ, എവിടെയും ഒരു "ഒട്ടക സ്നേഹിതരുടെ സംഘടന" എന്നു കേട്ടിട്ടില്ല. മലയാളികള്‍ ഉള്ള വിദേശ രാജ്യങ്ങളില്‍ മിക്ക ദേശക്കാര്‍ക്കും ഒരു സംഘടനയുണ്ട്, അതുപോലെ ഒരോ മതത്തിനും, ഓരോ രാഷ്ടീയ പാര്‍ട്ടിക്കും സംഘടനയുണ്ട്. സംഘടനയ്ക്ക് വിവിധ കമ്മറ്റികളും. ഒട്ടകത്തിനെയും കമ്മറ്റിയെയും ബന്ധിപ്പിച്ച് ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലേ, “A camel is a horse designed by a committee' . വിദേശ സംഘടനകളുടെ എല്ലാ കമ്മറ്റിയഗംങ്ങളും മികച്ചവരാണ്. അങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുകയുള്ളു. പക്ഷെ ഇവിടെയുള്ള മികച്ച എഴുത്തുകാര്‍ ആരും ഒരു സംഘടയിലും അംഗങ്ങളല്ല.

Rudyard Kipling എഴുതിയ ഒരു കഥയുണ്ട്. How the Camel Got His Hump. ലോകം ആരംഭിച്ച സമയം, മനുഷ്യന്റെ അടുക്കല്‍ മൃഗങ്ങള്‍ വന്നു ജോലി ചെയ്യുവാന്‍ തുടങ്ങി. മരുഭൂമിയുടെ നടുവില്‍ ജീവിച്ച ഒട്ടകത്തിന് ജോലി ചെയ്യുവാന്‍ ആഗ്രഹമില്ലായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ humph എന്നു മാത്രം ഒട്ടകം പറഞ്ഞു. കുതിര വന്നു ഒട്ടകത്തിനോടു പറഞ്ഞു ജോലി ചെയ്യുവാന്‍ ഒട്ടകം humph എന്നു മാത്രം പറഞ്ഞു. പട്ടിയും ox -ഉം വന്നു പറഞ്ഞപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. പൊടി മണ്ണിന്റെ മേഘത്തില്‍ ഏറി വന്ന മരുഭൂമികളുടെ  അധിപനോട് ഈ മൃഗങ്ങള്‍ ഒട്ടകത്തിന്റെ മടിയെപ്പറ്റി പറഞ്ഞു. മരുഭൂമികളുടെ  അധിപന് ദേഷ്യം വന്നു. പാവം ഒട്ടകം സ്വന്തം പ്രതിബിംബം വെള്ളത്തില്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മനോഹരമായ നേരേയായിരുന്ന നടുവില്‍ വലിയ കൂന്ന് അവസാനം ഒട്ടകത്തിന് വന്നു വന്നു എന്നാണ് ഓര്‍മയില്‍ വരുന്ന കഥ. ഒട്ടകത്തിനോട് കുതിരയും മറ്റും സംസാരിച്ചു എന്നാണല്ലോ കഥയില്‍. മൃഗങ്ങള്‍ സംസാരിക്കുമോ?  No one writes to the colonel എന്ന Gabriel Garcia Marquez - ന്റെ പുസ്തകത്തിലെ ഒരു ഭാഗം ഓര്‍മ വന്നു.  The rooster produced a guttural noise which sounded in the hall like quiet human conversation. ‘Sometimes I think that animal is going to talk’ the woman said. കഥയെഴുത്തിന്റെ മാന്ത്രികത അറിയാമായിരുന്ന Marquez - നെ എങ്ങനെ ഓര്‍ക്കാതിരിക്കും. എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. എന്തെങ്കിലുമെക്കെ അത്ഭുതങ്ങള്‍ എവിടെയും നടക്കാം.

അത്ഭുതങ്ങള്‍ നടക്കട്ട്, പോകുന്ന റോഡിന്റെ ഏതെങ്കിലും വശത്ത് ഒട്ടകങ്ങള്‍ അങ്ങനെ കാണുമായിരിക്കാം, അല്ലെങ്കില്‍ ഈ യാത്ര ഒട്ടകങ്ങളെ കാണതെയുള്ള യാത്രയാകും.
ഒരു റൗണ്ട് എബൗട്ട് തിരിഞ്ഞ് മുമ്പോട്ടു ചെന്നപ്പോള്‍ Hurrah, jai ho, Camelus dromedarius ഇങ്ങനെയൊന്നും ആരും പറഞ്ഞില്ല. എങ്കിലും അതാ നില്‍ക്കുന്നു കുറച്ച് ഒട്ടകങ്ങള്‍. കാറ് വശത്തേക്ക് മാറ്റി നിര്‍ത്തി. കാറില്‍ നിന്നും ഇറങ്ങി. സിറ്റിയില്‍ നിന്നും കുവൈറ്റിന്റെ അതിര്‍ത്തിയോട് ഏകദ്ദേശം അടുത്തിരിക്കുന്നു. അതു കൊണ്ട് വലിയ ട്രാഫിക്ക് ഇല്ല. റോഡിന്റെ നടുവിലൂടെ ഒട്ടകത്തിന് വന്ന് എതിര്‍ വശത്തേക്ക് നടന്ന് പോകാം. രണ്ട് ഒട്ടകങ്ങള്‍ റോഡ് ക്രോസ് ചെയ്ത് വന്ന് രണ്ട് റോഡിന്റെയും മദ്ധ്യത്തില്‍ വന്നു. കഴുത്ത് തമ്മില്‍ ഉരസ്സി എന്നിട്ട് അതു രണ്ടും കൂടി എന്തോ പറഞ്ഞു ഞങ്ങളെ നോക്കി. എന്തിനാണ് കാളിദാസന്‍ ഇങ്ങനെ പറഞ്ഞതെന്ന് ഒട്ടകങ്ങള്‍ ചോദിക്കുന്നുണ്ടോ? Rudyard Kipling എന്തു കൊണ്ടാണ് ഞങ്ങള്‍ മടിയന്മാരാണെന്ന് എഴുതിയത്. ആരാണ് ഇങ്ങനെ കമ്മറ്റിയുമായി ബന്ധപ്പെടുത്തി ഞങ്ങളെ പഴമൊഴിയില്‍ ചേര്‍ത്തിരിക്കുന്നത്. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ ധാരാളം പേര്‍ ഒട്ടകത്തെ ഇഷ്ടപ്പെടുന്നു. ഈ ശാന്തമായ മൃഗത്തിനായി വേണ്ടി വന്നാല്‍ പലരും സംഘടനയുമുണ്ടാക്കും.
ജയ്, ജയ് Camelus dromedarius

കാറ് വശത്തേക്ക് മാറ്റി നിര്‍ത്തി. കുറച്ച് ഫോട്ടോ എടുത്തു. എന്തു നല്ല മൃഗങ്ങള്‍. ശാന്തസ്വഭാവി.
ഭാരതീയ ഭാവനയുടെ ഏറ്റവും മികച്ച കാളിദാസന്‍ പറഞ്ഞതല്ലേ. ഒട്ടകത്തിന്റെ കഴുത്തിനെപ്പറ്റി. ഒട്ടകത്തിന്റെ കഴുത്ത് കണ്ടോ?. കാണണം. അതു കാണുവാനും കൂടിയാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. കാളിദാസനെ എങ്ങനെ ഓര്‍ക്കാതിരിക്കും. ഒട്ടകത്തിന്റെ കഴുത്ത് കാണുമ്പോഴല്ല, പിന്നെയോ അഭിജ്ഞാനശാകുന്തളം, മാളവികഗ്നിമിത്രം, രഘുവംശം, കുമാരസംഭവം, ഋതുസംഹാരം എന്നി മഹത്തായ കൃതികള്‍ കാണുമ്പോള്‍.

അവിടെ നിന്നും കുറച്ച് ദൂരം കൂടി യാത്ര ചെയ്ത് വഫ്റാ വരെ പോയി. വഫ്റ എന്ന സ്ഥലം കുവൈറ്റിന്റെ സൗദി അറേബിയായോട് ചേര്‍ന്നുള്ള സ്ഥലമാണ്. അവിടെ ധാരാളം കൃഷിയിടങ്ങള്‍ ഉള്ള സ്ഥലമാണ്. ഫാമുകള്‍ ഉള്ളവര്‍ അവധിയുള്ളപ്പോള്‍ അവിടെ വന്നു വിശ്രമിക്കുന്നു. ഇപ്പോള്‍ താമസ്സസ്ഥലത്തു നിന്നും 75 കീലോമീറ്റര്‍ യാത്ര ചെയ്ത് കഴിഞ്ഞിരിക്കുന്നു, ഇനിയും മടക്കയാത്ര. ശാന്തസ്വഭാവികളായ നല്ല മൃഗങ്ങളെ വീണ്ടും ഒരിക്കല്‍ കൂടി കണ്ടു എന്ന സംതൃപ്തിയോടെ. യാത്രയില്‍ കൂടെയുണ്ടായിരുന്ന മനീഷ് എടമുട്ടത്തിനും, ജെറിന്‍ തുമ്പമണിനും, റോണ്‍ മോനും നന്ദി.
തിരികെ അതുവഴി വന്നപ്പോള്‍ അവിടെ ഒട്ടകങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.  ശാന്തത നിറഞ്ഞ നല്ല മൃഗങ്ങള്‍ എവിടേയ്ക്കോ പോയിരിക്കുന്നു.



വഫ്റാ റോഡിന്റെ വശത്തു കണ്ട ഒട്ടകങ്ങള്‍


രണ്ട് ഒട്ടകങ്ങള്‍ അന്യോന്യം തലയുരുമിയതിനു ശേഷം ഫോട്ടോ എടുക്കുന്നത് ശ്രദ്ധിക്കുന്നു.


റോഡ് മുറിച്ച് കടക്കുന്ന ഒട്ടകം.



എന്തോ കടിച്ചെടുന്ന് നടന്നകലുന്ന ഒട്ടകം



ഒട്ടകത്തിന്റെ ഫോട്ടോ എടുക്കുന്ന റോണ്‍



ഒട്ടകം വീണ്ടും എവിടേയ്ക്കോ യാത്രയാകുന്നു.

Friday, August 20, 2010

വനത്തിനുള്ളിലൂടെ ഒരു ഗവി യാത്ര.

Sometimes, also at the abbey, he would spend the whole day walking in the vegetable garden, examining the plants as if they were chrysoprases or emeralds:

Umberto Eco
The Name of the Rose

അവധിക്കു പോകുമ്പോള്‍ ഗവിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നില്ല. പലപ്പോഴും അവധിക്കു പോകുമ്പോള്‍ പ്ലാന്‍ ചെയ്ത പോലെ എല്ലാം നടക്കണമെന്നുമില്ല. ഈ അവധി കടന്നു പോയത് പോകേണ്ടിയ പല വീടുകളില്‍ പോകുവാന്‍ സാധിക്കാതെയും കാണേണ്ടിയ പലരെയും കാണാതെയുമാണ്.  എങ്കിലും ഒരു നിയോഗമെന്ന പോലെ ഗവി എന്ന യാത്ര പോകുവാന്‍ സാധിച്ചു.    വില്‍സണ്‍ രണ്ടു തവണ പോയി കാണുകയും വീണ്ടും പോകണമെന്നു ആഗ്രഹിക്കുകയും ചെയ്ത സ്ഥലമായിരുന്നു ഗവി. ഞാനും ജിബോയിയും കൂടി വന്നപ്പോള്‍ ഒരു യാത്ര ഗവിയിലേക്ക് എന്ന് തീരുമാനിച്ചു. യാത്രയ്ക്ക് മുമ്പ്‌ പത്തനംതിട്ട ജില്ലയില്‍ ഇത്രയും മനോഹരമായ സ്ഥലം ഉണ്ട് എന്ന് അതെ ജില്ലക്കാരനായ എനിക്കും അറിയില്ലായിരുന്നു. അതി രാവിലെ യാത്ര തുടങ്ങി. യാത്രയില്‍ ജോര്‍ജി, കൊച്ചുമോന്‍, മോന്‍സി, സുജിന്‍ എന്നിവരുമുണ്ടായിരുന്നു. റാന്നി, പെരുനാട്, ളാഹ വഴി ആങ്ങമുഴിയെത്തി. അതിനു മുമ്പ്‌ നിലയ്ക്കല്‍ പള്ളിയും സന്ദര്‍ശിച്ചു. നിലയ്ക്കല്‍ പള്ളിയില്‍ മരത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു പള്ളി മണിയുണ്ട്, അതില്‍ ആരും അവിടെ ഇല്ലാതിരിക്കുമ്പോള്‍ മൂര്‍ഖന്‍ പാമ്പ്‌ ചുറ്റി കിടക്കും എന്ന് കൂടെയുള്ള ഒരാള്‍ പറഞ്ഞു. അവിടെ ആരും ഇല്ലാതിരിക്കുമ്പോള്‍ പാമ്പ്‌ ആ മണിയില്‍ കാണും പിന്നിട് ആരെങ്കിലും എത്തിയാല്‍ അത് ഇറങ്ങി പോകുകയും ചെയ്യും. ആ മണിയൊന്നു കണ്ടേക്കാം. ആ മണിയും നിലക്കല്‍ പള്ളിയിരിക്കുന്ന സ്ഥലവും കണ്ടു. നിലയ്ക്കല്‍ പള്ളി ഇരിക്കുന്നത് ഒരു കുന്നിന്‍റെ പുറത്താണ്. മല കയറി വന്ന് പള്ളിയുടെ പുറത്ത് നിന്നപ്പോള്‍ കാല്‍ പാദങ്ങള്‍ നോക്കി, രക്തം കുടിക്കുന്ന അട്ട വല്ലതും പറ്റി പിടിച്ച് ഇരിക്കുന്നുണ്ടോ?. വന്ന വഴിയില്‍ ഒരു അരുവിക്കു സമീപം വണ്ടി നിര്‍ത്തി ചുറ്റുമുള്ള സ്ഥലങ്ങള്‍ കാണുവാന്‍ റോഡില്‍ കൂടി നടന്നിരുന്നു. വഴിയില്‍ നിന്ന് പലതും വലിഞ്ഞു കയറും വല്ലപ്പോഴും സ്വയം പരിശോധന നല്ലതാണ്. നോക്കിയത് നന്നായി ഒരു അട്ട ആയിരിക്കണം പറ്റി പിടിച്ച് ഇരിക്കുന്നു. രക്തം കുടിച്ച് വലുതായിട്ടില്ല. കൈ വച്ചു തട്ടിയപ്പോള്‍ തെറിച്ച് പോയി. ഉടനെ എല്ലാവരും അവരവരുടെ പാദങ്ങള്‍ പരിശോധിക്കുകയായി. ഒന്നു രണ്ടു പേരുടെ കാലില്‍ അട്ട പറ്റി പിടിച്ച് ഇരിപ്പുണ്ടായിരുന്നു. ഉപ്പ് എടുത്ത് അട്ടയുടെ മേല്‍ ഇട്ടാല്‍ അട്ട പിടി വിടും. ഉപ്പ് അട്ടയുടെ മേല്‍ ഇട്ടു. പതിയെ പിടി വിട്ട് താഴെ വീണു. നാട്ടിലെ മിക്ക വയലുകളിലും ഇപ്പോള്‍ അട്ടയുടെ ശല്യം ഉണ്ട്. പണ്ട് ഇങ്ങനെ ചോര കുടിക്കുന്ന അട്ടകള്‍ നമ്മുടെ വയലുകളില്‍ സ്വൈര്യ വിഹാരം നടത്തുന്നില്ലായിരുന്നു. ഈ കാടുകള്‍ അവരുടെ വാസ സ്ഥലമായതു കൊണ്ട് അതിനുള്ള തയ്യറെടുപ്പുകള്‍ നല്ലതാണ്.  ആനകള്‍ പൂഴിമണ്ണ് ശരീരം മെത്തം മൂടി നടക്കുന്നത് അട്ട പിടിമുറുക്കാതിരിക്കുവാനാണ് എന്ന് ആരോ പറഞ്ഞു.

നിലയ്ക്കല്‍ പള്ളിയുടെ കുരിശ്


നിലയ്ക്കല്‍ പള്ളിയിലെ മണി.


ആങ്ങമുഴിയില്‍ നിന്നും വണ്ടിപെരിയാറിനടുത്തുള്ള വള്ളകടവ് എന്ന അവസാന ചെക്ക് പോസ്റ്റ് വരെ ഏകദേശം എഴുപത് കിലോമീറ്ററുണ്ട്. ആങ്ങമുഴിയില്‍ നിന്നും രാവിലത്തെ ആഹാരം കഴിച്ചു. ഏകദേശം നാലു കിലോമീറ്റര്‍ കഴിഞ്ഞാല്‍ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ്. ആങ്ങമുഴിയില്‍ നിന്നും വരുമ്പോള്‍ ഉള്ള ആദ്യത്തെ ചെക്ക് പോസ്റ്റ്. അവിടെ വാഹന പരിശോധനയെല്ലാം കഴിഞ്ഞ ശേഷം യാത്ര തുടര്‍ന്നു. ഇനിയും വനത്തിനുള്ളിലൂടെയാണ് യാത്ര. ചെക്കു പോസ്റ്റ് കഴിഞ്ഞു കുറച്ചു ചെന്നപ്പോള്‍ പഴക്കമില്ലാത്ത ആന പിണ്ടങ്ങള്‍, ആന രാത്രിയില്‍ ഇറങ്ങിയിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍. ഈ യാത്രയില്‍ ഒരു ആനയെയെങ്കിലും കാണണമേ, ചിലര്‍ അവരുടെ ആഗ്രഹം പറഞ്ഞു. ആനയെ കാണതിരിക്കുകയാണ് നല്ലത്. വഴിയില്‍ ആനയാണെങ്കില്‍ ചില സ്ഥലങ്ങളില്‍ വണ്ടി പുറകിലേക്ക് വളരെ ദൂരം എടുത്ത് രക്ഷപെടുവാന്‍ സാധിക്കുകയില്ല. ആന പോയി കഴിഞ്ഞാലേ യാത്ര തുടരുവാന്‍ സാധിക്കുകയുള്ളു. വഴിയില്‍ ചില സ്ഥലങ്ങളില്‍ അതാണ് അവസ്ഥ. സര്‍ക്കാര്‍ ബസ്സ് ഇതു വഴി പോകുന്നുണ്ട്. അവസാന ബസ്സും പോയി കഴിഞ്ഞിട്ടേ ആനകള്‍ വഴിയിലേക്ക് ഇറങ്ങുകയുള്ളു. അതു പോലെ ആദ്യ ബസ്സ് വരുന്നതിന്റെ മുമ്പ് ആനകള്‍ സ്ഥലം കാലിയാക്കിയിരിക്കും. പോകുന്ന വഴിക്ക് അടുത്ത മലകളില്‍ ദേഹം മുഴുവന്‍ പൂഴി മണ്ണു പൊതിഞ്ഞുള്ള ആനകളെ കാണുമായിരിക്കാം.

കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ വനത്തിനുള്ളില്‍ കടന്നാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എഴുതി വെച്ചിരിക്കുന്നു.


ഒരു വളവ് തിരിഞ്ഞതും കുറെ കാട്ടു പന്നികള്‍ കൂട്ടമായി നില്‍ക്കുന്നു. മുന്‍ സീറ്റിലിരുന്ന എന്റെ കൈവശമുള്ള ക്യാമറ റെഡിയാക്കി വന്നപ്പോഴേക്കും എല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. ഒരെണ്ണം അപ്രത്യക്ഷമാകുന്നതിന്റെ മുമ്പ്‌ ക്യാമറയില്‍ പതിഞ്ഞു. ക്യാമറ എപ്പോഴും റെഡിയായിരിക്കണം.


വാഹനത്തില്‍ നിന്നും എടുത്തത്, അവസാന കാട്ടു പന്നിയും രക്ഷപെടുന്നതിന്റെ മുമ്പ്

കെട്ടുകളാക്കി വച്ചിരിക്കുന്ന ഈറ്റ കെട്ടുകള്‍ വഴിയരികില്‍ കണ്ടു. ആദിവാസികള്‍ക്ക് പുറമേ ശ്രീലങ്കന്‍ തമിഴരും വസിക്കുന്ന സ്ഥലങ്ങള്‍ യാത്രയില്‍ കാണാം. പെന്‍സ്റ്റോക്കുകള്‍ എന്നറിയപ്പെടുന്ന വെള്ളം കൊണ്ടു പോകുന്ന വലിയ പൈപ്പുകള്‍ ചിലയിടങ്ങളില്‍. യാത്രയില്‍ മൊബൈല്‍ ഫോണ്‍ റേഞ്ചിനു പുറത്തായിരിക്കും.



കോട മഞ്ഞ് പൊതിഞ്ഞ കാനന ഭംഗി.

പോകുന്ന വഴിയില്‍ മൂഴിയാര്‍, ആനത്തോട്, പമ്പ, കക്കി, ഗവി തുടങ്ങിയ ഡാമുകള്‍, കക്കി ഡാമിന്റെ മുകളില്‍ കൂടി വണ്ടിയില്‍ നിന്ന് ഇറങ്ങി നടന്നാണ് പോയത്. കക്കി ഡാമിന്റെ എതിര്‍ വശത്തേക്ക് നോക്കുമ്പോള്‍ രണ്ടു മലകള്‍ നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യ ലഹരി. സ്വപ്ന തുല്യമായ അവസ്ഥയിലേക്കു നയിക്കുവാന്‍ പര്യാപ്തമായ, സ്വര്‍ഗ്ഗമിറങ്ങി വന്ന് നില്‍ക്കുന്ന മനോഹരമായ ദൃശ്യം. ഡാമിന്റെ മുകളിലായിരുന്നതിനാല്‍ ഫോട്ടോ എടുക്കുവാന്‍ സാധിച്ചില്ല. ഒരു പക്ഷെ അത്രയും മനോഹര ദൃശ്യം പകര്‍ത്തുവാന്‍ എന്റെ കൈവശമുണ്ടായിരുന്ന ക്യാമറ അപര്യപ്തമായിരിക്കാം. ജയിംസ് കാമറോണ്‍ അവതാറില്‍ സൃഷ്ടിച്ച കാനന ഭംഗി ഇവിടെ നേരിട്ട് കാണുന്നു. 360 -യിലെ ഐമാക്സ് തീയറ്റ്റില്‍ ത്രീഡിയില്‍ കണ്ട അവതാറിലെ കാനന ഭംഗി വീണ്ടും ഓര്‍മയില്‍.





ഗവി യാത്രയിലെ ചില ദ്യശ്യങ്ങള്‍


ഉച്ചയ്ക്കത്തെ ഭക്ഷണം നേരത്തെ പറഞ്ഞതിനാല്‍ തയ്യാറായിരുന്നു. അവിടെ നിന്നു നോക്കിയപ്പോള്‍ ചില വീടുകള്‍, അതിരാവിലെ അവിടെ ആന കൂട്ടം ഉണ്ടായിരുന്നു എന്ന് ഭക്ഷണം തയ്യാറാക്കുന്നവര്‍ പറഞ്ഞു. മൂന്നാറില്‍ താമസ്സിക്കുന്ന ഒരാള്‍ പറഞ്ഞത് ഓര്‍മ വരുന്നു. വന്നു കണ്ടിട്ട് പോകുവാന്‍ മാത്രം പറ്റിയ സ്ഥലം, കുറച്ചു കഴിയുമ്പോള്‍ ബോറ് തുടങ്ങും. Andrei Tarkovsky  - യുടെ Nostalgia എന്ന സിനിമയില്‍ ഒരു കഥപാത്രം മനോഹരമായ സ്ഥലം കണ്ടു പറഞ്ഞത് It’s a marvelous painting എന്നാണ്. ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്, വളരെ മനോഹരമായ painting ആണ്. ഈ ലോകത്തില്‍ ജനിച്ച ആര്‍ക്കും പെയിന്റ് ചെയ്യുവാന്‍ സാധിക്കുവാനാകാത്ത ചില മനോഹരമായ ദൃശ്യങ്ങള്‍.  പഴയ National geographic magazine - ല്‍ വന്ന ഗവിയിലെ അല്ലാത്ത ചില ഫോട്ടോകള്‍ ഓര്‍മയില്‍ തെളിഞ്ഞു. 







ഭക്ഷണം കഴിച്ച സ്ഥലത്തു നിന്നും നോക്കുമ്പോള്‍



റോഡില്‍ കൂടി തല ഉയര്‍ത്തി നടന്നു പോകുന്ന മയില്‍

വലിയ മലയണ്ണാന്റെ ഫോട്ടോ എടുക്കുവാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഫോറസ്റ്റുകാരുടെ ജീപ്പ് അതു വഴി വന്നു, അവിടെ വണ്ടി നിര്‍ത്തിയിടുന്നത് നീയമവിരുദ്ധമാണ്. വണ്ടി വീണ്ടും നീങ്ങി, മലയണ്ണന്‍റെ ശരിയായ ഫോട്ടോ കിട്ടാതെ. വിഡിയോ ക്യാമറ സൂം ചെയ്തു വരുമ്പോഴേക്കും മലയണ്ണാന്‍ മരത്തിന്റെ  കാണുവാന്‍ സാധിക്കാത്ത ഏതെങ്കിലും ഭാഗത്തേക്ക് മാറിയിരിക്കും.



കുറച്ചു ചെന്നപ്പോള്‍ അകലെയുള്ള മലയില്‍ ഒരു കാട്ടു പോത്ത് മേയുന്ന ദൃശ്യം.





ചായ കുടിക്കുവാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ റോഡിന്റെ എതിര്‍ വശത്ത് ധാരാളം കുരങ്ങുകള്‍.



ഇതു പോലെയുള്ള വന്‍ മലയിടുക്കില്‍ കൂടി ഹെലികോപ്റ്ററില്‍ പറന്നു കാണുവാന്‍ സാധിച്ചിരുന്നുവെങ്കില്‍


പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ചെക്ക് പോസ്റ്റില്‍ വണ്ടി നിര്‍ത്തി. വള്ളകടവ് കടന്ന് വണ്ടിപെരിയാര്‍ വഴി പരുന്തുംപാറയും സന്ദര്‍ശിച്ചു.




പരുന്തുംപാറയില്‍ നിന്നുള്ള ഒരു ദൃശ്യം


I’m tired of seeing these sickeningly beautiful sights. Andrei Tarkovsky - യുടെ Nostalgia എന്ന സിനിമയില്‍ ഒരു കഥാപാത്രം പറയുന്നത് ഇപ്രകാരമാണ്. എത്ര പ്രാവശ്യം ഇവിടെ വന്നാലും ആര്‍ക്കും ഇങ്ങനെ പറയുവാന്‍ സാധിക്കാത്ത സ്ഥലം.  പ്രകൃതിയില്‍ അലിഞ്ഞതു പോലെ തനിയെ ഇരിക്കുവാന്‍, പ്രകൃതിയുടെ സംഗീതം കേട്ട് രാപാര്‍ക്കാന്‍ ഇനിയും ഒരു യാത്രയില്‍ സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ ഈ യാത്ര നിര്‍ത്തി, എല്ലാ നല്ല യാത്രയും വീണ്ടും വരുവാന്‍ വിളിക്കുന്ന ഏതെങ്കിലും ശബ്ദം ഓര്‍മയില്‍ കോറി ഇടുന്നുണ്ട്.  തീര്‍ച്ചയായും തിരക്കേറിയ നഗര ജീവിത യാത്രയില്‍ പറ്റിപിടിക്കുന്ന ടെന്‍ഷനും മറ്റുമായ അട്ടകളെ തട്ടി കളയുവാന്‍ ഇങ്ങനെയുള്ള യാത്രകള്‍ വളരെ നല്ലതാണ്.

അങ്ങനെ ഉപബോധമനസ്സിലും സ്വപ്നത്തിലും അലിഞ്ഞു ചേര്‍ന്നിരുന്ന  ഏതെക്കെയോ Nostalgia-യാകള്‍ തീര്‍ത്തു തന്ന, വളരെ നല്ലെരു യാത്ര കഴിഞ്ഞു എന്ന സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി.


Shibu Philip










Friday, May 14, 2010

മൂവര്‍

അവന്‍ ഇരിമ്പിനു മേല്‍ കൊട്ടി, മണപ്പിച്ചു.
ഏതു ലോഹത്തേയും സ്നേഹിച്ചു.
തുണി സഞ്ചിയിലോ പുറത്തോ അവനു കൂട്ടായി ലോകക്കാര്‍ ഇല്ലായിരുന്നു.
അവന്‍ ഏകനായിരുന്നു.
ലോഹം ദേവന്മാരുടെ ശരീരമാണെന്ന് അവന്‍ കരുതി.
പത്ര കടലാസ്സുകള്‍ കൂട്ടായിട്ടുള്ള വേറൊരുവന്‍ ഉണ്ട്.
അക്ഷരങ്ങള്‍ക്ക് ദിവ്യശക്തിയുണ്ടെന്ന് അവന്‍ കരുതി.
അക്ഷരം നിറഞ്ഞ പേപ്പറുകള്‍ കണ്ടാല്‍ അവന്‍ കൂട്ടിനു കൂട്ടും.
വാക്കുകള്‍ മന്ത്രങ്ങളായി അവന്റെ കാതില്‍ മുഴങ്ങി.
ഇവരുടെ വീട്ടില്‍ ഈ ശേഖരങ്ങളില്‍ ചിലത് അപ്രത്യക്ഷമായി.
ഇവര്‍ ഉറങ്ങാതെ മാറിയിരിക്കുമ്പോള്‍
കൊണ്ടു വന്ന ലോഹങ്ങളെയും, കടലാസ്സുകളെയും വീട്ടുകാര്‍
അവരില്‍ നിന്നും വേര്‍പ്പെടുത്തി.
ആരും കാണാത്തവിധം മറവു ചെയ്തു.
മൂന്നാമന്‍ സംസാരിക്കുകയില്ല.
അവന്‍ ആരോടെങ്കിലും സംസാരിക്കുന്നതായി ചിന്തിക്കും
പറഞ്ഞില്ലേ എന്നു ഭാവിച്ചു നടക്കും
എപ്പോഴും സംസാരിച്ചു നടക്കുകയാണെന്ന് അവന്‍ കരുതി.
ഇവര്‍ മൂവരും ഇപ്പോള്‍ ഇല്ലെങ്കിലും
ആ ഗ്രാമത്തില്‍
ചിന്തകള്‍ കാതുകള്‍ അന്വേഷിച്ചു നടന്നു
ലോഹങ്ങളും, കടലാസും ആര്‍ക്കും വേണ്ടാത്തവരായും.

Shibu Philip

Sunday, May 9, 2010

വേരിനെ കൂടുതല്‍ ഇഷ്ടപ്പെട്ട വൃക്ഷസ്നേഹി.

ഉയരത്തില്‍ കൂടി പറക്കണമെന്ന ആഗ്രഹം തോന്നിയത് മരങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ്. അവ എന്തെല്ലാം ചിഹ്നങ്ങളാണ് ഈ ഉലകത്തില്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഉയരത്തില്‍ നിന്നും താഴേക്ക് മരത്തിന്റെ ഉച്ചിയിലേക്ക് നോക്കുമ്പോള്‍ അവ ചിരിക്കുകയാണോ? കരയുകയാണോ എന്ന് അറിയുവാന്‍ സാധിക്കുമായിരിക്കുമെന്ന് തോന്നിപ്പിച്ചത് ഏതു മരത്തിന്റെ ഓര്‍മ്മയാണ്?. വീട്ടിലുള്ള ഓരോ മരത്തോടും അവധിക്ക് ചെല്ലുമ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.  ചില മരങ്ങളെ കണ്ടിട്ടില്ലേ അവ ധ്യാനത്തിന്റെ പരകോടിയിലിരിക്കുകയാണെന്ന് തോന്നും. ചിലര്‍ കാറ്റു വരുമ്പോള്‍ തലയാട്ടി ചിരിക്കും. ചിലത് കണ്ണു മിഴിച്ച് നോക്കും. കൊടിയ കാറ്റും മഴയും വരുമ്പോള്‍ "ഞങ്ങളേ ഇങ്ങനെ വട്ടം കറക്കല്ലേ ഇനിയും ഞങ്ങള്‍ക്ക് ജീവിക്കണമെന്ന്" ചിരിച്ചു കൊണ്ടല്ലേ കാറ്റിനോടു പറയുന്നത്. ഓരോ മരങ്ങളും പല കഥകള്‍ സംഭരിച്ചു വെച്ചിരിക്കുന്നു. അങ്ങനെയൊരിക്കല്‍ ഒരു മരം വര്‍ഷങ്ങളുടെ കഥ പറയാമെന്ന് എന്നോട് പറഞ്ഞു.


മരം വെട്ടുമ്പോള്‍ അവ സംസാരിക്കുന്നത് കേട്ടിട്ടില്ലേ? അവ കേള്‍ക്കാന്‍ കാതുകള്‍ തുറന്നാല്‍ മരങ്ങളെ സ്നേഹിക്കും, അവയെ വെട്ടി മാറ്റുവാന്‍ സമ്മതിക്കുകയില്ല.

അല്ല, പുതിയ തുടിപ്പ് കാണുവാന്‍ വെട്ടി മാറ്റണം, അവയുടെ വേരുകള്‍ ആഴത്തിലേക്ക് കടന്ന് എങ്ങനെ ആഹാരം സംഭരിച്ചുവെന്ന് ഭൂമിയ്ക്കും പറയാനില്ലേ ധാരാളം കഥകള്‍.  ഭൂമി വേരുകളിലൂടെ സംസാരിക്കുന്നു.

അതു കൊണ്ടാണോ ചെറു കുട്ടികള്‍ കുഴിച്ചിട്ട ചെടി കുറച്ചു ദിവസം കഴിഞ്ഞ് പറിച്ചു നോക്കുന്നത്. എന്തിനാണ് അവര്‍ അങ്ങനെ നോക്കുന്നത്? വേരുകള്‍ വളര്‍ന്നിട്ടുണ്ടോ എന്ന അറിവിനോടുള്ള ആഗ്രഹം?. വളരുന്നുണ്ടോ എന്നറിവാന്‍?

വേരുകള്‍ ഭൂമിയുമായി കലഹിച്ച്, സ്നേഹിച്ച്, വെള്ളവും ആഹാരവും കിട്ടാത്തതില്‍ പരിഭവിച്ച് എങ്ങനെയൊക്കെ ആയി തീര്‍ന്നിരിക്കാം. ഭൂമി മരങ്ങളുമായി നടത്തിയ സംവാദം ചിഹ്നങ്ങളായി പരിണമിക്കുന്നതാണ് വേരുകള്‍.

അങ്ങനെ ആ ചിഹ്നങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട്, കണ്ട് ഞാന്‍ ഒരു വലിയ ഡ്രിഫ്റ്റ് വുഡ് ശില്‍പ്പിയും അതിന്റെ വ്യവസായിയും ആയി തീര്‍ന്നു.

മരിച്ച മരങ്ങളെ ഞാന്‍ താഴെ നിന്ന് കാണുവാനും കുഴിച്ചെടുക്കുവാനും തുടങ്ങി.  അങ്ങനെ ഉയരത്തില്‍ നിന്നും ജീവനുള്ള മരങ്ങളെ കാണണമെന്ന ആഗ്രഹം ശമിച്ചു.


Shibu Philip

Monday, April 19, 2010

പകല്‍ രാത്രിയാകുന്നത് എങ്ങനെ?

കുവൈറ്റില്‍ രാവിലെ സമയം 7.45 കഴിഞ്ഞു. എന്നാല്‍ ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍ രാത്രി 7.45 പോലെ തോന്നിച്ചു. വഴി വിളക്കുകള്‍ മുതല്‍ എല്ലാ വിളക്കുകളും കത്തി. സജീബ് പറഞ്ഞത് വെള്ളിയാഴ്ചയായിരുന്നുവെങ്കില്‍ ലോകം അവസാനിക്കുകയാണെന്ന് വിചാരിച്ചേന്നേ. കാരണം ദൂരെ രണ്ടു മൂന്ന് കറുത്ത തൂണുകള്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. എല്ലായിടവും ഇരുട്ട് വ്യാപിക്കുന്നു. മുജീബ് സുലൈബയ്ക്കടുത്ത് കടയില്‍ പോയപ്പോള്‍ കറത്തിരുണ്ട് വലിയ പൊടി കാറ്റ് വരുന്നു. അങ്ങനെയെന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല. അവന്‍ വണ്ടിയുടെ അടുത്തേക്ക് ഓടി.  വണ്ടിയുടെ അടുത്തെത്തുന്നതിനു മുമ്പ്‌ എല്ലാം ഇരുണ്ട് കഴിഞ്ഞിരുന്നു. വണ്ടിയില്‍ പോയി ഇടിച്ചു നിന്നു. ദജ്ജാലിന്റെ വരവാണോ?. സിറിയക്കും ഇറാക്കിനുമിടയിലുള്ള "ഖല്ല" യില്‍ നിന്നാണ് അവന്‍ പുറപ്പെടുന്നതെന്നു കേട്ടിട്ടുണ്ട്. അന്തിക്രിസ്തുവിന്റെ വരവാണോ? യേശു ക്രിസ്തുവിന്റെ കാലത്തുള്ള റോമാ സാമ്രാജ്യത്തിനു പകരമായല്ലേ യുറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത്. 2012- ല്‍ കാലം അവസാനിക്കുന്ന മായന്‍ കലണ്ടറും   ഇതെല്ലാം  ജനങ്ങളില്‍ ഉളവാക്കുന്ന ഭീതിയും. നാട്ടിലാണെങ്കില്‍ കൊടിയ ചൂടും.

 
ഇരുട്ടിന്റെ മീതെ ഭയങ്കര മഴ. ഇരുട്ട് അവസാനിച്ചു. വഴക്കുണ്ടാകുന്ന കൊച്ചു കുട്ടികളെ അടിക്കുവാന്‍ വടിയുമായി ഓടി നടക്കുന്ന അമ്മയായി ആ മഴ എത്തിയതു നല്ലതായി. മഴയെ ആരാണ് സ്നേഹിക്കാത്തത്, കണ്ടു നില്‍ക്കുവാന്‍ കൊതിക്കാത്തത്?.

ഇവിടെയിരുന്നാലും മാജിക്കല്‍ റിയലിസം എഴുതാം, ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു. എഴുതിയാല്‍ ഇതു കാണാത്ത, അനുഭവിക്കാത്ത ആര്‍ക്കെങ്കിലും മനസ്സിലാകുമോ?.  ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല.................

YOUTUBE - ല്‍ പോയി Sand Storm Kuwait- 17 April 2010 എന്ന് അന്വേഷിച്ചാല്‍ കുറച്ചു മനസ്സിലാകും. രാവിലത്തെ എട്ടു മണിയെങ്ങനെ രാത്രി എട്ടു മണി പോലെയാകുമെന്ന്.

Thursday, March 25, 2010

ഫോര്‍മുല വണ്‍ കാറുകളും, ചീറ്റപ്പുലിയും പിന്നെ കാറിന്റെ മോഹവും.

നടുക്ക് വെള്ള വെളിച്ചവും അതിന്റെ രണ്ടു വശത്തും വേറെ നിറമുള്ള ശക്തിയേറിയ പ്രകാശം പ്രസരിപ്പിച്ച് അടുത്ത റോഡിലെ ഫാസ്റ്റ് ട്രാക്കിലൂടെ പോകുന്നത് പോലീസ് കാറാണോ?, മൂര്‍ഖന്‍ പാമ്പിന്റെ പത്തി വിടര്‍ത്തിയുള്ള ഓട്ടം തന്നെ. വെള്ള വെള്ളിച്ചം മുമ്പോട്ട് ആഞ്ഞ്, വിടര്‍ത്തിയ പത്തിയുടെ രണ്ടു വശവും നിറമുള്ള വെളിച്ചമായി നിലയുറപ്പിച്ചുള്ള ആ പര പാച്ചില്‍. നടുക്കുള്ള വെള്ള വെളിച്ചം തെളിച്ച് ഇപ്രകാരമുള്ള ഓട്ടം കാണുന്നത് ആദ്യമായിട്ടാണ്. പത്തി വിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പ്‌ ഓടുമോ ഇല്ലയോ അറിയില്ല പക്ഷേ ഇതു കണ്ടതു തന്നെയാണ്. നല്ല ഹൃദയമുള്ള വണ്ടികള്‍.

പെട്ടെന്നുള്ള ദൃശ്യങ്ങളല്ലെ, അങ്ങനെയൊക്കെ തോന്നുമായിരിക്കാം. അവന്റെ തലച്ചോറില്‍ ഫോര്‍മുല വണ്‍ കാറിന്റെ ഇരമ്പല്‍ കടന്നു കയറി. അവന്‍ പറഞ്ഞു തുടങ്ങി. ഒരു ഫോര്‍മുലാ വണ്‍ കാര്‍ അപ്പുറത്തെ റോഡില്‍ കൂടി കടന്നു പോയാല്‍ ഒരു പക്ഷെ ഉയര കുറവു കൊണ്ട് മുകള്‍ ഭാഗം മാത്രം കാണുവാന്‍ സധിക്കുമായിരിക്കാം. പക്ഷെ നമ്മുക്ക് തീര്‍ച്ചയായും അറിയാം അവന്‍ പോയെന്ന്. പണ്ട് റോക്ക് ആന്‍ഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന എല്‍വിസ് പ്രെസ്‌ലി ആളുകള്‍ കൂടിയിരിക്കുന്ന മുറിയില്‍ കയറി വന്നാല്‍ അദ്ദേഹം പ്രതിഭ നിറഞ്ഞ ആള്‍ ആണെന്നു മറ്റുള്ളവര്‍ മനസ്സിലാകുന്നതു പോലെ. അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

അവന്റെ വണ്ടി ഓടി കൊണ്ടിരിക്കുന്ന റോഡ് ഫോര്‍മുലാ വണ്‍ കാറുകള്‍ ഓടിയിട്ടില്ലാത്ത റോഡാണ്. ഒരു ഫോര്‍മുലാ വണ്‍ കാര്‍ എന്‍ജിന്റെ ഏകദേശ വീര്യമുള്ള കാറുകളും ഈ റോഡുകളിലില്ല. അവന്‍ ചിന്തിച്ചു. സാധാരണ യന്ത്രങ്ങളെ അപേക്ഷിച്ച് ഈ യന്ത്രത്തിന്റെ ആയുസ്സ് വളരെ കുറവ്, സാധാരണ കാറിന്റെ എന്‍ജിന് ഏകദ്ദേശം ഇരുപത് വര്‍ഷം ആയുസ്സ് ഉണ്ടെങ്കില്‍  ഫോര്‍മുല വണ്‍ എന്ജിന് വളരെ കുറച്ചു മാത്രം. ഒരു "വിധിയുടെ വേട്ടമൃഗം". പക്ഷെ യന്ത്രം ജീവിച്ചിരുന്നപ്പോള്‍ നല്ല വണ്ണം ജീവിച്ചു.

ഇവിടെ വിധിയുമില്ല, വേട്ടയുമില്ല. മൂന്നാമന്‍ ഇടപെട്ടു.

സുരേഷ് എന്ന മൃഗസ്നേഹി ഇപ്രകാരം പറഞ്ഞു. ചീറ്റപ്പുലിയെ ഒന്നു ശ്രദ്ധിക്കണമേ. ഏറ്റവും വേഗത ഏറിയ വന്യമൃഗം. അത്രയും വേഗത്തില്‍ ഓടി ഇര പിടിക്കും. പക്ഷെ, ഈ അപാര ഓട്ടത്തിന്റെ ക്ഷീണത്തില്‍ തളര്‍ന്നു കിടക്കുമ്പോള്‍ മറ്റു ജീവികള്‍ ഇരയെ ഭക്ഷിക്കും. ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോവലില്‍ കിഴവന്‍ പിടിച്ചു കൊണ്ടു വരുന്ന മീനിനെ നഷ്ടമാകുന്നത് ഓര്‍ക്കുക. ചില പ്രവാസി മലയാളികളുടെ ജീവിതങ്ങളും ഇങ്ങനെ തന്നെ, ഇനിയും എഴുതപ്പെടെണ്ടിയവ, അല്ലേ മാഷെ.

എന്താ സാറേ, സാഹിത്യകാരന്‍മാര്‍ ചീറ്റയും വായനക്കാര്‍ അവന്‍ പിടിച്ച ഇരയെ ഭക്ഷിക്കുന്നവനെന്നുമാണോ? എന്തായാലും കൊള്ളാം, ചീറ്റയും ഫോര്‍മുലാ വണ്‍ കാറുകളും

മൂന്നാമന്‍ ഇപ്രകാരം മൊഴിഞ്ഞു. മലയാള നാട്ടില്‍ ഫോര്‍മുലാ വണ്‍ കാറിന്റെ വീര്യമോ? ചീറ്റപ്പുലികളോ ഇല്ല, ഓടുവാന്‍ റോഡുകളോ, ജീവിക്കുവാന്‍ കാടുകളോ ഇല്ല. അല്ലെങ്കിലും അവര്‍ എപ്പോഴും വിദേശത്തേക്കല്ലേ നല്ലതിനു വേണ്ടി നോക്കിയിട്ടുള്ളത്.   ഏതെങ്കിലും നേതാക്കളോട്, ബുദ്ധി ജീവികളോട് കൂട്ടില്ലാതിരുന്ന ഒരു മൃഗത്തിന് ചെറുപ്പം മുതല്‍ കരുതല്‍ നല്‍കിയ, കണ്ടു പരിചയിച്ച മരത്തിനോടു തോന്നുന്ന ഒരു മമത ചിന്താ ശേഷിയുള്ള ആര്‍ക്കെങ്കിലും ഉണ്ടാകുമോ? വര്‍ഷങ്ങളായി നിങ്ങള്‍ ഓടിച്ച കാറില്‍ ആരുടെയോ വണ്ടി വന്നിടിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ വിദേശത്തായിരിക്കുമ്പോഴോ, ദൂരത്തായിരിക്കുമ്പോഴോ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും. ഏറ്റവും അടുത്ത ആളിന് എന്തോ സംഭവിച്ചതായുള്ള തോന്നലുകള്‍, ആ രീതിയിലുള്ള തോന്നലുകള്‍ ഇവരോട്....

അല്ലെങ്കിലെങ്ങിനെയാണ് വായിക്കുന്നവരുടെയെല്ലാം, സഞ്ചികളില്‍ ഇത്രമാത്രം വിദേശികള്‍?

രോഷാകുലനാകാതെ നമ്മുക്കുമുണ്ട് കുറച്ച് ആള്‍ക്കാര്‍, അതു നീ മറക്കരുത്.

അവരില്‍ രണ്ടു പേര്‍ പാട്ടില്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ റോഡിലുള്ള വന്യമായ ഓട്ടങ്ങളെ ശ്രദ്ധിച്ചു കൊണ്ട് ഒരാളും. കാറ് ഇട വഴിയില്‍ കയറി, അവിടെ നിന്നും ഒരു മൈതാനത്തിലേക്കും.
"അയ്യോ വണ്ടി ഇടിച്ചതാണോ" ഒരുവന്‍ അലറി, കാറിനു ചുറ്റും നുരഞ്ഞു പൊങ്ങിയ പൊടി പടലം. ആര്‍ക്കും ഒന്നും കാണുവാന്‍ സാധിക്കുന്നില്ല. ഇടിച്ച ശബ്ദം ആരും കേട്ടില്ല. കാറ് ഒന്നു രണ്ടു പ്രവശ്യം വട്ടം കറങ്ങിയത് ഓര്‍മ്മയുണ്ട്.

എന്താടാ സംഭവിച്ചത്. കാര്‍ ഓടിച്ചവനോട് അവര്‍ ഭയത്തോടെ ചോദിച്ചു.

കാറു മൈതാനത്തു കയറിയപ്പോള്‍, ടയറുകള്‍ പൊടി മണ്ണില്‍ അമര്‍ന്നപ്പോള്‍ കാറിന് ഒന്നു വട്ടം കറങ്ങണമെന്ന് മോഹം. പൊടി മണ്ണിന്റെ ചുംബനം ഏല്‍ക്കണമെന്ന് അതിയായ ആഗ്രഹം.

എന്റെ കാറല്ലേ, ഞാന്‍ സ്നേഹിക്കുന്ന കാറല്ലേ,  ഞാനങ്ങ് രണ്ടു പ്രാവശ്യം വട്ടം കറക്കി അത്ര മാത്രം.

നീയും വിദേശി പയ്യന്‍മാരെപോലെയായോടാ,  ഒരൊറ്റ മലയാളിയും ഇങ്ങനെ ചെയ്യുകയില്ല. വിദേശ പുസ്തകങ്ങളെ മുറുകെ പിടിച്ചു കൊണ്ട് അവന്‍ മൊഴിഞ്ഞു.

പുറത്ത് പൊടി പടലങ്ങള്‍ കാറിന് ചുംബനം നല്‍കി ആലിംഗനത്തോടു തന്നെ മരിച്ച് കാറിന് മുകളില്‍ ഒട്ടി പിടിച്ചു കൊണ്ടിരുന്നു.