Sunday, January 24, 2010

അക്കര യാത്ര

വീടിനു പുറകില്‍ വലിയ ഒരു വെട്ടു കുഴിയുണ്ടായിരുന്നു.

മഴ പെയ്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കെട്ടി നില്‍ക്കുന്ന ദിവസങ്ങള്‍. വീടിനു മുകളില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ദിനങ്ങള്‍. മണ്ണു കലര്‍ന്ന ചുമന്ന വെള്ളം വേഗത്തില്‍ ഒഴുകുന്നു. മരങ്ങളും ചെടികളും സന്തോഷത്താല്‍ പച്ചിപ്പ് എല്ലായിടത്തും പടര്‍ത്തുന്നു. ഞാന്‍ വളരെ ചെറു പ്രായത്തില്‍ ചിന്തിച്ചത് ആ വെട്ടു കുഴികളില്‍ ഡൈനോസറസിന്റെ ചെറു പതിപ്പു ജീവികള്‍ ജീവിച്ചിരുന്നു എന്നാണ്. ഡൈനോസറസിന്റെ പടം കണ്ടാലും കണ്ടിലെങ്കിലും എനിക്ക് ആ ഘോര ജീവികളെ അന്ന് അറിയാമായിരുന്നു. അതു എപ്പോഴെങ്കിലും പുറകില്‍ നിന്നും അടുക്കളയുടെ വശത്തേക്കു വരുമെന്നു വിചാരിച്ചിരുന്നു. മഴ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കണ്ടങ്ങളില്‍ ചെറു വള്ളങ്ങള്‍ ഇറക്കുന്നത്. ഒന്നു രണ്ടു പ്രവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ആ മഴ കുറഞ്ഞ ദിനങ്ങളിലെന്നിലാണ് ഒരാളെ വള്ളത്തില്‍ എല്ലാവരും കൂടി എടുത്ത് കൊണ്ടു പോകുന്നത് കണ്ടത്. വളരെ അധികം  ആള്‍ക്കാര്‍ ആ വള്ളം പൊക്കി കൊണ്ടു പോകുന്നവരുടെ കൂടെ ഉണ്ടായിരുന്നു.
"ഏവിടേക്കാണ് അമ്മേ ആള്‍ക്കാര്‍ വള്ളം ചുമന്നു കൊണ്ടു പോകുന്നത്".

"അതു വള്ളമല്ല മോനെ, അതു ശവപ്പെട്ടിയാണ്. ആ ശവപ്പെട്ടിയില്‍ ശവമാണ്. മരിച്ച ആള്‍".

മനുഷ്യര്‍ നടക്കുന്നു, ഓടുന്നു, അവസാനം ഒരു വള്ളത്തില്‍ കയറി അക്കര ദേശത്തേക്ക് ഒരു യാത്ര. ഒരു പക്ഷെ ഈ അവസാന യാത്ര കാണുവാന്‍ വല്ല വിചിത്ര ജീവികളും വീടിന്റെ  പുറകില്‍ നിന്നും വന്നു നോക്കിയിരുന്നോ?.

Friday, January 1, 2010

ഭൂലോക മലയാള പവിത്ര സംഘം

ഒരു ഡിസംബര്‍ കൂടി കഴിഞ്ഞു പോകുന്നു. 2008 ഡിസംബര്‍ 15-നാണ് കെ പി അപ്പന്‍ എന്നന്നേക്കുമായി നമ്മോടു വിട പറഞ്ഞത്. വാക്കുകള്‍ കൊണ്ട് സാഹിത്യ വിചാര ലോകത്തിന്റെ ആഴങ്ങള്‍ കാട്ടി തന്ന ഗദ്യത്തിന്റെ മഹാപുരോഹിതന്‍.  ഗോവിന്ദന്റെ  പവിത്രസംഘം എന്ന ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള പവിത്ര സംഘങ്ങള്‍ മലയാളികള്‍ താമസിക്കുന്ന എല്ല പ്രവാസ ലോകത്തും കാണുമായിരിക്കും. ഒരു പക്ഷെ നമ്മുടെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും അന്യോന്യം മമത പുലര്‍ത്തുന്ന കവികള്‍, നിരൂപകര്‍, നോവലിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, നല്ല വായനക്കാര്‍ തുടങ്ങിയവരുടെ കൂട്ടയ്മ കാണണം. അവര്‍ ഒരു സംഘടനയല്ലാതെ നിലനില്‍ക്കുന്നു.  എല്ലാ സംഘടനകളുടെയും ചട്ടകൂടുകള്‍ക്കപ്പുറമായിരിക്കാം  അവരുടെ ചിന്തകള്‍.  ഒരു പാര്‍ട്ടിയുടെയും ലേബലില്‍ അവര്‍ കാണുകയില്ലായിരിക്കാം.  ചിന്തകളുടെ കൊടുമുടികളില്‍ വിഹരിക്കുന്ന ഒറ്റയാന്‍മരായിരിക്കാം ചിലര്‍.  ഒരു പക്ഷെ കാലം അവരുടെ കൈയെപ്പു വാങ്ങി വയ്ക്കുമായിരിക്കാം, ഭാവി തലമുറയ്ക്കു വേണ്ടി.  നല്ലെരു നാളയെ സ്വപ്നം കണ്ടുണരാന്‍ കഴിയുന്നവരാണിവര്‍.

ഒരു ഭൂലോക മലയാള പവിത്ര സംഘമുണ്ടാക്കാം, പക്ഷെ, ഗോവിന്ദന്റെ വഴികളും വേറിട്ട ചിന്താ ശക്തിയുള്ളവരും വളരെ ചുരുക്കം.

സമഹൃദയരായ ബ്ലോഗ് എഴുതുന്നവര്‍ക്കും, എല്ലാ നല്ല വായനക്കര്‍ക്കും, എഴുത്തുകാര്‍ക്കും, കലയെ സ്നേഹിക്കുന്നവര്‍ക്കും ഒരു ഭൂലോക മലയാള പവിത്ര സംഘത്തിലേക്ക് സ്വാഗതം. ഓരോ നഗരങ്ങളിലും നില നില്‍ക്കുന്ന ഒരു ഗോവിന്ദശക്തിയുടെ അഭാവം തന്നെ അതിന്റെ കേന്ദ്രബിന്ദു. ഇവിടെ ഞങ്ങള്‍ക്ക് അതിന്റെ അവശ്യമില്ല. അവിടവിടെ, ഞങ്ങള്‍ക്ക് ഒരു പവിത്രസംഘം ഉണ്ട് എന്നു പറയുന്നവരും ധാരാളം.

എന്നാല്‍, ഒരു നല്ല പൂവു കാണുവാനോ, ആകാശത്തിന്റെ സൗന്ദര്യം കാണുവാനോ, നല്ലൊരു പുസ്തകം വായിക്കുവാനോ, കുട്ടികളുടെ ചിരിയും കളിയും കാണുവാനോ, നല്ലൊരു സംഗീതം ആസ്വദിക്കുവാനേ കഴിയാതെ നാശത്തിന്റെ  ദുര്‍ഗന്ധം ആസ്വദിക്കുന്നവര്‍ ധാരാളം.  നല്ലൊരു നാളയെ സ്വപ്നം കണ്ടുണരാന്‍ കഴിയാത്തവരാണവര്‍.  അവനിട്ടൊരു പണി കൊടുക്കണം എന്നു ചിന്തിക്കുന്നവരില്‍ വ്യാപരിക്കുന്ന ആതമാവിന്റെ വല്യതമ്പുരാനാണ് ലോകത്തിനൊരു പണി കൊടുക്കണം എന്നു ചിന്തിക്കുന്നത്.  ലോകം തന്നെയില്ലതെയാക്കുവാന്‍ ശ്രമിക്കുന്നവരുടെ സംഘങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ശ്രമിക്കുന്ന നല്ല സംഘങ്ങളായി തീരുമായിരിക്കും. അവനിട്ടൊരു പണി കൊടുക്കാതെ, ലോകത്തിനൊരു പണി കൊടുക്കാതെ, അവനെ സഹായിക്കുവാന്‍, ലോകത്തെ സഹായിക്കുവാന്‍, അയല്‍ക്കാരെ സഹായിക്കുവാന്‍ അവര്‍ രൂപാന്തരപ്പെടുമായിരിക്കാം.  അവര്‍ ഏതെങ്കിലും വിശ്വപ്രസിദ്ധമായ ഒരു പുസ്തകം വായിച്ചാല്‍ മാത്രം മതിയാകും അവരുടെ മനംമാറ്റത്തിന്.

സാഹിത്യചിന്തയില്‍ ഭാഷ കൊണ്ടു വര്‍ണ്ണ ചിത്രങ്ങള്‍ വരച്ച കെ. പി. അപ്പനെ മലയാളം എപ്പോഴും ഓര്‍ക്കും, തമസ്കരണത്തിന്റെ  ദുഷ്ടാത്മസേനകള്‍ വിചാരിച്ചാലും മലയാളം ഇങ്ങനെയുള്ളവരെ മറക്കുകയില്ല.

പുതുവര്‍ഷം കടന്നു വന്നിരിക്കുന്നു.

എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍.

Thursday, December 17, 2009

വാരാന്ത്യസമ്മേളനം

ഈ ഫോട്ടോയില്‍ നിന്നായിരുന്നു തുടക്കം. ഈ പക്ഷിയേ നോക്കു, ഇത്രയും അടുത്തു നിന്ന് ഫോട്ടോയെടുത്താല്‍, പക്ഷി പറക്കാതിരുന്നാല്‍  അതിനോടു സംസാരിക്കാം. പക്ഷിയോടു സംസാരിക്കുവാനോ ഒരിക്കലും സാധ്യമല്ല. ഒരു കാര്യം ഞാന്‍ കാണിക്കാം. അവന്‍ ഓടി ഒരു പുസ്തകം എടുത്തു കൊണ്ടു വന്നു. നോക്കു 70 വയസ്സിനു മേല്‍ പ്രായമുള്ള സ്വാമിജി മരത്തില്‍ കയറി കാട്ടു തേനിച്ചകളുടെ കടിയേല്‍ക്കാതെ അതിനോടു സംസാരിക്കുന്നു എന്ന് സ്വാമി രാമ Living with the Himalayan masters എന്ന പുസ്തകത്തില്‍  എഴുതിയിരിക്കുന്നു. "പക്ഷിമൃഗാധികളോടു സംസാരിക്കാന്‍ സാധിക്കും". മനു പറഞ്ഞു തുടങ്ങി, അങ്ങനെയൊന്നുമില്ല,  മനുഷ്യര്‍ക്കു മാത്രമേ ഭാഷയുള്ളു. അതു കൊണ്ടാണ് അവന്‍ വലിയ സംസ്കാരം ഉണ്ടാക്കിയെടുത്തത്. ലോകത്തില്‍ ഒരു  Supernatural phenomena and causations  ഇല്ല, ഞാന്‍ Charles Darwin –ന്റെ  ചിന്താധാരയെ പിന്‍തുടരുന്നു.

നീ ഒന്നും പറയേണ്ട "അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത് എന്നും മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞു കൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്നും ഞാന്‍ അറിയുന്നു" എന്ന് വി. പൗലൊസ് എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടോ.  നിന്റെ ഒരു ദൈവശാസ്ത്രം. ഒന്നു പോടേ... Charles Darwin  അന്ന്  Galapagos Islands -ലേക്ക് യാത്ര തിരിച്ചതു കൊണ്ട് നീയെക്കെ ഇങ്ങനെയൊക്കെയും  ചിന്തിക്കാം എന്നു അറിയുന്നത്.

ആര് അങ്ങനെയൊക്കെ ചിന്തിക്കണം

എല്ലാത്തിന്റെയും തുടക്കം യാത്രയില്‍ നിന്നാണ്, അല്ലെങ്കില്‍ റോഡുകളോടുള്ള ആഗ്രഹമാണ്. വളരെ ദുഃഖമുണര്‍ത്തുന്നതാണ് അരുണ്‍ വീംബൂരിന്റെ (Arun Veembur) എന്ന പത്രപ്രവര്‍ത്തകന്റെ നിര്യാണം. റോഡുകളുടെ ചരിത്രം അന്വേഷിച്ചു സഞ്ചരിച്ചവന്‍. വഴിയുടെ സംഗീതം എന്നാണ് പാഥേര്‍ പാഞ്ചാലി എന്ന വാക്കിന്റെ ഏകദേശ അര്‍ത്ഥം. സത്യജിത് റേയുടെ പ്രസിദ്ധമായ സിനിമ.  സിനിമയുടെ അവസാനം പ്രവാസത്തിലേക്ക് യാത്ര തിരിക്കുന്ന കുടുംബത്തിന്റെ കഥ. പ്രവാസത്തിലേക്കു യാത്ര തിരിക്കുന്നവരാണ് വഴി കണ്ടു പിടിക്കുന്നത്. ലാസര്‍ ഡിസില്‍വായുടെ ബ്ലോഗിന്റെ പേരും വഴിയുടെ സംഗീതം   (http://vazhiyute-sangeetham.blogspot.com/) എന്നാണ്.

എടേ, Robert M. Pirsig- ന്റെ ഒരു കഥാപാത്രം പറയുന്നത് കൊളംബസ് നടത്തിയ യാത്രയുമായി താരതമ്യം ചെയ്യുബോള്‍ ചന്ദ്രപര്യവേക്ഷണം ഒരു ടീ പാര്‍ട്ടി മാത്രമാണെന്നാണ്. ജോനാഥാന്‍ സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകളോ.


ജയിംസ് കാമറോണിന്റെ "അവതാര്‍" ഉം ഒരു വലിയ യാത്രയെപ്പറ്റി പറയുന്ന കഥയാണ് എന്നാണ് കേട്ടത്.

അതിനിടെയില്‍  ഈ ഫോട്ടോ കണ്ട് ഞനെഴുതിയതു കണ്ടോ.

എല്ലാവരും ശ്രദ്ധിച്ചിരിക്കണം അതിന്റെ തലക്കെട്ട് "തേടി അലയുന്ന ഒരായിരം കഥകള്‍'

മര കൊമ്പ്‌ തേടിയലഞ്ഞ പക്ഷി
വന്നിരുന്നത് ജനല്‍ കൊമ്പില്‍.

കൊമ്പുകളൊന്നും കാണാതെ വേറെ ഒരായിരം പേര്‍.

കൊമ്പനെ കാണാത്തവരും വരും ഒരായിരം.

എല്ലാം കാണുന്ന മൂന്നാലുപേര്‍ ഒത്തുകൂടിയിരുന്നത് മുറ്റത്തല്ല.

പടിഞ്ഞാറിറങ്ങുന്ന സൂര്യന്‍ നിഴല്‍ പരത്തുന്ന
കവിയൂരിന്റെ അമ്പലപറമ്പിലല്ല.

മനുഷ്യ മനസ്സിന്റെ ബഞ്ചുകളില്‍ അവര്‍ കയറിയിരുന്നു.
അലറിതിരയുയര്‍ത്തിയാടുന്ന കടല്‍ ഇവിടെയില്ല.

അത്മീയത കയറിവരുന്ന കടല്‍ കാറ്റ് ഇവിടെയിരുന്ന്
ഹെമിംഗ് വേ കൊണ്ടിട്ടില്ല.

പക്ഷികള്‍ അലയാത്തതിന്റെ അകാശ നോവുകള്‍ മരുഭൂമിയില്‍ നിന്നും
ജനല്‍ കൊമ്പുകള്‍ കേട്ടു തുടങ്ങുന്നു.

ആരും പറയാത്ത കഥകള്‍ കൊണ്ടു് വന്ന ഈ ചെറു പക്ഷിയെ
എന്റെ മകന്‍ കണ്ടു.

ഞാന്‍ കണ്ടത് ആ പക്ഷിക്കണ്ണുകളില്‍ ഒരായിരം ചെറുകഥകള്‍
മിടിക്കുന്ന ഹൃദയത്തിന്റെ ചൂട് ആ കഥകള്‍ക്കുണ്ട്.

പക്ഷി കഥകള്‍ തേടി വീണ്ടും യാത്രയായി.
കേട്ട കഥകള്‍ ജനല്‍ തുറന്ന് വിതറുമ്പോള്‍

ഒരായിരം ചെറുതാളുകളായി, ഒരായിരം ദേശത്ത്,
കാണാത്ത, കേള്‍കാത്ത ഒരായിരം പേരേ തേടി അലയുന്നു
നിറയുന്ന കണ്ണുനീരിന്റെ ദുഃഖവുമായി.

നോക്കു, നമ്മള്‍ ഭാഷയില്‍ നിന്നു സിനിമായിലായി, അവിടെ നിന്നും കവിത എഴുതാന്‍ അറിയാത്തവന്റെ കവിതയിലേക്കും. എന്നാല്‍ സിനിമായുടെ ചരിത്രമോ, ഭാഷയില്ലായ്മയില്‍ നിന്നും ഭാഷയിലേക്കും.

അടുത്ത ദിവസം ഇതിനെപ്പറ്റി സംസാരിക്കാം
ഇപ്പോള്‍ പിരിയാം, വീണ്ടും കാണാം Good Night........

Thursday, December 3, 2009

കാണാത്ത സത്യങ്ങള്‍ - ചില വിപരീത ചിന്തകള്‍

സാര്‍, ഈ കാണുന്നതിനെല്ലാം എന്തോ കുഴപ്പമുണ്ട്, കാണാത്തതു മാത്രമാണ് സത്യം.

പണ്ടൊക്കെ ആളുകള്‍ മേഘങ്ങളെ കണ്ട് ഇങ്ങനെയൊക്കെയാണെങ്കില്‍ മഴ പെയ്യും എന്നു പറയുമായിരുന്നു,കാറ്റ് ഈ വശത്തേക്ക് വീശുകയാണെങ്കില്‍ തണുപ്പിന് സാധ്യത കൂടുതല്‍ ഉണ്ട് എന്നും. ഇങ്ങനെയുള്ള അറിവുകള്‍ ഉള്ളവര്‍ ഇപ്പോഴും കാണുമായിരിക്കും.എങ്കിലും, ഇങ്ങനെയുള്ള നമ്മളില്‍ ഉണ്ടായിരുന്ന അറിവുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാഴ്ചയുടെ കാര്യവും ഇപ്രകാരമൊക്കെ തന്നെയാണ്. Michael Shermer എഴുതിയ How we believe എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം സ്ഥാപിക്കുവാന്‍ ശ്രമിച്ചത് തലച്ചോറ് ഒരു വിശ്വാസ യന്ത്രമാണ് എന്നാണ്. പ്രകൃതിയില്‍ നമ്മള്‍ കണുന്നതിനെ,അതില്‍ നിന്നും മാതൃകളിലൂടെ കുത്തുകള്‍ ബന്ധിപ്പിച്ച് ഇതിനെ തിരിച്ചറിയുവാന്‍ കഴിവുള്ള നമ്മുടെ തലച്ചോര്‍ ഒരു പൊരുള്‍ ഉണ്ടാക്കുന്നു.അങ്ങനെ

യുവെഫോളജിസ്റ്റുകള്‍ ബുധനില്‍ ബുദ്ധനെ കാണും.
കപട അത്മീയര്‍ പാറകളില്‍ ദൈവത്തിന്റെ പടം കാണുന്നു.
പാരനോര്‍മലിസ്റ്റുകള്‍ മരിച്ചവര്‍ റേഡിയേവിലൂടെ സംസാരിക്കുന്നത് കേള്‍ക്കുന്നു,
ബ്ളോഗറുമാര്‍....

എന്തു കൊണ്ട് ഇങ്ങനെയെക്കെ സംഭവിക്കുന്നു.

കാഴ്ചയും അതിന്റെ വിശ്വാസവും അതതിന്റെ വര്‍ഗ്ഗ തലത്തില്‍ നമ്മുടെ തലച്ചോറില്‍ എഴുതിക്കപ്പെട്ട മാതൃകയില്‍ സംഭവിച്ചേക്കാം, പക്ഷെ മരണം തലച്ചോറിനു വെളിയില്‍ ആരോ എഴുതപ്പെട്ട മാതൃകയില്‍ സംഭവിക്കുന്നു. മരണത്തോടു കൂടി നമ്മുടെ സകല മാതൃകകളും അവസാനിക്കുമ്പോള്‍ ചില മാതൃകകള്‍ അപ്പോഴും തുടരുന്നു.

അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ വ്യക്തി തന്റെ പിതാവിനെ ചിലപ്പോള്‍ ഒരു കപടവേഷധാരി (Impostor) ആണ് എന്നു പറയുകയും ഫോണില്‍ കൂടി സംസാരിക്കുബോള്‍ യാതൊരു സംശയവും ഇല്ലതിരിക്കുകയും ചെയ്യുന്നത്, കാഴ്ചയുടെ പൊരുള്‍ തിരിക്കല്‍ സംവിധാനത്തിനുള്ള എന്തോ തകരാറാണ്. കാഴ്ചയും അതിനെ വികാരവുമായി ബന്ധിപ്പിക്കുന്ന തന്തുവിന്റെ പ്രശ്നവുമായിരിക്കാം. ഇങ്ങനെയുള്ള ചെറിയ തകരാറ് മനുഷ്യനെ മൃഗമാക്കിതീര്‍ക്കാം.

മോണോലിസയുടെ ചിരിക്കും ഗൗരവത്തിനും കാരണമെന്താണ്. അലിഞ്ഞു പോകുന്ന ചിരിയുടെ സ്ഥാനത്ത് ഗൗരവം നിഴലിടുന്നത് Leonardo da Vinci -യുടെ ഏതു മാജിക്കു കൊണ്ടാണ്.

വിപരീത ചോദ്യം:

സാര്‍, കാണാതെ വിശ്വസിക്കുന്നതിനെ എന്തു പറയും?, കാണുന്നതില്‍ ചില അസത്യമുണ്ടെങ്കില്‍ കാണാത്തതില്‍ ചില സത്യങ്ങള്‍ ഉണ്ടോ?

Saturday, November 28, 2009

കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍

ഇവിടെ കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍ ഇറങ്ങുവാന്‍ ഇഷ്ടപ്പെടുന്നത് മഴ ഉള്ളപ്പോള്‍ ആണ്. മഴയ്ക്കു മറുപാട്ടുപ്പാടുന്ന ചിന്ന കാറുകളുടെ ഇരമ്പല്‍.വേനല്‍ കാലം കഴിഞ്ഞുള്ള മഴ കഠിനമായ തണുപ്പിനെയും, തണുപ്പുകാലം കഴിഞ്ഞുള്ളത് ചൂടിനെയും അതതിന്റെ പുതപ്പിനുള്ളില്‍ നിന്ന് ഇറക്കികൊണ്ട് വരുന്നു.മഴ ആകാശത്തു നിന്നും കെട്ടഴിഞ്ഞു വീഴുമ്പോള്‍, മണല്‍ തരിക്കുള്ളില്‍ മരുഭൂമി അടക്കി വച്ചിരിക്കുന്ന നുകം ഭേദിച്ച് ചൂട് പുറത്തേക്കു ചാടുകയാണ്,എന്നാല്‍ ചൂടു സമയത്തുള്ള മഴ സമുദ്രങ്ങളില്‍ നിന്നും തണുപ്പിനെ കൈ പിടിച്ചു കയറ്റി കൊണ്ടു വരുന്നു.

ഇപ്പോള്‍ ഇവിടെ നല്ല തണുപ്പാണ്.

മനുഷ്യര്‍ നടക്കുന്ന മരുഭൂമിയുടെ മുകളില്‍ ചള്ള നിറയുബോള്‍ അവന്റെ കാല്‍ തെടാത്ത സ്ഥലങ്ങള്‍ പ്രശ്നങ്ങളില്ലാതെ കിടക്കുന്നു. ശാന്തമായി കിടന്ന് അയവിറക്കുന്ന പശുവിനെ കണ്ടിട്ടില്ലെ,മരുഭൂമിയുടെ ശാന്തത ഓര്‍മിപ്പിക്കും. രാവണ്ടികള്‍ ഓട്ടം എപ്പോഴോ നിര്‍ത്തി, അവധിയുള്ള പ്രഭാതം ശാന്തമാണ്.

കാറു വട്ടം കറക്കുന്ന കുട്ടികള്‍ ഉറങ്ങുകയായിരിക്കും. വളരെയധികം സുന്ദരിയായ മഴ തുള്ളിചാടി പോയ റോഡുകളെ പ്രകോപിപ്പിക്കുവാന്‍ അവര്‍ വീണ്ടും വരും. ഒരു പക്ഷെ ശബ്ദവും വെളിച്ചവും തരാമെന്നു പറഞ്ഞ് ഇടിമിന്നലും വന്നേക്കാം

നമ്മുക്കു കാത്തിരിക്കാം...

Friday, November 27, 2009

മഴ പെയ്ത ദിവസം

കുവൈറ്റില്‍ മഴ പെയ്ത ദിവസം 26th November 2009



റോഡില്‍ മഴയോടു മഴ

Thursday, November 26, 2009

മരുഭൂമിയിലെ മഴ

ഇന്ന് കുവൈറ്റില്‍ രാവിലെ നല്ല മഴ പെയ്തു. ചില സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം അവധിയായതിനാല്‍ റോഡ് അപകടങ്ങള്‍ കുറവായിരുന്നു. രാവിലെ ആകാശത്തേക്ക് നേക്കിയപ്പോള്‍ വളരെ മനോഹരം. ഒരു ഫോട്ടോ എടുത്തു. ഓഫീസിലേക്കുള്ള യാത്ര മദ്ധ്യേ വീണ്ടും ഒരെണം കൂടി. വൈകിട്ട് നല്ല തണുപ്പും തുടങ്ങി.

Ingmar Bergman-ന്റെ Det Sjunde inseglet(The Seventh Seal)- നെ ഒര്‍മിപ്പിക്കുന്ന ചില ആകാശ ചിത്രങ്ങള്‍ ചിലപ്പോഴെങ്കിലും മരുഭൂമിക്കു മുകളില്‍ പ്രത്യക്ഷപ്പെടും. ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടലിന്റെ ഇടവേളകളിലാണ് ചിലരുടെയെങ്കിലും ലോകം രൂപപ്പെടുന്നത്. അവിടെ നിന്നും നെയ്തിറങ്ങുന്ന ചില കുറിപ്പുകളും. എന്നാല്‍ ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ Un Chien Andalou(An Andalusian Dog) 'ആന്‍ഡലൂസിയന്‍ പട്ടി'(1929)സ്വപ്നത്തില്‍ കടഞ്ഞെടുത്തതാണ്.മിക്കവാറും കാണുന്ന സ്വപ്നത്തിന്റെ ഘടന. എഴുത്ത് ഇങ്ങനെ അനുഭവങ്ങളിലൂടെയും ഒര്‍മകളിലൂടെയും സ്വപ്നത്തിലൂടെയും വന്ന് ഭാഷയിലൂടെ പുനര്‍ജനിക്കുന്നു.

സാഹിത്യത്തിന്റെ തീ പിടിച്ച്, അധികം കത്തി തീരാതെ മരുഭൂമിയിലെ ചൂട് കൊണ്ട് തീയെ കാത്തു സൂക്ഷിച്ച്, മണല്‍ തരികളില്‍ നിന്ന് ചിലതെക്കെ സംഭരിച്ച്, വല്ലപ്പോഴും ചിലതെക്കെ പകര്‍ന്ന് നടക്കുന്ന,ചിലരെങ്കിലും ഇവിടെയുണ്ട്.തണുപ്പു കാലത്ത് കലയുടെ തീ അവര്‍എങ്ങനെ സംരക്ഷിക്കുന്നു? ഒരു പക്ഷെ ഇനിയും Structuralism, Postmodernism, Deconstruction തുടങ്ങിയവയിലേക്ക് തിരിച്ചു വന്ന് വീണ്ടും സംസാരിച്ചു തുടങ്ങിയേക്കാം. Movies-ലാണെങ്കില്‍ realism, neo realism, Denotation & Connotation values, auteur theory.....ഭാവിയിലെ സിനിമാ ശൈലിയെപ്പറ്റി....

മഴ പെയ്യുമായിരിക്കും, തണ്ണുപ്പ് വന്നു കഴിഞ്ഞു. തീ ആളികത്തുവാന്‍‍,ശക്തി അറിയുവാന്‍....