Saturday, April 30, 2011

വെറും വെറുതെ

ERP - യും മറ്റുള്ള സിസ്റ്റങ്ങളും വന്നതോടു കൂടി സാധാരണ ഓഫീസുകള്‍ക്കെല്ലാം മാറ്റം വന്നു, ഏതോ ഓഫീസില്‍ ഇരിക്കുന്നവര്‍ ചെയ്യുന്ന, എവിടെ നിന്നെല്ലാമോ കിട്ടുന്ന ഡാറ്റാ. എല്ലാവരും പലയിടത്തുനിന്നും നിക്ഷേപിക്കുന്ന ഡാറ്റ. എന്നിങ്ങനെയൊക്കെയായി. എന്നാല്‍ മനോജും സയീദും ജോലി ചെയ്യുന്നത് പഴയ രീതിയിലുള്ള ഓഫീസിലാണ്. കുറച്ച് പേരുള്ള, എന്നാല്‍ വളരെയധികം തിരക്കുള്ള ഒരു ഓഫീസ്.

അന്നു രാവിലെ ഓഫീസില്‍ വളരെ തിരക്കായിരുന്നു. തിരക്ക് കൂടി കൂടി സയീദിന് ഒരുമാതിരി ഭ്രാന്ത് പിടിച്ചു, അപ്പോള്‍, അവന്‍ വളരെ, വളരെ ശാന്തനായി, ഒരാള്‍ അവന്റെ മുമ്പില്‍ വന്ന് ഒപ്പിട്ട് തരണം എനിക്ക് പാസ്സ്പോര്‍ട്ട് എടുക്കേണ്ടിയതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഒന്നു രണ്ടു പ്രാവശ്യം സയീദ് പറഞ്ഞു ഞാനല്ല അവിടെ ഒപ്പിടേണ്ടിയത്, മുമ്പിലിരിക്കുന്ന മനോജാണ്, അവന്‍ ഇപ്പോള്‍ വരും കുറച്ച് സമയം നില്‍ക്കു. പാസ്പ്പോര്‍ട്ട് എടുക്കെണ്ടിയ ആള്‍ക്ക് വീണ്ടും നിര്‍ബന്ധം ഒരു ഒപ്പിന് ഇത്രയും ജാഡയും സമയവും എന്ന് വന്നയാള്‍ പിറുപിറുത്തു കൊണ്ടിരുന്നു. സയീദ് അവനെ വിളിച്ചു. അവന്റെ കൈയില്‍ നിന്നും അപേക്ഷാഫാറം വാങ്ങി ഒപ്പിട്ടു. നിന്റെ ആഗ്രഹം നടന്നല്ലോ, നിനക്ക് ഇപ്പോള്‍ സന്തോഷമായല്ലോ, ഇനിയും ദയവായി പോയാലും. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ വന്നു. നിങ്ങളുടെ ഒപ്പ് അവര്‍ സമ്മതിക്കുന്നില്ല. എങ്കില്‍ ഒരു കാര്യം ചെയ്യുക, മുമ്പില്‍ ഇരിക്കുന്ന മനോജിന്റെ ഒപ്പ് വാങ്ങി കൊണ്ടു പോയി പാസ്സ്പോര്‍ട്ട് വാങ്ങുക. ഇനിയും മേലാല്‍ ആരുടെയും അടുക്കല്‍ ചെന്ന് ഒപ്പിടുക, ഒപ്പിടുക എന്ന് പറഞ്ഞ് നിര്‍ബന്ധിക്കരുത്. അവന്‍ മനോജിന്റെ അടുക്കലേക്ക് പോയി.

സായീദേ, സ്വന്തം അപ്പന്‍ പോലും അധികാരത്തില്‍ വരുവാന്‍ പ്രാര്‍ത്ഥിക്കരുതേ, ചിലപ്പോള്‍ അയാള്‍ അധികാരത്തില്‍ വരുമ്പോഴായിരിക്കാം മകന് ഏറ്റവും ദ്രോഹങ്ങള്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ കിട്ടാനുള്ളത് കിട്ടാതെ പോകുന്നത്. മകന്റെ ഭാഗത്തു നിന്നും അപ്പന്‍ ചിന്തിക്കണം. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്ന മനോജ് അവന്റെ അധികാരത്തെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞു.

എന്താ മനോജേ, അധികാരത്തിലിരിക്കുന്ന അപ്പനെയും അവിടെ യാതൊരു അധികാരവുമില്ലാത്ത മകനെയും കുറിച്ചാണോ ഇന്നത്തെ ചിന്ത. സയീദ് വളരെയധികം തിരക്കിനിടയില്‍ ചോദിച്ചു.
മനോജ് ഗാന്ധിജിയേയാണോ ഉദ്ദേശിച്ചത്, അതോ ഏതെങ്കിലും ഏകാധിപതി. മനുഷ്യര്‍ പലപ്പോഴും പറയുന്ന കാര്യങ്ങള്‍ വളരെ കാര്യമായിട്ട് എടുക്കേണ്ടിയ കാര്യമില്ല. പക്ഷെ മനുഷ്യര്‍ ഇങ്ങനെ വെറുതെ പറഞ്ഞ് പറഞ്ഞ് പുതിയൊരു ഹിറ്റ്ലറെ വരെ അധികാരത്തില്‍ വരുത്തിക്കളയും.

സയിദിന്റെ ചിന്തകളെ അലസോരപ്പെടുത്തി അടുത്ത കക്ഷി സയീദിന്റെ അടുക്കല്‍ എത്തി.

നിനക്ക് എന്തു വേണം,

എനിക്ക് ലീവിന്റെ പൈസാ കിട്ടിയില്ല. ഇന്‍ഡ്യക്കാര്‍ ഇവിടെ വന്നാല്‍ ദിനാറാണ് കിട്ടുവാനുള്ളതെങ്കിലും "പൈസാ" എന്നേ പറയുകയുള്ളു.

നീയിരിക്കുക, സയിദ് കസേര വലിച്ചിട്ടു.

നീ രാവിലെ വല്ലതും കഴിച്ചിരുന്നുവോ

ഇല്ല.

സാന്‍വിച്ച് ഒര്‍ഡര്‍ ചെയ്യാം. നിനക്ക് എന്താണ് വേണ്ടിയത്. അവന്‍ സയിദല്ലേ പൈസാ മുടക്കുന്നതെന്ന് വിചാരിച്ചിട്ടായിരിക്കാം എനിക്ക് ഫിലാഫില്‍ സാന്‍വിച്ച് മതി എന്ന് പറഞ്ഞു. അല്ല അതിലും നല്ല സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്യാം, എടാ മനോജേ നിനക്കും കൂടി ഇരിക്കട്ട്.

ഭക്ഷണം വന്നു. ആ സമയം കൊണ്ട് സയീദ് ലീവിന്റെ "പൈസാ" എല്ലാം ശരിയാക്കി.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് സയിദ് പറഞ്ഞു. ഇതാ നിന്റെ പൈസാ. അഞ്ഞൂറ് ദിനാറണ് നിനക്ക് കിട്ടുവാനുള്ളത്. ഇതാ നാനൂറ്റി തൊണ്ണുറ്റി ആറു ദിനാറ്.

സാറേ, നാലു ദിനാറ്.

അതോ, അത് ഭക്ഷണത്തിന്റേത്, അല്ല, അതു ശരിയല്ലല്ലോ, ഞാന്‍ തരാം, സയിദ് പേഴ്സ് എടുത്തു.

വേണ്ട സാര്‍ എടുത്തു കൊള്ളു. ഞാനും കൂടി കഴിച്ചതല്ലേ. സാരമില്ല.

ഹോ, എന്തൊരു സന്തോഷം, ഒപ്പ് വേണമെന്ന് കരഞ്ഞവന് ഒപ്പ്. ലീവിന്റെ പൈസ വേണമെന്ന് കരഞ്ഞവന്, പൈസാ മാത്രമല്ല, ഭക്ഷണവും.

അടുത്ത ആള്‍ അടുത്ത ആവശ്യവുമായി സയീദിന്റെ അടുക്കല്‍ എത്തി.

ങ, എന്താണ് നിന്റെ പ്രശ്നം, ഒപ്പാണോ, പൈസായാണോ.

നൈ സാര്‍....., ഇന്ന് രാത്രി അവിടെ ഹോട്ടാലില്‍, മറ്റേ, ഹോളിഡേ, താമസം കുറഞ്ഞ ചിലവില്‍ കിട്ടുന്ന....

എടോ മനോജേ രാത്രിയില്‍ നീയും കൂടി വരണം അവധിക്ക് പോകുമ്പോള്‍ ഡിസ്കൗണ്ടില്‍ റിസോര്‍ട്ടില്‍ താമസ്സിക്കുവാനുള്ള ഓഫറാണ്.

സയിദും മനോജും രാത്രി അവിടെ എത്തി. കുറച്ച് സമയം എല്ലാം കേട്ടു കൊണ്ടിരുന്നു. അവസാനം മനോജിന്റെ മുമ്പില്‍ ഒരാള്‍ വന്നു.

സാറേ, ഇന്ന് ഈ ഓഫര്‍ എടുക്കുകയാണെങ്കില്‍ സാറിന്, മുന്നൂറ് ദിനാര്‍ ലാഭം

മുന്നൂറ് ദിനാറോ?

അതേ, മുന്നൂറ് ദിനാര്‍.

ഞാന്‍ നാളെ എടുത്തു കൊള്ളാം, ഈ ഡിസ്കൗണ്ടില്‍ തന്നാല്‍ മതി.

സാറേ, അത് സാധ്യമല്ല, ഇന്നു തന്നെ എടുക്കണം, എടുത്തില്ലെങ്കില്‍ ഈ ഓഫര്‍ ഇല്ല.

ഞാന്‍ നാളെ തരാം, ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ സാര്‍, മനോജ് താണു പറഞ്ഞു.

സാറേ, അത് സാധ്യമല്ല, ഇന്നു തന്നെ എടുക്കണം, എടുത്തില്ലെങ്കില്‍ ഈ ഓഫര്‍ ഇല്ല.

ഇന്ന് എത്ര മണി വരെ ഇവിടെയുണ്ട്.

പത്തു മണി വരെ.

ഇപ്പോള്‍ സമയം

ഒന്‍പത് അമ്പത്.

ഇനിയും പത്ത് മിനിട്ടിനുള്ളില്‍ ഞാന്‍ ആയിരത്തി അഞ്ഞൂറ് ദിനാര്‍ തരുകയാണെങ്കില്‍ എനിക്ക് ലാഭം മുന്നൂറ് ദിനാര്‍.

ഞാന്‍ ബാങ്ക് കാര്‍ഡ് എടുത്തിട്ടില്ല, ദിനാര്‍ എടുത്തിട്ടില്ല. എന്റെ കുടുംബത്തോടു കൂടി വൈകിട്ട് കഴിയേണ്ടിയ സമയം മാത്രമല്ല നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. മുന്നൂറ് ദിനാറും കൂടിയാണ്.

അതെങ്ങെനിയാണ് സാര്‍.

ഒന്നും പറയണ്ടാ എനിക്ക് നഷ്ടമായ മുന്നൂറ് ദിനാര്‍ ഇപ്പോള്‍ കിട്ടണം.
അതെങ്ങിനെയാണ് സാര്‍, സാര്‍ ഇതില്‍ ചേര്‍ന്നിട്ടില്ലല്ലോ.

അതെ ഞാന്‍ ബാങ്ക് കാര്‍ഡ് എടുത്തു കൊള്ളണം, അല്ലെങ്കില്‍ ദിനാര്‍ കരുതി കൊള്ളണം എന്ന് നിങ്ങള്‍ എന്തു കൊണ്ട് പറഞ്ഞില്ല.

എനിക്ക്, ഇപ്പോള്‍ കിട്ടണം മുന്നൂറ് ദിനാര്‍, കോള്‍ യുവര്‍ മാനേജര്‍ നൗ.

സാര്‍ അത്,

ആളുകള്‍ കൂടുവാന്‍ തുടങ്ങി,

ഇയാള്‍ കാരണം എന്റെ മുന്നൂറ് ദിനാര്‍ പോയി, അത് എനിക്ക് ഇപ്പോള്‍ കിട്ടണം
സാര്‍ അത്...

കോള്‍ യുവര്‍ മാനേജര്‍ നൗ.

സയിദ് അപ്പോള്‍ ഓടി എത്തി, മനോജേ സാറു വിളിക്കുന്നു. എന്തോ കാര്യം പറയുവാനാണ്. നീയിങ്ങു വന്നേ.

എന്താടാ സാറിന് ഈ രാത്രിയില്‍ അറിയേണ്ടിയത്.

നീ പുറത്ത് വരിക ഇവിടെ വളരെ ശബ്ദം,

സാറേ, ഒരു മിനിട്ട് ഇവിടെ വളരെ ശബ്ദം പുറത്തിറങ്ങിയിട്ട് സംസാരിക്കാം, സയിദ് ഫോണ്‍ ചെവിയില്‍ വെച്ച് മൊഴിഞ്ഞു.

അവര്‍ സാറിനോടു സംസാരിക്കുവാന്‍ പുറത്തിറങ്ങി,

എന്താടോ നിനക്ക്, എന്തു മുന്നൂറു ദിനാര്‍. ചുമ്മാതെ വെറുതെ എന്തിനാണ് ഇത്ര ശബ്ദം ഉണ്ടാക്കുന്നത്.

അല്ലടോ അവന്‍ ഇപ്പോള്‍ ഓഫര്‍ എടുപ്പിച്ചിട്ടേ അടങ്ങു. അതുകൊണ്ടാണ്. വെറും, വെറുതെ

എന്നാലേ സാറ് ഫോണിലില്ലായിരുന്നു. ഇതും വെറും, വെറുതെ. എല്ലാം വെറും വെറുതെ.

Saturday, March 26, 2011

ആകാശം മറച്ച് നിറഞ്ഞ ഭീകരപൊടിക്കാറ്റ് ( 25-March-2011 ).

പല സ്ഥലങ്ങളിലുള്ള കാലാവസ്ഥയും അതിനോടനുബന്ധിച്ചുള്ള ജനങ്ങളുടെ സംസാരവും, അവിടെയുള്ള ജനജീവിതവും എനിക്ക് പ്രിയപ്പെട്ടതാണ്.  ഈ അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് സോഫിയാ എന്ന ബള്‍ഗേറിയായിലുള്ള സ്ഥലത്ത് പോയപ്പോഴും ഞാന്‍ അവനോട് പറഞ്ഞത് കഴിവതും ജനജീവിതം നിരീക്ഷിക്കുവാനാണ്. അവിടെ ജിപ്സി വര്‍ഗ്ഗക്കാരെക്കുറിച്ച് വല്ല വിവരവും കിട്ടുകയാണെങ്കില്‍ ശേഖരിക്കുക എന്നും പറഞ്ഞു, എന്റെ കൈയില്‍ വായിച്ച് തീര്‍ക്കാത്ത Bury me standing - The Gypsies and Their Journey എന്ന Isabel Fonseca എഴുതിയ പുസ്തകവും. അവിടെ (ലോകത്തെവിടെയും) കാലാവസ്ഥ എങ്ങിനെ എന്നു അറിയുവാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട് എന്ന് ഞാനും ചിന്തിക്കുന്നു.

ഇവിടെ ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷവും ജനലുകള്‍ ചെറുതായി തുറന്നിട്ട് കിടന്നുറങ്ങി എഴുന്നേറ്റവര്‍ മുറിയില്‍ നിറഞ്ഞിരിക്കുന്ന പൊടി കണ്ട് അമ്പരന്നു. ബീച്ചില്‍ കുളിക്കുവാന്‍ പോയ ഒരു ഈജിപ്ഷ്യന്‍ സുഹൃത്ത് "വരുന്നേ ഓടിക്കോ" എന്ന് ആരോ അറബിയില്‍ വിളിച്ച് പറയുന്നത് കേട്ട് നോക്കിയപ്പോള്‍ പര്‍വ്വതം ഉരുണ്ടു വരുന്നതു പോലെ പൊടി കാറ്റ്. ഫഹാഹീലില്‍ നിന്നിരുന്ന ഒരു സുഹൃത്തിന് അബ്ബാസിയായില്‍ നി്ന്നുള്ള സുഹൃത്തിന്റെ ഫോണ്‍ വന്നു "എവിടെയാണ്, അവിടെ പൊടി കാറ്റുണ്ടോ?". "ഇല്ലല്ലോ" എന്നു പറഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ ശക്തമായ പൊടിക്കാറ്റ് കണ്ട് ഓടി വണ്ടിയില്‍ കയറി. ഫാഹഹീലില്‍ മരുന്ന് കടയില്‍ നിന്ന് മരുന്നു വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് വളരെയധികം ഇരുട്ടും,
പൊടിക്കാറ്റും. തിരികെ കടയില്‍ വീണ്ടും കയറി നിന്നു. അന്നേകം ആളുകള്‍ പുറത്ത് നിന്നും കടയിലേക്ക് കയറി. കടയിലും പൊടി നിറഞ്ഞ് കയറിയപ്പോള്‍ കടയുടെ ഉടമസ്ഥന്‍ ആളുകളെ പുറത്തിറക്കി ഷട്ടര്‍ ഇട്ടു. ആളുകള്‍ ഒന്നും കാണുവാനാകാതെ പുറത്തും. വൈകിട്ട് കളിക്കുവാന്‍ പോയ കുട്ടികള്‍ അവരവരുടെ വീട്ടില്‍  തിരികെ കയറി പുറത്തേക്ക് നോക്കു എന്നു പറഞ്ഞ് ആവേശവും പരിഭ്രമവും കാണിച്ചു. അപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് സംസാരിക്കുവാന്‍ സാധിച്ചില്ല. ഒരു സുഹൃത്ത് സ്നേഹം നിറഞ്ഞ ഭാര്യ  കടയില്‍ നിന്നും എന്തോ വാങ്ങിക്കണമെന്ന് പറഞ്ഞപ്പോള്‍, ഈ പൊടിക്കാറ്റിലും പുറത്തിറങ്ങി കെട്ടിടത്തിന് എതിര്‍ വശത്തുള്ള കടയില്‍ പോയി സാധനം വാങ്ങി തിരികെ വന്നു. കട കൊട്ടി തുറന്നാണ് അവശ്യ സാധനം വാങ്ങിയത്.

കഴിഞ്ഞ വര്‍ഷം (17 April 2010) ആദ്യമായി  ഇവിടെ  ഇങ്ങനെ ഒരു പ്രതിഭാസം കണ്ട അന്നേകം ആളുകള്‍ ലോകാവസാനത്തോടു ബന്ധപ്പെടുത്തി എന്നോട് സംസാരിച്ചിരുന്നു. ഈ വര്‍ഷം അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല. സുനാമി എന്ന പദം ചിലപ്പോഴെങ്കിലും ഇതിനോട് ബന്ധപ്പെടുത്തി ഇന്ന് കേട്ടിരുന്നു.  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍( 2010 ഏപ്രില്‍ 25) ആനന്ദ് 1930- കളില്‍ അമേരിക്കയിലുണ്ടായ പൊടിക്കാറ്റുകളുടെ പരമ്പരയെപ്പറ്റി എഴുതിയിരുന്നു. എഴുത്തുകാരന്‍ ചിലപ്പോള്‍ ചിലത് മുന്‍കൂട്ടി കാണുന്നു, ലേഖനം എഴുതിയത് 17 April 2010 മുമ്പായിരിക്കും. ശ്രീ. ആനന്ദ്, ഈ വര്‍ഷവും ഇവിടെ വീണ്ടും ഒരു പൊടിക്കാറ്റ്.  മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തുന്ന ചിലരെങ്കിലും പഴയ ആ പതിപ്പ് എടുത്ത് വായിക്കാതിരിക്കില്ല. കഴിഞ്ഞ വര്‍ഷം നടമാടിയ ഭീകരപൊടിക്കാറ്റിനെ പിന്‍തുടര്‍ന്ന് മഴയുമുണ്ടായിരുന്നു. ഈ വര്‍ഷം അത് കണ്ടില്ല.

"മുമ്പില്‍ നിന്നു നോക്കിയാല്‍ വെള്ള പൊടിയാണ് എന്നാല്‍ ആ വെളുത്ത പൊടിപടലത്തിനു പുറകില്‍ മുഴുവന്‍ കറുത്ത പൊടിയാണ്"  നേരിട്ട് ഫാഹഹീലില്‍ നിന്നും ഇത്  കണ്ട ഒരാള്‍ എന്നോട്  നിഗൂഡത നിറഞ്ഞ് പ്രസ്ഥാവിച്ചു.


ഇനി ചില ചിത്രങ്ങള്‍.

പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച. ആകാശം മറച്ച് നീങ്ങുന്ന കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റ് ആകാശതെളിമയെ വിഴുങ്ങി നീങ്ങുന്നു.









കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അകലെയുള്ള തെരുവ് വിളക്കുകളോ കടകളിലെ വെളിച്ചമോ കാണുവാനില്ല. മുമ്പിലുള്ള കെട്ടിടത്തിന്റെ അതിര്‍ ഭിത്തിയുടെ മുകളിലുള്ള വെളിച്ചം മാത്രം തീരെ ചെറുതായി.


ഇന്ന് രാത്രിയില്‍ പുറത്തേക്ക് നോക്കിയെടുത്ത ചിത്രം. മുകളിലത്തെ ഇന്നലെ എടുത്ത ചിത്രവും കാണുക




എന്റെ മകന്‍ റോണ്‍ കെട്ടിടത്തിന്റെ താഴെ പോയി മൊബൈലില്‍ എടുത്ത ചിത്രം, മൊത്തം ഇരുട്ട് വ്യാപരിക്കുന്നതിന്  മുമ്പ്





ഫഹാഹീലില്‍ നിന്നും എടുത്ത  രണ്ടു   ചിത്രങ്ങള്‍ (അയച്ചു തന്ന സതീഷീനും ചിത്രങ്ങള്‍ എടുത്ത
സുഹൃത്തിനും നന്ദി).



സുലൈബിയ ക്യാമ്പില്‍ നിന്നും എടുത്ത ചിത്രം, ചിത്രം തന്നതിന് നന്ദി.



പൊടിക്കാറ്റ്, കുവൈറ്റ്.

Monday, February 28, 2011

രണ്ടു ചിത്രങ്ങള്‍

2011, രണ്ടാം മാസത്തിന്റെ അവസാന ദിവസം രണ്ടു ചിത്രങ്ങള്‍.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബറും ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുന്ന മുളകുകളും.

ഇവിടെ കണ്ടത്.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബര്‍



നാട്ടില്‍ കണ്ടത്.
ഒരു തണ്ടില്‍ നിന്നും രണ്ടായി വിടര്‍ന്നു നില്‍ക്കുന്ന മുളകുകള്‍.










Monday, January 31, 2011

കണ്ണീര്‍ മറയ്ക്കുന്ന മഴ

"I always like walking in the rain, so no one can see me crying."
 Charlie Chaplin

ചാര്‍ലി ചാപ്ലിന്റെ പ്രശസ്തമായ ഈ ഉദ്ധരണി ഓര്‍മ്മയിലെത്തിച്ചത് ഇന്നലെ ഇവിടെ പെയ്ത മഴയാണ്.  ഇന്നലെ മഴ പെയ്ത് കൊണ്ടിരിക്കുന്നത് കേള്‍ക്കുവാന്‍ നല്ല സുഖമുണ്ടായിരുന്നു. ആകെ ക്ഷീണം നിറഞ്ഞ പകലില്‍ കരയുന്നവരുടെ കണ്ണീര് കാണാതെ മറച്ച മഴയെ എങ്ങനെ മറക്കുവാന്‍.


ഈ വര്‍ഷം ജനവരി 15 ന് (15 January 2011) പകല്‍ സമയം കുവൈറ്റില്‍ മഴ പെയ്തു.  ഇതിലെന്ത് പ്രത്യേകത, ഒരു മഴ പെയ്തു അത്ര മാത്രം. പക്ഷെ കേരളത്തില്‍ നിന്നും വിദേശത്ത് വന്ന, മഴയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരു നല്ല മഴ കാണുവന്‍ ആഗ്രഹിക്കും. 2009 നവംബര്‍ മാസത്തിലാണ് തണുപ്പ് വരുന്നതിനോടു കൂടി ഇവിടെ മഴ പെയ്തത്. കഴിഞ്ഞ വര്‍ഷം 2010 നവംബറില്‍ മഴ കാത്തിരുന്നു, എന്നാല്‍ ആ മാസം പകല്‍ കാലം മഴയൊന്നും കണ്ടില്ല. എന്നാല്‍ ഡിസംബറിലായിരിക്കണം, ചില രാത്രികളില്‍ മഴ പെയ്തു. അങ്ങനെ രാത്രിയില്‍ പെയ്തിറങ്ങിയ മഴയുടെ കൂടെയാണ് ഈ വര്‍ഷം തണുപ്പ് വന്നത്.  പകല്‍ സമയം ഒരു മഴ കാണുവാന്‍  ജനവരി    വരെ കാത്തിരിക്കേണ്ടി വന്നു. കാര്‍മേഘം രാവിലെ ആകാശം മൂടിയെന്ന് കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കും. ഇന്നു മഴ വരും തീര്‍ച്ചയായും  എന്ന പ്രതീക്ഷയുമായി ജോലിക്ക് പോകും. പക്ഷെ മഴ മാത്രം വന്നില്ല. ഒരു പക്ഷെ തണുപ്പു കഴിയുന്നതോടു കൂടി ഇവിടെ നല്ലെരു മഴ കാണുമായിരിക്കും. അല്ലെങ്കില്‍ ഇന്നലെ പെയ്ത മഴ തണുപ്പ് കുറയുവാനാണോ, അതോ കൂടുവാനോ, ഇന്ന് തണുപ്പ് കുറവായിരുന്നു. ചൂട് തുടങ്ങുവാനുള്ള സമയം ആയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ വളരെ ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയും പകുതിക്ക് ശേഷം നല്ല തണുപ്പുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥയെല്ലാം മാറിയിരിക്കുന്നു. മലയാളം വായിക്കുന്നവരും, ലോകത്തിന്റെ പല ഭാഗത്ത് വര്‍ഷങ്ങളായി താമസ്സിക്കുന്ന മലയാളികളും ആ ദേശത്ത് പെയ്യുന്ന മഴ എങ്ങനെയാണ് അനുഭവിക്കുന്നത്. കേരളത്തില്‍ തന്നെ രണ്ടാം നിലയുടെ ബാല്‍ക്കണിയിലിരുന്ന് ആടിയുലയുന്ന മരങ്ങളും അവയിലൂടെ പെയ്ത് ഇറങ്ങുന്ന മഴ കാണുന്നവര്‍. കടയുടെ തിണ്ണയില്‍ ഓടി കയറി പുറത്തേക്ക് നോക്കി മഴ കാണുന്നവര്‍. വീടിന്റെ ജനാലയിലൂടെ മഴ കാണുന്നവര്‍. കിടക്കയില്‍ കിടന്ന് മഴയുടെ താളം ആസ്വദിക്കുന്നവര്‍. അങ്ങനെ എത്രയോ കാഴ്ചകള്‍, അനുഭവങ്ങള്‍.

ഓര്‍മ്മയ്ക്കായി രാവിലെ എടുത്ത ചില ചിത്രങ്ങളും.









Monday, December 13, 2010

പദം വെട്ടിയുമെഴുതിയുമുള്ള ജീവിതം

അടുത്ത കാലം വളരെയധികം കേട്ടതും എന്തോ ദുഖവും സന്തോഷവും ഒരുമിച്ച് വിടര്‍ന്ന് പൊങ്ങുന്നതുമായ ആ പാട്ടും, ഏറ്റവും ആകര്‍ഷണിയവുമായ ആ കോറസും അയാള്‍ കേട്ടിരുന്നു. Jeremih- യും 50 Cent - ഉം കൂടി പാടിയ Down On Me എന്ന പാട്ട്.  "I love the way you grind with that booty on me" എന്ന കോറസ്സ് എത്ര സമയം കേട്ടാലും മതിയാകുന്നില്ല. ഇന്ന് ആ പാട്ട് ആരോരുമില്ലാത്ത ആ വീട്ടില്‍ തിരമാലയായി ഉയര്‍ന്നു പൊങ്ങി കൊണ്ടിരുന്നു. booty എന്നതിനു പകരം അയാള്‍ Bootee അല്ലെങ്കില്‍ bootie എന്ന പദം അവിടെ മാറ്റി ഉപയോഗിച്ചിട്ട്, ഓ, നല്ലവളായ അവളുടെ ചെറിയ ബൂട്ടു കൊണ്ട് ചവുട്ടി തിരിക്കുന്നതായി സങ്കല്‍പ്പിച്ചു. അവള്‍ ഇട്ടിരിക്കുന്ന ബൂട്ടിനുമുണ്ട് അതിന്റേതായ ഒരു താളമെന്ന് അയാള്‍ക്ക് തോന്നി. ഒരു കൊച്ചുകുട്ടിയുടെ വികൃതികള്‍!. അതുകൊണ്ട് ആ Booty ഇപ്പോള്‍ വേണ്ട പകരം Bootee അല്ലെങ്കില്‍ bootie. ഇങ്ങനെ പദങ്ങള്‍ മാറ്റിയിടുന്നതാണ് ജീവിതം എന്നയാള്‍ക്ക് തോന്നി. ഇങ്ങനെയുള്ള ക്രമപ്പെടുത്തലുകളിലൂടെ ജീവിതം മുമ്പോട്ട് പോകുന്നു. യഥാര്‍ത്ഥമായതിനെ സ്വന്ത ഇഷ്ടത്തിനായി മെരുപ്പെടുത്തുന്ന രീതി. അയാള്‍ അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് ലഹരി നിറഞ്ഞ മനസ്സുമായി ഒരു ചുഴിയില്‍ വട്ടം കറങ്ങി താഴ്ന്നു പോകുകയായിരുന്നു.

ആ പാട്ടു നിര്‍ത്തുമ്പോള്‍ അയാള്‍ കൊച്ചനിയന്‍ പറഞ്ഞത് ഓര്‍ത്തു. കൊച്ചനിയന്‍ ഇവിടുത്തെ ഒരു സാമുഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ഞാന്‍ കുട്ടികളുടെ മുമ്പില്‍ ഓ. വി. വിജയന്‍ വലിയ സാഹിത്യകാരനാണെന്ന് പറയില്ല. അതെന്താണ് കാരണം അയാള്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ കുട്ടികള്‍ ഇപ്പോഴേ വായിച്ചെങ്കിലോ? അല്ലെങ്കിലും ഇപ്പോഴുള്ള സാഹിത്യം എങ്ങനെ വായിക്കുവാനാണ്. Roberto Bolano - യുടെ The Savage Detectives ഏറ്റവും അഴുക്ക് പുസ്തകമാണ് എന്ന് അയാള്‍ വായിച്ചെങ്കില്‍ പറഞ്ഞേനേ. ആ പുസ്തകത്തിന്റെ പുറത്ത് വളരെയധികം അഴുക്ക് പിടിച്ചിരിക്കുന്നതായി തോന്നും അങ്ങനെ അയാളുടെ ശബ്ദത്തില്‍ അവതരിപ്പിച്ചാല്‍. Mario Vargas Llosa - യൂടെ The Feast of the Goat - വേണ്ട.  Michel Houellebecq - ന്റെ Atomised അയാള്‍ കാണുക പോലും ചെയ്യരുത്. ഈ വര്‍ഷത്തെ ഫ്രാന്‍സിലെ ഏറ്റവും വലിയ സമ്മാനമായ Goncourt Prize,   Michel Houellebecq - ന്റെ The Map and the Territory എന്ന പുസ്തകത്തിനാണ് കിട്ടിയത്.  എന്തു ചെയ്യുവാന്‍ മലയാളത്തില്‍ ഇപ്പോള്‍ ബോലാനോയുടെ പ്രേതം അലഞ്ഞു തിരിയുകയാണ്. തീര്‍ച്ചായും അയാളുടെ പ്രേതം അല്ല അയാളുടെ പ്രേതമാണെന്ന് പറഞ്ഞു നടക്കുന്ന ചില പിശാചുക്കള്‍. സാഹിത്യം അന്ധകാരത്തിലേക്ക് പോകുകയാണ്. അയാള്‍ തല കുലുക്കി, കൈ കൊണ്ട് അകലേക്ക് എന്ന് ആഗ്യം കാണിച്ചു.  കൊച്ചനിയന്റെ ചിന്തകള്‍ പോയി തുലയട്ട്.  ഇന്ന് സംഗീതം മാത്രം കേള്‍ക്കുവാനുള്ള ദിവസമാണ്.

Fergie എന്ന പാട്ടുകാരിയുടെ London Bridge, Nelly Furtado - യുടെ Maneater, Justin Timberlake - ന്റെ My Love എന്നിങ്ങനെ എവിടെയോ കേട്ടതും കഴിഞ്ഞ കാലങ്ങളില്‍ വീണ്ടും കേട്ടതുമായ പാട്ടുകള്‍ അയാള്‍ ഇന്നത്തെ ദിവസം പല തവണ കേട്ടു.  Timbaland- ഉം, Nelly Furtado -യും Justin Timberlake - ഉം കൂടി അവതരിപ്പിച്ച Give it to me - എന്ന പാട്ടും അയാള്‍ ശ്രദ്ധിച്ചു.  ഭൂത കാലത്തെ അയാള്‍ പാട്ടുകളിലൂടെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. Give it to me യുടെ പാട്ട് തുടങ്ങുമ്പോള്‍ മുതല്‍ കേട്ട ആ ഡ്രമ്മിന്റെ താളം അയാള്‍ അയാളുടെ എഴുത്തില്‍ കൊണ്ടു വരണമെന്ന് ആഗ്രഹിച്ചു. ഒരു കഥയുടെ തുടക്കം മുതല്‍ തുടരുന്ന ആ ഡ്രം ബീറ്റ്. എന്നാല്‍ Sade - ന്റെ Soldier of Love എന്ന പാട്ട് ഇപ്പോള്‍ കേട്ടപ്പോള്‍ ഏതോ ആദി താളത്തിന്റെ മുഴക്കമായി തോന്നി.

Give it to me എന്ന പാട്ടിന്റെ ഡ്രംബീറ്റ് കേട്ടിട്ട് അത് ബ്രസീലുകാര്‍ പണ്ടു പന്തു കളിച്ചിരുന്ന താളത്തോട് സാമ്യമുണ്ടെന്ന് ചിന്തിച്ചു. ഇയാള്‍ക്ക് പന്തു കളിയും വലിയ ഹരമാണ്. ഇന്നവരുടെ താളം എന്താണ്. ബ്രസീലുകാരുടെ പന്തു കളിയുടെ താളം പോയതു മുതല്‍ ഏതൊക്കെയോ താളങ്ങള്‍ നഷ്ടപ്പെട്ടു. എഴുത്തുകാര്‍ കണ്ടു മുട്ടിയതു ചിന്തിക്കുമ്പോള്‍ അവിടെ അപ്പോള്‍ ഉയര്‍ന്ന സംഗീതം അയാളുടെ ഹൃദയത്തില്‍ വ്യാപരിക്കുവാന്‍ തുടങ്ങി. പാശ്ചാത്യ, പൗരസ്ത്യ താളങ്ങള്‍.

അന്നത്തെ ദിവസം വളരെ മനോഹരമായിരുന്നിരിക്കണം, Gabriel Garcia Marquez - എന്ന വലിയ എഴുത്തുകാരന്‍ പാരീസില്‍ 1957- ല്‍ Ernest Hemingway - എന്ന വലിയ എഴുത്തുകാരനെ തെരുവിന്റെ മറു വശത്തായി കണ്ട ദിവസം. Tarzan വനത്തില്‍ വെച്ച് അലറുന്നതു പോലെ മാര്‍കേസ് ഉറക്കെ വിളിച്ചു. ''Maaaeeestro!'' ആ വിളിയുടെ അര്‍ത്ഥം മനസ്സിലാക്കി, തിരിഞ്ഞ് Marquez - നെ നോക്കി കൈ വീശി ഏണെസ്റ്റ് ഹെമിംങ് വേ ഇപ്രകാരം പറഞ്ഞു. ''Adiooos, amigo!''. അങ്ങനെ Goodbye my friend എന്നു പറഞ്ഞ് Hemingway എവിടേയ്ക്കോ പോയി. എന്നാല്‍ Marquez - ഉം Mario Vargas Llosa - യും ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ Llosa - യുടെ ഇടി കൊണ്ട് Marquez - ന്റെ മുഖം വിങ്ങി. കവയത്രി സുഗതകുമാരി മഹാകവി പി. കുഞ്ഞിരാമന്‍ നായരെ കണ്ട് കൈ കൂപ്പി നില്‍ക്കുമായിരുന്നു പോലും. അത് നേരിട്ട് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ വലിയ ഭാഗ്യം ചെയ്തവരാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയത് വായിച്ചിരുന്നുവോ? "മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. വാക്കുകളുടെ മഹാബലി. ദൈവം മലയാളത്തിലെ ഒരു കവിയുടെ മനസ്സിലും ഇത്രയധികം വാക്കുകള്‍ നിക്ഷേപിച്ചിട്ടുണ്ടാവില്ല. വാക്കുകളുടെ ഒരു റിസര്‍വ് ബാങ്കുണ്ടാക്കി ദൈവം പി. കുഞ്ഞിരാമന്‍ നായരെ അതിന്റെ ഗവര്‍ണറാക്കി". കടല്‍ തീരത്തിരിക്കുന്ന പി. യുടെ പടമുള്ള "കവിയുടെ കാല്പാടുകള്‍" മേശപ്പുറത്തു നിന്നും അയാളുടെ മനസ്സിലൂടെ നടക്കുവാന്‍ വെമ്പുന്നു.

ഇന്നത്തെ പെണ്‍കുട്ടികളും ഇങ്ങനെ മഹാകലാകാരന്‍മാരെ കാണുമ്പോള്‍ കൈ കൂപ്പി നില്‍ക്കുമോ. അതോ ചില രാക്ഷ്ട്രീയക്കാര്‍ കൈ കൂപ്പുന്നത് കണ്ട് കള്ളന്മാര്‍ മാത്രമേ കൈ കൂപ്പുകയുള്ളു എന്നവര്‍ വിചാരിച്ചു കാണുമോ?. എങ്കിലവര്‍ നല്ലവരായ രാക്ഷ്ട്രീയക്കാരും കൈകൂപ്പും എന്നു ചിന്തിക്കുകയും സുഗതകുമാരി ടീച്ചറുടെ പാത പിന്തുടരുകയും ചെയ്യുമായിരിക്കും.

അയാള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. ഈ ചിന്തകളെല്ലാം എഴുതി വെയ്ക്കുവാന്‍
അയാള്‍ തയ്യാറെടുത്തു.  ഇന്നത്തെ ദിവസം സംഗീതത്തിന്റെ ദിനം മാത്രമല്ല എഴുത്തിന്റെയും ദിവസമാണ്. അയാള്‍ സംഗീതം വെട്ടി എഴുത്ത് എന്ന് എഴുതി.

അയാള്‍ പെട്ടെന്ന് പേടിച്ചു. വാതില്‍ക്കല്‍ നിന്ന് ആരോ ബെല്ലടിച്ചതാണ്. കോളിംഗ് ബെല്‍ ഏകനായിരിക്കുന്ന ഒരാളെ ഇങ്ങനെയും പേടിപ്പിക്കുമോ? കതകു തുറന്നപ്പോള്‍ കൂട്ടുകാരന്‍ മനുവാണ്. എന്താണ് ഇങ്ങനെ എഴുത്തും വായനയും മാത്രം മതിയോ? നമ്മുക്ക് പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ പോയാലോ?.

അതെ മനു ജീവിതം ക്രമപ്പെടുത്തലുകളുടേതാണ്, അല്ലെങ്കില്‍ അഡ്ജസ്റ്റ്മെന്‍ന്റിന്റേതാണ്. ഇപ്പോള്‍ ഞാന്‍ ഒരു പദം വെട്ടി വേറൊരു പദം എഴുതട്ട്.

ഏതു പദമാണ് വെട്ടിയത്? ഏതു പദമാണ് എഴുതിയത്.

വെട്ടിയത് എഴുത്ത്, ഇപ്പോള്‍ എഴുതിയത് യാത്ര.

കുറച്ചു മണിക്കുറുകള്‍ എഴുത്ത് മാറ്റി വെച്ച് യാത്ര. വീണ്ടും എഴുത്ത്, വായന, സംഗീതം......

പക്ഷെ, തിരിച്ച് വരുമ്പോള്‍ Hariprasad Chaurasia - യായുടെ സംഗീതം കേള്‍ക്കണം.

അങ്ങനെ, പദം വെട്ടി, പദം ചേര്‍ത്ത്, പദം പാടി, പദം പദമായുള്ള അയാളുടെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.

രാത്രിയില്‍ അയാള്‍ വീട്ടില്‍ കോളിംഗ് ബെല്ലടിക്കുന്നത് കേട്ട് ഉണര്‍ന്നു. രാത്രിയില്‍ യാത്ര കഴിഞ്ഞ് പത്തുമണിക്ക് കിടന്നുറങ്ങിയതാണ്. അയാള്‍ മൊബൈല്‍ എടുത്ത് സമയം നോക്കി. കൃത്യസമയം, രാവിലെ മൂന്നു മണി. ഓ, ഇപ്പോള്‍ അവള്‍ വിമാനത്തിലായിരിക്കും, മെസ്സേജ് ഒന്നും തന്നെ കണ്ടില്ലല്ലോ?. വിമാനം ചിലപ്പോള്‍ വൈകുന്നതായിരിക്കാം. നാട്ടില്‍ തിരുവനന്തപൂരത്ത് ഇപ്പോള്‍ സമയം അഞ്ചരയായിട്ടുണ്ട്.  നാട്ടില്‍ നിന്നും ഹൃദയത്തിനോട് അടുത്തു നില്‍ക്കുന്നവര്‍‍ രാത്രിയില്‍ യാത്ര തിരിക്കുമ്പോള്‍, മെസ്സേജ് വരും എന്നു പറയുന്ന സമയങ്ങളില്‍, അയാള്‍ തനിയെ ഉണരുക പതിവാണ്.   ആരാണ് വരുന്നത്?. ആ കൊച്ചു പെണ്‍കുട്ടി മൃദുലമായ ബൂട്ടുമിട്ട്... അതോ?

പെട്ടെന്ന് അയാളുടെ തലയ്ക്ക് വിങ്ങലനുഭവപ്പെട്ടു. അയാള്‍ പറഞ്ഞു, ദൈവമേ എന്റെ ജീവിതത്തിനോട് അടുത്ത് നില്‍ക്കുന്നവരെ നീ വെട്ടി കളയരുതേ.  അയാള്‍ ആഴ്ന്നു പോകുന്ന സ്വപ്നചുഴിയില്‍ നിന്നും മുഖം പുറത്തേക്ക് ഉയര്‍ത്തി ശ്വാസമെടുത്തു. എന്നിട്ട്, ദൈവം പ്രാര്‍ത്ഥന കേള്‍ക്കും എന്ന വിശ്വാത്തില്‍ വീണ്ടും സ്വസ്ഥമായി കിടന്നുറങ്ങി.

                                                 
                                                                                                                                                       

Thursday, November 18, 2010

ആറു മണിക്കിറങ്ങിയ അയ്യപ്പന്‍

 Haruki Murakami ഓടുമ്പോള്‍ കേള്‍ക്കുന്ന പാട്ടുകളില്‍ Lovin’ spoonful -ലിന്റെ ആല്‍ബത്തില്‍ നിന്നുള്ള പാട്ടുകളും ഉള്‍പ്പെടും. മുറാകാമി എഴുതിയ What I Talk About When I Talk About Runningഎന്ന പുസ്തകത്തിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്.
അവരുടെ ഒരു പ്രശസ്തമായ പാട്ടാണ് Six O' Clock. 1960 - കാലഘട്ടത്തിലുള്ള ഒരു പാട്ട്. ആ പാട്ടിന്റെ ആദ്യ വരികള്‍ ഇപ്രകാരമാണ്.

There's something special 'bout six o'clock

In the morning when it's still too early to knock

ഈ പാട്ടിന്റെ ഈ ആദ്യ വരികള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ വരുന്നതും, വളരെ ദിവസം എന്നെ വിടാതെ പിന്തുടര്‍ന്നതുമായ ഒരു ചിത്രമുണ്ട്.  രാവിലെ ആറു മണിക്ക് സാക്ഷ ഇടാത്ത വാതിലിലൂടെ ഇറങ്ങി പോയി തിരികെ മടങ്ങി വരാത്ത കവി അയ്യപ്പന്റേത്.

അയ്യപ്പന്‍ "രാവിലെ ആറിന് സഹോദരിയുടെ മകന്‍ ജയകുമാറിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് കിടക്കുകയാണ് - ജയന്‍ പറഞ്ഞു. തുറന്ന് കിടന്ന വാതിലിലൂടെ അയ്യപ്പന്‍ ഇറങ്ങിപ്പോയി" എസ്. എന്‍ ജയപ്രകാശ് മാതൃഭൂമി പത്രത്തില്‍ എഴുതിയത്.

രാവിലെ ആറിന് വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെടുക, തുറന്ന് കിടക്കുകയാണെന്ന് കേള്‍ക്കുക. തുറന്ന് കിടക്കുന്ന വാതിലിലൂടെ ഇറങ്ങിപ്പോകുക. പിന്നിട് ആ വാതിലിലൂടെ ഒരിക്കലും തിരികെ ജീവനോടെ നടന്നു വരാതെ മരണത്തിലേക്ക് പോകുക.

വാതിലിന്റെ സാക്ഷ ഞാനിട്ടില്ല.

പക്ഷെ, കാണാം

സാക്ഷിയായ് കത്തുന്നല്ലോ

നിന്റെ പട്ടട ദൂരെ.

(വീടു വേണ്ടാത്ത കുട്ടി - എ. അയ്യപ്പന്‍)

സാക്ഷയിട്ടിട്ടില്ലാത്ത ആ വാതിലിലൂടെ അന്നു രാവിലെ ആറു മണിക്ക് അയ്യപ്പന്‍ നടന്നിറങ്ങി. നിങ്ങളാരെങ്കിലും അന്നു പകല്‍ അദ്ദേഹത്തോടു സംസാരിച്ചിരുന്നുവോ?

Sunday, October 24, 2010

ഉഗെറ്റ്സു(Ugetsu) എന്ന സിനിമ തന്ന കാഴ്ചാനുഭവങ്ങള്‍


ഉഗെറ്റ്സു(Ugetsu) എന്ന സിനിമ തന്ന കാഴ്ചാനുഭവങ്ങള്‍ എന്നെ ജീവിതത്തെക്കുറിച്ചുള്ള വളരെയധികം ചിന്തകളുടെയും സന്ദേഹങ്ങളുടെയും ലോകത്തെത്തിച്ചു. അതൊടൊപ്പം സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി യാത്ര തിരിച്ച ചില കലാകാരന്മാരും ചിന്തകരും എന്റെ മനസ്സിലൂടെ കടന്നു പോയി.

എന്താണ് ജീവിതം? ഇതു വെറുമെരു സ്വപ്നം മാത്രമായിരിക്കാം. ഇന്നലെ വരെ ഒരു ഓര്‍മ്മ മാത്രം. ചെടി ഭൂമിയില്‍ നിന്നും പിഴുതെടുത്താല്‍ ഉണങ്ങി പോകുന്നു. മത്സ്യത്തെ വെള്ളത്തില്‍ നിന്നും പുറത്തെടുത്താല്‍ ചത്തു പോകുന്നു. അതുപോലെ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഒരുമ്മിച്ച് ജീവശക്തി നഷ്ടപ്പെടാതെ ഇരിക്കുവാനുള്ള ഒരു ഇരിപ്പിടമാണോ കുടുംബം. ഏതൊരു മനുഷ്യജീവിയും കുടുംബ ജീവിതം തുടങ്ങിയാല്‍ അങ്ങനെയായിരിക്കണം. അല്ലെങ്കില്‍ അങ്ങനെയുള്ള ജീവിതം തുടങ്ങാതെയിരിക്കുക, എന്നു വല്ലതുമായിരിക്കുമോ, കുടുംബബന്ധം വിട്ടു പോകുകയും ആകസ്മികമായി പിന്നീട് മടങ്ങിയെത്തുകയും ചെയ്യുന്ന കുടുംബനാഥന്മാരുടെ കഥകളിലൂടെ ഈ ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്.  അതല്ല സ്വപ്നം പിന്തുടരുന്നവന്‍ വീടു വിടുക എന്നുമുണ്ടോ?. കുടുംബത്തെ മറന്ന് സ്വന്തം സ്വപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ നടക്കുന്ന എല്ലാ പുരുക്ഷന്‍മരെയും ഓര്‍ക്കുന്ന ഒരു മികച്ച സിനിമയാണിത്, അതെ സമയം, സ്വന്തം ജീവിതത്തെ തകര്‍ക്കുകയും വിചിത്ര സ്വപ്നങ്ങളില്‍ അകപ്പെടുത്തുകയും ചെയ്യുന്ന യക്ഷിമാരില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള സിനിമ. കുടുംബനാഥന്‍മാരായ ആണുങ്ങള്‍ അവരുടെ സ്വപ്ന സാക്ഷാത്കരണത്തിന് എടുക്കുന്ന ചില തീരുമാനങ്ങള്‍ എങ്ങനെ കുടുംബത്തിനെ ബാധിക്കുന്നു എന്നെല്ലാം ഉറക്കെ ചിന്തിക്കുന്ന സിനിമായാണ് കെന്‍ജി മിസോഗുച്ചിയുടെ ഉഗെറ്റ്സു.  ജപ്പാനീസ് ഭാഷയിലിറങ്ങിയ ചിത്രത്തിന്റെ മുഴുവന്‍ പേരും ഉഗെറ്റ്സു മൊണൊഗറ്റോറി എന്നാണ്.

ഉഗെറ്റ്സു എന്ന 1953-ലെ സിനിമ കാണുമ്പോള്‍ ഐതിഹ്യമാല വായിച്ചിട്ടുള്ള മലയാളികള്‍ക്ക് കാലടിയിലെ ഭട്ടതിരി എന്ന ഭാഗം ഓര്‍മ വരും. ഐതിഹ്യമാലയിലെ കഥയില്‍ ഭട്ടതിരിയും സ്നേഹിതന്‍ നമ്പൂരിയും രാത്രിയില്‍ തൃശ്ശിവപേരൂര്‍ പൂരം കാണുവാന്‍ യാത്ര തിരിച്ചു. ’യക്ഷിപ്പറമ്പ്’ എന്ന സ്ഥലത്തിന് സമീപമായപ്പോള്‍ സര്‍വാംഗസുന്ദരികളായ രണ്ടു സ്ത്രീകള്‍ വഴിയില്‍ നില്‍ക്കുന്നതു കാണുകയും പിന്നീട് സ്ത്രീകളുടെ കൂടെ അവരുടെ വീട്ടിലേക്ക് രാത്രി കഴിച്ചു കൂട്ടുന്നതിനായി പോകുകയും ചെയ്തു.

"കുറച്ചു ചെന്നപ്പോള്‍ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകള്‍ ബ്രഹ്മണരെ ആ മാളികയില്‍ കൂട്ടി കൊണ്ടു പോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഭട്ടതിരിയെയും ഒന്നില്‍ നമ്പൂരിയെയും കൊണ്ടു ചെന്നു കിടത്തി". ദേവീമാഹാത്മ്യം എന്ന ഗ്രന്ഥമുണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ട നമ്പൂരി നേരം വെളുത്ത് നോക്കിയപ്പോള്‍ "അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളില്‍ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തില്‍ താഴെയിറങ്ങി. അപ്പോള്‍ അതിനടുത്തുള്ള കരിമ്പനയുടെ ചുവട്ടില്‍ ഭട്ടതിരിയുടെ നഖങ്ങളും കുടുമയും മാത്രം കിടക്കുന്നതു കണ്ടു. തലേ ദിവസം കാണപ്പെട്ട സ്ത്രീകള്‍ മനുഷ്യ സ്ത്രീകള്‍ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലം കൊണ്ട് അവരെ മനുഷ്യസ്ത്രീകളാണെന്നും കരിമ്പന മാളീകയാണെന്നും" തോന്നിച്ചതാണ് എന്നും മറ്റും നമ്പൂരിക്കു മനസ്സിലായി.

ഉഗെറ്റ്സു  എന്ന സിനിമയില്‍ ഗെന്‍ജൂരോ എന്ന കളിമണ്‍പാത്രനിര്‍മാണകാരന്‍  ലേഡി വകാസയുടെ  മാളികയില്‍ താമസ്സിക്കുന്നു. പക്ഷെ പിന്നീട് അയാള്‍ക്ക് മനസ്സിലാകുന്നു അവിടെ അങ്ങനെയൊരു മാളീകയില്ലായിരുന്നുവെന്നും എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നും. യക്ഷികളുടെ കഥ പറയുന്ന മലയാളിയും ഏകദേശം അതേ കഥ ഉയര്‍ന്നു വരുന്ന ഒരു ജാപ്പനീസ് സിനിമയും.

ജപ്പാനീസ് സിനിമയും നമ്മുടെ നാടോടിക്കഥകളും തമ്മില്‍ സാമ്യമുള്ള വേറൊരു പ്രശസ്തമായ സിനിമാ കൂടിയുണ്ട്.

കുറുക്കന്റെ കല്യാണം എപ്പോഴാണ് നടക്കുന്നത് എന്ന് എല്ലാ മലയാളികള്‍ക്കുംഅറിയാമെന്ന് കരുതുന്നു. നല്ല വെയിലുള്ള പകല്‍ക്കാലത്ത് മഴ പെയ്യുകയാണെങ്കില്‍ കുറുക്കന്റെ കല്യാണം നടക്കുന്നു എന്നൊരു പറച്ചിലുണ്ട്. കുറോസോവയുടെ ഡ്രീംസ് എന്ന സിനിമയില്‍ ഇപ്രകാരമുള്ള ഒരു കഥ പറയുന്നുണ്ട്.

പതിനെട്ടാം നൂറ്റണ്ടില്‍ എഴുത്തപ്പെട്ട പ്രേതകഥകളില്‍ നിന്ന് എടുക്കപ്പെട്ട് Kenji Mizoguchi സംവിധാനം ചെയ്ത സിനിമായാണ് ഉഗെറ്റ്സു മൊണൊഗറ്റോറി - Ugetsu monogatori (Tales of the moon and rain). ഉഗെറ്റ്സു എന്ന സിനിമായുടെ കഥ നടക്കുന്നത് പതിനാറം നൂറ്റാണ്ടിലെ ജപ്പാനിലാണ്. പ്രധാന കഥാപാത്രം ഗെന്‍ജൂരോ എന്ന കുശവനും അയാളുടെ ഭാര്യ മിയാഗിയുമാണ്. എവരെ അവതരിപ്പിച്ചിരിക്കുന്നത് യഥാക്രമം മസയുകി മോറിയും കിനുയോ ട്ടനാകയുമാണ്.  എങ്ങനെയെങ്കിലും ഒരു സാമുറായി ആകണം എന്ന് ആഗ്രഹിക്കുന്ന റ്റോബി എന്ന കര്‍ഷകനും അയാളുടെ ഭാര്യ ഒഹാമയും. ഗെന്‍ജൂരോയിക്ക് എങ്ങനെയെങ്കിലും ധാരാളം പണം ഉണ്ടാക്കണം എന്ന ആഗ്രഹം, അതെ സമയം റ്റോബിക്ക് എങ്ങനെയെങ്കിലും ഒരു സാമുറായ് ആകണം. പക്ഷെ ആയാളുടെ കൈവശം സാമുറായിയായി തീരുവാന്‍ വേണ്ട കുന്തവും പടച്ചട്ടയും വാങ്ങിക്കുവാന്‍ ഉള്ള പണമില്ല. രണ്ടു പേരും കൂടി കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നു. പട്ടാളം അവരുടെ ഗ്രാമത്തില്‍ വന്ന് എല്ലാം കൊള്ളയടിക്കുന്നു എങ്കിലും ഈ രണ്ടു കുടുംബങ്ങള്‍ അവിടെ നിന്നും ഓടി രക്ഷപെടുന്നു. കളിമണ്‍ പാത്രങ്ങള്‍ വേറൊരു പട്ടണത്തില്‍ കൊണ്ടു പോയി വില്‍ക്കുവാന്‍ രണ്ടു കുടുംബങ്ങളും ഒരു വള്ളത്തില്‍ കയറി യാത്രയാകുവാന്‍ തുടങ്ങുന്നു എങ്കിലും പത്തു ദിവസ്സത്തിനുള്ളില്‍ തിരികെ വരുമെന്ന് പറഞ്ഞ്  ഗെന്‍ജൂരോ ഭാര്യയെയും കുഞ്ഞിനെയും നദിയുടെ തീരത്ത് ഇറക്കി വിടുന്നു, മിയാഗിയുടെ പുറകില്‍ ഇരിക്കുന്ന കുഞ്ഞ് അകന്നു പോകുന്ന വള്ളത്തിലിരിക്കുന്ന സ്വന്തം പിതാവിനെ കൈ വീശി കാണിക്കുന്നതും മിയാഗി തടാകത്തിന്റെ തീരത്തു കൂടി ഓടി നടക്കുന്നതും വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയായിരുന്നോ?
വെള്ളത്തില്‍ നിന്നും പുറത്താക്കപ്പെട്ട മീന്‍ പോലെയായ പാവം മിയാഗി. മീന്‍ വെള്ളത്തിലെന്ന പോലെ, മരങ്ങള്‍ ഭൂമിയിലെന്ന പോലെ കുടുംബവും ഒന്നിച്ച് കഴിയുവാനുള്ളതാണെന്ന മനുഷ്യന്റെ ഓര്‍മ്മകള്‍ സ്വര്‍ത്ഥതയക്ക് മുമ്പില്‍ വഴിമാറുന്നു.  മൂടല്‍മഞ്ഞ് നിറഞ്ഞ തടാകത്തിലൂടെയുള്ള യാത്ര വേറൊരു ലോകത്തിന്റെ മാസ്മരികത നിറഞ്ഞതാണ്. ഭൂതമാണ് മൂടല്‍മഞ്ഞില്‍ തെളിഞ്ഞു വരുന്ന വള്ളത്തില്‍ എന്നവര്‍ ആശ്ചര്യം കൊള്ളുന്നു. അയാള്‍ ഭൂതമല്ലെന്നും കടല്‍കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട ഒരുവനാണെന്നും അവര്‍ മനസ്സിലാക്കുന്നു. ഗെന്‍ജൂരോയും റ്റോബിയും ഒഹാമയും ധാരാളം പണം ഉണ്ടാക്കുന്നു. റ്റോബി പണം എല്ലാം സാമുറായി ആയി തീരുവാനുള്ള വേഷവിധാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കു വേണ്ടിയും ചിലവഴിച്ചിട്ട് ഒഹാമയെ വിട്ട് പ്രശസ്തിക്കും പണത്തിനും വേണ്ടി ഓടി പോകുന്നു. ലേഡി വകാസയും അവരുടെ സഹായിയും കൂടി
ഗെന്‍ജൂരോയുടെ അടുക്കല്‍ വന്നിട്ട് കളിമണ്‍ പാത്രങ്ങള്‍ അവരുടെ മാളികയില്‍ കൊണ്ടു കൊടുക്കുവാന്‍ പറയുന്നു. അയാള്‍ അവളുടെ മാളികയില്‍ ചെല്ലുന്നു. പക്ഷെ വിധി അവരെയെല്ലാം കാത്തിരുന്നത് വേറെ രീതിയിലാണ്.

റ്റോബി സാമുറയിയായി എതിര്‍ പക്ഷത്തുള്ളതും മരണം സഹായസേനപതിയില്‍ നിന്നും
ചോദിച്ചു വാങ്ങിയതുമായ ഒരു ജനറലിന്റെ തല ആ സഹായസേനപതിയെ കൊന്ന് എടുത്തു കൊണ്ടു വന്ന് സൂത്രത്തില്‍ ഒരു പട്ടാള ജനറലായി തീരുന്നു. പക്ഷെ അയാളുടെ ഭാര്യ ഒഹാമ എത്തിപ്പെട്ടത് ഒരു വേശ്യാലയത്തിലാണെന്ന് അവിടെ എത്തിചേരുന്ന റ്റോബി തിരിച്ചറിയുന്നു. അധികമെന്നും സമ്പാദ്യം ഒന്നും വേണ്ടാ ഭര്‍ത്താവും കുഞ്ഞുമെത്തുള്ള സമാധാനമായുള്ള ജീവിതം ആഗ്രഹിച്ച മിയാഗിയാണ് കുഞ്ഞിനെ പുറകില്‍ കെട്ടി എടുത്തു കൊണ്ടു പോകുമ്പോള്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്നത്.

ലേഡി വകാസയുടെ മായബലം കൊണ്ടോ അയാളുടെ മനോവിഭ്രമം കൊണ്ടോ ഗെന്‍ജൂരോയ്ക്ക് തോന്നുകയാണ് അവിടെ വലിയ മാളികയുണ്ടായിരുന്നുവെന്നും അവിടെ ലേഡി വകാസ ഉണ്ടായിരുന്നുവെന്നും. പക്ഷെ സംസ്കൃത മന്ത്രങ്ങള്‍ ഗെന്‍ജൂരോയുടെ ശരീരത്തില്‍ എഴുതി വെയ്ക്കുവാന്‍ ഒരാള്‍ സഹായിച്ചതു കൊണ്ട് അവിടെ നിന്നു രക്ഷപെടുവാന്‍ അയാള്‍ക്ക് സാധിക്കുന്നു. സ്ത്രീത്വത്തിന്റെ രണ്ടു മുഖങ്ങളാണ് മിയാഗിയും ലേഡി വകാസയും. എപ്പോഴെങ്കിലും തന്റെ മണ്‍പാത്രങ്ങള്‍ക്ക് "മാളികകളില്‍ താമസ്സിക്കുന്ന വലിയ ആളുകള്‍ക്ക്" ആവശ്യമുണ്ടാകണമെന്നും അവരുടെ പ്രശംസ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണോ
ലേഡി വകാസ അയാളുടെ മണ്‍പാത്രങ്ങള്‍ കാണിക്കുമ്പോള്‍, പ്രശംസിച്ച് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്നത്.  ചിലര്‍ പുകഴ്ത്തി പറഞ്ഞാല്‍ തന്റെ സൃഷ്ടി മികച്ചതാകുകയുള്ളോ?, ഭാര്യയുടെയും ആയാളുടെയും സംതൃപ്തിയില്‍ നിറഞ്ഞ് കളിമണ്‍പാത്രനിര്‍മ്മാണം തുടര്‍ന്നിരുന്നെങ്കില്‍?
തിരികെ തിരിച്ച് വീട്ടില്‍ വരുന്ന രംഗങ്ങള്‍ ഏറ്റവും ശക്തമാണ്. അയാള്‍ ലേഡി വകാസയുടെ അടുക്കല്‍ നിന്നും വീട്ടില്‍ വന്നിട്ടുള്ള അവസാന രംഗത്ത് അവളുടെ ശവകുടീരത്തിനു മുമ്പില്‍ ഇരുന്ന് അയാള്‍ ചോദിക്കുന്നു എന്തിന് നീ മരിക്കേണ്ടി വന്നു. അപ്പോള്‍ അവള്‍ അശരീരിയായി പ്രതിവചിക്കുന്നു. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ നിന്റെ കൂടെയുണ്ട്. നിന്റെ മതിവിഭൃമം കഴിഞ്ഞിരിക്കുന്നു. നീ നിന്റെ സ്വത്വത്തിലേക്കും നിന്റെ സ്ഥലത്തേക്കും മടങ്ങി വന്നിരിക്കുന്നു. നിന്റെ ജോലി നിന്നെ കാത്തിരിക്കുന്നു എന്നെല്ലാം, അതു കഴിഞ്ഞ് അയാള്‍ തന്റെ ജോലിയില്‍ വളരെ താല്‍പര്യപൂര്‍വം മുഴുകുന്നു. നീ എനിക്കിഷ്ടപ്പെട്ടവനായപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നവരുടേ കൂട്ടത്തില്‍ ഇല്ലല്ലോ എന്നു അയാളോട് അവള്‍ അശരീരിയായി പറയുന്നു. അവസാനം അവരുടെ കുഞ്ഞ് ആഹാരമായിരിക്കണം ശവകുടീരത്തിന്റെ മുമ്പില്‍ വച്ചിട്ട് കൈ കൂപ്പുന്നു. അവിടെ നിന്നു ക്യാമറ പുറകിലേക്ക് പോയി മറയുന്നു.

ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ അവള്‍ ഉള്ളപ്പോള്‍ സമാധാനത്തോട് അവള്‍ക്കിഷ്ടപ്പെട്ടവാനായി ജീവിക്കുവാന്‍ സാധിക്കാത്തവര്‍ക്കുമായിട്ടുള്ള സിനിമ. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ജീവിതം അന്വേഷിക്കുന്ന സിനിമ. 1953- ലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണെങ്കിലും ഈ തലമുറയും തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമ.

ജീവിതത്തെക്കുറിച്ചുള്ള അന്നേകം ഓര്‍മ്മകളുടെ കെട്ടുകള്‍ അഴിച്ചു വിട്ട ഈ സിനിമയില്‍ സ്ത്രീകളോട് ഇത്ര ആദരവ് കാണിച്ചുള്ള  സംവിധാനമഹിമ വളരെ പ്രശംസനീയം.